തോമസ് കുക്കിന് പൂട്ടു വീണു; പ്രതിസന്ധിയിലായി ഒന്നരലക്ഷം യാത്രക്കാരും 20,000 തൊഴിലാളികളും

178 വർഷത്തെ പ്രവർത്തന പാരമ്പര്യവും നിരവധി രാജ്യങ്ങളിലായി 20,000 പേർ ജോലി ചെയ്യുന്നതുമായ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണെന്നും രണ്ടുദിവസത്തിനുള്ളിൽ പ്രവർത്തനം നിർത്തുമെന്നും നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു

തോമസ് കുക്കിന് പൂട്ടു വീണു; പ്രതിസന്ധിയിലായി ഒന്നരലക്ഷം യാത്രക്കാരും 20,000 തൊഴിലാളികളും

ലണ്ടൻ: ലോകത്താകമാനം ഉപയോക്താക്കളും ഓഫിസും ബിസിനസ് ശൃംഖലയുമുള്ള ട്രാവൽ ഏജൻസിയായ തോമസ് കുക്ക് അടച്ചുപൂട്ടി. തിങ്കളാഴ്ചയാണ് കമ്പനി അടച്ചുപൂട്ടിയത്. വായ്പാ കുടിശ്ശിക തിരിച്ചടക്കാനാകാത്ത സാഹചര്യത്തിൽ ബിസിനസ്സ് അവസാനിപ്പിക്കേണ്ടി വന്നതിൽ ഖേദമുണ്ടെന്ന് തോമസ് കുക്ക് ചീഫ് എക്‌സിക്യൂട്ടീവ് പീറ്റർ ഫാൻഖൂസർ പറഞ്ഞു.

' ലക്ഷക്കണക്കിന് വരുന്ന ഉപഭോക്താക്കളോടും ആയിരക്കണക്കിന് വരുന്ന തൊഴിലാളികളോടും വർഷങ്ങളായി സഹായവും പിന്തുണയും തരുന്ന പങ്കാളികളോടും ഞാൻ ക്ഷമ ചോദിക്കുന്നു.വിജയിക്കാൻ സാധിക്കാത്തതിൽ എനിക്കും ബോർഡ് അംഗങ്ങൾക്കും വേദനയുണ്ട്.'-ഫാൻഖൂസർ പറഞ്ഞു.

ഇതോടെ തോമസ് കുക്കിൽ ബുക്ക് ചെയ്ത നിരവധി ആയിരക്കണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്.തോമസ് കുക്ക് ഇപ്പോൾ വ്യാപാരം നിർത്തിവച്ചിരിക്കുകയാണെന്നും അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ 1,50,000 ബ്രിട്ടീഷ് ഉപഭോക്താക്കളെ നാട്ടിലേക്ക് കൊണ്ടുവരാൻ റെഗുലേറ്ററും സർക്കാരും ഒരുമിച്ച് പ്രവർത്തിക്കുമെന്നും യു.കെ സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) അറിയിച്ചു. ഈ സമയത്ത് ചില പ്രതിസന്ധികൾ ഉണ്ടാകും. തോമസ് കുക്ക് പ്രവർത്തനം നിർത്തിയതോടെ എല്ലാ തോമസ് കുക്ക് വിമാനങ്ങളും റദ്ദാക്കപ്പെട്ടിരിക്കുകയാണെന്നും സി.എ.എ പറഞ്ഞു.

178 വർഷത്തെ പ്രവർത്തന പാരമ്പര്യവും നിരവധി രാജ്യങ്ങളിലായി 20,000 പേർ ജോലി ചെയ്യുന്നതുമായ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുകയാണെന്നും രണ്ടുദിവസത്തിനുള്ളിൽ പ്രവർത്തനം നിർത്തുമെന്നും നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. ലോകകത്തെ പ്രമുഖ വിമാനത്താവളങ്ങളിലും പ്രധാനപ്പെട്ട നഗരങ്ങളിലും തോമസ് കുക്കിന് സ്വന്തമായി ഓഫിസും പ്രവർത്തന സംവിധാനങ്ങളുമുണ്ട്. 16 രാജ്യങ്ങളിലായി 20,000 പേർ തോമസ് കുക്കിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് ഏകദേശ കണക്ക്. ഇവരുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന മണി എക്‌സേഞ്ചുകളും വിമാന സർവീസുകളും ഫെറി സർവീസുകളും വേറെയും.

തോമസ് കുക്കിലൂടെ ബ്രിട്ടീഷുകാരായ വിനോദ സഞ്ചാരികൾ മാത്രം നിലവിൽ 1,80,000 പേർ വിവിധ രാജ്യങ്ങളിൽ സന്ദർശനത്തിൽ ഉണ്ടെന്നാണ് കണക്ക്. മറ്റു രാജ്യങ്ങളിൽനിന്നുള്ള ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ വേറെയും. കമ്പനി പ്രവർത്തനം നിർത്തുന്നതോടെ ഇവരുടെ മടക്കയാത്രയും മറ്റ് അനുബന്ധ സേവനങ്ങളും അവതാളത്തിലാകും.

200 മില്യൻ പൗണ്ടിന്റെ ധനകമ്മിയാണ് സ്ഥാപനം നേരിടുന്നത്. ഇത് പരിഹരിക്കുന്നതിനായി റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡുമായും ലോയിഡ്‌സ് ബാങ്കുമായും ബന്ധപ്പെട്ട് അവസാനവട്ട ശ്രമങ്ങൾ കമ്പനി നടത്തിയെങ്കിലും ഇത്രയേറെ ഭീമമായ ബാധ്യത ഏറ്റെടുക്കാൻ ബാങ്കുകൾ തയാറാകാത്തതാണ് കമ്പനി അടച്ചുപൂട്ടാൻ കാരണമെന്നാണ് റിപ്പോർട്ട്.

കമ്പനിയുടെ ഏറ്റവും വലിയ ഷെയർ ഹോൾഡമാരായ ചൈനീസ് കമ്പനി ഫോസനുമായി ചേർന്നും രക്ഷാദൗത്യത്തിന് ശ്രമം നടത്തിയിരുന്നു. എന്നാൽ അടിയന്തര സഹായമായ 2000 മില്യൻ പൗണ്ട് നൽകാൻ ഇവരും തയാറാകാതിരുന്നതോടെയാണ് കമ്പനി വലിയ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയത്.

അതേസമയം, തോമസ് കുക്ക് യുകെയുടെ ഭാഗമല്ല തോമസ് കുക്ക് (ഇന്ത്യ)യെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മാധവൻ മേനോൻ അറിയിച്ചു. 2012 ഓഗസ്റ്റ് മുതൽ തോമസ് കുക്ക് (ഇന്ത്യ) ബ്രിട്ടീഷ് കമ്പനിയുടെ ഭാഗമല്ല. 2012 ഓഗസ്റ്റിൽ കനഡ ആസ്ഥാനമായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിങ്സ് (ഫെയർഫാക്സ്) തോമസ് കുക്ക് (ഇന്ത്യ)യെ ഏറ്റൈടുത്തിരുന്നു. അന്നു മുതൽ ഇന്ത്യൻ കമ്പനിയ്ക്ക് തീർത്തും വ്യത്യസ്തമായ നിലനിൽപ്പാണുള്ളതെന്നും മാധവൻ മേനോൻ പറഞ്ഞു.

Read More >>