ഒരു വ്യഥിതഭാവിയുടെ കഥ: ദീപാ മേത്തയുടെ പുതിയ ചലച്ചിത്രസംരംഭത്തെക്കുറിച്ച്

പ്രയാഗ് അക്ബറിന്റെ 'ലെയ്‌ല' പതിവുവായനയിലെ ഒരു നോവൽ മാത്രമായി ദീപയുടെ മനസ്സിലൂടെ കടന്നുപോയിരുന്നെങ്കിലും അത് സിനിമയാക്കാനുള്ള ചിന്തകളിലേയ്ക്ക് എത്തിപ്പെട്ടിരുന്നില്ല. കാനഡക്കാരൻ തന്നെയായ ശ്യാം സെൽവദുരൈയുടെ Funny Boy ചലച്ചിത്രമാക്കാനുള്ള ചിന്തകളുമായി മുമ്പോട്ടുനീങ്ങുമ്പോഴാണ് 'ലെയ്‌ല' സിനിമയാക്കാൻ കഴിയുമോ എന്നന്വേഷിച്ചുകൊണ്ടുള്ള നെറ്റ്ഫഌക്‌സ് വിളി വരുന്നത്. ആ ദൗത്യം ഏറ്റെടുത്തു. ഒന്നരയോ രണ്ടോ മണിക്കൂർ നീളമുള്ള ഒരു സിനിമ നിർമ്മിക്കുന്നതുപോലെയായിരുന്നില്ല ആറു ഭാഗങ്ങളായുള്ള ഒരു പരമ്പര നിർമ്മിക്കുന്നത്‌

ഒരു വ്യഥിതഭാവിയുടെ കഥ: ദീപാ മേത്തയുടെ പുതിയ ചലച്ചിത്രസംരംഭത്തെക്കുറിച്ച്

സുരേഷ് നെല്ലിക്കോട്

പഴയകാല വിവാദങ്ങളൊക്കെ വിസ്മൃതിയിലൊഴുകിപ്പോയെന്നു തോന്നുമെങ്കിലും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് അനായാസം മുറിവേൽക്കാൻ സാദ്ധ്യതയുണ്ടെന്നുള്ള അറിവോടുകൂടി തന്നെയാണ് ദീപാ മേത്ത അടുത്തിടെ വീണ്ടും ഇന്ത്യയിലേയ്ക്ക് വന്നത്. പുതിയ ചിത്രത്തിന്റെ നിർമ്മാണമായിരുന്നു ലക്ഷ്യം. ദൃശ്യമാദ്ധ്യമ രംഗത്തെ അതികായരായ നെറ്റ്ഫ്ളിക്സി (Netflix) നു വേണ്ടി നിർമ്മിക്കുന്ന പരമ്പരയായ ലെയ്‌ല (Leila)യുടെ മൂന്നു സംവിധായകരിലൊരാളാവുക എന്നതായിരുന്നു ഡൽഹിയിലും പരിസരത്തുമായുള്ള പുതിയ നിയോഗം. ശങ്കർ രാമനും പവൻ കുമാറുമാണ് കൂടെയുള്ള മറ്റു സംവിധായകർ. ഒരു എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ എന്ന നിലയിൽ മറ്റുള്ളവരേക്കാൾ കുറച്ചേറെ ചുമതലയും ദീപയ്ക്കുണ്ടായിരുന്നു.

ഇൻഡ്യൻ എക്സ്പ്രസ്, കാരവാൻ, ഔട്ട് ലുക്ക്, സ്‌ക്രോൾ ഡോട്ട് ഇൻ (Scroll.in) എന്നിവയിലൂടെയൊക്കെ വായനക്കാർക്ക് സുപരിചിതനായ പ്രയാഗ് അക്ബറിന്റെ നോവലായ 'ലെയ്‌ല'യെ അവലംബമാക്കി ആറുഭാഗങ്ങളായി ചിത്രീകരിക്കുന്ന പരമ്പരയായിരുന്നു ദീപയുടെ പുതിയ ദൗത്യം.പ്രകൃതിഘടകങ്ങളായ 'ഭൂമി' (Earth), അഗ്‌നി (Fire), ജലം (Water) എന്ന പേരുകളിലുള്ള ചലച്ചിത്രത്രയത്തിലെ അവസാന സംരംഭമായിരുന്ന 'ജല'ത്തിന്റെ വാരണാസിയിലെ ചിത്രീകരണവേളയിലാണ് ദീപയ്ക്ക് 2000 ഫെബ്രുവരിയിൽ വലിയ തോതിൽ വിവാദങ്ങളെ നേരിടേണ്ടിവന്നത്. ഹിന്ദുത്വത്തെ അവഹേളിക്കുന്ന രീതിയിലുള്ള കഥാതന്തുവാണ് 'ജലം' അവലംബിച്ചിരിക്കുന്നത് എന്നായിരുന്നു തീവ്രഹിന്ദുപക്ഷത്തിന്റെ നിലപാട്. മുൻചിത്രമായ 'അഗ്‌നി'യും അവർ ഇതിന്റെ പേരിൽ ചൂണ്ടിക്കാട്ടിയിരുന്നു. അവർ ചിത്രത്തിന്റെ സെറ്റുകളും ഉപകരണങ്ങളും തല്ലിത്തകർത്തു തീയിട്ടു. അഭിനേതാക്കളായ ശബാന ആസ്മി, നന്ദിതാദാസ്, അക്ഷയ് കുമാർ എന്നിവർക്ക് കടുത്ത ഭീഷണികൾ നേരിടേണ്ടിവന്നു. അതിനെത്തുടർന്ന് ഇന്ത്യയിലെ ചിത്രീകരണം പൂർണ്ണമായും നിർത്തിവയ്ക്കേണ്ടതായി വന്നു. താരനിരയിൽ മാറ്റങ്ങൾ വരുത്തി, സരള കരിയവാസം ഉൾപ്പെടുന്ന ശ്രീലങ്കക്കാരെ ഉൾപ്പെടുത്തി പിന്നീട് ചിത്രം പൂർത്തീകരിച്ചത് ശ്രീലങ്കയിൽ വച്ചായിരുന്നു. അങ്ങനെ അഞ്ചുവർഷം താമസിച്ച് ചിത്രം പുറത്തിറങ്ങി. സീമാ ബിശ്വാസ്, ലിസാ റേ, ജോൺ എബ്രഹാം എന്നിവരായിരുന്നു ആ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്.

അനുസരിക്കുന്ന പ്രജകൾ; തകർക്കപ്പെടുന്ന എതിർശബ്ദങ്ങൾ

2047 ൽ ആര്യാവർത്തം എന്ന സാങ്കല്പിക നഗരത്തിൽ നടക്കുന്ന കഥയാണ് പ്രയാഗ് അക്ബർ എഴുതിയ 'ലെയ്‌ല' പറയുന്നത്. വെള്ളവും വായുവും അമൂല്യമായിത്തീരുന്ന ഒരു വ്യഥിതഭാവികാലത്തിന്റെ കഥയാണിത്. മാലിന്യത്താൽ നിർമ്മിക്കപ്പെട്ട മലകളും കറുത്ത കുടിവെള്ളമൊഴുകുന്ന പൈപ്പുകളുമുള്ള ചേരിപ്രദേശവും ഒരു വശത്ത്. മറുവശത്ത് അംബരചുംബികളായ ഓഫിസുകളും വ്യവസായശൃംഖലകളും അഭിജാത ജീവിതങ്ങളും. ഒരു ഏകാധിപതിയും അയാൾക്ക് ഛത്രചാമരങ്ങളൊരുക്കുന്ന വിവിധ ഉദ്യോഗസ്ഥശ്രേണികളും. ഭരണകൂടത്തിൽത്തന്നെ പ്രബലവിഭാഗങ്ങ (Caucuses) ളുണ്ട്. എതിർചിന്തകൾക്കോ എതിർശബ്ദങ്ങൾക്കോ ജീവിക്കാനാവാത്തവിധം എല്ലാവരും നിരീക്ഷണത്തിലാണവിടെ. ആകാശവാണിയും ദൂരദർശിനിയുമെല്ലാം സർക്കാർ നിയന്ത്രണത്തിൽ. അവയിലൂടെ ഭരണസൂക്തങ്ങളാണ് അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കുന്നത്. അത് ജനങ്ങളെ എപ്പോഴും പ്രലോഭിപ്പിച്ചുകൊണ്ടിരിക്കും. അവിടെ ചേരിനിവാസികളേയും അഭിജാതസമൂഹത്തേയും തിരിച്ചുനിറുത്തിയിട്ടുണ്ട്. വരേണ്യമായതും വെറുക്കപ്പെടേണ്ടതുമായ ജാതിയും മതവുമുണ്ടവിടെ. ''എന്റെ കടമയാണ് എന്റെ വിധി''(My Duty is My Destiny) യെന്നും, ''ദേശസ്നേഹിയാകൂ അതിനായി രക്തസാക്ഷിയാകൂ''(Live for the Country and Die for It), ''എന്റെ വംശാവലിയാണ് എന്റെ വിധി'' (My Lineage is my destiny) എന്നൊക്കെ അധികാരികൾ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കും. പ്രധാനപാതകളിലും കെട്ടിടങ്ങളിലും ഓഫീസുകളിലും ജോഷിജി എന്ന പരമാധികാരിയുടെ ഭീമാകാരമായ ചിത്രങ്ങളുണ്ട്. അധികാരികളുടെ പെട്ടെന്നുള്ള കടന്നുവരവിൽ ഭയപ്പെട്ട്, ചുവരിൽ തൂങ്ങുന്ന ഗാന്ധിജിയുടെ ചിത്രം മറിച്ച് ജോഷിയുടെ ചിത്രമിടുന്ന ഒരു കച്ചവടക്കാരനെ 'ലെയ്‌ല'യുടെ ഖണ്ഡങ്ങളിലൊന്നിൽ കാണാം.

ആര്യാവർത്തത്തിലെ മർദ്ദിതരും ചവിട്ടിത്താഴ്ത്തപ്പെട്ടവരും വിഭജനത്തിനെക്കുറിച്ചുപോലും ചിന്തിക്കുന്നുണ്ട്. വാടകയ്ക്ക് വീടന്വേഷിക്കുന്നവരോട് ജാതിയും മതവും ചോദിക്കുന്നുണ്ട്. പേരിലൂടെ ജാതിയറിയാൻ കഴിയുന്നില്ലെങ്കിൽ ഭർത്താവിന്റെ പേരു ചോദിക്കുന്നുണ്ട്. കഴിക്കുന്ന ഭക്ഷണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. അവിടെ മിശ്രവിവാഹിതരുടെ കുട്ടികളെ ഭരണകൂടം തട്ടിയെടുത്ത് കച്ചവടം ചെയ്യുന്നുണ്ട്. കലകളൊക്കെ അനാവശ്യമാണെന്നും അത് ജീവിതത്തിൽ സൃഷ്ടിപരമായ ഒന്നും പ്രദാനം ചെയ്യുന്നില്ലെന്നും പറഞ്ഞുവയ്ക്കുന്നുണ്ട്.

ആര്യാവർത്തിലെ വരേണ്യരുടെ വീടുകളിലെ വേലക്കാർക്ക് പെരുമാറ്റച്ചട്ടങ്ങളുണ്ട്. അവർക്ക് കയറാൻ അനുവാദമില്ലാത്ത മുറികളും ശൗചാലയങ്ങളുമുണ്ട്. എപ്പോഴൊക്കെ ശൗചാലയം ഉപയോഗിക്കണം എന്നു നിബന്ധനകളുണ്ട്. വീട്ടിലെ കുട്ടിയെ എടുക്കുമ്പോൾ കൈകൾ അണുവിമുക്തമാക്കണം എന്ന് നിയമമുണ്ട്. പാർട്ടികളും ആഘോഷങ്ങളും നടക്കുമ്പോൾ അവർക്ക് നിൽക്കേണ്ട അതിർത്തികൾ തിരിച്ചിട്ടുണ്ട്.
ആര്യാവർത്തത്തിനു 'അനുചിത'മായ താജ്മഹൽ ഉൾപ്പെടുന്ന ചരിത്രസ്മാരകങ്ങൾ തകർത്തുകളയുന്നുണ്ട്. അവിടെ അനുസരിക്കുന്ന പ്രജകൾക്കു മാത്രമേ ജീവിതം മുമ്പോട്ടുകൊണ്ടുപോകാനാകുന്നുള്ളൂ. ആ ജീവിതങ്ങൾ എപ്പോഴും നിരീക്ഷണങ്ങളിലുമാണ്.

ഈ ഭൂമികയിലാണ് ശാലിനി പഥക്, ഭർത്താവ് റിസ്വാൻ ചൗധരി, മകൾ ലെയ്‌ല എന്നിവർ ജീവിക്കുന്നത്. അവരുടെ ജീവിതം മാറ്റിമറിക്കുന്ന അസ്വാസ്ഥ്യങ്ങളിലേയ്ക്കാണ് 'ലെയ്‌ല' പോകുന്നത്. പൊടുന്നനെ അവരുടെ ജീവിതത്തിലേയ്ക്ക് അശനിപാതം പോലെ അതിക്രമിച്ചുകയറുന്ന സംഘശക്തിയുടെ കഥയാണ് 'ലെയ്‌ല'.

വസുധൈവകുടുംബകം എന്ന ആഗോളശൈലിയിലേയ്ക്ക് ലോകം വളർന്നുകൊണ്ടിരിക്കുമ്പോഴും നമ്മെ തടവിലിട്ടു പൂട്ടുന്ന ചില നീക്കങ്ങൾ ലോകത്തിന്റെ പലഭാഗങ്ങളിലും നടക്കുന്നുണ്ട്. മതം മേൽക്കൈ നേടുന്ന രാജ്യങ്ങളിലാണ് ഇത് കൂടുതലായും സംഭവിക്കുന്നത്. ലോകം മുമ്പോട്ടുപോകുന്ന അതേവേഗത്തിൽ തന്നെയാണ് അത് നമ്മെ പിന്നോട്ടുവലിക്കുന്നതും. കുടിയേറ്റക്കാരേയും അഭയാർഥികളേയും വേണ്ടാതാവുന്ന ഒരു പൂരിതകാലത്തേയ്ക്ക് രാജ്യങ്ങൾ എത്തിച്ചേർന്നിരിക്കുകയാണ്.

പ്രയാഗ് അക്ബറിന്റെ 'ലെയ്‌ല' പതിവുവായനയിലെ ഒരു നോവൽ മാത്രമായി ദീപയുടെ മനസ്സിലൂടെ കടന്നുപോയിരുന്നെങ്കിലും അത് സിനിമയാക്കാനുള്ള ചിന്തകളിലേയ്ക്ക് എത്തിപ്പെട്ടിരുന്നില്ല. കാനഡക്കാരൻ തന്നെയായ ശ്യാം സെൽവദുരൈയുടെ Funny Boy ചലച്ചിത്രമാക്കാനുള്ള ചിന്തകളുമായി മുമ്പോട്ടുനീങ്ങുമ്പോഴാണ് 'ലെയ്‌ല' സിനിമയാക്കാൻ കഴിയുമോ എന്നന്വേഷിച്ചുകൊണ്ടുള്ള നെറ്റ്ഫ്ളിക്സ് വിളി വരുന്നത്. ആ ദൗത്യം ഏറ്റെടുത്തു. ഒന്നരയോ രണ്ടോ മണിക്കൂർ നീളമുള്ള ഒരു സിനിമ നിർമ്മിക്കുന്നതുപോലെയായിരുന്നില്ല ആറു ഭാഗങ്ങളായുള്ള ഒരു പരമ്പര നിർമ്മിക്കുന്നത്. ശാലിനിയുടെ വേഷം ചെയ്യാൻ ആദ്യം തന്നെ മനസ്സിലേയ്ക്ക് കയറിവന്ന പേര് ഹുമ ഖുറൈഷിയുടേതായിരുന്നു. അനുരാഗ് കാശ്യപിന്റെ Gangs of Wasseypur പോലെ രണ്ടു മൂന്നു ചിത്രങ്ങളിൽ ഹുമ ചെയ്ത വേഷങ്ങൾ ദീപയുടെ മനസ്സിലുണ്ടായിരുന്നു. അങ്ങനെ അനേകം നോമിനേഷനുകളും പുരസ്‌ക്കാരങ്ങളും നേടിയ ഹുമ എന്ന ബോളിവുഡ് താരം ചമയങ്ങളൊന്നുമില്ലാതെ 'ലെയ്‌ല'യിലെ പ്രധാന നടിയായി തീരുമാനിക്കപ്പെട്ടു.

നടി, നടൻ എന്നുള്ള മുൻകാലഭാരങ്ങളൊക്കെ ഇറക്കിവച്ച് വെറും സാധാരണക്കാരായി വന്നാൽ തങ്ങളുടെ മുമ്പോട്ടുള്ള യാത്ര എളുപ്പമായിരിക്കുമെന്ന് പരിശീലനവേളയിൽ ദീപ എല്ലാവരോടുമായി പറഞ്ഞു. താരങ്ങളെല്ലാം ഇതുപോലെ കഷ്ടപ്പെട്ടു പണിയെടുത്ത മറ്റൊരു പരമ്പരയോ ചലച്ചിത്രമോ വേറെ ഉണ്ടാവില്ല. രാഹുൽ ഖന്ന, സിദ്ധാർത്ഥ്, സീമാ ബിശ്വാസ്, ആരിഫ് സക്കറിയ, സഞ്ജയ് പുരി, ആകാശ് ഖുറാന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ വരുന്നത്. പ്രയാഗിന്റെ പുസ്തകം ഉണ്ടാക്കിയ വിവാദത്തിന്റെ അലയൊലികൾ തുലോം ഹ്രസ്വമായിരുന്നു. കേട്ടുകേൾവിയിലൂടെയാണ് വിവാദങ്ങൾ കത്തിപ്പടരുന്നത്. പുസ്തകങ്ങളെ പൂർണ്ണമായി വായിച്ചുമനസ്സിലാക്കാത്തവരാണ് പലപ്പോഴും വിവാദങ്ങൾക്ക് തിരികൊളുത്തുന്നത്. ജാതിയും മതവും ഭക്ഷണരീതിയും നോക്കി വീടുകൾ വാടകയ്ക്ക് കൊടുക്കുന്ന നഗരജീവിതത്തിൽ, പേരിൽ മാത്രം ഇസ്ലാം ബാക്കിനിൽക്കുന്ന പ്രയാഗിന്റെ അനുഭവങ്ങൾ തന്നെയാവും 'ലെയ്‌ല'യുടെ സൃഷ്ടിരഹസ്യവും. മുസ്ലീം ആയ പിതാവും (വിവാദപുരുഷനായ എം.ജെ.അക്ബർ) ക്രിസ്ത്യാനിയായ മാതാവിനും പിറന്ന പ്രയാഗ് ഒരു മതത്തിലും വിശ്വസിച്ചിരുന്നില്ല.

''ഞാനൊരു അഭിമാനിയായ ഇൻഡോ കനേഡിയനാണ്. പക്ഷേ, ഇന്ത്യക്കാർക്ക് ഞാൻ അത്ര അഭിമതയൊന്നുമല്ല!'' - ദീപാ മേത്ത പത്രസമ്മേളനത്തിൽ പറഞ്ഞുനിറുത്തി.

ഇക്കഴിഞ്ഞ ജൂൺ 14 മുതൽ നെറ്റ്ഫ്ളിക്സിൽ ഈ പരമ്പര ലഭ്യമാണ്.

Read More >>