ഇന്ത്യയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആമസോൺ; പ്രഖ്യാപനം കേന്ദ്ര സര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങള്‍ക്കിടെ

രാജ്യത്ത് ഒരു ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ആമസോൺ നിക്ഷേപം രാജ്യത്തിന് ഒരു ഗുണവും ചെയ്യില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു

ഇന്ത്യയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആമസോൺ; പ്രഖ്യാപനം കേന്ദ്ര സര്‍ക്കാരുമായുള്ള അസ്വാരസ്യങ്ങള്‍ക്കിടെ

ന്യൂഡൽഹി: 2025ഓടെ ഇന്ത്യയിൽ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ്. മൂന്ന് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനെത്തിയ ബെസോസ് കേന്ദ്ര സർക്കാരുമായുള്ള അസ്വാരസ്യങ്ങൾ നിലനിൽക്കവെയാണ് പ്രഖ്യാപനം നടത്തിയത്. ' 2025ഓടെ ഇന്ത്യൻ ഉൽപന്നങ്ങൾ ആഗോള തലത്തിൽ എത്തികുന്നതിന് ആമസോൺ മുൻകൈ എടുക്കും. ഞങ്ങളുടെ നിക്ഷേപത്തിലൂടെ ഇന്ത്യയിൽ 2025ഓടെ 10 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ഞാൻ ഓരോ തവണ ഇന്ത്യയിൽ തിരിച്ചെത്തുമ്പോഴും രാജ്യത്തോട് കൂടുതൽ സ്‌നേഹം തോന്നുകയാണ്. ഇന്ത്യൻ ജനതയുടെ അതിരില്ലാത്ത ഊർജ്ജവും, പുതുമയും ചടുലതയും എന്നെ എപ്പോഴും പ്രചോദിപ്പിക്കുന്നു.'- ബെസോസ് പറഞ്ഞു.

രാജ്യത്ത് ഒരു ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, ആമസോൺ നിക്ഷേപം രാജ്യത്തിന് ഒരു ഗുണവും ചെയ്യില്ലെന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞിരുന്നു. ഇ-കൊമേഴ്സ് കമ്പനികൾ ഇന്ത്യൻ നിയമങ്ങൾ പൂർണമായും പാലിക്കണമെന്നും മൾട്ടി ബ്രാൻഡ് റീട്ടെയിൽ വിഭാഗത്തിൽ പ്രവേശിക്കാൻ പഴുതുകൾ കണ്ടെത്തരുതെന്നും പീയൂഷ് ഗോയൽ പറഞ്ഞിരുന്നു. മൾട്ടി ബ്രാൻഡ് റീട്ടെയിലിങ്ങിൽ 49 ശതമാനത്തിൽ കൂടുതലുള്ള വിദേശ നിക്ഷേപം ഇന്ത്യ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആമസോൺ ഒരു ബില്യൺ ഡോളർ നിക്ഷേപിച്ചിരിക്കാം, പക്ഷേ ഓരോ വർഷവും ഒരു ബില്യൺ ഡോളർ നഷ്ടമുണ്ടായാൽ അത് ഇന്ത്യയ്ക്ക് ഉപകാരമല്ലെന്നാണ് ഗോയൽ വ്യക്തമാക്കിയത്.

എന്നാൽ ഗോയലിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുൻ ധനമന്ത്രി കോൺഗ്രസ് നേതാവ് പി. ചിദംബരം രംഗത്തെത്തിയിട്ടുണ്ട്. അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിക ലക്ഷ്യം കൈവരിക്കാൻ സാഹയിക്കുന്ന നിക്ഷേപത്തെയാണ് വാണിജ്യ മന്ത്രി അവഹേളിച്ചിരിക്കുന്നതെന്ന് ചിദംബരം പറഞ്ഞു.ബെസോസിന് എതിരെ സംസാരിച്ചതിനാൽ ലോകമാധ്യമങ്ങളിൽ വലിയ തലക്കെട്ട് സൃഷ്ടിക്കാൻ ഗോയലിന് കഴിഞ്ഞെന്നും പിയൂഷ് ഗോയൽ ആദ്യം നൊബേൽ സമ്മാന ജേതാവായ അഭിജിത് ബാനർജിയെയും ഇപ്പോൾ ബെസോസിനെയും അവഹേളിച്ചിരിക്കുകയാണെന്നും ചിദംബരം പറഞ്ഞു.

Read More >>