അടിയന്തരാവസ്ഥയും അതിനുശേഷവും

2015 ജനുവരിയിൽ ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമ മതസഹിഷ്ണുതയുടെ അനിവാര്യതയെക്കുറിച്ച് നൽകിയ മുന്നറിയിപ്പ് മോദി സർക്കാറിനെ നാണം കെടുത്തി. കോൺഗ്രസ് ഭരണകാലത്ത് ഒരു വിദേശഭരണാധികാരിയും ഇന്ത്യയിൽ വന്ന് ആ രീതിയിൽ പ്രതികരിച്ചിട്ടില്ല. ഭയമോ, വിവേചനമോ, പീഢനമോ ഇല്ലാതെ തന്നെ ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാൻ ഇന്ത്യൻ ഭരണഘടന (ആർട്ടിക്കിൾ 25) അനുവദിക്കുന്നുണ്ടെന്ന് ഒബാമ ചൂണ്ടിക്കാട്ടി

അടിയന്തരാവസ്ഥയും അതിനുശേഷവും

സി.ഇ. മൊയ്തീന്‍കുട്ടി

1971ലെ തെരഞ്ഞെടുപ്പിൽ ഇന്ദിര ഗാന്ധിയോട് തോറ്റ രാജ്‌നാരായണൻ നല്കിയ തെരഞ്ഞെടുപ്പ് കേസിന്റെ വിധി വന്നത് 1975 ജൂൺ 12നാണ്. തെരഞ്ഞെടുപ്പ് വിധി ഇന്ദിര ഗാന്ധിക്ക് എതിരായിരുന്നു. ആറു വർഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും സ്ഥാനം വഹിക്കുകയോ അതിനായി മത്സരിക്കുകയോ ചെയ്യരുതെന്നതായിരുന്നു വിധി.

തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് സ്റ്റേജ് കെട്ടാനും മറ്റും സർക്കാർ ഉദ്യോഗസ്ഥർ സഹായിച്ചുവെന്നതായിരുന്നു കോടതി കണ്ടെത്തിയ കാര്യം. ഇത് തെരഞ്ഞെടുപ്പിലെ അനൗചിത്യമായാണ് കോടതി നിരീക്ഷിച്ചത്. ഒരു തെരഞ്ഞെടുപ്പ് ഫലത്തെ സാരമായി ബാധിക്കുന്ന കള്ളവോട്ടോ, ബൂത്ത്‌കൈയേറ്റമോ, ഒന്നും സംഭവിച്ചിരുന്നില്ല. ഒരു ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷം ഇന്ദിര ഗാന്ധിക്കുണ്ടായിരുന്നു.

രാജിവെക്കാതെ അധികാരത്തിൽ തുടരാനാണ് കോൺഗ്രസ് മുഖ്യമന്ത്രിമാരും നേതാക്കളും ഇന്ദിര ഗാന്ധിയോട് ആവശ്യപ്പെട്ടത്. ഭരണഘടനാവിദഗ്ധരുടെ അഭിപ്രായം തേടിയശേഷം സുപ്രിം കോടതിയിൽ അപ്പീൽ ഫയൽചെയ്തു. അവധിക്കാല ജഡ്ജി ആയിരുന്ന വി.ആർ. കൃഷ്ണയ്യർ ഇന്ദിര ഗാന്ധി കോടതിയുടെ അവധി കഴിയുന്നത് വരെ രാജിവെക്കേണ്ടതില്ലെന്നും പാർലിമെന്റിൽ വോട്ട് ചെയ്യരുതെന്നും വിധിച്ചു.

കോടതി വിധി പ്രതിപക്ഷത്തിന് ആവേശമായി. കോൺഗ്രസിലെ മുൻ സിണ്ടിക്കേറ്റ് വിഭാഗവും സോഷ്യലിസ്റ്റ്കാരും അവസരം പ്രയോജനപ്പെടുത്തി. ജയപ്രകാശ് നാരായണന്റെയും മൊറാർജി ദേശായിയുടെയും നേതൃത്വത്തിൽ രാജ്യത്താകമാനം പ്രതിഷേധ റാലികൾ അരങ്ങേറി. പല സംസ്ഥാനങ്ങളിലും പ്രക്ഷോഭങ്ങൾ രൂക്ഷമായി. പ്രത്യേകിച്ച് ബിഹാറിലും ഗുജറാത്തിലും വിദ്യാർത്ഥികൾ പ്രക്ഷോഭത്തിനിറങ്ങി.

1975 ജൂൺ 25ന് ജയപ്രകാശ് നാരായണനും മൊറാർജി ദേശായിയും ഡൽഹിയിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, പൊലീസിനോടും പട്ടാളത്തോടും സർക്കാർ ഉത്തരവുകൾ അനുസരിക്കരുതെന്ന് ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷാ കർത്തവ്യം നിർവ്വഹിക്കേണ്ടവരാണ് പട്ടാളക്കാർ, രാജ്യത്തെ ക്രമസമാധാനം കാക്കേണ്ടത് പോലീസുകാരും. ഇവരോട് സർക്കാറിനെ അനുസരിക്കരുതെന്ന ആഹ്വാനത്തെ ഗൗരവമായി കണ്ട കേന്ദ്ര സർക്കാർ രാഷ്ട്രപതിയോട് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ ആവശ്യപ്പെട്ടു. ആഭ്യന്തരകലാപമുണ്ടായേക്കാം എന്ന് ബോദ്ധ്യമായതിനാൽ പ്രസിഡന്റ് ഭരണഘടനാപരമായ കടമ നിർവ്വഹിച്ചുകൊണ്ട് 1975 ജൂൺ 26ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അടിയന്തരാവസ്ഥയുടെ മറവിൽ പൊലീസ്, സിവിൽ ഉദ്യോഗസ്ഥരുടെ അധികാരദുർവിനിയോഗം, സത്യത്തിൽ ഇന്ദിര ഗാന്ധി അറിഞ്ഞിരുന്നത് അടിയന്തരാവസ്ഥ പിൻവലിച്ചതിനുശേഷമായിരുന്നു. അടിയന്തരാവസ്ഥകൊണ്ട് രാജ്യത്തിനുണ്ടായ ദുരിതങ്ങളിൽ ഇന്ദിര ഗാന്ധി ആത്മാർത്ഥമായി ഖേദപ്രകടനം നടത്തിയിരുന്നു. തടവിലാക്കപ്പെട്ടിരുന്ന രാഷ്ട്രീയ നേതാക്കളെ വിട്ടയച്ചതും അടിയന്തരാവസ്ഥ പിൻവലിച്ചതും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതും ഇന്ദിര ഗാന്ധി തന്നെയായിരുന്നു. അടിയന്തരാവസ്ഥയിൽ രാജ്യം കൈവരിച്ച സാമ്പത്തിക നേട്ടങ്ങളും മറ്റും അടിയന്തരാവസ്ഥയിൽ അരങ്ങേറിയ ക്രൂരതകൾക്ക് മുന്നിൽ നിഷ്പ്രഭമായിപ്പോവുകയാണുണ്ടായത്.

കള്ളക്കടത്ത്, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, മായംചേർക്കൽ തുടങ്ങിയവയെല്ലാം അപ്രത്യക്ഷമായി. വിദ്യാലയങ്ങളിലും തൊഴിൽ ശാലകളിലും സർക്കാർ ഓഫിസുകളിലും ഒരു പ്രവൃത്തിദിവസംപോലും നഷ്ടപ്പെട്ടില്ല. വിലക്കയറ്റം പാടേ ഇല്ലാതായി. നിത്യോപയോഗസാധനങ്ങൾ സാധാരണക്കാരന് മിതമായ നിരക്കിൽ ലഭ്യമായി. പക്ഷേ അടിയന്തരാവസ്ഥയുടെ മറവിൽ പോലീസ്, സിവിൽ ഉദ്യോഗസ്ഥരുടെ അധികാരദുർവിനിയോഗം ജനങ്ങൾക്ക് ദുരിതങ്ങൾ സമ്മാനിച്ചു. ഭരണഘടനയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭേദഗതിയാണ് അടിയന്തരാവസ്ഥ കാലത്ത് നടന്ന 42-ാം ഭരണഘടനഭേദഗതി. മതേതരത്വം, സോഷ്യലിസം, അഖണ്ഡത എന്നീ വാക്കുകൾ ഭരണഘടനയുടെ ആമുഖത്തിൽ കൂട്ടിച്ചേർത്തു.

ഇന്ത്യ ഒരു മതാധിഷ്ഠിത രാഷ്ട്രമാകാതിരിക്കാനും ഇന്ത്യ മുതലാളിത്തരാഷ്ട്രമാകാതിരിക്കാനും കാരണം 1976ലെ ഭരണഘടനാഭേദഗതിയാണ്. ഇത് അടിയന്തരാവസ്ഥാ കാലത്താണ്. ഒരു പ്രധാനമന്ത്രിയെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും ഇന്ദിര ഗാന്ധി ഈ രാജ്യത്തിന് നൽകിയ വിലമതിക്കാനാവാത്ത സംഭാവനയാണത്. ഇന്ത്യയിലെ മതനിരപേക്ഷകക്ഷികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പിടിവള്ളിയാണ് ഈ ഭേദഗതി. അതേ സമയം ഫാസിസ്റ്റുകളെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ തലവേദനയും. 1976-ൽ മതേതരത്വം എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ കൂട്ടിച്ചേർത്തി ല്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു ഈ രാജ്യത്തിന്റെ ഭാവി? മതനിരപേക്ഷ കക്ഷികൾ വളരെ ഗൗരവത്തോടെ ചിന്തിക്കണം.

2014ൽ ബി.ജെ.പി. അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് നടന്ന അസഹിഷ്ണുത കൊലകളിൽ പാർലമെന്റ് ഇളകി മറിഞ്ഞ സന്ദർഭത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് നടത്തിയ പരാമർശം മതേതരത്വത്തോട് ബി.ജെ.പി.ക്കുള്ള നീരസം മറനീക്കി പുറത്തുവരികയുണ്ടായി. ഇന്ത്യൻ ഭരണഘടനയുടെ മൂലരൂപത്തിൽ മതേതരത്വം എന്ന വാക്കില്ല എന്ന് പറഞ്ഞാണ് ആഭ്യന്തരമന്ത്രി പ്രതിപക്ഷവിമർശനങ്ങളെ പ്രതിരോധിച്ചത്.

സുവർണ്ണക്ഷേത്രത്തിലെ പട്ടാള നടപടിക്ക് ശേഷം സിഖ് സമുദായംഗങ്ങളെ സുരക്ഷാവിഭാഗത്തിൽ നിന്നും തൽക്കാലം മാറ്റിനിർത്തണമെന്ന ഇന്റലിജൻസ് ഉപദേശം നിരാകരിച്ചുകൊണ്ട് ഇന്ദിര ഗാന്ധി പറഞ്ഞു: 'അവിശ്വാസത്തിന്റെ പേരിൽ ഏതെങ്കിലും ഒരു ഇന്ത്യക്കാരനെ ഞാൻ മാറ്റിനിർത്തിയാൽ അന്ന് മുതൽ ഞാൻ ഇന്ത്യക്കാരി അല്ലാതായി മാറും. മതേതരത്വം ഞാൻ ബലികഴിക്കില്ല'. മതേതരത്വമെന്ന ആശയം ജീവനേക്കാൾ വലുതാണെന്ന് തെളിയിക്കുകയായിരുന്നു ഇന്ദിര ഗാന്ധി.

1976ലെ അടിമപ്പണി നിരോധന നിയമം, പുരുഷന്മാർക്കും സ്ത്രീകൾക്കും തുല്യ ജോലിക്ക് തുല്യവേതന നിയമം, വ്യവസായ മാനേജ്‌മെന്റിൽ തൊഴിലാളികൾക്ക് പങ്ക് നൽകിയ നിയമം എന്നിവ ജനങ്ങളുടെ അവകാശ, താല്പര്യസംരക്ഷണത്തിനായി അടിയന്തരാവസ്ഥകാലത്ത് നിർമ്മിക്കപ്പെട്ട നിയമങ്ങളിൽ പ്രധാനപ്പെട്ടവയാണ്. അടിയന്തരാവസ്ഥാവാർഷികം ആചരിക്കുന്ന ബി.ജെ.പിയും ഇടതുപക്ഷവും അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന കൊടും ക്രൂരതകളെ സൗകര്യപൂർവ്വം വിസ്മരിക്കുകയാണ്. അടിയന്തരാവസ്ഥയിൽ ഉണ്ടായതിനേക്കാൾ ഭയാനകമായ ക്രൂരതകൾക്ക് അതിനു ശേഷം രാജ്യം സാക്ഷ്യം വഹിച്ചു. ബി.ജെ.പി നേതാക്കൾ നടത്തിയ രഥയാത്രകളിൽ എത്രയോ മനുഷ്യരുടെ ജീവനും ജീവിതവും നഷ്ടപ്പെട്ടു.

സമാനതകളില്ലാത്ത ക്രൂരതകൾക്കും പീഡനങ്ങൾക്കും സ്വതന്ത്രഭാരതം സാക്ഷ്യം വഹിച്ചത് 2002ലെ ഗുജറാത്ത് വംശഹത്യയിലാണ്. നരേന്ദ്രമോദിയും അമിത്ഷായും ഗുജറാത്തിലും എ.ബി. വാജ്‌പേയി കേന്ദ്രത്തിലും അധികാരത്തിൽ ഉള്ളപ്പോഴാണ് ഗുജറാത്ത് വംശഹത്യ. ഗുൽബർഗ സൊസൈറ്റി കൂട്ടക്കൊല, ബെസ്റ്റ് ബേക്കറി കൂട്ടക്കൊല, നരോദപാട്യ കൂട്ടക്കൊല, സർദാർപൂർ കൂട്ടക്കൊല എന്നിവയിൽ ജനങ്ങളെ ജീവനോടെ ചുട്ടെരിച്ചു. പെൺകുട്ടികളേയും സ്ത്രീകളേയും കൂട്ടമാനഭംഗത്തിനിരയാക്കി പെട്രോൾ ഒഴിച്ച് കത്തിച്ചു. 2002ൽ ഗുജറാത്തിൽ കൗസർബാനുവും 2018ൽ കാശ്മീരിലെ കഠ് വബാലികയും കൊടുംക്രൂരതയ്ക്ക ഇരയായി. ഇത്തരത്തിലുള്ള ക്രൂരതകളൊന്നുംതന്നെ അടിയന്തരാവസ്ഥയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ബി.ജെ.പി. ഭരണത്തിൽ രാജ്യത്ത് സ്വാതന്ത്ര്യമെന്ന മൗലികവകാശം ഹനിക്കപ്പെടുന്ന കാഴ്ചയാണ് നാം കാണുന്നത്. അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഫാസിസ്റ്റ് ഭരണത്തിൽ ചോദ്യം ചെയ്യപ്പെട്ടു. ഡോ. കൽബുർഗി, ഗോവിന്ദ് പൻസാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവർ രക്തസാക്ഷികളായി.

പശുവിന്റെ പേരിൽ എണ്ണമറ്റ ആൾക്കൂട്ടാക്രമണങ്ങളും കൊലപാതകങ്ങളും നടന്നു. മുഹമ്മദ് അഖ്‌ലഖ്, പെഹലൂഖാൻ, ജുനൈദ്, അക്ബർഖാൻ തുടങ്ങി നിരവധി പേർ രക്തസാക്ഷികളായി. സഹിഷ്ണുതയ്ക്കും മതേതരത്വത്തിനും എതിരെ ഇന്ത്യയിൽ നടക്കുന്ന കൊലകളും ആക്രമണങ്ങളും ഇന്ത്യയെ അന്തർദ്ദേശീയ സമൂഹത്തിൽ നാണം കെടുത്തുകയാണ്.

ബ്രിട്ടനിലെ പാർലമെന്റ് അംഗങ്ങൾപോലും ഇന്ത്യയിലെ അസഹിഷ്ണുതക്കെതിരെ പ്രതികരിച്ചു. 2015-ൽ പ്രധാനമന്ത്രിക്ക് ഇംഗ്ലണ്ടിൽവെച്ച് പ്രതിഷേധത്തെ അഭിമുഖീകരിക്കേണ്ടിവന്നു. മറ്റൊരു ഇന്ത്യൻ പ്രധാനമന്ത്രിക്കും നേരിടേണ്ടിവന്നിട്ടില്ലാത്ത അവസ്ഥ നരേന്ദ്രമോദിക്കുണ്ടായി. 2018 എപ്രിൽ 18ന് ബ്രിട്ടനിൽ തന്നെ വീണ്ടും പ്രധാനമന്ത്രിക്ക് പ്രതിഷേധത്തെ അഭിമുഖീകരിക്കേണ്ടിവന്നു. ജമ്മുകാശ്മീരിലെ കഠുവയിൽ എട്ടുവയസ്സുകാരി മാനഭംഗത്തിനിരയായി നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടതിന്റെ പേരിലായിരുന്നു പ്രതിഷേധം.

2015 ജനുവരിയിൽ ഇന്ത്യ സന്ദർശിച്ച അമേരിക്കൻ പ്രസിഡണ്ട് ബരാക് ഒബാമ മതസഹിഷ്ണുതയുടെ അനിവാര്യതയെക്കുറിച്ച് നൽകിയ മുന്നറിയിപ്പ് മോദി സർക്കാറിനെ നാണം കെടുത്തി. കോൺഗ്രസ് ഭരണകാലത്ത് ഒരു വിദേശഭരണാധികാരിയും ഇന്ത്യയിൽ വന്ന് ആ രീതിയിൽ പ്രതികരിച്ചിട്ടില്ല. ഭയമോ, വിവേചനമോ, പീഢനമോ ഇല്ലാതെ തന്നെ ഇഷ്ടപ്പെട്ട മതത്തിൽ വിശ്വസിക്കാൻ ഇന്ത്യൻ ഭരണഘടന (ആർട്ടിക്കിൾ 25) അനുവദിക്കുന്നുണ്ടെന്ന് ഒബാമ ചൂണ്ടിക്കാട്ടി. മതപരമായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുക എന്നത് എല്ലാ രാജ്യങ്ങളിലേയും സർക്കാരുകളുടെ ചുമതലയാണെന്ന് ഒബാമ ഓർമ്മിപ്പിച്ചു.

ഇന്ത്യയിൽ ന്യൂനപക്ഷങ്ങളെ തീവ്രഹിന്ദുസംഘങ്ങൽ വ്യാപകമായി വേട്ടയാടുന്നതായി ജൂൺ 21ന് പുറത്തുവിട്ട അമേരിക്കൻ വിദേശകാര്യമന്ത്രാലയ റിപ്പോർട്ടിൽ പറയുന്നു. പ്രസ്തുത റിപ്പോർട്ടിനെ സാധൂകരിക്കുന്നതാണ് ജാർഖണ്ഡിൽ അൻസാരി എന്ന ചെറുപ്പക്കാരൻ ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായസംഭവം. ഭരണഘടനയുടെ മൗലികതത്വങ്ങളിൽ ഒന്നായ സ്വതന്ത്ര നീതിന്യായവ്യവസ്ഥയും ഭീക്ഷണി നേരിടുകയാണ്. പരമോന്നത നീതിപീഠത്തിന്റെ കെട്ടുറപ്പ് സംരക്ഷിച്ചില്ലെങ്കിൽ ജനാധിപത്യം നിലനിൽക്കില്ല എന്ന് സുപ്രീംകോടതിയിലെ നാലു മുതിർന്ന ജഡ്ജിമാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നല്കി. ശക്തമായ നീതിനിർവഹണസംവിധാനമാണ് ജനാധിപത്യത്തിന്റെ കരുത്തെന്നും അത് നിലനിർത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ജനങ്ങളോട് തുറന്ന് പറയുന്നതെന്നും ജഡ്ജിമാർ വ്യക്തമാക്കി. നിയമവ്യവസ്ഥ തകർന്നാൽ ജനാധിപത്യവും അപകടത്തിലാവുമെന്നും ജഡ്ജിമാർ മുന്നറിയിപ്പ് തന്നിരിക്കയാണ്. സംഘ്പരിവാർ ഗുജറാത്തിലും രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടത്തിയ പൊലീസ് അതിക്രമങ്ങൾ ക്രൂരവും ഭയാനകവുമാണ്.

ജാതിമത വർഗ്ഗവർണ്ണലിംഗ വ്യത്യാസമില്ലാതെ ഓരോ പൗരനും ഭരണകൂടം ഉറപ്പുവരുത്തേണ്ട അവകാശമാണ് മനുഷ്യാവകാശങ്ങൾ. രാജ്യത്ത് വർദ്ധിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശ ധ്വംസനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനായി നരസിംഹറാവു സർക്കാർ 1993ൽ നടപ്പിലാക്കിയതാണ് ഇന്ത്യയിലെ മനുഷ്യാവകാശ സംരക്ഷണനിയമം. ഇതനുസരിച്ച് ദേശീയതലത്തിൽ ദേശീയ മനുഷ്യാവകാശ കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനുകളും രൂപീകരിക്കപ്പെട്ടു. പക്ഷേ മനുഷ്യാവകാശങ്ങൾ രാജ്യത്ത് നിരന്തരം ലംഘിക്കപ്പെടുകയാണ്. വിചാരണയൊന്നുമില്ലാതെ ആയിരക്കണക്കിന് പേർ ഇന്ത്യയിൽ ജയിലിൽ കഴിയുന്നുണ്ട്.

Read More >>