വടവൃക്ഷത്തണലില്‍ ഒരു പൂമരം

'പ്രണയാതുരമായ ഒരു ജീവിതത്തിന്റെ സംഘര്‍ഷഭരിതവും ദുരന്തപൂര്‍ണ്ണവും രസനിഷ്യന്ദവുമായ യാത്രയായിരുന്നു ഞങ്ങളുടേത്. കൈപ്പുനീരുകുടിച്ചും മധുരത്തേന്‍ നുകര്‍ന്നുമുള്ള യാത്ര. ഒരിടത്ത് വെച്ചും സ്നേഹത്തിന്റെ ഒഴുക്ക് ഞങ്ങള്‍ക്കിടയില്‍ മുറിഞ്ഞുപോയിട്ടില്ല.' മേഴ്സി രവി വയലാര്‍ രവിയുമൊത്തുള്ള ജീവിത്തെക്കുറിച്ച് ഇങ്ങനെ പറയുമ്പോള്‍ അതില്‍ ഏടുകള്‍ വായിച്ചെടുക്കാന്‍ മാത്രമുള്ള കാര്യങ്ങളുണ്ട്.

വടവൃക്ഷത്തണലില്‍ ഒരു പൂമരം

കര്‍ണ്ണന്‍

'മേഴ്സി രവി എന്റെ പ്രണയം എന്റെ ജീവിതം' എന്ന ടി.പി ചെറൂപ്പയുടെ പുസ്തകം എഴുപതുകളില്‍, രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ച അനശ്വരമായ ഒരു പ്രണയത്തിന്റെ കഥയാണ്. നാലുപതിറ്റാണ്ടു നീണ്ടുനിന്ന അതുല്യവും ഹൃദയഹാരിയുമായ ദാമ്പത്യത്തിന്റെ കൂടി കഥയാണത്. തുടക്കം മുതല്‍ ഒടുക്കം വരെ വായനക്കാരനെ കൂടെക്കൊണ്ട് പോകുന്ന ഹൃദ്യമായ ശൈലിയിലാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി.പി ചെറൂപ്പ ഈ കൃതി രചിച്ചിട്ടുള്ളത്. പുസ്തകത്തിന്റെ ആദ്യകോപ്പി വായിച്ചു മേഴ്സി രവി തന്നെ ചെറൂപ്പയോട് പറഞ്ഞ വാക്കുകള്‍ 'പ്രണയം പൂക്കും മുമ്പ്' എന്ന ആമുഖക്കുറിപ്പിലുണ്ട്. 'ഞാന്‍ വിചാരിച്ചതിനേക്കാള്‍ ഭംഗിയായി പറഞ്ഞതൊക്കെ നിങ്ങള്‍ എഴുതിയിരിക്കുന്നു, നന്ദിയുണ്ട്.'

രാഷ്ട്രീയത്തിന്റെ നിരവധി നിമ്നോന്നതങ്ങളിലൂടെ സഞ്ചരിച്ച വയലാര്‍ രവിയുമൊത്തുള്ള ജീവിതം മേഴ്സി പറയുമ്പോള്‍ അതില്‍ പ്രണയവും ജീവിതവും മാത്രമല്ല അക്കാലത്തെ രാഷ്ട്രീയ സംഭവവികാസങ്ങളും ഓര്‍മകളില്‍ ചിതറിക്കിടക്കുന്നുണ്ട്. രാഷ്ട്രീയ രംഗത്തെ അതികായകരെല്ലാം രവിയുടെ സുഹൃത്തുക്കളായും സഹപ്രവര്‍ത്തകരായും കടന്നുവരുന്നുണ്ട്. 'മെലിഞ്ഞുണങ്ങി കണ്ണുകള്‍ കുഴികളിലേക്കാണ്ട് തൊണ്ടമുഴ എഴുന്നു നില്‍ക്കുന്ന പെന്‍സില്‍ വിരലുകളുള്ള' ഒരു ചെറുപ്പക്കാരനുമായി മഹാരാജാസില്‍ നിന്ന് മൊട്ടിട്ട പ്രണയം പ്രതിസന്ധികളിലൂടെ കടന്നുപോയ അനുഭവം തൊട്ട് ഇന്ത്യന്‍ രാഷ്ട്രീയ രംഗത്തെ ഒട്ടേറെ സംഭവങ്ങളും കോണ്‍ഗ്രസിനുള്ളില്‍ അക്കാലത്തെ ഗ്രൂപ്പിസവുമൊക്കെ ഇതിലുണ്ട്.

കൊട്ടാര സദൃശമായ വീട്ടിലെ സുഖസമൃദ്ധമായ ജീവിത മധ്യത്തില്‍ നിന്ന് കൊച്ചു കുടിലിലെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതസമരത്തിലേക്കുള്ള പറിച്ചുനടലും അതിനെ അതിജീവിച്ചതുമെല്ലാം മേഴ്സി രവി വിവരിക്കുന്നുണ്ട്. രോഗങ്ങള്‍ക്കും ചികിത്സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും കദനങ്ങള്‍ക്കുമിടയിലൂടെ സുസ്മേരവദനയായി കടന്നു പോകുന്ന മേഴ്സിയുടെ ചിത്രവും നമുക്ക് കാണാനാവും.

എന്റെ ഇളം മനസ്സിന്റെ നേര്‍ത്ത മേലാപ്പിലെവിടെയോ തുന്നിച്ചേര്‍ത്ത ഒരു നക്ഷത്രത്തുണ്ടുപോലെ വയലാര്‍ രവി എന്ന ചിത്രം പറ്റിപ്പിടിച്ചു കിടന്നു എന്നും പ്രേമിച്ച് മരം ചുറ്റുകയോ സല്ലപിച്ചിരിക്കുകയോ ഒന്നിച്ച് കാപ്പി കഴിക്കുകയോ ചെയ്തിട്ടില്ലെങ്കിലും സ്നേഹത്തിന്റെ പരാഗം ഞങ്ങളറിയാതെ വിധിയുടെ കൈതലങ്ങളിലൂടെ കാമ്പസിന്റെ കാറ്റില്‍ പരന്നൊഴുകി എന്നും മഹാരാജാസ് ദിനങ്ങളെക്കുറിച്ച് മേഴ്സി ഓര്‍ത്തെടുക്കുന്നുണ്ട്.

'പ്രണയാതുരമായ ഒരു ജീവിതത്തിന്റെ സംഘര്‍ഷഭരിതവും ദുരന്തപൂര്‍ണ്ണവും രസനിഷ്യന്ദവുമായ യാത്രയായിരുന്നു ഞങ്ങളുടേത്. കൈപ്പുനീരുകുടിച്ചും മധുരത്തേന്‍ നുകര്‍ന്നുമുള്ള യാത്ര. ഒരിടത്ത് വെച്ചും സ്നേഹത്തിന്റെ ഒഴുക്ക് ഞങ്ങള്‍ക്കിടയില്‍ മുറിഞ്ഞുപോയിട്ടില്ല.' മേഴ്സി രവി വയലാര്‍ രവിയുമൊത്തുള്ള ജീവിത്തെക്കുറിച്ച് ഇങ്ങനെ പറയുമ്പോള്‍ അതില്‍ ഏടുകള്‍ വായിച്ചെടുക്കാന്‍ മാത്രമുള്ള കാര്യങ്ങളുണ്ട്.

കാവ്യാത്മകമായ ശൈലിയിലാണ് ടി.പി ചെറൂപ്പ ഇവരുടെ ജീവിതം വരച്ചിടുന്നത്. ഹൃദയത്തോട് സംസാരിക്കുന്ന ഭാഷയില്‍ മേഴ്സി രവിയുടെ പ്രണയവും ജീവിതവും എഴുതുകയാണിവിടെ.

രണ്ടാം പതിപ്പിന് അവതാരിക എഴുതിയത് എം.പി അബ്ദുസ്സമദ് സമദാനിയാണ്.

അനുബന്ധമായി 'എന്റെ ജീവിതത്തിന്റെ ശരി' എന്ന പേരില്‍ വയലാര്‍ രവിയുമായി ടി.പി ചെറൂപ്പ നടത്തിയ സംഭാഷണവും ഈ പുസ്തകത്തിലുണ്ട്. ആന്റണിഗ്രൂപ്പില്‍ നിന്ന് കരുണാകരഗ്രൂപ്പിലേക്കെത്തിയ വയലാര്‍ രവിക്ക് അതിന് പ്രേരണ നല്‍കിയതു മേഴ്സിയായിരുന്നെന്ന് രവി തുറന്നു പറയുന്നുണ്ട്. 2006 ഫെബ്രവരി 21 ന് കേരള നിയമസഭയില്‍ ധനകാര്യബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് മേഴ്സി രവി നടത്തിയ പ്രസംഗം 'വിടവാങ്ങല്‍ പ്രസംഗം' എന്ന പേരില്‍ ഇതില്‍ ചേര്‍ത്തിട്ടുണ്ട്.


മേഴ്സി രവി /എന്റെ പ്രണയം / എന്റെ ജീവിതം

എഴുത്ത് - ടി പി ചെറൂപ്പ

വില : 80 രൂപ / ട്രെന്‍ഡ് ബുക്സ് / ഫോണ്‍ : 0495 4022272


Story by
Read More >>