ഒത്തുതീർപ്പാകുന്ന ലോക്കപ്പ് മരണങ്ങൾ

കേരളത്തിലെ പൊലീസ് സേന ഈ സർക്കാരിന് കീഴിൽ മാത്രം ചെയ്തത് സംഘടിതമായ കൊലപാതകങ്ങളാണ്.

ഒത്തുതീർപ്പാകുന്ന ലോക്കപ്പ് മരണങ്ങൾ

പ്രമോദ് പുഴങ്കര

പൊലീസ് കസ്റ്റഡിയിൽ ഒരാളെ മർദ്ദിച്ചു കൊന്നു എന്നത് കേരളത്തിൽ മറക്കപ്പെടാവുന്ന മറ്റൊരു വാർത്ത മാത്രമാകാനാണ് എല്ലാ സാദ്ധ്യതയും. പൊലീസുകാർ ശിക്ഷിക്കപ്പെടുമോ എന്നതിലേറെ നിയമവാഴ്ചയെ വെറും നോക്കുകുത്തിയാക്കുന്ന ഇത്തരം സംവിധാനം ഒരു മാറ്റവുമില്ലാതെ നിലനിൽക്കുകയാണ് എന്നതാണ് നിരാശാജനകമായ വസ്തുത. ഉരുട്ടിക്കൊന്നു എന്നൊക്കെ കേൾക്കുമ്പോൾ ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന് വാസ്തവത്തിൽ പിന്നെ അതിനൊരു പരിഹാരം കാണാതെ സ്വസ്ഥതയുണ്ടാകരുത്. നിർഭാഗ്യവശാൽ ഏതു മുന്നണി ഭരിച്ചാലും മാറ്റമില്ലാത്ത പൊലീസ് മർദ്ദനമെന്ന ആചാരത്തിൽ ഒരു സമൂഹമെന്ന നിലയിൽപ്പോലും നമുക്ക് സമ്മർദ്ദം ചെലുത്താൻ കഴിയാതെ വന്നിരിക്കുന്നു.

കേരളം കണ്ട ഏറ്റവും ഭീകരമായ പൊലീസ് മർദ്ദനം പല കാലങ്ങളിലായി കമ്മ്യൂണിസ്റ്റുകാർക്കെതിരെയായിരുന്നു. പൊലീസ് ലോക്കപ്പുകളിലും കമ്മ്യൂണിസ്റ്റുകാരെ ഒളിപ്പിച്ചു എന്ന പേരിൽ സാധാരണക്കാരുടെ വീടുകളിലും സബ് ജയിലുകളിലുമെല്ലാം പൊലീസ് നടത്തിയ നരനായാട്ടിനെ അതിജീവിച്ചാണ് ഇടിച്ചിട്ടും കുനിയാത്ത നടുവും പറിച്ചിട്ടും പറഞ്ഞുകൊണ്ടിരുന്ന നാക്കുമായി ഒരു ജനാധിപത്യ കേരളം ഉണ്ടാക്കിയെടുത്തത്. അതുകൊണ്ടുതന്നെ അത്തരത്തിലൊരു ജനമുന്നേറ്റത്തിന്റെയും ചെറുത്തുനില്പിന്റെയും പാട്ടുകൾ അലങ്കാരമായി കൊണ്ടുനടക്കുന്ന കക്ഷികൾ നാടു ഭരിക്കുമ്പോൾ ഒരു മനുഷ്യനെ പോലീസ് സ്റ്റേഷനിൽ ഉരുട്ടിക്കൊന്നു എന്നത് അതിഹീനമാണ്.

പൊലീസ് സ്റ്റേഷനുകളിൽ പ്രതികളുടെ മനുഷ്യാവകാശങ്ങളും ജനാധിപത്യാവകാശങ്ങളും ഇടതുമുന്നണി സർക്കാർ ഉള്ളപ്പോൾ ഉണ്ടാകേണ്ട ഒരു സംഗതി മാത്രമല്ല. ഇതൊക്കെ സാമാന്യമായ ബൂർഷ്വാ ജനാധിപത്യത്തിന് പോലും ആവശ്യമായ സംഗതികളാണ്. എന്നാൽ വെറും പ്രതിപക്ഷ-ഭരണപക്ഷ ഇറങ്ങിപ്പോക്കിനു മാത്രമുള്ള ഒരു തട്ടിപ്പാണ് കേരളത്തിൽ കസ്റ്റഡി കൊലപാതകങ്ങൾ. അധികാരത്തിലെത്തുന്നതോടെ ചുറ്റും നിന്ന് തങ്ങൾക്കു വേണ്ടി കുരയ്ക്കുകയും കടിക്കുകയും ചെയ്യുന്ന ചോറ്റുപട്ടികളുടെ മനോവീര്യമാണ് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരിനും വേണ്ടിയിരുന്നത്. പോലീസിനെ ജനാധിപത്യവൽക്കരിക്കാനുള്ള കടുത്ത ശ്രമങ്ങൾ നടത്താൻ തങ്ങൾ അധികാരത്തിലെത്തുന്ന സമയം ഉപയോഗിക്കുന്ന ഒരു ഇടതുപക്ഷം ഉണ്ടെങ്കിൽ ഇപ്പോഴും മനുഷ്യരുടെ തുടയെല്ല് തകരുന്ന നിലവിളികൾ പൊലീസ് സ്റ്റേഷനുകളിൽ നിന്നും കേൾക്കില്ലായിരുന്നു.

പൊലീസ് സംവിധാനത്തെ ജനാധിപത്യവൽക്കരിക്കാൻ കഴിയില്ല എന്ന ധാരണ ബോധപൂർവം പടർത്തുന്ന ഒന്നാണ്. കുട്ടൻ പിള്ള ഹേഡങ്ങത്തുമാരും ഇടിയൻ എസ് ഐമാരുമൊക്കെ ഒരു സാധാരണ സംഭവമായിരുന്ന കാലത്തുനിന്നും പൊലീസ് സ്റ്റേഷനുകളെ അല്പമെങ്കിലും മാറ്റിയെടുത്തത് പൊതുസമൂഹത്തിന്റെ ജനാധിപത്യ രാഷ്ട്രീയബോധത്തിന്റെ പ്രതിഫലനമാണ്. എന്നാൽ ഈ രാഷ്ട്രീയ ബോധത്തെയാണ് ഞങ്ങളുടെ കാലത്തെ പൊലീസും നിങ്ങളുടെ പൊലീസുമെന്ന തട്ടിപ്പുനാടകത്തിലൂടെ കേരളത്തിലെ രാഷ്ട്രീയകക്ഷികൾ ഇല്ലാതാക്കുന്നത്.

വെറുതെ എതിർ രാഷ്ട്രീയക്കാരെ രണ്ടിടി കൊടുക്കാൻ വേണ്ടിയല്ല രാഷ്ട്രീയ നേതൃത്വങ്ങളും പൊലീസും തമ്മിലുള്ള ഈ ക്രിമിനൽ സഖ്യം. നിരവധിയായ അഴിമതികൾക്കും നിയമവിരുദ്ധ വ്യാപാരങ്ങൾക്കും കൂട്ടുനിൽക്കാനും അവ നടത്തിക്കൊടുക്കാനും ഇത്രയേറെ സൗകര്യവും സന്നദ്ധതയുമുള്ള മറ്റൊരു സർക്കാർ സംവിധാനത്തെ ലഭിക്കില്ല. സമാധാനപരമായി സമരം ചെയ്ത മനുഷ്യരെ തീർത്തും മനുഷ്യത്വരഹിതമായി, നിയമവിരുദ്ധവുമായി മർദ്ദിച്ച യതീഷ് ചന്ദ്ര എന്ന ഐ പി എസുകാരൻ കഴിഞ്ഞ ദിവസം പറഞ്ഞത് കേരളത്തിലെ മന്ത്രിമാരെപ്പോലുള്ള മന്ത്രിമാരെ കിട്ടാൻ മലയാളികൾ ഭാഗ്യം ചെയ്യണം എന്നാണ്. പരസ്പരസഹായസഹകരണ സംഘത്തിലെ അംഗങ്ങളുടെ മംഗളപത്രം.

ഒരു വില്ലേജ് ഗുമസ്തനിൽ നിന്നും കൂടുതലായി തനിക്കുള്ള ക്രമസമാധാനപാലന അധികാരങ്ങൾ ജനങ്ങളെ ഉരുട്ടിക്കൊല്ലാനുള്ളതല്ല എന്ന് പൊലീസുകാരെ ബോദ്ധ്യപ്പെടുത്തേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്, ജനങ്ങളാണ്. ഒരു ജനാധിപത്യ സർക്കാരിനെ ധിക്കരിക്കാനുള്ള ഒരു ശേഷിയും കേരളത്തിലെ പൊലീസിനില്ല. അതുകൊണ്ടുതന്നെ തങ്ങൾക്കെന്തോ കൊമ്പും തുമ്പിക്കയ്യുമുണ്ട് എന്നു കാണിക്കാൻ ശ്രമിക്കുന്ന പൊലീസുകാരെ അതിനനുവദിക്കുന്നത് തങ്ങൾക്കു ചുറ്റും തിരുവാതിര കളിക്കാൻ പാകത്തിൽ എപ്പോഴും ഇങ്ങനെ മംഗളപത്രഗീതങ്ങളുമായി യതീഷ് ചന്ദ്രമാർ ഉണ്ടാകും എന്നുറപ്പാക്കുന്ന രാഷ്ട്രീയ നേതൃത്വമാണ്.

പൗരന്റെ മൗലികാവകാശങ്ങൾ ജയിലുകളുടെ കവാടങ്ങളിൽ അവസാനിക്കുന്നില്ല എന്ന് ജസ്റ്റിസ് വി.ആർ കൃഷ്ണയ്യർ പറഞ്ഞിട്ട് ഏതാണ്ട് നാലു ദശാബ്ദമാകുന്നു. പൊലീസ് കസ്റ്റഡിയിലെ മർദ്ദനങ്ങളെക്കുറിച്ചുള്ള കോടതികളുടെ ആശങ്കകളും താക്കീതുകളുമെല്ലാം വെറും വിധികളായി പൊടിപിടിച്ചുകിടക്കുന്നുണ്ട്. പൗരാവകാശത്തെക്കുറിച്ചുള്ള വളരെ ദുർബ്ബലമായ സാമൂഹികബോധം മാത്രമല്ല, നീതി ലഭ്യമാക്കുന്നതിനുള്ള ഒരു പരാതി പരിഹാര സംവിധാനത്തിന്റെ അമ്പരപ്പിക്കുന്ന അപര്യാപ്തതയുമാണ് ഇതിന്റെ കാരണം.

അകത്തും പുറത്തും അറപ്പിക്കുന്ന തരത്തിൽ മേൽക്കീഴ് ബന്ധങ്ങൾ നിലനിർത്തുകയും പരിശീലിക്കുകയും ചെയ്യുന്ന ഒന്നാണ് പൊലീസ് സേന. ഒരു വലിയ വിഭാഗം പൊലീസുകാർക്ക് കുറ്റവാളികളുമായി ബന്ധമുണ്ട് എന്നത് ഒട്ടും രഹസ്യമായ കാര്യവുമല്ല. മണൽ മാഫിയ, പലിശ മാഫിയ, വണ്ടി പിടിത്തം, പൊതുസ്ഥലങ്ങൾ കയ്യേറൽ എന്നിങ്ങനെ കേരളത്തിൽ നടക്കുന്ന നാനാവിധങ്ങളായ ലാഭകരങ്ങളായ നിയവിരുദ്ധ വ്യവസായങ്ങളെല്ലാം പൊലീസിന്റെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും അതിശക്തമായ പിന്തുണയോടെയാണ് തഴച്ചുവളരുന്നത് എന്നതും രഹസ്യമല്ല. കേരളത്തെ അതിന്റെ ജനാധിപത്യസമൂഹമെന്ന മുന്നോട്ടുപോക്കിൽ നിന്നും ഏറ്റവും ശക്തമായി തടയുന്നത് ഈ സാമൂഹ്യവിരുദ്ധ കൂട്ടുകെട്ടാണ്.

കെ. കരുണാകരനെ പോലെ പൊലീസിനെ വേട്ടപ്പട്ടികളാക്കി ഉപയോഗിക്കുന്നതിൽ വൈദഗ്ധ്യം പ്രദർശിപ്പിച്ച ഒരു നരാധമനെ സന്ദർശിച്ച് പൊലീസ് ഭരണത്തിനുള്ള ഉപദേശങ്ങൾ വാങ്ങും എന്ന് ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റപ്പോൾ സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ പറയുന്ന അശ്ലീലവും നമ്മൾ കേട്ടതാണ്. മണ്ടോടി കണ്ണൻ മുതൽ രാജൻ വരെയുള്ള കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ തടവുകാരുടെ ചോര കട്ടപിടിച്ചതാണ് കേരളത്തിലെ പൊലീസ് സ്റ്റേഷനുകൾ എന്ന് അയാൾക്ക് ഓർമ്മയില്ലാത്തതുകൊണ്ടല്ല അത്. അങ്ങനെത്തന്നെവേണം അതിനിയും എന്നുള്ളതുകൊണ്ടായിരുന്നു.

19 പേരെ പിടിച്ചുകൊണ്ടുപോയി കൊന്ന ഏതൊരു സംഘത്തെയും സ്വാഭാവികമായി സംഘടിത കുറ്റവാളികളായി പ്രഖ്യാപിക്കണം. കേരളത്തിലെ പൊലീസ് സേന ഈ സർക്കാരിന് കീഴിൽ മാത്രം ചെയ്തത് സംഘടിതമായ കൊലപാതകങ്ങളാണ്. ഇതു ഭരണവ്യത്യാസമില്ലാത്ത ഒരു തുടർച്ചയുമാണ്. പൊലീസ് സ്റ്റേഷനുകൾ കൊലയറകളാകുമ്പോൾ അവ തകർക്കാനുള്ള സാമൂഹ്യബാദ്ധ്യത ജനങ്ങൾക്കുണ്ട്. കൊലയാളികളായ വേട്ടപ്പട്ടികൾക്ക് സുഖവാസമൊരുക്കൽ ജനാധിപത്യ സമൂഹത്തിന്റെ ബാദ്ധ്യതയല്ല.

Read More >>