ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടോ?

ശാസ്ത്രീയമായ ജീവിതവീക്ഷണവും മൂല്യവും ഇല്ലാത്ത സമൂഹത്തിൽ, ദുരാചാരങ്ങൾതിരെ തത്വാധിഷ്ടിത നിലപാടുകളോട് സാമാന്യജനത പെട്ടെന്ന് പൊരുത്തപ്പെടുകയില്ല എന്നത് സ്വാഭാവികം. ഇത്തരമൊരു പാശ്ചാത്തലത്തിൽ, സ്ത്രീകളെ പ്രായഭേദമന്യേ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുക എന്ന പുരോഗമനപരമായ കോടതി വിധിയെ, നിർഭയം ഉയർത്തിപ്പിടിക്കുക തന്നെയാണ് ഇടതുപക്ഷത്തിന്റെ ചുമതല. അതിന്റെ മാനദണ്ഡം തെരഞ്ഞെടുപ്പും വോട്ടുമല്ലെന്നു ഉറക്കെപ്പറയാനുള്ള ആർജവം കമ്മ്യൂണിസ്റ്റ് പാർടികൾക്ക് ഉണ്ടാകണം

ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടോ?

ഹരിദാസ് കൊളത്തൂര്‍

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പോടെ ഇന്ത്യൻ ഇടതുപക്ഷം തികച്ചും അപ്രസക്തമായെന്ന വ്യാപകമായ പ്രചരണം സാമൂഹ്യമാദ്ധ്യമങ്ങളിലും മറ്റും ശക്തമാണ്. ലോക്‌സഭയിലെ ഇടതുപക്ഷ പ്രാതിനിധ്യം കേവലം അഞ്ചിൽ ഒതുങ്ങിയിരിക്കുന്നു. അതിൽ നാലും തമിഴ്നാട്ടിലെ ഡി.എം.കെ.യുടെ സൗജന്യത്തിൽ. ബംഗാളും ത്രിപുരയും ഇടതുപക്ഷത്തെ പൂർണ്ണമായും കയ്യൊഴിഞ്ഞു. അടുത്ത തെരഞ്ഞെടുപ്പോടെ കേരളവും ബംഗാളിന്റെ വഴിയിൽ ആവുമെന്ന് രാഷ്ട്രീയ ജ്യോതിഷികൾ പ്രവചിക്കുന്നു. കോൺഗ്രസ് ആണെങ്കിൽ പ്രതീക്ഷകൾ മുഴുവൻ നിലംപരിശായതിന്റെ ഷോക്കിലാണ്. അദ്ധ്യക്ഷ പദവിയിൽ തുടരാൻ രാഹുൽ ഗാന്ധി വിമുഖനാണ്.

ബി.ജെ.പി പൂർവ്വാധികം ശക്തിയോടെ അധികാരത്തിൽ തിരിച്ചെത്തി. ഇത്തവണ അമിത് ഷാ കൂടി മന്ത്രിസഭയിലുണ്ട്. അതും ആഭ്യന്തരമന്ത്രിയായി. ഒരു പക്ഷെ മോഡിയെക്കാൾ ശക്തനായി. അധികാരം മുഴുവൻ ഇവരിൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭരണത്തിലേറി ഒരു മാസത്തിനകം നിരവധി ദളിത് കൊലപാതകങ്ങൾ, കൂട്ട ബലാൽസംഗങ്ങൾ, ആൾക്കൂട്ടാക്രമണങ്ങൾ, ഗോരക്ഷയുടെ പേരിലുള്ള ആക്രമണങ്ങൾ എന്നിവ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തൊപ്പിയും താടിയുമുള്ള മുസ്ലിം യുവാക്കളെ തടഞ്ഞു നിർത്തി നിർബന്ധമായി ജയ്ശ്രീറാം വിളിപ്പിക്കുകയും വന്ദേമാതരം ആലപിപ്പിക്കുകയും ചെയ്യുന്നു. അതിനു തയ്യാറാകാത്തവരെ മർദ്ദിക്കുന്നു, ചിലപ്പോൾ വധിക്കുന്നു. ഉത്തർപ്രദേശ്, ജാർഖണ്ട്, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ഇത്തരം നിരവധി റിപ്പോർട്ടുകൾ വന്നുകൊണ്ടിരിക്കുന്നു. ഉത്തർപ്രദേശിൽ മാത്രം കഴിഞ്ഞ രണ്ടു മാസത്തിനകം 729 കൊലപാതകങ്ങളും 800 ബാലത്സംഗങ്ങളും നടന്നുവത്രേ. രാജ്യത്താകെ ഭീതി വിതച്ചുകൊണ്ട്, ആർ.എസ്.എസ്സിന്റെ അന്തിമ ലക്ഷ്യമായ ഹിന്ദുരാഷ്ട്രം എന്ന രഹസ്യ അജണ്ട, മോഡിയുടെ രണ്ടാമൂഴത്തിൽ ഏറെ ഫലപ്രദമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷം കൂടുതൽ ദുർബ്ബലമായതിനാൽ ഇത്തരം സംഭവങ്ങളെ ഗൗരരവമായി പാർലമെന്റിലോ, ജനങ്ങൾക്കിടയിലോ അവതരിപ്പിക്കാൻ കഴിയുന്നുമില്ല.

രാജ്യം നേരിടുന്ന യഥാർത്ഥ പ്രശ്നങ്ങളായ തൊഴിലില്ലായ്മ, കാർഷിക പ്രതിസന്ധി, പെട്രോൾ-ഡീസൽ എന്നിവയുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം എന്നിവ പ്രധാന ചർച്ചാ വിഷയമാകുന്നില്ല. പകരം, ദേശീയതയും രാജ്യസുരക്ഷയും ഗോരക്ഷയും മറ്റും ചർച്ചയാക്കുന്നതിൽ സംഘപരിവാർ വിജയിച്ചിരിക്കുന്നു.

കോൺഗ്രസിൽ നിന്നും ഏറെ പ്രതീക്ഷയൊന്നും വേണ്ടെന്നു കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ അവരുടെ നിലപാടുകളിൽ നിന്നു മനസ്സിലാക്കാം. ആം ആദ്മി പാർടിയോടും ഇടതുപക്ഷത്തോടും മറ്റു മതേതര കക്ഷികളോടും അവരെടുത്ത വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ ബി.ജെ.പിക്കെതിരെ ഒരു മതേതര സഖ്യത്തിനുള്ള സാദ്ധ്യതകൾ ഇല്ലാതാക്കി. അതിനും പുറമേ നിരവധി കോൺഗ്രസ് നേതാക്കൾ, പഴയ സംസ്ഥാന മുഖ്യമന്ത്രിമാരടക്കം, അധികാരമോഹവുമായി ബി.ജെ.പിയിലേക്ക് ചേക്കേറി.

എന്നാൽ ഏറ്റവുമധികം നിരാശപ്പെടുത്തിയത് ഇടതുപക്ഷത്തിന്റെ പ്രകടനം തന്നെ. ഉദാഹരണത്തിന് ബംഗാളിൽ 2014 ലോകസഭാ തെരഞ്ഞെടുപ്പിൽ 39.7 % വോട്ട് വിഹിതം നേടിയ ഇടതുപക്ഷം അഞ്ചു വർഷം പിന്നിട്ടപ്പോൾ (2019) കേവലം 7.3 % വോട്ടു വിഹിതത്തിലേക്ക് ഒതുക്കപ്പെട്ടു. വമ്പിച്ച മുന്നേറ്റമാണ് അവിടെ ബി.ജെ.പിക്ക് ഉണ്ടാക്കിയത്. കേരളത്തിലാണെങ്കിൽ ഒരേയോരു സീറ്റിലേക്ക് ഇടതുപക്ഷം ഒതുക്കപ്പെട്ടു. അഖിലേന്ത്യാ തലത്തിലും കേരളത്തിലും ഇടതുപക്ഷത്തിന് സംഭവിച്ച പരാജയത്തിന്റെ ആഴവും ആഘാതവും ഔദ്യോഗിക ഇടതുപക്ഷകക്ഷികൾ (പ്രത്യേകിച്ചും പ്രധാന കക്ഷിയായ സി.പി.എം) ഉൾക്കൊള്ളുകയും, വിലയിരുത്തുകയും ചെയ്തിട്ടുണ്ടോ? സംശയമാണ്. സംഘപരിവാർ നമ്മുടെ മതേതര സ്വഭാവത്തിന് ഏല്പിക്കാൻ പോകുന്ന മുറിവിന്റെ വ്യാപ്തി അർഹിക്കുന്ന ഗൗരവത്തിൽ മനസ്സിലാക്കിയോ എന്നതിലും സംശയമുണ്ട്.

1925ൽ ആണ് ആർ.എസ്.എസ് (രാഷ്ട്രീയ സ്വയം സേവക സംഘം) രൂപീകൃതമാകുന്നത്. 'ഹിന്ദു രാഷ്ട്രം' എന്ന അന്തിമ ലക്ഷ്യവുമായി രൂപീകരിക്കപ്പെട്ട അതിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനസംഘം രൂപീകരിക്കപ്പെട്ടത് 1951ലും. 1980മുതൽ അത് ഭാരതീയ ജനതാ പാർടി (ബി.ജെ.പി) എന്ന പേരിൽ അറിയപ്പെടുന്നു. 2017 ലെ കണക്കു പ്രകാരം ഇന്ത്യയിൽ 60 ലക്ഷം ആർ.എസ്.എസ് സ്വയം സേവകർ ഉണ്ടത്രേ. അവർ 'സ്വയം സേവകൻ' എന്ന പേരിൽ അറിയപ്പെടുന്നു. ഇന്ത്യയിലുടനീളം അറുപത്തിനായിരത്തിലധികം ശാഖകൾ പ്രവർത്തിക്കുന്നു. കേരളത്തിൽ മാത്രം ആറായിരം ശാഖകളും ഏഴര ലക്ഷം സ്വയം സേവകരുമുണ്ടത്രേ. ഇവക്കു പുറമേ വിശ്വ ഹിന്ദു പരിഷത്ത്, അഖില ഭാരതിയ വിദ്യാർത്ഥി പരിഷത്ത്, ഭാരതീയ മസ്ദൂർ സംഘം, ബജ്രംഗ് ദൾ തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന നൂറിൽപ്പരം ബഹുജന സംഘടനകൾ വേറെയും. 1925 മുതലുള്ള (94 വർഷം) വളരെ ചിട്ടയായ പ്രവർത്തനം അവരെ ഒറ്റയ്ക്ക് നമ്മുടെ രാജ്യം ഭരിക്കാൻ കഴിവുള്ള പ്രസ്ഥാനമാക്കി മാറ്റി.

ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും രൂപം കൊള്ളുന്നതും 1925 ഡിസംബറിലാണ്. ദരിദ്രരായ കർഷകരും കർഷകത്തൊഴിലാളികളും ദലിതരും ആദിവാസികളും മറ്റു ദരിദ്ര ജനവിഭാഗങ്ങളുമടങ്ങുന്ന ഇന്ത്യ, കമ്മ്യൂണിസ്റ്റ് ആശയങ്ങൾക്ക് ഏറെ വളക്കൂറുള്ള മണ്ണായിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് എന്താണ് സംഭവിച്ചത്? എന്ത്‌കൊണ്ടാണ് 94 വർഷത്തിനു ശേഷം, തിരിഞ്ഞു നോക്കുമ്പോൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ വളർച്ച പ്രാപിക്കാതെ പോയത്? അതിശക്തമായ ലോകമംഗീകരിക്കുന്ന ഒരു പ്രത്യയശാസ്ത്രത്തിന്റെ പിൻബലമുണ്ടായിട്ടും കമ്മ്യൂണിസ്റ്റ് പാർടികൾ എങ്ങിനെയാണ് ഇന്ത്യുടെ തെക്കേ മൂലയിൽ മാത്രമായി ഒതുക്കപ്പെട്ടത്? ഇടതുപക്ഷ പ്രത്യയശാസ്ത്രം ഇന്ത്യയിൽ കേവലം കോൺഫറൻസ് ഹാളുകളിൽ നടക്കുന്ന ചർച്ചകളിൽ മാത്രമായി ഒതുങ്ങിപ്പോയതെന്തുകൊണ്ട്? ഇടതുപക്ഷ ബുദ്ധിജീവികൾ വളരെ ഗൗരവമായും ശാസ്ത്രീയമായും പഠിക്കേണ്ട വിഷയമാണ് കമ്മ്യൂണിസ്റ്റ് പാർടികളുടെ അപചയമെന്നു തോന്നുന്നു.

ഇന്ത്യയിയിലെ (പ്രത്യേകിച്ചും കേരളത്തിലെ) ബുദ്ധിജീവികൾ എക്കാലത്തും ഇടതുപക്ഷത്തോടോപ്പമായിരുന്നു. പലപ്പോഴും നിശിതമായി വിമർശിക്കുമെങ്കിലും, ആത്യന്തികമായി അവരെന്നും ഇടതുപക്ഷത്തോടൊപ്പം നിന്നിട്ടുണ്ട്. ബുദ്ധിജീവികളുടെയും സാംസ്ക്കാരിക, സാഹിത്യ നായകന്മാരുടെയും തലോടലും താഡനവും ഒരുപോലെ കമ്മ്യൂണിസ്റ്റ് പാർടികൾക്ക് ഏൽക്കേണ്ടി വന്നിട്ടുണ്ട്. എന്നാൽ നിർണ്ണായക ഘട്ടത്തിൽ അവരിൽ ഭൂരിഭാഗവും ഇടതുപക്ഷത്തോടൊപ്പം തന്നെയായിരുന്നു. ഉദാഹരണത്തിനു്, ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മലയാളത്തിന്റെ പ്രിയ കവികളായ സച്ചിദാനന്ദനും ബാലചന്ദ്രൻ ചുള്ളിക്കാടും മറ്റും പരസ്യമായി കേരളത്തിലെ ഇടതുപക്ഷത്തെ പിന്തുണക്കുകയും അവർക്കു വേണ്ടി സംസാരിക്കുകയും ചെയ്തിരുന്നു. അതേസമയം പലകാര്യങ്ങളിലും പലപ്പോഴായി ഔദ്യോഗിക ഇടതുപക്ഷ പാർടികളെ അതിനിശിതമായി വിമർശിച്ചിരുന്നവരുമാണിവർ.

ഒ.വി. വിജയൻ തൊണ്ണൂറുകളിൽ എഴുതിയ ഒരു ലേഖന പരമ്പരയിൽ (സ്‌നേഹവും, സന്ദേശവും) ഇങ്ങിനെ കുറിച്ചിട്ടുണ്ട്. ''നമ്മുടെ കാലഘട്ടത്തെ സശ്രദ്ധം വീക്ഷിക്കുന്ന ആർക്കും തന്നെ മാർക്സിസത്തെ തള്ളിപ്പറയാനാകില്ല. പക്ഷെ മാർക്സിസത്തെ അനാകർഷകമാക്കി തീർക്കുന്ന വികലീകരണങ്ങളിലേക്ക് വിരൽചൂണ്ടാതിരിക്കുന്നത് അത്തരം തള്ളിപ്പറയലിനെക്കാൾ വഞ്ചനാപരയുമായിരിക്കും''. രണ്ടര പതിറ്റാണ്ട് മുൻപ് വിജയൻ കുറിച്ചിട്ട ഈ വരികൾ ഇന്നും പ്രസക്തമാണ്. ഈ ലേഖന പരമ്പരയിലൂടെ (സ്‌നേഹവും, സന്ദേശവും) കടന്നുപോകുമ്പോൾ വിജയൻ കമ്മ്യൂണിസത്തിനു എതിരല്ലായിരുന്നു എന്ന് വ്യക്തമാകും. മാർക്സിസം- ലെനിനിസമെന്നത് കേവലം ചുറ്റികയോ, സ്പാനറോ, ചക്രമോ അല്ലെന്നും, അത് മനസ്സിന്റെ ഒരു ഉപകരണമാണെന്നും ശഠിക്കുക മാത്രമാണ് വിജയൻ ചെയ്ത കുറ്റമെന്ന് തോന്നുന്നു. വിജയൻ സൂചിപ്പിച്ചതുപോലെ 'വികലീകരണങ്ങളിലേക്കുള്ള വിരൽചൂണ്ടലുകൾ' സഹിഷ്ണതയോടെ കാണാനും ഉൾക്കൊള്ളാനും തിരുത്താനും ഇനിയും വൈകിയാൽ, സംഘപരിവാർ ശക്തികൾ ആഗ്രഹിക്കുന്നതുപോലെ ഇടതുപക്ഷപാർടികൾ ഇന്ത്യയിൽ നിന്നും തുടച്ചു മാറ്റപ്പെടും. അതു നമ്മുടെ രാജ്യത്തെ മതേതര-ജനാധിപത്യ വിശ്വാസികളുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കും. വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളെ ആശയപരമായി നേരിടാൻ ആരുമില്ലാത്ത അവസ്ഥയാകും.

കേരളത്തിലെ ഇടതുപക്ഷത്തിന്റെ പ്രധാന പരാജയ കാരണമായി പ്രതിപക്ഷ പാർട്ടികളും മാദ്ധ്യമങ്ങളും ഉന്നയിക്കുന്നത് ശബരിമലയിലെ സ്ത്രീ പ്രവേശന പ്രശ്നമാണ്. ഔദ്യോഗിക ഇടതു പക്ഷ പാർട്ടികളും ഏറെക്കുറെ അത് അംഗീകരിച്ച മട്ടാണ്. സാമൂഹികമാറ്റങ്ങൾ, യാഥാസ്ഥിതിക സമൂഹത്തിന്റെ എതിർപ്പും, അപ്രീതിയുമില്ലാതെ നടപ്പാക്കാനാവില്ലെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നു. സതി സമ്പ്രദായം അതിന്റെ ഇരകളായ സ്ത്രീകൾ തന്നെ അനുകൂലിച്ചിരുന്ന, നമ്പൂതിരി സംബന്ധം ആഭിജാത്യമായി കരുതിയിരുന്ന, ഒരു സമൂഹമാണ് നമ്മുടേത്. ശാസ്ത്രീയമായ ജീവിതവീക്ഷണവും മൂല്യവും ഇല്ലാത്ത സമൂഹത്തിൽ, ദുരാചാരങ്ങൾതിരെ തത്വാധിഷ്ടിത നിലപാടുകളോട് സാമാന്യജനത പെട്ടെന്ന് പൊരുത്തപ്പെടുകയില്ല എന്നത് സ്വാഭാവികം. ഇത്തരമൊരു പാശ്ചാത്തലത്തിൽ, സ്ത്രീകളെ പ്രായഭേദമന്യേ ശബരിമല ക്ഷേത്രത്തിൽ പ്രവേശിക്കുക എന്ന പുരോഗമനപരമായ കോടതി വിധിയെ, നിർഭയം ഉയർത്തിപ്പിടിക്കുക തന്നെയാണ് ഇടതുപക്ഷത്തിന്റെ ചുമതല. അതിന്റെ മാനദണ്ഡം തെരഞ്ഞെടുപ്പും വോട്ടുമല്ലെന്നു ഉറക്കെപ്പറയാനുള്ള ആർജവം കമ്മ്യൂണിസ്റ്റ് പാർടികൾക്ക് ഉണ്ടാകണം.

മുകളിൽ സൂചിപ്പിച്ച ലേഖനപരമ്പരയിൽ (സ്‌നേഹവും, സന്ദേശവും), മറ്റൊരിടത്ത് വിജയൻ കുറിച്ചിട്ട ഏതാനും വാക്കുകൾ കൂടി നോക്കുക: ''ഭീമമായ ചുമടും പേറിയാണ്, അതറിയുന്നില്ലെങ്കിലും, നമ്മുടെ ഗ്രാമത്തിലെ, നമ്മുടെ അയൽപക്കത്തെ, കമ്മ്യൂണിസ്റ്റുകാരൻ നടക്കുന്നത്. അനീതിക്കെതിരായി മനുഷ്യൻ എക്കാലത്തും എരിച്ച പന്തങ്ങളുടെ വെട്ടം ഒരു ചെറുതിരിയായി അവന്റെ ഉള്ളിൽ ഇന്നും കത്തുന്നു. അവന്റെ മുതുകത്താകട്ടെ, ദൗർഭാഗ്യകരങ്ങളായ ചരിത്ര മൗഢ്യങ്ങളുടെ താങ്ങാഭാരവും. ചുമട് തെറിച്ചു പോവുകയും തിരി ഒന്നുകൂടി പ്രകാശിക്കുകയും ചെയ്യുമോ?'' മാർക്‌സിസ്റ്റുകാർക്ക് പരാജയബോധം അരുത്, ഒന്നും നഷ്ടപ്പെട്ടിട്ടില്ല. നൈതികതയുടെ ഉറവിടത്തിലേക്ക് ഒരു മടക്ക യാത്ര ചെയ്യുകയേ വേണ്ടൂ. '

Read More >>