കലാകൂട്ടായ്മയില്‍ പതഞ്ഞു പൊങ്ങി 'വീഞ്ഞ്' പ്രകാശനം
എന്തുകൊണ്ടാണ് പ്രസംഗങ്ങളൊഴിവാക്കി കലയും പറച്ചിലുമായി ഇത്തരത്തിലൊരു പുസ്തക പ്രകാശനം എന്ന ചോദ്യത്തിന് കൂട്ടുകാർക്കിടയിൽ എന്ത് ഔപചാരികത എന്നതായിരുന്നു തങ്കച്ചന്റെ മറുപടി. വ്യത്യസ്ഥ തലങ്ങളിലുള്ള തങ്കച്ചന്റെ സുഹൃത്തുക്കൾ ഒത്തുചേർന്ന പ്രകാശനത്തിന് മുൻകൈയെടുത്തതും ഇതേ സുഹൃത്തുക്കളാണ്.
● തപസ്യ ജയന്
കൊച്ചി: എൺപതുകളിലെ സൗഹൃദക്കൈയ്യൊപ്പു പതിഞ്ഞ സി.ടി തങ്കച്ചന്റെ ഓർമ്മ പുസ്തകം 'വീഞ്ഞ്'ന്റെ പ്രകാശനം വളഞ്ഞമ്പലത്തെ പ്രകൃതി സൗഹൃദ ഭോജന ശാലയായ എന്റെ ഭൂമിയിൽ നിര്‍വ്വഹിച്ചപ്പോള്‍ മനം നിറഞ്ഞത് ഒരു കൂട്ടം സൗഹൃദങ്ങള്‍ക്ക്. സാധാരണ വേദികളിൽ നിന്ന് വ്യത്യസ്തമായി പ്രസംഗങ്ങളോ ഔപചാരികതകളോ ഇല്ലാതെ നിറഞ്ഞ സദസ്സിൽ സംഗീത സാന്ദ്രമായ നിമിഷങ്ങളെ സാക്ഷിയാക്കി ഒരു കൂട്ടം കലാകാരന്മാർ 'വീഞ്ഞ്' മുകളിലേയ്ക്കുയർത്തിപ്പിടിച്ച് പ്രകാശനം ചെയ്തു. പതിവു മാതൃകകളെ ഒഴിവാക്കി വരയും കൊട്ടും പാട്ടും പറച്ചിലുമായാണ് വീഞ്ഞ് പുറത്തേക്ക് പകര്‍ന്നു പടര്‍ന്നത്. സി.ടി തങ്കച്ചന്റെ സുഹൃത്തും കലാകാരനുമായ വിനോദ് ശങ്കറിന്റെ സിത്താർ കച്ചേരിയും വി.കെ ശങ്കരന്റെയും ഷാജി അപ്പുക്കുട്ടന്റേയും ചിത്രമെഴുത്തും ഗിരീഷ് കുട്ടനും ജോഷി പടമാടനും പാടിയ പാട്ടുകളുമൊക്കെയാണ് പ്രകാശനത്തെ വ്യത്യസ്തമാക്കിയത്.
എറണാകുളത്തെ വായനപ്പുര പബ്ലിക്കേഷൻസാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. വിവിധ മേഖലകളിലെ സൗഹൃദങ്ങൾ കൂടിച്ചേർന്ന വേദി അക്ഷരാർത്ഥത്തിൽ കലാ കൂട്ടായ്മ തന്നെയായിരുന്നു.
'എൺപതുകളിലെ സൗഹൃദവും സ്നേഹവും പഞ്ചാത്തലമാക്കിയാണ് ഞാൻ ഈ പുസ്തകം എഴുതിയത്. ഇതിലൂടെ എന്റെ സൗഹൃദ വലയത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ പുസ്തകം'- സി.ടി തങ്കച്ചൻ തത്സമയത്തോട് പറഞ്ഞു. എന്തുകൊണ്ടാണ് പ്രസംഗങ്ങളൊഴിവാക്കി കലയും പറച്ചിലുമായി ഇത്തരത്തിലൊരു പുസ്തക പ്രകാശനം എന്ന ചോദ്യത്തിന് കൂട്ടുകാർക്കിടയിൽ എന്ത് ഔപചാരികത എന്നതായിരുന്നു തങ്കച്ചന്റെ മറുപടി. വ്യത്യസ്ഥ തലങ്ങളിലുള്ള തങ്കച്ചന്റെ സുഹൃത്തുക്കൾ ഒത്തുചേർന്ന പ്രകാശനത്തിന് മുൻകൈയെടുത്തതും ഇതേ സുഹൃത്തുക്കളാണ്.
ചടങ്ങിൽ എഴുത്തുക്കാരനും തിരക്കഥാകൃത്തുമായ പി.എഫ് മാത്യൂസ്, അൻവർ അലി, വേണു വി.ദേശം, വൈക്കം മുരളി, ജോർജ്ജ് ജോസഫ്, കെ.മധുപാൽ, നടൻ കൈലേഷ്, ഫാ. അഗസ്റ്റിൻ വട്ടോളി, രാധഗോമതി, ടി.ബി മിനി, അനന്ദപത്മനാഭൻ, അജിത് നീലാഞ്ജനം, മുനീർ മുഹമ്മദുണ്ണി, ചാൾസ് ജോർജ്ജ്, വിനോദ് കൃഷ്ണ,രമേശ് അരൂർ എന്നിവർ പങ്കെടുത്തു.
ചിത്രം : വീഞ്ഞിന്റെ പ്രകാശന ചടങ്ങിൽ ജോൺപോളിന് പുസ്തകം പരിചയപ്പെടുത്തുന്ന തങ്കച്ചൻ