വിധിനിര്‍ണയിക്കുക പശുരാഷ്ട്രീയമോ, കര്‍ഷക പ്രശ്നങ്ങളോ

ജാതി, മത ഭേദമേന്യേ, ക്ഷീര കർഷകരും കന്നുകാലി വളർത്തലിലൂടെ ഉപജീവനം കണ്ടെത്തുന്ന സാധാരണ ജനങ്ങളുമാണ് സംസ്ഥാനത്തെ നല്ലൊരു വിഭാഗം വോട്ടർമാർ. ഇവർക്കെതിരെ സ്വയം പ്രഖ്യാപിത പശു സംരക്ഷകരായി രംഗത്തുവന്ന സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം കൊണ്ടാണ് സംസ്ഥാനം കഴിഞ്ഞ വർഷങ്ങളിൽ കുപ്രസിദ്ധി നേടിയത്. ഇത് ബി.ജെ.പിക്ക് വലിയ തോതിൽ ദോഷം ചെയ്യുമെന്ന് ഉറപ്പാണ്. ഇത് വോട്ടാമാക്കി മാറ്റാൻ കോൺഗ്രസ്സും പശുരാഷ്ട്രീയം കളിച്ചാണ് ഗോദയിലിറങ്ങിയിരിക്കുന്നത്‌.

വിധിനിര്‍ണയിക്കുക പശുരാഷ്ട്രീയമോ,   കര്‍ഷക പ്രശ്നങ്ങളോ

സിദ്ദീഖ് കെ

വിവിധ രാജവംശങ്ങളുടെ കൊട്ടാരങ്ങളും കോട്ടകളും കൊണ്ട് ചരിത്രത്തെ ഓർമ്മപ്പെടുത്തുന്ന സംസ്ഥാനമാണ് രാജസ്ഥാൻ. അയൽ രാജ്യമായ പാകിസ്താനുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനം. രാജസ്ഥാൻ എന്ന പേരിന്റെ അർത്ഥം തന്നെ രാജാക്കൻമാരുടെ സ്ഥലം എന്നാണ്. ഗ്രേറ്റ് ഇന്ത്യൻ ഡിസേർട്ട് എന്ന് അറിയപ്പെടുന്ന ഥാർ മരുഭൂമിയുടെ 60 ശതമാനവും രാജസ്ഥാനിലാണ്. ബാക്കി 25 ശതമാനം ഗുജറാത്തിലും പഞ്ചാബിലും ഹരിയാനയിലുമാണ്. ബാക്കി വരുന്ന 15 ശതമാനം പാകിസ്താനിലും. സംസ്ഥാനത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗം പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയുമായി പടിഞ്ഞാറ് ഭാഗം സിന്ധുമായും അതിർത്തി പങ്കിടുന്നു. ഭൂപ്രദേശം കൊണ്ട് രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനം. ഒരു ഭാഗത്ത് മരു ഭൂമിയാണെങ്കിൽ മറുവശത്ത് മലനിരകളും തടാകങ്ങളും. ലോകത്തിലെതന്നെ ഏറ്റവും പഴക്കമേറിയ പർവ്വതനിരകളിലൊന്നായ ആരവല്ലിയും അതിലെ പ്രശസ്ത കൊടുമുടിയായ മൗണ്ട് അബുവും സംസ്ഥാനത്തെ പ്രധാന ആകർഷണങ്ങളാണ്.

സ്വതന്ത്ര്യാനന്തര രാജസ്ഥാൻ രാഷ്ട്രീയം

1952ലാണ് ആദ്യമായി രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നത്തെ അജ്മീർ പ്രദേശം അന്ന് വേറെ ലെജിസ്ലേറ്റീവ് അസംബ്ലിയായിരുന്നു. 1952 മാർച്ച് 31നാണ് ആദ്യ രാജസ്ഥാൻ നിയമസഭ ചേർന്നത്. 160 അംഗ സഭയിൽ 120 ഏകാംഗ മണ്ഡലങ്ങളും 20 ഇരട്ട അംഗ മണ്ഡലങ്ങളുമായിരുന്നു ആദ്യ തെരഞ്ഞെടുപ്പിൽ. ആദ്യ തെരഞ്ഞെടുപ്പിൽ 82 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തി. ഭാരതീയ ജനസംഘത്തിന് എട്ടും അഖിൽ ഭാരതീയ് രാമരാജ്യ പരിഷത്തിന് 24 സീറ്റും ലഭിച്ചു. 35 സീറ്റുകളിൽ കക്ഷിരഹിതരാണ് വിജയിച്ചത്. അഖിൽ ഭാരതീയ് ഹിന്ദു മഹാസഭ (രണ്ട്), കൃഷികാർ ലോക് പാർട്ടി (ഏഴ് സീറ്റ്), സോഷ്യലിസ്റ്റ് പാർട്ടി (ഒന്ന്), കിസാൻ മസ്ദൂർ പ്രജ പാർട്ടി (ഒന്ന്) എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇതേകാലയളവിൽ അജ്മീർ നിയമസഭയിലെ 30 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 20 സീറ്റ് നേടി അധികാരത്തിലെത്തി. 1956ലെ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം അജ്മീർ സംസ്ഥാനത്തെ രാജസ്ഥാനുമായി കൂട്ടിച്ചേർത്തു. 1957ൽ 176 അംഗ രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിലും 119 സീറ്റ് നേടി അധികാരത്തിൽ തുടർന്നു. 1977ൽ നടന്ന അഞ്ചാം അസംബ്ലി തെരഞ്ഞെടുപ്പ് വരെ കോൺഗ്രസ് രാജസ്ഥാനിൽ ഭരണം നടത്തി.

1977ൽ നടന്ന ആറാം അസംബ്ലി തെരഞ്ഞടുപ്പിൽ ജനതാ പാർട്ടി 200 അംഗ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 151 സീറ്റ് നേടി അധികാരം പിടിച്ചു. ഭൈറോൺ സിങ് ശെഖാവത്ത് രാജസ്ഥാനിലെ ആദ്യ കോൺഗ്രസ്സിതര മുഖ്യമന്ത്രിയായി. എന്നാൽ, 1980ൽ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ 200ൽ 133 സീറ്റ് നേടി കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തി. ബി.ജെ.പി 32 സീറ്റ് നേടി. 1985ലും കോൺഗ്രസ് വിജയം ആവർത്തിച്ചു. 1990ലും 1993ലും ഭൈറോൺ സിങ് ശെഖാവത്തിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ അധികാരത്തിലെത്തി. 1998ൽ കോൺഗ്രസ് അധികാരത്തിലെത്തി. അതിന് ശേഷം അഞ്ചു വർഷം ഇടവിട്ട് ബി.ജെ.പിയേയും കോൺഗ്രസ്സിനെയും മാറിമാറി പരീക്ഷിക്കുകയാണ് രാജസ്ഥാൻ ജനത.


സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയായാണ് 2003ൽ വസുന്ധര രാജെ സിന്ധ്യ അധികാരമേറ്റത്. 2003 മുതൽ 2008 വരെയും 2013 മുതൽ 2018 വരെയും രണ്ടു തവണ മുഖ്യമന്ത്രിയായി. 2018ൽ നടന്ന 15ാം നിയമസഭാ തെരഞ്ഞെടുപ്പിൽ വസുന്ധര രാജെ സിന്ധ്യയുടെ നേതത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കിയാണ് 200ൽ 100 സീറ്റുകളുമായി അശോക് ഗെഹ് ലോട്ടിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് മന്ത്രിസഭ ഭരണം നടത്തുന്നത്. സ്വന്തമായി കേവല ഭൂരിപക്ഷമില്ലാതെയാണ് കോൺഗ്രസ് ഇപ്പോൾ രാജസ്ഥാൻ ഭരിക്കുന്നത്. ബി.എസ്.പിയുടെ ആറംഗങ്ങളുടെ പിന്തുണയും കക്ഷിരഹിതരുമാണ് കോൺഗ്രസ്സിനെ പിന്തുണക്കുന്നത്. ഇക്കുറി നിയമസഭയിൽ സി.പി.എമ്മിന് രണ്ട് അംഗങ്ങളുണ്ട്.


977ലാണ് രാജസ്ഥാൻ 200 അംഗ സഭയാകുന്നത്. അതിനു ശേഷം, 2008ലാണ് കോൺഗ്രസ് ഏറ്റവും കുറഞ്ഞ സീറ്റ് നേടി അധികാരത്തിലെത്തിയത്. അന്ന് 96 സീറ്റുകൾ നേടിയാണ് ഗെഹ് ലോട്ട് കക്ഷിരഹിതരുടെയും ചെറു കക്ഷികളുടെയും പിന്തുണയോടെ അഞ്ചു വർഷം ഭരണം നടത്തിയത്.

ലോക്‌സഭ തെരഞ്ഞെടുപ്പ്

2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാനത്ത് ചരിത്ര വിജയമാണ് നേടിയത്. ആകെയുള്ള 25 സീറ്റുകളിൽ 25 ഉം നേടി പാർട്ടി ചരിത്രം സൃഷ്ടിച്ചു. 2009ൽ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ 20 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ നാലു സീറ്റുകളിൽ ബി.ജെ.പിയും ഒരു സീറ്റിൽ കക്ഷിരഹിതനും വിജയിച്ചു. 2004ൽ ബി.ജെ.പി 21 ഉം കോൺഗ്രസ് നാലു സീറ്റും നേടി. 1999ലെ ലോക്‌സഭ തെരഞ്ഞടുപ്പിൽ 16 സീറ്റുകളിൽ ബി.ജെ.പിയും ഒമ്പത് കോൺഗ്രസ്സും നേടി. 1998ൽ 19 സീറ്റുകൾ കോൺഗ്രസ് നേടിയപ്പോൾ അഞ്ചു സീറ്റുകളിൽ ബി.ജെ.പിയും ഒരു സീറ്റിൽ കക്ഷി രഹിതനും വിജയിച്ചു.


1991ൽ 13 സീറ്റ് കോൺഗ്രസ്സും 12 സീറ്റ് ബി.ജെ.പിയും നേടി. 1989ലെ ലോക്‌സഭ തെരഞ്ഞടുപ്പിൽ രാജസ്ഥാനിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ ആരും ലോക്‌സഭയിലെത്തിയില്ല. കോൺഗ്രസ്സിന്റെ ഇടം ജനതാദൾ കൈയ്യടക്കി. 11 സീറ്റുകളിൽ നിന്ന് ജനതാദൾ അംഗങ്ങൾ സഭയിലെത്തി. 13 പേരെ ബി.ജെ.പിയും ഒരു അംഗത്തെ സി.പി.എമ്മും വിജയിപ്പിച്ചു. പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ച് നിരന്തരമായി നടത്തിയ സമരങ്ങളുടെ ഫലമാണ് ഈ വിജയം.


ഉപതെരഞ്ഞെടുപ്പ് ഫലം

2014ൽ നേടിയ ചരിത്ര വിജയം നിലനിർത്താൻ ബി.ജെ.പിക്ക് സംസ്ഥാനത്തായില്ല എന്നതാണ് സംസ്ഥാനത്തെ രണ്ടു ലോക്‌സഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടപ്പ് ഫലം വ്യക്തമാക്കിയത്. 2018ന്റെ തുടക്കത്തിൽ തന്നെ രണ്ടു ലോക്‌സഭാ സീറ്റുകളാണ് സംസ്ഥാനത്ത് ബി.ജെ.പിക്ക് നഷ്ടമായത്. അൽവാർ, അജ്മീർ ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് വൻവിജയം നേടി. 2014ൽ സച്ചിൻ പൈലറ്റിനെ പരാജയപ്പെടുത്തിയാണ് അജ്മീറിൽ നിന്ന് സൻവർ ലാൽ ജാട്ട് വിജയിച്ചിരുന്നത്. പശുക്കടത്ത് ആരോപിച്ച് രണ്ടു ആൾകൂട്ട കൊലപാതകങ്ങൾ നടന്ന പ്രദേശമാണ് അൽവാർ. 2017ൽ പെഹ്ലു ഖാൻ എന്ന മദ്ധ്യവയസ്ക്കനേയും 2018ൽ റക്ബർ ഖാൻ എന്നിവരെയാണ് സംഘപരിവാർ ആൾക്കൂട്ടം നടുറോഡിൽ തല്ലികൊന്നിരുന്നത്. ഇവ എല്ലാം ഉപതെരഞ്ഞെടുപ്പിലും അതിനു ശേഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് വൻ തിരിച്ചടിയായി.

പ്രതീക്ഷകൾ

കഴിഞ്ഞ വർഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയവും ഇതുവരെ സംസ്ഥാനത്തെ വോട്ടർമാർ ബി.ജെ.പിയേയും കോൺഗ്രസ്സിനെയും മാറി മാറി പരീക്ഷിക്കുന്ന 'കേരള മോഡൽ' തെരഞ്ഞെടുപ്പ് വിജയവുമാണ് കോൺഗ്രസ്സിന്റെ പ്രതീക്ഷ. 2018ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ട് നിലയിലാണ് ബി.ജെ.പിയുടെ പ്രതീക്ഷ. നിയമസഭാ തെരഞ്ഞടുപ്പിൽ ഇരു പാർട്ടികൾക്കും ലഭിച്ച വോട്ട് ശതമാനം കണക്കാക്കിയാൽ 12 സീറ്റുകളിൽ കോൺഗ്രസ്സും 13 സീറ്റുകളിൽ ബി.ജെ.പിക്കുമാണ് മുൻ തൂക്കം. ജാതി, മത ഭേദമേന്യേ, ക്ഷീര കർഷകരും കന്നുകാലി വളർത്തലിലൂടെ ഉപജീവനം കണ്ടെത്തുന്ന സാധാരണ ജനങ്ങളുമാണ് സംസ്ഥാനത്തെ നല്ലൊരു വിഭാഗം വോട്ടർമാര്‍. ഇവർക്കെതിരെ സ്വയം പ്രഖ്യാപിത പശു സംരക്ഷകരായി രംഗത്തുവന്ന സംഘപരിവാർ പ്രവർത്തകരുടെ ആക്രമണം കൊണ്ടാണ് സംസ്ഥാനം കഴിഞ്ഞ വർഷങ്ങളിൽ കുപ്രസിദ്ധി നേടിയത്. ഇത് ബി.ജെ.പിക്ക് വലിയ തോതിൽ ദോഷം ചെയ്യുമെന്ന് ഉറപ്പാണ്. ഇത് വോട്ടാമാക്കി മാറ്റാൻ കോൺഗ്രസ്സും പശുരാഷ്ട്രീയം കളിച്ചാണ് ഗോദയിലിറങ്ങിയിരിക്കുന്നത്. അതേസമയം, പശുവിനെ അമ്മയായി കാണുന്നവരെ മാത്രമെ കോൺഗ്രസ്സും മാനിക്കുന്നുള്ളുവെന്ന പ്രസ്താവന കോൺഗ്രസ്സിന് എത്രത്തോളം ഗുണം ചെയ്യുമെന്ന് കണ്ടറിയണം. പശുവിനെ ജീവിതോപാധിയായി കാണുന്ന കർഷകരും സാധാരണക്കാരുമായ ജനങ്ങളുടെ വിശ്വാസം ആർജ്ജിക്കാനായാൽ മാത്രമെ ഇരു പാർട്ടികൾക്കും പശു വോട്ടായി മാറുകയുള്ളുവെന്നാണ് രാഷ്ട്രീയ നിരീക്ഷകകരുടെ വിലയിരുത്തൽ.

വിധി നിർണയിക്കുക കർഷകർ

ജാതി, മത സമവാക്യങ്ങളെക്കാൾ ജാതി, മത ഭേദമന്യേ കർഷകരാണ് സംസ്ഥാനത്തെ വിധി നിർണയിക്കുക. രാജസ്ഥാന്റെ സമ്പദ് വ്യവസ്ഥയുടെ മുഖ്യ ഘടകം കാർഷിക മേഖയിൽ നിന്നാണ്. അതിൽ തന്നെ ക്ഷീര കർഷകർ സംസ്ഥാത്തെ ഒരു പ്രധാന ഘടകമാണ്. ഗോതമ്പ്, ബാർലി എന്നിവയാണ് സംസ്ഥാനത്ത് കൃഷി ചെയ്യുന്ന പ്രധാന വിളകൾ. കരിമ്പ്, സസ്യ എണ്ണകൾ, പരുത്തി, പുകയില എന്നിവയും സംസ്ഥാനത്ത് കൃഷി ചെയ്യുന്നുണ്ട്. രാജ്യത്തെ ഏറ്റവും കൂടുതൽ കമ്പിളി നിർമ്മിക്കുന്ന സംസ്ഥാനവും കൂടാതെ, കറുപ്പ് നിർമ്മാണ ഉപഭോക്തൃ സംസ്ഥാനം കൂടിയാണ് രാജസ്ഥാൻ.


സംസ്ഥാന ജനസംഖ്യയുടെ 88 ശതമാനം ഹിന്ദു ജനവിഭാഗങ്ങളാണ്. ഇതിൽ 18 ശതമാനത്തോളം എസ്.സി വിഭാഗങ്ങളാണ്. സംസ്ഥാനത്തെ 33 ജില്ലകളിൽ മൂന്ന് ജില്ലകൾ ഒഴിച്ച് ബാക്കിയുള്ള എല്ലാ ജില്ലകളിലും 10 ശതമാനത്തിന് മുകളിലാണ് ഇവരുടെ ജനസംഖ്യ. ഗംഗാനഗർ ജില്ലയിൽ 33 ശതമാനത്തിന് മുകളിലാണ് എസ്.സി വിഭാഗങ്ങൾ വസിക്കുന്നത്. 13 ശതമാനത്തിന് മുകളിലാണ് സംസ്ഥാനത്തെ എസ്.ടി ജനസംഖ്യ. ബൻസ്വാര ജില്ലയിൽ 72.27 ശതമാനവും ദൻഗർപൂർ ജില്ലയിൽ 65.14 ശതമാനവുമാണ് എസ്.ടി ജനസംഖ്യ. ഉദയ്പൂർ ജില്ലയിൽ 48 ശതമാനത്തോളം എസ്.ടി ജനവിഭാഗങ്ങൾ താമസിക്കുന്നുണ്ട്. സംസ്ഥാന ജനസംഖ്യയുടെ 10 ശതമാനത്തോളം മുസ്‌ലിം ജനവിഭാഗങ്ങളും വസിക്കുന്നു.