മോദിയുടെ പ്രസംഗത്തിൽ തഴയപ്പെട്ടവർ

നെഹ്‌റുവിന്റെ ആശയങ്ങൾ ഈ രാജ്യത്ത് നിലനിൽക്കുന്നിടത്തോളം ഫാസിസത്തിനും വർഗ്ഗീയതയ്ക്കും ഇവിടെ തേരോട്ടം നടത്താൻ സാധിക്കില്ലെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് മോദി സർക്കാർ എല്ലായ്പ്പോഴും നെഹ്‌റുവിനെ തമസ്‌കരിക്കുന്നത്.

മോദിയുടെ പ്രസംഗത്തിൽ തഴയപ്പെട്ടവർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി.യും സഖ്യകക്ഷികളും വീണ്ടും അധികാരത്തിലെത്തി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൊത്തം വോട്ടർമാരിൽ ഏകദേശം മൂന്നിലൊന്നു പേർ വോട്ടവകാശം വിനിയോഗിച്ചില്ല. രേഖപ്പെടുത്തിയ മൊത്തം വോട്ടിന്റെ 44 ശതമാനം എൻ.ഡി.എയ്ക്ക് ലഭിച്ചപ്പോൾ 56 ശതമാനം വോട്ട് എൻ.ഡി.എക്ക് എതിരായി മത്സരിച്ച പ്രതിപക്ഷ പാർട്ടികൾക്ക് ലഭിച്ചു. ബഹുകോണ മത്സരമുണ്ടായിരുന്നില്ലെങ്കിൽ എന്തായിരിക്കും തെരഞ്ഞെടുപ്പ് ഫലം എന്ന് ഊഹിക്കാവുന്നതേയുള്ളൂ.

2014-ൽ ഏകദേശം 41 ശതമാനം വോട്ടാണ് എൻ.ഡി.എക്ക് ലഭിച്ചതെങ്കിൽ പ്രതിപക്ഷകക്ഷികൾ 59 ശതമാനം വോട്ട് നേടിയിരുന്നു. കഴിഞ്ഞ രണ്ടു ലോക്‌സഭാ തെരഞ്ഞെടുപ്പിലും വോട്ട് ശതമാനത്തിൽ പ്രതിപക്ഷം മുന്നിട്ട് നിന്നെങ്കിലും സീറ്റിൽ എൻ.ഡി.എ. മുൻതൂക്കം നേടി. സർക്കാറിന്റെ എല്ലാ പ്രവൃത്തികളേയും നയിക്കുക നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ അടിസ്ഥാനമൂല്യങ്ങളായിരിക്കുമെന്നായിരുന്നു 2014-ൽ മോദി സർക്കാർ നയപ്രഖ്യാപനത്തിൽ പറഞ്ഞിരുന്നത്. പക്ഷേ സംഭവിച്ചത് നേരെ മറിച്ചും.

അഞ്ചു വർഷത്തെ മോദി ഭരണത്തിന്റെ ബാക്കിപത്രമായിരുന്നു ഫാസിസം, അസഹിഷ്ണുത, നോട്ടുപ്രതിസന്ധി, നിരന്തരമായ ഭീകരാക്രമണങ്ങൾ, കർഷക ആത്മഹത്യ, എണ്ണവിലവർദ്ധന തുടങ്ങിയവ. എന്നാൽ തെരഞ്ഞെടുപ്പിൽ ഇവ വേണ്ടവിധം ചർച്ച ചെയ്യപ്പെട്ടില്ല.

സമത്വവും സ്വാതന്ത്ര്യവും അനുവദിക്കാത്ത ദുരവസ്ഥയാണ് ഫാസിസം. ന്യൂനപക്ഷങ്ങളും ദളിത് വിഭാഗങ്ങളും മാത്രമല്ല ഭൂരിപക്ഷ സമുദായംഗങ്ങളും ഫാസിസത്തിന്റെ ഇരകളായി. ഫാസിസവും അസഹിഷ്ണുതയും എല്ലാ സീമകളെയും ലംഘിച്ചു. രാജ്യത്തിന്റെ മതനിരപേക്ഷ സംസ്ക്കാരം ആക്രമിക്കപ്പെട്ടു. മതപരമായ അസഹിഷ്ണുത സൃഷ്ടിച്ച വെറുപ്പും വിദ്വേഷവും നിരവധി രക്തസാക്ഷികളെ സൃഷ്ടിച്ചു. പ്രഫ. എം.എം കൽബുർഗി, ഗോവിന്ദ് പൻസാരെ, മുഹമ്മദ് അഖ്‌ലഖ്, ചിമ്മ, രോഹിത് വെമുല, പെഹ്‌ലൂഖാൻ, ഗൗരിലങ്കേഷ്, ജുനൈദ് തുടങ്ങി നിരവധി പേർ ഇതിനകം രക്തസാക്ഷികളായി.

ഫാസിസത്തിനും അസഹിഷ്ണുതക്കുമെതിരെ ചിന്തകരും എഴുത്തുകാരും കലാകാരൻമാരും പുരസ്ക്കാരങ്ങൾ തിരിച്ചുനല്കി പ്രതിഷേധിച്ചു.

മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു കാശ്മീരിലെ കട്വയിൽ ബാലികയ്ക്ക് നേരെയുണ്ടായ കൊടുംക്രൂരത. രാഷ്ട്രപിതാവിന്റെ സ്ഥാനത്ത് പിതൃഘാതകന്റെ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടുവെന്നു മാത്രമല്ല ഗോഡ്സെ മഹാനായ രാജ്യസ്നേഹിയായി വാഴ്ത്തപ്പെടുകയും ചെയ്തു. ഭരണഘടനയുടെ മൗലികതത്വങ്ങളിൽ ഒന്നായ സ്വതന്ത്രനീതിന്യായ വ്യവസ്ഥപോലും ഭീഷണി നേരിടുകയാണ്.

പരമോന്നത നീതിപീഠത്തിന്റെ കെട്ടുറപ്പ് സംരക്ഷിച്ചില്ലെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല എന്ന് സുപ്രിം കോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കിയിരിക്കയാണ്. ശക്തമായ നീതിനിർവ്വഹണ സംവിധാനമാണ് ജനാധിപത്യത്തിന്റെ കരുത്തെന്നും അത് നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ജനങ്ങളോട് തുറന്നു പറയുന്നതെന്നും ജഡ്ജിമാർ വ്യക്തമാക്കി. നിയമവ്യവസ്ഥ തകർന്നാൽ ജനാധിപത്യവും അപകടത്തിലാവുമെന്നും ജഡ്ജിമാർ മുന്നറിയിപ്പ് നൽകി.

16-ാം ലോക്‌സഭയിൽ അന്നത്തെ ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌ സിങ് ലോക്‌സഭയിൽ നടന്ന ചൂടേറിയ ചർച്ചയിൽ സൂചിപ്പിച്ചകാര്യം ശ്രദ്ധേയമാണ്. ഭരണഘടനയുടെ മൂലരൂപത്തിൽ മതേതരം എന്ന വാക്കില്ല എന്നാണ് അദ്ദേഹം ലോക്‌സഭയിൽ പ്രസ്താവിച്ചത്. സത്യത്തിൽ അതിന്റെ പ്രസക്തിയെയാണ് അദ്ദേഹം ചോദ്യം ചെയ്തത്.

2015 മാർച്ചിനും 2019 മാർച്ചിനുമിടയിൽ ജമ്മുകാശ്മീരിലെ പാംപോർ, ജമ്മു, ഉധംപൂർ, ഉറി, ബാരാമുള്ള, ഹന്ത്‌വാര, നഗ്രോദ, അമർനാഥ്, സുൻജുവൻ, പുൽവാമ എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളിലും പഞ്ചാബിലെ ഗുരുദാസ്പൂർ, പത്താൻകോട്ട് എന്നിവിടങ്ങളിലെ ഭീകരാക്രമണങ്ങളിലും നൂറുകണക്കിന് സൈനികർക്കും സിവിലിയന്മാർക്കും ജീവഹാനി സംഭവിച്ചു. പുൽവാമയിൽ മാത്രം 40 സൈനികർ ഭീകരാക്രമണത്തിന് ഇരയായി വീരമൃത്യു വരിച്ചു.

മോദി ഭരണത്തിലാണ് സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി ഗാന്ധിവധം പുനരാവിഷ്‌ക്കരിക്കപ്പെട്ടത്. ഒരു തെരഞ്ഞെടുപ്പിൽ ചർച്ചചെയ്യപ്പെടേണ്ട വിഷയങ്ങളായ വിലക്കയറ്റം, പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ, തുടങ്ങിയ പ്രശ്നങ്ങളെ മാറ്റിവെച്ച് തീവ്രദേശീയതയും ഹിന്ദുത്വവും ഉയർത്തിപ്പിടിച്ചാണ് മോദി വോട്ട് തേടാനിറങ്ങിയത്. ഭരണഘടന വിഭാവനം ചെയ്യുന്ന ദേശീയതയെ 'ഞങ്ങളും' 'അവരും ആക്കിയാണ് മോദി പടനയിച്ചത്. ജവഹർലാൽ നെഹ്‌റു നമ്മെ പഠിപ്പിച്ച നാനാത്വത്തിലെ ഏകത്വവും ബഹുസ്വരതയും പിച്ചിച്ചീന്തുക സംഘപരിവാറിന്റെ അജൻഡ തന്നെയാണ്. അവരെ എതിർക്കുന്നവർക്ക് 'അവരുടെ ഇന്ത്യ' യെന്നും അനുകൂലിക്കുന്നവർക്ക് 'നമ്മുടെ ഇന്ത്യ' എന്നുമുള്ള നിർവ്വചനമാണ് നല്കുന്നത്.

നിയമനിർമാണസഭകൾക്ക് ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ പക്ഷപാതപരവും നീതിരഹിതവുമായി നിയമങ്ങൾ പാസ്സാക്കാനും ഒരു വിഭാഗം ജനങ്ങളുടെ താല്പര്യങ്ങൾക്ക് ദോഷം വരുത്തുവാനും സാധിച്ചേക്കും. ഭരണഘടനാശില്പികൾ അപടകരമായ ഈ അവസ്ഥ മുൻകൂട്ടി കണ്ടുകൊണ്ടാണ് പൗരന്മാർക്ക് മൗലികാവകാശങ്ങൾ ഭരണഘടനയിൽ ഉറപ്പു നല്കിയത്. അതുപോലെതന്നെയാണ് ജാതി-മത-ഭാഷാന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പു നല്കുന്ന പ്രത്യേക അവകാശങ്ങൾ. സമത്വത്തിനുള്ള അവകാശവും മൗലികസ്വാതന്ത്ര്യങ്ങൾക്കുള്ള അവകാശവും ചൂഷണത്തിനെതിരേയുള്ള അവകാശവും മതസ്വാതന്ത്ര്യത്തിനുള്ള അവകാശവും സാംസ്ക്കാരികവും വിദ്യാഭ്യാസപരവുമായ അവകാശങ്ങളും മറ്റും മൗലികാവകാശങ്ങളായി ഭരണഘടന ഉറപ്പു നല്കുന്നു. മാത്രവുമല്ല മൗലികാവകാശങ്ങൾ നിഷേധിക്കപ്പെട്ടാൽ കോടതി മുഖേനയുള്ള പ്രതിവിധി ഭരണഘടനാപരമായ അവകാശമായി ഭരണഘടന പൗരന്മാർക്ക് ഉറപ്പു നല്കുന്നു.

ബി.ജെ.പി. പാർലമെന്ററി പാർട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട നരേന്ദ്രമോദി പാർലമെന്റിന്റെ സെൻട്രൽഹാളിൽ അലങ്കരിച്ചുവെച്ച ഇന്ത്യൻ ഭരണഘടനയെ നമസ്ക്കരിക്കുകയാണ് ആദ്യം ചെയ്തത്. തുടർന്നു നടത്തിയ പ്രസംഗത്തിൽ അദ്ദേഹം അനുസ്മരിച്ചത് മഹാത്മാഗാന്ധിയെയും മുഖ്യ ഭരണഘടനാശില്പി അംബേദ്കറേയും തന്റെ പ്രത്യയശാസ്ത്രത്തിന്റെ ശില്പികളേയുമായിരുന്നു. ഭരണഘടനാനിർമാണസഭയുടെ അദ്ധ്യക്ഷൻ ഡോക്ടർ രാജേന്ദ്രപ്രസാദിനെയോ ഭരണഘടനക്ക് ആമുഖമെഴുതിയ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെയോ, ഭരണഘടനാ നിർമ്മാണത്തിൽ സജീവ സാന്നിദ്ധ്യമായിരുന്ന മൗലാനാആസാദിനെയോ, സർദാർ പട്ടേലിനെയോ, ഡോക്ടർ എസ്. രാധാകൃഷ്ണനേയോ അദ്ദേഹം പരാമർശിച്ചില്ല.

ഭരണഘടനയെ നമസ്ക്കരിച്ചത് അതിനോടുള്ള ആദരവും ബഹുമാനവും സൂചിപ്പിക്കാനാണെന്ന് കരുതാം. ജവഹർലാൽ നെഹ്‌റു എഴുതിയ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഇന്ത്യൻ റിപ്പബ്ലിക്കിന്റെ നാലു ലക്ഷ്യങ്ങളെ സൂചിപ്പിക്കുന്നു. നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം. ഈ ആദർശങ്ങളിൽ അധിഷ്ഠിതമാണ് നമ്മുടെ ഭരണഘടന. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അവിഭാജ്യതയും ഉറപ്പുവരുത്തുന്നതിനാണ് സാഹോദര്യം എന്ന ലക്ഷ്യംകൊണ്ട് ഉദ്ദേശിക്കുന്നത്.

1950ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നപ്പോൾ ഭരണഘടനയുടെ ആമുഖത്തിൽ മതേതരത്വം, സോഷ്യലിസം അഖണ്ഡത എന്നീ വാക്കുകൾ ഉണ്ടായിരുന്നില്ല. അത് 1976ൽ ഇന്ദിരാഗാന്ധിയുടെ കാലത്ത് 42-ാം ഭരണഘടനാഭേദഗതിയിലൂടെ ഭരണഘടനയിൽ എഴുതിച്ചേർത്തതാണ്.

ജാതി, മതം, ഭാഷ, സംസ്ക്കാരം തുടങ്ങി ഒട്ടനവധി വൈവിദ്ധ്യങ്ങൾ ഉള്ള ഇന്ത്യയിൽ എല്ലാ പൗരന്മാരും ഉൾക്കൊള്ളുന്ന സാഹോദര്യം ഉണ്ടെങ്കിൽ മാത്രമേ രാഷ്ട്രത്തിന്റെ ഐക്യം നിലനിർത്താൻ സാധിക്കുകയുള്ളൂ. തങ്ങളെല്ലാം ഒരേ മാതൃഭൂമിയുടെ മക്കളാണെന്നും തമ്മിൽ സഹോദരങ്ങളാണെന്നും എല്ലാ പൗരന്മാർക്കും തോന്നണം.

ആ സാഹോദര്യം കാത്തുസൂക്ഷിക്കുവാൻ കഴിഞ്ഞ അഞ്ചുവർഷത്തെ മോദി ഭരണത്തിന് സാധിച്ചില്ല എന്നത് ഏറ്റവും വേദനാജനകമായ കാര്യമാണ്. സാഹോദര്യം ഊട്ടിയുറപ്പിക്കുന്നതിന് പകരം സാഹോദര്യത്തിന് കോട്ടം തട്ടുന്ന പ്രവൃത്തികളാണ് രാജ്യത്തുണ്ടായത്. അസഹിഷ്ണുതയും വർഗ്ഗീയധ്രുവീകരണവും ബി.ജെ.പി. രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമാക്കിയപ്പോൾ സ്വതന്ത്രഇന്ത്യയിൽ സാഹോദര്യത്തിന് കനത്ത ആഘാതമേറ്റു.

നമ്മുടെ സംസ്ക്കാരത്തിന്റെ അടിസ്ഥാനപ്രമാണങ്ങളായ സഹിഷ്ണുതയും ബഹുസ്വരതയും പിന്തള്ളപ്പെടുകയാണ്. ഭൂരിപക്ഷവികാരങ്ങൾ ഊതി വീർപ്പിച്ച് വർഗ്ഗീയ ധ്രുവീകരണമുണ്ടാക്കി വോട്ടിനിറങ്ങിയ ബി.ജെ.പിക്ക് സാക്ഷരകേരളം ചുട്ട മറുപടി നല്കി.

നെഹ്‌റുവിന്റെ ആശയങ്ങൾ ഈ രാജ്യത്ത് നിലനിൽക്കുന്നിടത്തോളം ഫാസിസത്തിനും വർഗ്ഗീയതയ്ക്കും ഇവിടെ തേരോട്ടം നടത്താൻ സാധിക്കില്ലെന്ന് മോദിക്ക് അറിയാം. അതുകൊണ്ടാണ് മോദി സർക്കാർ എല്ലായ്പ്പോഴും നെഹ്‌റുവിനെ തമസ്‌കരിക്കുന്നത്. നെഹ്‌റു വളർത്തിയെടുത്ത ജനാധിപത്യം മതേതരത്വം, സോഷ്യലിസം, സഹിഷ്ണുത, ശാസ്ത്രബോധം, ചേരിചേരാനയം തുടങ്ങിയവയെ ഇല്ലാതാക്കിയാൽ മാത്രമേ ഫാസിസത്തിന് വളരാൻ സാധിക്കൂ എന്നവർക്കറിയാം.

മതാധിഷ്ഠിത ദേശീയതയല്ല ഇന്ത്യൻ ദേശീയത എന്ന് മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള മഹാന്മാരായ ദേശീയനേതാക്കൾ സ്വാതന്ത്ര്യസമരകാലത്ത് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ഇന്ത്യൻ ഭരണഘടനയാണ്. 'സാമൂഹിക-സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ ജനങ്ങൾ വ്യവസ്ഥാപിത മാർഗ്ഗങ്ങൾ മാത്രം സ്വീകരിക്കുമ്പോഴേ ജനാധിപത്യ സമ്പ്രദായം നിലനിൽക്കൂ. അമിതമായ ഭക്തിയും വീരാരാധനയും രാഷ്ട്രത്തെ അധഃപതനത്തിലേക്കും ഏകാധിപത്യത്തിലേക്കും മാത്രമേ നയിക്കുകയുള്ളൂ' എന്നാണ് ഭരണഘടനാ ശില്പി ഡോ. ബി.ആർ.അംബേദ്കർ അഭിപ്രായപ്പെട്ടത്.

സ്വാതന്ത്ര്യസമരത്തെ എതിർത്തവരുടെയും ഒറ്റുകൊടുത്തവരുടെയും പിന്മുറക്കാരാണ് ഇന്ന് ഭരണത്തിലിരിക്കുന്നത്. നമ്മുടെ ഭരണഘടനയുടെ മൗലിക തത്വങ്ങളാണ് ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, മതനിരപേക്ഷത, മൗലികാവകാശങ്ങൾ, സ്വതന്ത്ര നീതിന്യായ വ്യവസ്ഥ, ഫെഡറൽ സമ്പ്രദായം തുടങ്ങിയവ. ഭരണഘടനയുടെ മൗലിക തത്വങ്ങളെ ഭേദഗതി ചെയ്യാനോ ഇല്ലാതാക്കാനോ ഇന്ത്യൻ പാർലമെന്റിന് അധികാരമില്ലെന്ന് ചില സുപ്രധാന വിധികളിൽ (കേശവാനന്ദഭാരതി കേസിലും, എസ്.ആർ ബൊമ്മെ കേസിലും) സുപ്രിം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അസഹിഷ്ണുതയേയും ഫാസിസത്തേയും എന്തു വിലകൊടുത്തും തടയുക എന്നതാണ് ഇന്ന് ഇന്ത്യയിലെ മതേതര-ജനാധിപത്യ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നിലുള്ള മുഖ്യവിഷയം. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് 10 വർഷത്തിലധികം ബ്രിട്ടീഷ് ജയിലിൽ അന്തിയുറങ്ങി, ഇന്ത്യയെ കണ്ടെത്തി, 17- വർഷത്തോളം സ്വതന്ത്രഇന്ത്യക്ക് നേതൃത്വം നല്കിയ ജവഹർലാൽനെഹ്‌റുവിന്റെ ഇന്ത്യയെ വർഗ്ഗീയവിദ്വേഷത്തിലൂടെ ഇല്ലാതാക്കാൻ രാജ്യസ്‌നേഹികൾ സമ്മതിക്കില്ല.

നിലവിലുള്ള ഇന്ത്യൻഭരണഘടനക്ക് യാത്രാമൊഴിചൊല്ലുകയാണോ ഭരണഘടനയെ നമസ്‌കരിച്ചത്തിലൂടെ മോദി ഉദ്ദേശിക്കുന്നത് എന്ന സംശയം ചിലർക്കെങ്കിലും തോന്നിയിട്ടുണ്ടാകാം. അങ്ങിനെ സംഭവിക്കാതിരിക്കട്ടെ.

Read More >>