ഭരണവിരുദ്ധ വികാരം ബി.ജെ.പിക്ക് വിനയാകുമോ?

ഖനനത്തിന് ഭൂമി പാട്ടത്തിന് നൽകൽ, ഭൂമി ഏറ്റെടുക്കൽ നയം, പുതിയ ഗോത്രവർഗ്ഗ നിയമം, പുതപ്പ് വിതരണത്തിലെ അഴിമതി, ആദിവാസി അവകാശങ്ങൾ തുടങ്ങിയവയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം വിഷയമാക്കുക. ആദിവാസി അവകാശങ്ങൾക്കായി നിരവധി രക്തരൂഷിത സമരങ്ങൾ നടന്ന സംസ്ഥാനം കൂടിയാണ് ഝാർഖണ്ഡ്. എന്നാൽ, ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ, റഫാൽഅഴിമതി, നോട്ട് അസാധുവാക്കൽ തുടങ്ങിയവയിലൂന്നിയായിരിക്കും പ്രതിപക്ഷ പ്രചാരണം.

ഭരണവിരുദ്ധ വികാരം   ബി.ജെ.പിക്ക് വിനയാകുമോ?

സസ്യ,ജന്തു വൈവിദ്ധ്യങ്ങളാലും മറ്റിതര പ്രകൃതിവിഭവങ്ങളാലും സമ്പന്നമായ ഝാർഖണ്ഡ് സംസ്ഥാനത്തെ ആലങ്കാരികമായി 'വനങ്ങളുടെ നാട്' എന്ന് വിളിക്കുന്നു. കിഴക്കേ ഇന്ത്യയിലെ ഈ സംസ്ഥാനത്തിന്റെ രൂപവൽക്കരണം 2000 നവംബർ 15നായിരുന്നു. ബീഹാർ സംസ്ഥാനം വിഭജിച്ചാണ് ഇതിന് രൂപം കൊടുത്തത്. ബിഹാറിന്റെ തെക്കൻഭാഗത്തുനിന്ന് വകഞ്ഞെടുത്തായിരുന്നു പുതിയ സംസ്ഥാനമുണ്ടാക്കിയത്. ബിഹാറും ഉത്തർപ്രദേശും ഛത്തീസ്ഗഢും ഒഡിഷയും പശ്ചിമബംഗാളും ഝാർഖണ്ഡിന് അതിരിടുന്നു. തലസ്ഥാനം റാഞ്ചി. രാജ്യത്തെ ധാതുനിക്ഷേപത്തിന്റെ 40 ശതമാനവും ഇവിടെയാണ്. എന്നിട്ടും ദരിദ്ര സംസ്ഥാനം. 39.1 ശതമാനം പേരും ദാരിദ്ര്യരേഖയ്ക്ക് താഴെ. 19 ശതമാനം കുട്ടികൾക്കും പോഷകാഹാരക്കുറവ്. ഈ ദാരിദ്ര്യവും കാലങ്ങളായി നിലനിൽക്കുന്ന ചൂഷണവ്യവസ്ഥിതിയും രാജ്യത്ത് വലിയ തോതിൽ മാവോവാദി ഭീഷണിയുള്ള സംസ്ഥാനമാക്കി ഝാർഖണ്ഡിനെ മാറ്റി. 1967നുശേഷം മാവോവാദികളുമായുണ്ടായ പൊലീസ്, അർദ്ധസൈനിക, സൽവാ ജുദൂം (പ്രാദേശിക സായുധ സംഘം) ഏറ്റുമുട്ടലുകളിൽ 6000ത്തോളം മനുഷ്യരാണ് കൊല്ലപ്പെട്ടത്. ഇന്നും മാവോവാദി ഭീഷണി ശക്തമാണ്. നിലവിൽ ബി.ജെ.പിയിലെ രഘുബർ ദാസാണ് മുഖ്യമന്ത്രി. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി അഞ്ചുവർഷം തികയ്ക്കാൻപോകുന്ന ഭരണാധികാരിയുമാണ് അദ്ദേഹം. വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ വർഷം ഡിസംബറിൽ തന്നെ നിയമസഭ തെരഞ്ഞെടുപ്പിനും ഝാർഖണ്ഡിൽ കളമൊരുങ്ങും. കഴിഞ്ഞ ലോക് സഭ തെരഞ്ഞെടുപ്പിലും തുടർന്ന് വന്ന നിയമസഭ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ പിന്തുണച്ച പാരമ്പര്യമാണ് ഝാർഖണ്ഡിനുള്ളത്. അതിനാൽ വരുന്ന തെരഞ്ഞടുപ്പും തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലുകളിലാണ് ബി.ജെ.പി.

14ൽ 12 സീറ്റും നേടിയത് ബി.ജെ.പി

കഴിഞ്ഞ് ലോക്‌സഭ തെരഞ്ഞെടുപ്പിലുണ്ടായ മോദിതരംഗത്തിൽ 14ൽ 12 സീറ്റും നേടിയത് ബി.ജെ.പിയാണ്. ഝാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം)ക്കാണ് ബാക്കി രണ്ടു സീറ്റ് കിട്ടിയത്. അതും അവരുടെ ശക്തികേന്ദ്രമായ സന്താൾ പർഗാനയിൽ. ഇത്തവണ ശക്തമായ കേന്ദ്ര ഭരണവിരുദ്ധ തരംഗമാണ് സംസ്ഥാനത്ത് ബി.ജെ.പി സർക്കാർ നേരിടുന്നത്. ഈ സാഹചര്യം മുതലെടുത്ത് ബി.ജെ.പിയെ തറപറ്റിക്കാൻ ജെ.എം.എം, ബാബുലാൽ മറാൻഡിയുടെ ഝാർഖണ്ഡ് വികാസ് മോർച്ച (ജെ.വി.എം-പ്രജാതാന്ത്രിക്), ആർ.ജെ.ഡി എന്നിവരുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം ഈ വർഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നാണ് കണക്കുകൂട്ടൽ. സന്താൾ പർഗാനയിലെ ഗോത്രവർഗ്ഗ വിഭാഗങ്ങൾക്കിടയിൽ ഏറ്റവും സ്വാധീനമുള്ള പ്രാദേശിക കക്ഷിയാണ് ജെ.എം.എം. 2000ൽ സംസ്ഥാനം രൂപവൽക്കരിച്ച ശേഷം ആദ്യമായാണ് സംസ്ഥാനത്ത് സുസ്ഥിര സർക്കാരുണ്ടാകുന്നത്. എങ്കിലും ഇരട്ട ഭരണവിരുദ്ധ വികാരമാണ് ഇത്തവണ ബി.ജെ.പിക്ക് ഇവിടെ നേരിടേണ്ടി വരുന്നത്. 2014വരെ സഖ്യങ്ങളും ഭരണവും മാറിമറിയുന്ന സംസ്ഥാനമായിരുന്നു ഝാർഖണ്ഡ്. 2000ത്തിനും 2014നും ഇടക്ക് ജെ.എം.എം സ്ഥാപകൻ ഷിബു സോറൻ മൂന്നു പ്രാവശ്യം മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ മകൻ ഹേമന്ത് സോറൻ ഒരു തവണയും. 9.42 ശതമാനം വോട്ട് നേടി കഴിഞ്ഞ തവണ രണ്ട് ലോക്‌സഭാ സീറ്റ് വിജയിച്ച ജെ.എം.എം അതേവർഷം നിയമസഭ തെരഞ്ഞെടുപ്പിൽ നില മെച്ചപ്പെടുത്തി.

സന്താൾ പർഗാന, കോൽഹാൻ മേഖലയിലെ ആദിവാസികൾക്കിടയിൽ ശക്തമായ സ്വാധീനമാണ് മുക്തിമോർച്ചക്ക്. 2014 തെരഞ്ഞെടുപ്പിൽ മുക്തിമോർച്ചയുടെ വോട്ട് വിഹിതം 9.42 ശതമാനമായി കുറഞ്ഞെങ്കിലും പിന്നാലെ വന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ 20.43 ശതമാനം വോട്ടോടെ 17 നിയമസഭ മണ്ഡലങ്ങൾ നേടി. ജെ.വി.എം-പി, എ.ജെ.എസ്.യു (ബി.ജെ.പി ഘടകകക്ഷി)എന്നിവരാണ് മറ്റു പ്രധാന പ്രാദേശിക കക്ഷികൾ. ഗോത്രമേഖലയിലാണ് ജെ.വി.എം.പിക്കും സ്വാധീനമുള്ളത്. പാർട്ടി നേതാവായ ബാബുലാൽ മറാൻഡി കോഡർമയിൽ നിന്ന് അഞ്ചു തവണ എം.പിയായിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പിൽ ജെ.എം.എമ്മിനെക്കാൾ കൂടുതൽ വോട്ട് (21.25ശതമാനം) ജെ.വി.എം.പിക്കായിരുന്നെങ്കിലും നിയമസഭ തെരഞ്ഞെടുപ്പിൽ 9.99 ശതമാനംവോട്ട് മാത്രം ലഭിച്ച് എട്ടു സീറ്റിലേക്ക് അവർ ചുരുങ്ങി. സുദേഷ് മഹ്‌തൊ നയിക്കുന്ന എ.ജെ.എസ്.യുവിന് അഞ്ച് എം.എൽ.എമാരുണ്ട്. ഝാർഖണ്ഡ് മുക്തിമോർച്ച, ബാബുലാൽ മറാണ്ടിയുടെ ഝാർഖണ്ഡ് വികാസ് മോർച്ച (പി), ആർ.ജെ.ഡി എന്നിവരെയെല്ലാം കൂടെനിർത്തി ശക്തിവർദ്ധിപ്പിച്ചിരിക്കുകയാണ് കോൺഗ്രസ്.

നിയമസഭയിൽ ബി.ജെ.പി പിന്നോട്ട്

2014ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൂത്തുവാരിയെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് വന്നപ്പോൾ വോട്ട് നിലയിൽ ബി.ജെ.പി താഴെപ്പോയി. 40.71 ശതമാനത്തിൽ നിന്ന് 31.26 ശതമാനമായാണ് വോട്ടുവിഹിതം കുറഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പിൽ പ്രാദേശിക കക്ഷികളുടെ സ്വാധീനമായിരുന്നു ഇതിനുകാരണം. സാന്താൾ, മുണ്ട, ഹൊ, ഒറാവോൺ എന്നിവയാണ് ഝാർഖണ്ഡിലെ പ്രധാന ഗോത്രവിഭാഗങ്ങൾ. മുണ്ട വിഭാഗം ബി.ജെ.പിയെ പിന്തുണക്കുമ്പോൾ ജെ.എം.എമ്മിന് സാന്താളികളിലും കോൺഗ്രസിന് ഹൊ, ഒറാവോൺ വിഭാഗത്തിലുമാണ് സ്വാധീനം. ഗോത്ര ഇതര, അമുസ്‌ലീം വോട്ടുകൾ നേടുന്നത് ബി.ജെ.പിയാണ്. 2000ത്തിനും 2014നും ഇടക്ക് ഒമ്പത് തവണകളായി അഞ്ച് മുഖ്യമന്ത്രിമാർ സംസ്ഥാനത്തിനുണ്ടായി. രഘുബർ ദാസിന്റെ സ്ഥിരതയാർന്ന ഭരണം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് നേട്ടമുണ്ടാക്കുമെങ്കിലും ലോക്‌സഭയിൽ സ്വാധീനമുണ്ടാക്കില്ലെന്നാണ് വിലയിരുത്തൽ.

വീഴ്ചകൾ ചൂണ്ടിക്കാട്ടി പ്രതിപക്ഷം

ഖനനത്തിന് ഭൂമി പാട്ടത്തിന് നൽകൽ, ഭൂമി ഏറ്റെടുക്കൽ നയം, പുതിയ ഗോത്രവർഗ്ഗ നിയമം, പുതപ്പ് വിതരണത്തിലെ അഴിമതി, ആദിവാസി അവകാശങ്ങൾ തുടങ്ങിയവയാണ് നിയമസഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം വിഷയമാക്കുക. ആദിവാസി അവകാശങ്ങൾക്കായി നിരവധി രക്തരൂഷിത സമരങ്ങൾ നടന്ന സംസ്ഥാനം കൂടിയാണ് ഝാർഖണ്ഡ്. എന്നാൽ, ലോക്‌സഭ തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ, റഫാൽഅഴിമതി, നോട്ട് അസാധുവാക്കൽ തുടങ്ങിയവയിലൂന്നിയായിരിക്കും പ്രചാരണം. രഘുബർ ദാസ് സർക്കാറിന്റെ നേട്ടങ്ങളാണ് ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പിൽ സ്വാഭാവികമായും ചൂണ്ടിക്കാട്ടുക. ആഗോള നിക്ഷേപ സംഗമം, പെൺകുട്ടികൾക്കായുള്ള സുകന്യ പദ്ധതി, മാവോവാദി ആക്രമണങ്ങൾ കുറഞ്ഞത്, വനിതകളുടെ പേരിൽ ഒരു രൂപക്ക് വസ്തു രജിസ്‌ട്രേഷൻ തുടങ്ങിയവയായിരിക്കും സർക്കാറിന്റെ തുറുപ്പുശീട്ട്. 2014ലെ ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പ് സൂചനയായിട്ടെടുത്താൽ രണ്ട് തെരഞ്ഞെടുപ്പിലും വോട്ടുകളിൽ വ്യതിയാനമുണ്ടാകും. മറ്റു പിന്നാക്കവിഭാഗത്തിൽപ്പെടുന്ന എന്നാൽ ആദിവാസി വിഭാഗമല്ലാത്ത തെളി സമുദായാംഗമാണ് മുഖ്യമന്ത്രി രഘുബർ ദാസ്. ബി.ജെ.പി അദ്ദേഹത്തെ മുഖ്യമന്ത്രിയായി കണ്ടെത്തിയതുതന്നെ ഗോത്ര-യാദവ ഇതര പിന്നാക്ക വോട്ടുകൾ ലക്ഷ്യംവെച്ചായിരുന്നു. അതേസമയം ദലിത്, ക്രിസ്ത്യൻ വോട്ടുകളുടെ ഏകീകരണമാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. 15ശതമാനത്തോളം മുസ്ലിംകളുള്ള സംസ്ഥാനമാണ് ഝാർഖണ്ഡ് എങ്കിലും ഭൂരിപക്ഷ സമുദായമായ ഹിന്ദു (67.8ശതമാനം) വോട്ടുകളുടെയും മുസ്ലിം വോട്ടുകളുടെയും ധ്രുവീകരണം തെരഞ്ഞെടുപ്പിലെ പ്രധാന ഘടകമാകാറില്ല. സർക്കാർ ആശുപത്രികളിലെ ശിശുമരണം, ആദിവാസി നിയമത്തിലെ ഭേദഗതി തുടങ്ങി വേറെയും പ്രശ്നങ്ങളുണ്ട്. തൊഴിലില്ലായ്മയും റാഫേൽ കരാറും നോട്ടു നിരോധനവുമെല്ലാം കോൺഗ്രസ് ഉപയോഗിക്കും. ദലിത്, ക്രിസ്ത്യൻ വോട്ടുകൾ കോൺഗ്രസ് നേടുമെന്നാണ് കണക്കുകൂട്ടൽ.

Next Story
Read More >>