കുപ്പികള്‍ ജലാശയത്തില്‍ വലിച്ചെറിയേണ്ട, ഇവള്‍ക്ക് നല്‍കൂ...

വഴിയോരങ്ങളിൽ നിന്ന് പെറുക്കുന്ന വസ്തുക്കൾക്ക് പുതുഭാവം നൽകി നല്ലൊരു വരുമാനവും ഇവൾ സ്വന്തമാക്കുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെങ്കിൽ മദ്യക്കുപ്പികൾ അപർണയ്ക്ക് പ്രിയപ്പെട്ടതാണ്. കിടക്കുന്ന മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും പെറുക്കിയെടുത്ത് വരയും എഴുത്തും വേണമെങ്കിൽ ഫോട്ടൊകളും ചേർത്ത് സുന്ദരമാക്കിയാണ് അപർണ വരുമാനം കണ്ടെത്തുന്നത്.

കുപ്പികള്‍ ജലാശയത്തില്‍   വലിച്ചെറിയേണ്ട,   ഇവള്‍ക്ക് നല്‍കൂ...

സുധീര്‍‌ കെ. ചന്ദനത്തോപ്പ്

കൊല്ലം: ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളും മറ്റും ജലാശയങ്ങള്‍ക്കു വരുത്തുന്ന നാശം ചെറുതല്ല. ആവാസവ്യവസ്ഥ തന്നെ തകിടംമറിക്കുന്ന ഇത്തരം മാലിന്യങ്ങളില്‍നിന്ന് ജലാശയങ്ങളെ രക്ഷിക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടുണ്ട് ഒരു പെണ്‍കുട്ടി. കായലിൽനിന്ന് ശേഖരിച്ച മദ്യക്കുപ്പികള്‍ അടക്കമുള്ളവ ഉപയോഗിച്ച് കൗതുകവസ്തുക്കൾ നിർമിച്ച് വിൽപ്പന നടത്തുകയാണ് കൊല്ലം സ്വദേശി അപർണ.

കിഴക്കേ കല്ലട ശിങ്കാരപ്പള്ളി സ്വദേശിയായ അപർണ വെളിച്ചിക്കാല ബദ്‌രിയ ബി.എഡ് ട്രെയിനിങ് കോളേജ് വിദ്യാർഥിനിയാണ്. അഷ്ടമുടിക്കായലിന്റെ തീരങ്ങളിലൊന്നായ ശിങ്കാരപ്പള്ളിയിൽ നിന്ന് സ്‌കൂളിലും കോളജിലുമൊക്കെ പോകുമ്പോൾ വഴിയോരത്തും ജലാശയതീരത്തും നിന്ന് കുപ്പികൾ പെറുക്കിയെടുത്ത് അതിൽ ചിത്രപ്പണി നടത്തിയാണ് അപർണയുടെ തുടക്കം. അദ്ധ്യാപികയാകാനുള്ള പഠനത്തിലാണെങ്കിലും പഴയ പെറുക്കൽ ശീലം ഇന്നും കൂടെയുണ്ട്.

വഴിയോരങ്ങളിൽ നിന്ന് പെറുക്കുന്ന വസ്തുക്കൾക്ക് പുതുഭാവം നൽകി നല്ലൊരു വരുമാനവും ഇവൾ സ്വന്തമാക്കുന്നു. മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെങ്കിൽ മദ്യക്കുപ്പികൾ അപർണയ്ക്ക് പ്രിയപ്പെട്ടതാണ്. കിടക്കുന്ന മദ്യക്കുപ്പികളും പ്ലാസ്റ്റിക് കുപ്പികളും പെറുക്കിയെടുത്ത് വരയും എഴുത്തും വേണമെങ്കിൽ ഫോട്ടൊകളും ചേർത്ത് സുന്ദരമാക്കിയാണ് അപർണ വരുമാനം കണ്ടെത്തുന്നത്.


ഇവൾക്ക് ഏറ്റവുമധികം കുപ്പികൾ ലഭിക്കുന്നത് കേരളത്തിന്റെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ശാസ്താംകോട്ടയുടെ ഭാഗമായ അഷ്ടമുടിക്കായലിന്റെ തീരത്തുനിന്നാണ്. കൂടുതൽപ്പേരും മാലിന്യം തള്ളുന്നതും ഇവിടെയാണ്. അങ്ങനെയിരിക്കെ മാലിന്യക്കൂമ്പാരമായി മാറിയ അഷ്ടമുടിക്കായലിൽ നിന്നു റീസൈക്കിൾ ചെയ്യാനാകുന്നവ ശേഖരിച്ച് അവയെ പുതിയ വസ്തുവാക്കി മാറ്റിയാലോ എന്ന ആലോചനയുണ്ടായി. ആശയം ഫേസ്ബുക്കിൽ പങ്കുവച്ചു. ഒപ്പം താൻ ചെയ്ത കൗതുകവസ്തുക്കളുടെ ചിത്രങ്ങളും.

മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. പലർക്കും ചോദിക്കാനുണ്ടായിരുന്നത് അഷ്ടമുടിക്കായലിൽ ഇത്രയും പ്ലാസ്റ്റിക് മാലിന്യമുണ്ടോ, മാലിന്യങ്ങൾ എങ്ങനെ കൗതുക വസ്തുക്കളാക്കാം എന്നൊക്കെ. ഒടുവിൽ ആശയത്തെ അനുകൂലിക്കുന്നവർ ഒത്തുചേരാൻ തന്നെ തീരുമാനിച്ചു. ലോക ജലദിനമായ ഇന്ന് രാവിലെ അഷ്ടമുടിക്കായലിന്റെ തീരമായ അഡ്വഞ്ചർ പാർക്കിൽ ആശയവും കലയും ഒത്തുചേർന്നു. എല്ലാം ചോദ്യങ്ങൾക്കുമുള്ള മറുപടിയായിരുന്നു ഈ ഒത്തുചേരൽ.

അഷ്ടമുടിക്കായലിന്റെ അഡ്വഞ്ചർ പാർക്കിനോട് ചേർന്ന ചെറിയ തീരത്ത് നിന്നുതന്നെ അവർ ഓടിനടന്ന് മാലിന്യങ്ങൾ പെറുക്കി. ഒടുവിൽ അപർണ മാലിന്യത്തെ പുതുരൂപത്തിലാക്കി കാണിച്ചുകൊടുത്തു. ഒപ്പം കൂടെ ചേർന്നവരും. അഷ്ടമുടിക്കായലിലെ മാലിന്യങ്ങൾ കുറയ്ക്കാനുള്ള ചർച്ചകൾക്കും ഇവിടെ തുടക്കംകുറിച്ചു. എല്ലാവരും ചേർന്നു രൂപമാറ്റം വരുത്തിയ പുതിയ കരകൗശല വസ്തുക്കളിൽ പലതും അവിടെ തന്നെ വിൽപ്പന നടത്തി. ചിലർ കായലിലെ മാലിന്യങ്ങളെ ഭംഗിയോടെ വീടുകളിലേക്ക് കൊണ്ടുപോയി.

Read More >>