ഭട്ടിനു മുന്നില്‍ കുന്ന് മുട്ടുമടക്കി

വീടിനും കൃഷിയിടത്തിനുമിടയില്‍ വന്‍മതില്‍പോലെ നിലകൊണ്ട കുന്ന് ഏറെക്കാലമായി ശങ്കരനാരായണ ഭട്ടിന്റെ ഉറക്കം കെടുത്തിയിട്ട്. എന്നും കുന്നുകയറിയിറങ്ങി, ഒരു കിലോമീറ്ററോളം താണ്ടി വേണമായിരുന്നു ഭട്ടിന് കൃഷിയിടത്തിലെത്താന്‍. ജോലി ചെയ്തു തളര്‍ന്നു തിരിച്ചു വീട്ടിലേക്കുള്ള യാത്രയായിരുന്നു അതിലേറെ ക്ലേശകരം. യാത്രാദുരിതംമൂലം കൃഷി ഉപേക്ഷിച്ചാലോ എന്നുപോലും ചിന്തിച്ചിരിക്കുന്നതിനിടെയാണ് തുരങ്കപാതയെന്ന ആശയം ഈ കര്‍ഷകന്റെ മനസ്സില്‍ തെളിയുന്നത്.

ഭട്ടിനു മുന്നില്‍ കുന്ന് മുട്ടുമടക്കി

നാരായണൻ കരിച്ചേരി

കാസർകോട്: ആകാശയാത്രയും അന്തർവാഹിനിയുമെല്ലാം വാർത്തയല്ലാതായെങ്കിലും ഇങ്ങ് കാസർകോട്ട് ബദിയടുക്കയിൽ ഒരു കർഷകന്‍ വേറിട്ട വഴിവെട്ടി മാതൃകയാകുന്നു. കുന്ന് 'കുരിശ്ശാ'യപ്പോൾ ആത്മവിശ്വാസത്തിന്റെ കൈത്തഴമ്പില്‍ ബദിയഡുക്ക പള്ളത്തടുക്കയിലെ ശങ്കരനാരായണ ഭട്ട് തീര്‍ത്തത് പുതിയൊരു ജീവിതപ്പാത. വീടിനും കൃഷിയിടത്തിനുമിടയില്‍ വന്‍മതില്‍പോലെ നിലകൊണ്ട കുന്ന് ഏറെക്കാലമായി ശങ്കരനാരായണ ഭട്ടിന്റെ ഉറക്കം കെടുത്തിയിട്ട്. എന്നും കുന്നുകയറിയിറങ്ങി, ഒരു കിലോമീറ്ററോളം താണ്ടി വേണമായിരുന്നു ഭട്ടിന് കൃഷിയിടത്തിലെത്താന്‍. ജോലി ചെയ്തു തളര്‍ന്നു തിരിച്ചു വീട്ടിലേക്കുള്ള യാത്രയായിരുന്നു അതിലേറെ ക്ലേശകരം.

യാത്രാദുരിതംമൂലം കൃഷി ഉപേക്ഷിച്ചാലോ എന്നുപോലും ചിന്തിച്ചിരിക്കുന്നതിനിടെയാണ് തുരങ്കപാതയെന്ന ആശയം ഈ കര്‍ഷകന്റെ മനസ്സില്‍ തെളിയുന്നത്. മൂന്നു ജോലിക്കാര്‍ക്കൊപ്പം ഒരു മാസംകൊണ്ട് തുരങ്കപാത പൂർത്തിയാക്കി. ഇതോടെ 800 മീറ്റർ യാത്ര 38 മീറ്ററിലേക്കു ചുരുങ്ങി. വന്‍മലകയറ്റം ഒഴിവായി. വീടും കൃഷിയിടവും വിളിപ്പാടകലെ. മണ്ണിന്റെ മണമാസ്വദിച്ച് ഒന്നാംതരം എയർകണ്ടിഷൻ യാത്ര. അടയ്ക്കയും തേങ്ങയും അടക്കമുള്ള കാർഷികോൽപ്പന്നങ്ങൾ വീട്ടിലെത്തിക്കാൻ മിനുട്ടുകള്‍ മാത്രം. വീട്ടുമുറ്റത്തു നിന്ന് നേരെ തോട്ടത്തിലേക്കാണു തുരങ്കം തീര്‍ത്തത്. വീട് പെരുമുണ്ടയിലും തോട്ടം 800 മീറ്റർ ദൂരമുള്ള പള്ളത്തടുക്ക പുഴയോരത്തുമാണ്. 42 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന കൃഷിയിടത്തിൽ തെങ്ങ്, കവുങ്ങ്, നെല്ല്, കുരുമുളക്,കൊക്കോ തുടങ്ങി പച്ചക്കറി വരെയുണ്ട്. ആദ്യം നേർരേഖയായാണ് തുരങ്കം നിർമ്മിച്ചത്. തോട്ടത്തിലെത്താൻ 35മീറ്റർ ദൂരം. മഴക്കാലത്ത് മണ്ണിടിച്ചിലുണ്ടായതോടെ മദ്ധ്യത്തിൽനിന്നു ഗതി അൽപ്പം മാറ്റി. സാധാരണ ജലസ്രോതസ്സിനായി നിർമ്മിക്കുന്ന പരമ്പരാഗത തുരങ്കത്തിനേക്കാൾ വീതിയും ഉയരവും കൂടുതലുണ്ട്. തുരങ്കത്തിലെ ഇരുട്ടകറ്റാന്‍ ബൾബുകളും ഘടിപ്പിച്ചിട്ടുണ്ട്. വീട്ടാവശ്യം കഴിഞ്ഞ് അഞ്ചു ടൺ അരി വിൽപ്പന നടത്തുന്നുണ്ട് ശങ്കരനാരാണ ഭട്ട്.

ഇടനിലക്കാരുടെ ചൂഷണം രൂക്ഷമായതോടെ വീട്ടിൽ തന്നെ നെല്ല് വേവിച്ച് പരമ്പരാഗതമായി കുത്തിയെടുത്ത് പാക്കറ്റുകളിലാക്കി വിൽപ്പനയും തുടങ്ങി. തീർത്തും ജൈവകൃഷിയായതിനാൽ ആൾക്കാർ വീട്ടിലെത്തി അരി വാങ്ങുന്നു. കാർഷികോൽപ്പന്നങ്ങൾ നേരിട്ടു വിൽപ്പന നടത്തുന്നതു മൂലം കൃഷിയും ലാഭകരം.

ഉൽപ്പന്നങ്ങൾ തുരങ്കം വഴി വീട്ടിലെത്തിക്കാനുള്ള വാഹനത്തിന് ഓർഡർചെയ്ത് കാത്തിരിക്കുകയാണിപ്പോള്‍‍ ശങ്കരനാരായണ ഭട്ട്.

Read More >>