കുരവയൊഴിഞ്ഞ വയനാടന്‍ ഗ്രാമങ്ങള്‍

കുരവക്കണ്ടങ്ങള്‍ക്കു നടുവില്‍ ഉള്ളില്‍നിന്നും ശക്തമായ ഉറവ ഉയിര്‍ക്കൊള്ളുന്ന ഇടങ്ങളാണവ.. കണ്ണുനീരുപോലുള്ള ആ നീരുറവയോടൊപ്പം വെളുത്ത നേര്‍ത്ത കളിമണ്‍തരികളും ഉയര്‍ന്നുവരും. പശിമയുള്ള ഈ മണ്ണ് മണ്‍പാത്രനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു. കുന്നിന്‍ചരിവിലെ ഇത്തരം നീരുറവകളായിരുന്നു വയനാട്ടിലെ ഒരു പ്രധാന ശുദ്ധജലസ്രോതസ്.

കുരവയൊഴിഞ്ഞ വയനാടന്‍ ഗ്രാമങ്ങള്‍

എം. നിശാന്ത് മോഹന്‍

പച്ച വിരിപ്പിട്ട് നെല്‍പാടങ്ങള്‍, അവയ്ക്കുകാവലെന്നവണ്ണം തലയുയര്‍ത്തിപ്പിടിച്ച് കവുങ്ങുകളുടെ നിര. അതിനുമപ്പുറം കരിമ്പച്ച പുതച്ച കാപ്പിത്തോട്ടങ്ങളുമായി മലങ്കോട്ടകള്‍.... ഇടയ്ക്ക് അങ്ങിങ്ങായി മണ്‍വീടുകളും. അരനൂറ്റാണ്ടുമുന്‍പത്തെ വയനാട് ഏറെക്കുറെ ഇങ്ങനെയായിരുന്നു. വയനാട്ടിലെ ഒട്ടുമിക്ക നെല്‍പ്പാടങ്ങളും കുരവകളായിരുന്നു. നാട്ടിലെ (അങ്ങനെയാണല്ലോ ചുരത്തിനു താഴെയുള്ള സമസ്തകേരള ഭൂമിയെയും വയനാട്ടുകാര്‍ വിശേഷിപ്പിക്കുന്നത്) കുരവയല്ല കേട്ടോ. ചവിട്ടിയാല്‍ പുതഞ്ഞു പോകുന്ന വയലുകളാണ് വയനാട്ടില്‍ 'കുരവ' എന്നറിയപ്പെടുന്നത്. പുതയുകയെന്നാല്‍ സാധാരണ മറ്റിടങ്ങളിലേതുപോലെ കണങ്കാല്‍ വരെയല്ല; അതങ്ങനെ താണു താണ്..... ഭൂമിയോളം താഴും, അതിനുമപ്പുറവും.

കഴുത്തറ്റം താഴുന്ന കുരവക്കണ്ടങ്ങള്‍ അസംഖ്യമുണ്ട് വയനാട്ടില്‍. ഉണ്ടായിരുന്നു എന്നുപറയുന്നതാവും ശരി. പാടത്തുമേയുന്ന കന്നുകാലികളും മറ്റും കുരവയില്‍ താണുപോയ സംഭവങ്ങള്‍ നിരവധിയുണ്ട് വയനാട്ടുകാരുടെ മനസില്‍. കുരവയില്‍ താണുകൊണ്ടിരുന്ന പശുവിനെ രക്ഷിക്കാന്‍ അതിന്റെ കാലുകള്‍ക്കിടയിലൂടെ നെടുകേ പലകള്‍ കയറ്റിവച്ച കഥ പുറക്കാടിക്കാരന്‍ വേണു പറഞ്ഞത് ഓര്‍മവരുന്നു. കുരവക്കണ്ടങ്ങള്‍ക്ക് ആത്തിക്കണ്ടമെന്നും പാഠഭേദമുണ്ട്. ഒരു പക്ഷേ ആഴ്ത്തിക്കണ്ടത്തിന്ന് രൂപഭേദം വന്നതാവാം. അമ്പലപ്പറമ്പിലും പള്ളിമുറ്റത്തുമൊക്കെ സാധാരണ ഉണ്ടാകാറുള്ള കശപിശകള്‍ മൂക്കുമ്പോള്‍ എടാ നിന്നെ കൊരവേല്‍ താഴ്ത്തിക്കളയും എന്നു പലരും ഭീഷണിമുഴക്കാറുള്ള കാര്യം ഒരു യാത്രയ്ക്കിടെ പറഞ്ഞത് തട്ടുമ്മേല്‍ സജി. പറഞ്ഞും പറയാതെയും കൊരവയില്‍ അനേകം പേര്‍ താഴ്ന്നിട്ടുണ്ടാവാം, താഴ്ത്തപ്പെട്ടിട്ടുമുണ്ടാവാം. വാമനന്‍ മാവേലിയെ ചവിട്ടിത്താഴ്ത്തിയത് കുരവക്കണ്ടത്തിലായിരിക്കുമോ? ചവിട്ടിയാല്‍ മണ്ണിലേയ്ക്കാണ്ടുപോകുന്ന ഇടം ഭുമിമലയാളത്തില്‍ വേറെയില്ലാത്ത സ്ഥിതിക്ക് ന്യായമായും സംശയിക്കാം. സീതാദേവി ഭൂമിയിലേക്ക് അന്തര്‍ധാനം ചെയ്തതും കുരവക്കണ്ണിലൂടെ നോക്കിക്കണ്ടാലോ. സീതാക്ഷേത്രം വയനാട്ടിലുണ്ടെന്നോര്‍മ്മ വേണം. കുരവകള്‍ക്ക് കണ്ണുണ്ടത്രേ!

കുരവക്കണ്ടങ്ങള്‍ക്കു നടുവില്‍ ഉള്ളില്‍നിന്നും ശക്തമായ ഉറവ ഉയിര്‍ക്കൊള്ളുന്ന ഇടങ്ങളാണവ.. കണ്ണുനീരുപോലുള്ള ആ നീരുറവയോടൊപ്പം വെളുത്ത നേര്‍ത്ത കളിമണ്‍തരികളും ഉയര്‍ന്നുവരും. പശിമയുള്ള ഈ മണ്ണ് മണ്‍പാത്രനിര്‍മാണത്തിന് ഉപയോഗിച്ചിരുന്നു. കുന്നിന്‍ചരിവിലെ ഇത്തരം നീരുറവകളായിരുന്നു വയനാട്ടിലെ ഒരു പ്രധാന ശുദ്ധജലസ്രോതസ്. വിളഞ്ഞ പനമുറിച്ച്, അതിനുള്ളിലെ മുദൃഭാഗങ്ങളെല്ലാം കൊത്തിക്കളഞ്ഞ്, കുഴല്‍പോലുള്ള കാതല്‍ കുരവക്കണ്ണിലേക്ക് അടിച്ചു താഴ്ത്തിക്കഴിയുന്നതോടെ നാട്ടുകാര്‍ക്ക് കുടിവെള്ളമായി. എത്രകടുത്ത വേനലിലും വറ്റാത്ത ഇത്തരം കുഞ്ഞന്‍ കിണറുകളാണ് കേണികള്‍ എന്നറിയപ്പെടുന്നത്. കേണികള്‍ക്ക് കപ്പിയില്ല, കയറില്ല, മോട്ടോറും വേണ്ട. നൂറ്റാണ്ടുകള്‍ പഴക്കമുള്ള കേണികള്‍ പലതും ഇപ്പോഴുമുണ്ട്. താനേ ചുരന്നൊഴുകുന്ന ഭൂമിയുടെ ഈ മാറിടങ്ങള്‍ കേരളത്തില്‍ വയനാടിന്റെ ഒരു തനതു സവിശേഷതയാണെന്നു പറയാം. കേണിച്ചിറ എന്നൊരു സ്ഥലം തന്നെയുണ്ട് വയനാട്ടില്‍, മീനങ്ങാടിക്കും നടവയലിനുമിടയിലാണത്.

കേണിക്കു പിന്നിലെ ശാസ്ത്രം

കേണികള്‍ ഭൂമിശാസ്ത്രത്തിലറിയപ്പെടുന്നത് ആര്‍ട്ടീഷ്യന്‍ കിണറുകളെന്നാണ്. ഫ്രാന്‍സിലെ ആര്‍ട്ടോയ്സ് എന്ന സ്ഥലത്തുള്ള കേണിയിലൂടെയാണ് പുറംലോകം ആദ്യമായി ഇത്തരം ഉറവകളെക്കുറിച്ചറിയുന്നത്. ഭൂമിക്കടിയില്‍ ഒരു നിശ്ചിത ആഴം കഴിഞ്ഞാല്‍ പിന്നെ ജല സമൃദ്ധമായ മേഖലയാണ്. ഇതാണ് ജലപീഠം (ംമലേൃ മേയഹല) നേര്‍ത്ത ഉത്തല (രീി്ലഃ) ആകൃതിയിലാണതിന്റെ കിടപ്പ്. കുന്നുകളും താഴ്വരകളും നിറഞ്ഞതാണല്ലോ വയനാടന്‍ ഭൂപ്രകൃതി. വിശാലമായ താഴ്വരകളൊക്കെയും വയലുകളാണ്. സ്വാഭാവികമായും വശങ്ങളിലെ കുന്നുകള്‍ക്കുള്ളിലെ ജലപീഠത്തിന്റെ തുടര്‍ച്ച വയലുകളിലെത്തുമ്പോഴേക്കും ഉപരിതലത്തില്‍ തൊടും, ചിലപ്പോള്‍ പുറത്തേക്ക് തലനീട്ടും. അതോടെ ഇടതടവില്ലാത്ത നീരൊഴുക്കിന്നു തുടക്കമായി, കുരവക്കണ്ണായി.

വരളുന്ന കുരവകള്‍

മറ്റുജില്ലകളെ അപേക്ഷിച്ച് വേഗം കുറവാണെങ്കിലും വയനാട്ടിലും വയലുകള്‍ക്ക് മെല്ലെ രൂപാന്തരം സംഭവിക്കുകയാണ്. ഒട്ടേറെ പ്രദേശങ്ങളില്‍ കര്‍ഷകര്‍ വാഴക്കൃഷിയിലേക്കു തിരിഞ്ഞുകഴിഞ്ഞു. നെല്ലായാലും വയലായാലും കൃഷിതന്നെയല്ലേ എന്ന മറുചോദ്യം ചോദിക്കാവുന്നതാണ്. ഉത്തരം ലളിതം.

ഒരു വാഴയിലയില്‍ എത്ര നെല്ലോല നിരത്താം എന്നാലോചിച്ചാല്‍ മതി. അതായത്, സസ്യസ്വേദന (ൃമിുെശൃമശേീി ൃമലേ) നിരക്ക് നെല്‍ക്കൃഷിയിലേതിനേക്കാള്‍ പതിന്മടങ്ങാണ്, വാഴയായാല്‍. ആകാശം കുഴലുകുത്തി മണ്ണില്‍നിന്നും വലിച്ചുകുടിക്കുന്നതുപോലെ വെള്ളം വയലുകളില്‍ നിന്നും വലിഞ്ഞ് ഉയര്‍ന്നുപോകും.

കുന്നുകള്‍ ഇടിച്ചുനിരത്തിയതോടെ മണ്ണിലും പാറയിടുക്കുകളിലും സംഭരിക്കപ്പെടാതെ വെള്ളം വാര്‍ന്നുപോവുകയാണ്, ജലസമൃദ്ധമായിരുന്ന വയനാടിന്റെ ഓര്‍മകളോടൊപ്പം. നെഞ്ചൊപ്പം താഴുന്ന കൊരവക്കണ്ടത്തില്‍ താഴ്ന്നുപോകാതിരിക്കാന്‍ നെടുകേ കീറിയ കവുങ്ങിന്‍ തടിയിട്ട് അതിന്മേല്‍ നിന്ന് ഞാറുനട്ടിരുന്ന കാലം പോയ്മറഞ്ഞിട്ട് അധികമായില്ലെന്നാണ് മീനങ്ങാടിക്കാരന്‍ സദ്ദുവിന്റെ നിരീക്ഷണം. 90 കള്‍ മുതല്ക്കാണത്രേ നെല്‍ക്കൃഷിയുടെയും കുരവകളുടെയും നാശം രൂക്ഷമായത്.

ജലസമൃദ്ധിയുടെ വയനാടന്‍ പെരുമ അസ്തമിക്കുകയാണോ?

Read More >>