ഈ ജീവിതത്തിന് തേൻ മധുരം

ഏഴാം ക്ലാസ്സുവരെയാണ് ഔദ്യോഗിക വിദ്യാഭ്യാസമുള്ളൂവെങ്കിലും ജീവിതപാഠം ഇതിനകംതന്നെ അബൂബക്കർ സ്വായത്തമാക്കിയിരുന്നു. തേനീച്ചകളെ എല്ലാവർക്കും ഇഷ്ടം കാണും. എന്നാൽ അവയുടെ അടുക്കൽചെന്നവയോട് കുശലം പറയാനോ, തലോടാനോ എല്ലാവർക്കും പറ്റിക്കൊള്ളണമെന്നില്ല. അത്തരത്തിൽ തേൻ തരുന്ന ഈച്ചക്കൂട്ടങ്ങളെ ജീവനുതുല്യം സ്നേഹിച്ച് അബൂബക്കർ വളർന്നു. ഇപ്പോൾ വയസ്സ് 63 കഴിഞ്ഞു.

ഈ ജീവിതത്തിന് തേൻ മധുരം

മൂളിപ്പറക്കുന്ന തേനീച്ചക്കൂട്ടങ്ങൾക്ക് അബൂബക്കറിന്റെ നിഴലനക്കം കിട്ടിയാൽ മതി അദ്ദേഹത്തിനടുത്തേക്കു പറന്നെത്തി കുശലം പറയാൻ. അത്രമേൽ ആഴത്തിലുള്ള ബന്ധമാണ് ഇവർക്കിടയിൽ. കോഴിക്കോട് ജല്ലയിലെ പുന്നശ്ശേരി കുയ്യൊടിയിൽ അബൂബക്കർ തന്റെ ജീവിതംതന്നെ ഈച്ചകൾക്കായാണ് ഉഴുതുവെച്ചിട്ടുള്ളത്. പ്രായം 63 ആയെങ്കിലും ഇദ്ദേഹത്തിന് ഇപ്പോഴും യൗവ്വനം വിട്ടുമാറിയിട്ടില്ല. 10ാം വയസ്സിൽ തുടങ്ങിയ തന്റെ തേനീച്ചകളുമായുള്ള കൂട്ട് ഇന്നും അതേപടി നിലനിൽക്കുന്നു. കുട്ടിക്കാലം തൊട്ടേ പട്ടിണിയും പ്രാരാബ്ധങ്ങളുമായിരുന്നു അബൂബക്കറിന് കൂട്ട്. കുഞ്ഞുകാലത്തേ ഉമ്മയും ബാപ്പയും നഷ്ടപ്പെട്ട് അനാധയായ കുരുന്നുബാലൻ വിശപ്പടക്കാൻ പല ജോലികളിലും ഏർപ്പെട്ടു. ഒടുക്കം അൽപ്പം ആശ്വാസംതേടിയായിരുന്നു പുന്നശ്ശേരി വെസ്റ്റ് എ.യു.പി സ്‌കൂളിലെ അദ്ധ്യാപകനും തേനീച്ചകർഷകനുമായ അഹമ്മദ് മാസ്റ്ററുടെ അടുത്തെത്തുന്നത്. ഇദ്ദേഹത്തിന്റെ അടുത്തുനിന്നാണ് തേനീച്ച വളർത്തലിലെ ബാലപാഠങ്ങൾ പഠിക്കുന്നത്. അന്ന് അബൂബക്കറിന് പ്രായം പത്തു വയസ്സാണ്.

തേനീച്ചകളുമായി ഇടപഴകുന്നതും അവയെ പിടികൂടുന്നതും അഹമ്മദ് മാസ്റ്ററിൽനിന്നും പഠിച്ചെടുത്തു. ഏഴാം ക്ലാസ്സുവരെയാണ് ഔദ്യോഗിക വിദ്യാഭ്യാസമുള്ളൂവെങ്കിലും ജീവിതപാഠം ഇതിനകംതന്നെ അബൂബക്കർ സ്വായത്തമാക്കിയിരുന്നു. തേനീച്ചകളെ എല്ലാവർക്കും ഇഷ്ടം കാണും. എന്നാൽ അവയുടെ അടുക്കൽചെന്നവയോട് കുശലം പറയാനോ, തലോടാനോ എല്ലാവർക്കും പറ്റിക്കൊള്ളണമെന്നില്ല. അത്തരത്തിൽ തേൻ തരുന്ന ഈച്ചക്കൂട്ടങ്ങളെ ജീവനുതുല്യം സ്നേഹിച്ച് അബൂബക്കർ വളർന്നു. ഇപ്പോൾ വയസ്സ് 63 കഴിഞ്ഞു. അരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും അബൂബക്കർ തന്റെ മേഖലയിൽ സജീവമാണ്. പ്രായം ശരീരത്തേ പിടികൂടിയതല്ലാതെ മനസ്സിനിന്ന് യാതൊരുവിധ ക്ഷീണവും വരുത്തിയിട്ടില്ല. തേനീച്ചപ്പെട്ടികൾ വിവിധയിടങ്ങളിൽ സ്ഥാപിക്കാനും, തേനടകളിൽനിന്നും ഇറ്റിറ്റുവീഴുന്ന തേൻ തുള്ളികൾ ശേഖരിക്കാനും അബൂബക്കർ കർമ്മനിരതനാളിപ്പോഴും. സ്വന്തം നിലക്ക് തേനീച്ച വളർത്താൻ തനിക്ക് കഴിയുമെന്നായപ്പോൾ ഗുരുവിന്റെ അനുവാദത്തോടെ തന്റേതായ ലോകത്തേക്കു തിരിഞ്ഞു.

തുണയായത് ബ്ലോക്ക് പഞ്ചായത്ത്

ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിലൂടെ ലഭിച്ച സഹായധനമാണ് അബൂബക്കറിന് തുണയായത്. എസ്.ജി.എസ്.വൈ പദ്ധതി വഴി 13000 രൂപയോളം ലഭിച്ചു. ഈ തുക ഉപയോഗിച്ച് കൃഷി മെച്ചപ്പെടുത്തി. ആവശ്യഘട്ടത്തിൽ തനിക്ക് സഹായമേകിയ ബ്ലോക്ക് പഞ്ചായത്തിനോടുള്ള കൂറ്് ഇന്നും അബൂബക്കറിനുണ്ട്. പുതിയ പെട്ടികൾ വാങ്ങിയതും കൃഷി മെച്ചപ്പെടുത്തിയതും ഈ തുക ഉപയോഗപ്പെടുത്തിയാണ്.

കൂട്ടിനു ഭാര്യ നഫീസയും

തേൻ കട്ടെടുക്കാൻ വരുന്ന ഉറുമ്പിൻ കൂട്ടങ്ങളുടെ പ്രധാന ശത്രു നഫീസയാണ്. തേനീച്ചപ്പെട്ടിക്കടുത്ത് ഉറുമ്പനക്കം കിട്ടിയാൽ മതി നഫീസ പാഞ്ഞെത്തും. ആദ്യമൊക്കെ പെട്ടിക്കടുത്തേക്ക് വരാൻ നഫീസക്ക് ഭയമായിരുന്നു. എത്രയോ തവണ കൂടിന്നടുത്തു ചെന്നതിനു ഈച്ചകളുടെ കുത്തേറ്റിട്ടുണ്ട്. ആദ്യമൊക്കെ തേനീച്ചക്കുത്തേറ്റ ഭാഗത്ത് നീരുകെട്ടും. ശീലമായതോടെ നീരുകെട്ടലും അവസാനിച്ചു. അബൂബക്കറിന്റെ അസാന്നിദ്ധ്യത്തിൽ നഫീസയാണ് കാര്യക്കാരി. കൂട് വൃത്തിയാക്കുന്നതും, ഉറുമ്പുവരാതെ സൂക്ഷിക്കുന്നതും ഇവർ ഏറ്റെടുത്തു നടത്തും. വിവാഹിതയായ ഒരു മകളാണ് ഇവർക്കുള്ളത്.

ഡിസംബർ മുതൽ ഏപ്രിൽ വരേ

ഡിസംബർ മാസത്തിലാണ് വിവിധ പ്രദേശങ്ങളിൽനിന്നും ഇച്ചകളെ പിടിക്കുക. ഇവയെ പെട്ടിയിൽ ഇട്ടു വളർത്തും. ഈ പെട്ടികൾ വിവിധയിടങ്ങളിൽ സ്ഥാപിക്കും. തേനും പൂമ്പൊടിയും ശേഖരിച്ച് ഈച്ചകൾ വളർന്നു പുഷ്ടിപ്പെട്ട് പെട്ടിയിലെ ആറോളം ഫ്രെയിമുകളിലായി അട രൂപീകരിക്കും. ഫ്രെയിമുകളിലെല്ലാം അട നിറഞ്ഞാൽ ഈ പെട്ടികൾ റബ്ബർ എസ്റ്റേറ്റുകളിൽ സ്ഥാപിക്കലാണ് അബൂബക്കറിന്റെ രീതി. മരപ്പൊത്തുകളിൽനിന്നും ഒരിക്കൽ ഈച്ചകളെ പിടിച്ചുകഴിഞ്ഞാൽ പൊത്തിന്റെ വായ്ഭാഗം പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് അടച്ച് ഷീറ്റിൽ ഒരു ദ്വാരമുണ്ടാക്കിവെക്കാം. ഇങ്ങനെ ചെയ്താൽ അടുത്തവർഷവും ഈ പൊത്തിൽനിന്ന് ഈച്ചക്കൂട്ടത്തെ ലഭിക്കുമെന്നു അബൂബക്കർ പറയുന്നു. ജനുവരിയിലാണ് റബ്ബർ എസ്റ്റേറ്റിന് അടുത്തേക്കു പെട്ടികൾ മാറ്റുക.

ഒരു കിലോമീറ്റർ പരിധയിലായി പെട്ടികൾ വെക്കുന്നു. ഈച്ചകൾക്കു തണലും കുടിവെള്ളവും കിട്ടാൻ പാകത്തിനാണ് പെട്ടികൾ വിന്യനിക്കുക. തറികൾ തറയിലുറപ്പിച്ച് അതിലൊരു പ്ലാറ്റ്ഫോം തയ്യാറാക്കി പെട്ടി അതിൽ സ്ഥാപിക്കുന്നു. താഴത്തെ തട്ടിലെ ഫ്രെയിമുകളിൽ തേനട നിറഞ്ഞാൽ ഒരെണ്ണം മുറിച്ച് മുകളിലെ ഫ്രെയിമുകളിൽ കെട്ടിവെക്കുന്നു. ഇങ്ങനെ മുഴുവൻ ഫ്രെയിമുകളിലും നിറയുംവരേ തുടരുന്നു. കെട്ടിവെക്കുന്ന ഫ്രെയിമുകളെ ഈച്ചകൾ അടയോടു ചേർന്ന് ഒട്ടിക്കും. തേൻ നിറയുന്ന മുറക്ക് അടകൾ ഓരോന്നായി മാറ്റിയെടുത്ത് മെഷീൻ ഉപയോഗിച്ച് തേൻ വേർതിരിക്കുകയും അടകൾ വീണ്ടും ഫ്രെയിമിനുള്ളിൽതന്നെ സ്ഥാപിക്കുകയും ചെയ്യുന്നു. രണ്ടുമാസക്കാലം ഇങ്ങനെ തേൻ ശേഖരിക്കാം. ഇത്തരത്തിൽ 100 പെട്ടികളിൽനിന്നും രണ്ടു ക്വിൻറൽ വരേ തേൻ ശേഖരിക്കാം. നല്ലപോലെ ക്ഷമയും സഹനശേഷിയും ഉള്ളവർക്കു മാത്രമേ തേൻ കർഷകൻ ആവാൻ സാധിക്കുള്ളൂവെന്ന് അബൂബക്കർ പറയുന്നു.

കേരളത്തിൽ സാധാരണയായി അഞ്ചിനം തേനീച്ചകളെയാണു കണ്ടുവരുന്നത്. അതിൽ മൂന്നുതരം ഇണക്കിവളർത്താൻ സാധിക്കുന്നവയാണ്. ഇറ്റാലിയൻ തേനീച്ച, ഇന്ത്യൻ തേനീച്ച (ഞൊടിയൽ), ചെറുതേനീച്ച എന്നിവയാണവ. ഇവയിൽ ഏറ്റവും ഔഷധഗുണമുള്ളത് ചെറുതേനിനാണ്. കാൻസർ ചികിത്സക്കുപോലും ചെറുതേൻ ഗുണംചെയ്യും. വലിയതോതിലുള്ള ഊർജ്ജമാണ് ചെറുതേൻ പ്രധാനം ചെയ്യുന്നത്. ഇവ ശരീരത്തിലേക്കു നേരിട്ട് ആഗിരണംചെയ്യപ്പെടും. മുറിവുണങ്ങാൻ, പൊള്ളൽ, നേത്ര രോഗങ്ങൾ, ചുമ, ജലദോഷം, കഫക്കെട്ട്, ത്വക്ക് രോഗങ്ങൾ, ആസ്ത്മ, അൾസർ, ഗ്യാസ് ട്രബിൾ എന്നിവക്ക് ചെറുതേൻ ഉത്തമമാണ്. അബൂബക്കർ ചെറുതേനും, സാധാരണ തേനും ഉൽപ്പാദിപ്പിക്കുന്നുണ്ട്.

ക്ഷമയും സഹനശേഷിയും ആവശ്യം

തേൻ ധാരാളമായി കിട്ടുന്നതോടെ പുതിയ റാണിയും ഈച്ചയും ഉണ്ടാകുന്നു. തന്മൂലം ആദ്യത്തെ റാണിയും പകുതിയേളം ഈച്ചകളും കൂടൊഴിഞ്ഞുപോകും. ഇതുമൂലം ഉൽപ്പാദനം നന്നേ കുറഞ്ഞേക്കാം. ഇത് ഒഴിവാക്കാൻ അഞ്ചുദിവസം കൂടുമ്പോൾ അടയുടെ അടിയിൽ രൂപപ്പെടുന്ന ക്വീൻഷെൽ കത്തിയുപയോഗിച്ച് അടർത്തിമാറ്റുന്നു. മൂന്നാഴ്ച്ചയോളം ക്വീൻഷെല്ലുകൾ നീക്കംചെയ്യണം. തേനീച്ചകളുടെ കുത്തേൽക്കുന്നതും സാധാരണമാണ്. എന്നാൽ, അവയെ അറിഞ്ഞുപെരുമാറിയാൽ അവയും നമ്മെ ഉപദ്രവിക്കില്ലെന്നാണ് അബൂബക്കർ സാക്ഷ്യപ്പെടുത്തുന്നത്. കടും നിറമുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ടു കൂടിനടുത്തേക്കു ചെല്ലരുത്.

കഴിവതും കൂടിനു മുൻവശത്തുകൂടെ മാത്രം ചെല്ലണം. പെട്ടികൾ റബ്ബർ തോട്ടങ്ങളിൽ സ്ഥാപിക്കുന്നത് വിഷമംപിടിച്ച പണിയാണെന്നാണ് അബൂബക്കർ പറയുന്നത്. രാത്രിയിൽ കല്ലും മുള്ളും താണ്ടി പെട്ടിയുമെടുത്ത് റബ്ബർ തോട്ടങ്ങളിൽചെന്ന് ഒച്ചയനക്കമില്ലാതെ കൂടുറപ്പിക്കണം. പിന്നീട് ദിനേനെ പെട്ടിക്കടുത്തുചെന്ന്് കാര്യങ്ങൾ നിരീക്ഷിക്കലും പെടാപ്പാടുതന്നെ. എന്നാലും അബൂബക്കർ സന്തോഷവാനാണ്. ചെയ്യുന്ന പണിയിൽ നൂറുശതമാനവും മുഴുകുമ്പോൾ നേരവും കാലവും പോവുന്നതേ അറിയില്ല. കിട്ടുന്നതൊക്കെ മിച്ചവും.

Read More >>