ഭാഗ്യം, മേനോന്‍ മാഷിന്റെ തല പോയില്ല

ഒരു പഴയ പ്രസംഗത്തിന്റെ ദുരന്തകഥ

ഭാഗ്യം, മേനോന്‍ മാഷിന്റെ തല പോയില്ല

എന്‍.പി ചേക്കൂട്ടി

കഴിഞ്ഞ ദിവസം കോഴിക്കോട്ടു കടപ്പുറത്തു ഒരു പ്രസംഗകച്ചേരി കേൾക്കാൻ ഇടയായി. അത് രാഹുൽ ഗാന്ധിയുടെ പ്രസംഗവും അതിനു നമ്മുടെ അബ്ദുൽ സമദ് സമദാനി നൽകിയ പരിഭാഷയുമാണ്. നല്ല ഒന്നാന്തരം പ്രസംഗമാണ് ഇംഗ്ലീഷിൽ രാഹുൽ നടത്തിയത്. ചെറിയ ചെറിയ വാചകങ്ങൾ, സ്ഫുടമായ ഉച്ചാരണം, കേൾവിക്കാരെ കൈയിലെടുക്കുന്ന ആംഗ്യവിക്ഷേപങ്ങൾ. കൃത്യവും കാര്യമാത്രപ്രസക്തവുമായ വിഷയവിശകലനം. രാഹുൽ ശരിക്കും നേതാവായി എന്ന് ബോധ്യമായത് ആ പ്രസംഗം കടപ്പുറത്തെ വെയിലത്തിരുന്നു ശ്രവിച്ചപ്പോഴാണ്. സമദാനിയുടെ പരിഭാഷയാകട്ടെ അതുല്യം. ശരിക്കും ബാല മുരളിയും ഉമയാൾപുരവും ഒന്നിച്ചു അരങ്ങു തകർക്കുമ്പോൾ ശ്രോതാക്കൾ അനുഭവിക്കുന്ന ഒരു അനുഭൂതിവിശേഷം.

അപ്പോഴാണ് പഴയ ഒരു പ്രസംഗത്തിന്റെ ദുരന്തകഥ ഓർമ്മ വന്നത്. അത് 1984-ലെ തെരഞ്ഞടുപ്പു കാലത്തു സംഭവിച്ചതാണ്. പാലക്കാട്ടു പുലാമന്തോളിനടുത്തു എവിടെയോ ആണ് അത് നടന്നത്. പ്രസംഗകൻ ബി.ടി രണദിവെ. കമ്മ്യൂണിസ്റ്റു നേതൃത്വത്തിലെ കരുത്തൻ. രണദിവെ തീസിസ് എന്നൊരു സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്. 1947-ൽ ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയി എന്നാണ് ചരിത്രമെങ്കിലും അന്ന് കമ്മ്യൂണിസ്റ്റുകൾ അത് അംഗീകരിച്ചിരുന്നില്ല. അവർ അതുകൊണ്ടു തങ്ങളുടെ സായുധവിപ്ലവ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയി. പ്രധാനമായും ഏറ്റുമുട്ടൽ നടന്നത് തെലങ്കാനയിൽ ആയിരുന്നു. ആയിരങ്ങളാണ് അവിടെ വെടിയേറ്റു മരിച്ചത്. ആ സമയത്തു 1948-ൽ കൊൽക്കത്തയിൽ പാർട്ടി കോൺഗ്രസ് നടന്നു. അതിലാണ് രണദിവെ പ്രമേയം അവതരിപ്പിച്ചത്. അധികാരം പിടിക്കാൻ സായുധസമരം തുടരണം എന്നായിരുന്നു അതിലെ രത്‌നച്ചുരുക്കം. പിന്നീട് നാടൊട്ടുക്കും കമ്മ്യൂണിസ്റ്റുകളും കോൺഗ്രസ് സർക്കാരും തമ്മിൽ ഏറ്റുമുട്ടൽ നടന്നത് രണദിവെ സിദ്ധാന്തത്തിന്റെ പേരിലാണ്.

അങ്ങനെ രാഷ്ട്രീയത്തിലെ പുലിയായി അറിയപ്പെടുന്ന രണദിവെയാണ് പാലക്കാട്ടു പ്രചാരണത്തിനെത്തിയത്. അക്കാലത്തു ദേശാഭിമാനിയുടെ ജില്ലാ ലേഖകനാണ് ഞാൻ. അവർക്കൊക്കെ ജില്ലാ ആസ്ഥാനത്തിരുന്നു കാര്യങ്ങൾ നോക്കിയാൽ മതി. എന്റെ കാര്യം അങ്ങനെയല്ല. പാർട്ടിക്ക് ജില്ലയിൽ രണ്ടു ലോക് സഭാ സ്ഥാനാർത്ഥികളാണ്. പാലക്കാടു മണ്ഡലത്തിൽ ടി ശിവദാസമേനോനും ഒറ്റപ്പാലത്തു എ.കെ ബാലനും. ബാലൻ ആദ്യമായി തിരഞ്ഞെടുപ്പ് വേദിയിൽ എത്തിയ വർഷം. ഏറ്റുമുട്ടുന്നതോ, കെ.ആർ നാരായണനുമായി. അങ്ങേരും ആദ്യമായി തിരഞ്ഞെടുപ്പ് രംഗത്ത് എത്തിയ വർഷമാണത്.

അതിനാൽ ജില്ലയിലെ സി.പി.എം നേതാക്കൾക്കും ദേശാഭിമാനി ലേഖകനും പെരുത്ത ചുമതലകൾ. നേതാക്കൾ ദിനംപ്രതി വരുന്നു, അവരുടെ പരിപാടികൾ നാടെങ്ങും. എല്ലായിടത്തും ലേഖകൻ എത്തണം. അങ്ങനെയാണ് രണദിവെയു ടെ കാറിൽകേറി ഞാനും യോഗസ്ഥലത്തെത്തിയത്. രണദിവെ കാര്യമാത്രമായി മാത്രം സംസാരിക്കുന്ന ആളാണ്. ഒരു പാർട്ടിക്ലാസിന്റെ രീതിയാണ്. പരിഭാഷകൻ പ്രാദേശികനേതാവാണ്. പരിഭാഷകപദവി ചോദിച്ചുവാങ്ങിയതാണ്. അങ്ങേർക്കു പക്ഷേ കാർന്നോരുടെ പ്രസംഗം രുചിച്ചില്ല എന്നു വ്യക്തം. കാരണം ടിയാൻ ഇടക്കൊക്കെ ചില മേമ്പൊടികൾ ചേർക്കാൻ തുടങ്ങി. ആദ്യം രണദിവെ ശ്രദ്ധിച്ചില്ല എന്നു തോന്നുന്നു. പക്ഷേ അധികം വൈകാതെ പുള്ളിക്ക് കാര്യം പിടികിട്ടി. പിന്നെ ഒരു സഡൻ ബ്രേക്കാണ്. കാരണം ശ്രോതാക്കളുടെ ചിരി. ആഗോള സാമ്പത്തിക പ്രതിസന്ധിയും മുതലാളിത്തത്തിന്റെ തകർച്ചയും വിശദീകരിക്കുമ്പോൾ എന്തിനാണ് ജനങ്ങൾ ചിരിക്കുന്നത്? അതു സോഷ്യലിസം ഉടൻ വരും എന്ന ചിന്തയിൽ നിന്നുള്ള ആഹ്ലാദ ചിരിയല്ലെന്നു രണദിവെയ്ക്കും ബോധ്യമായിരിക്കണം.

പ്രസംഗം നിർത്തിയ രണദിവെ സ്‌റ്റേജിലിരിക്കുന്ന സ്ഥാനാർഥി ശിവദാസ മേനോന്റെ നേരെ തിരിഞ്ഞു എന്തോ പറഞ്ഞു. എന്താണ് പറഞ്ഞത് എന്ന് വ്യക്തമായില്ല. പക്ഷേ പിന്നീട് കാണുന്നത് മേനോൻ മാഷ് ചാടിയെണീറ്റ് മുന്നോട്ടു വരുന്നതാണ്. പരിഭാഷകനെ ഉന്തി മാറ്റി അദ്ദേഹം മൈക്കിനു മുൻപിൽ നിന്നു. രണദിവെ വീണ്ടും പ്രസംഗം തുടർന്നു.

പക്ഷേ വിഷയം പാർട്ടിയിൽ ചർച്ചയായി, പരാതിയായി. ബോംബെയിൽ നിന്നു വന്ന ഏറ്റവും സീനിയർ നേതാവാണ് രണദിവെ. അങ്ങേരുടെ പരിപാടിയാണ് കുളമാക്കിയത്. പിറ്റേന്ന് എത്തിയത് ഇ.എം.എസ്. യാത്രയിൽ കാര്യമായി ഒന്നും സംസാരിക്കുന്ന പതിവില്ല ഇ.എം.എസ്സിന്. പക്ഷേ, ഇത്തവണ അദ്ദേഹം ചോദിച്ചു, എന്താണ് രണദിവെയുടെ പരിപാടിയിൽ സംഭവിച്ചത്? ഞാൻ കണ്ട കാര്യം പറഞ്ഞു. ഇ.എം.എസ് ഒന്നു മൂളി.

ഇപ്പോൾ ആലോചിക്കുമ്പോൾ മേനോൻ മാഷിന്റെ ഭാഗ്യം എന്നാണ് തോന്നുന്നത്. കാരണം അദ്ദേഹമാണ് അന്ന് ജില്ലയിൽ ചുമതലക്കാരൻ. സഖാവ് സ്റ്റാലിന്റെ പവർ രണദിവെയ്ക്കു ഉണ്ടായിരുന്നുവെങ്കിൽ മേനോൻ മാഷിന്റെ തല ഉരുളാൻ വേറെ കാരണം വേണ്ടതില്ല.

(തേജസ് പത്രം ചീഫ് എഡിറ്ററായിരുന്നു. ദേശാഭിമാനിയിലും ഇന്ത്യൻ എക്‌സ്പ്രസ്സിലും മാധ്യമം പത്രത്തിലും ലേഖകനായിരുന്നു)

Read More >>