വാരിക്കുഴിയിൽ നിന്ന് സെക്രട്ടേറിയറ്റ് നടയിലേക്ക്

തെക്കന്‍ സംസ്ഥാനങ്ങളില്‍നിന്നും കേരളത്തില്‍നിന്നും വരുന്ന ശബരിമല വിശ്വാസികളില്‍നിന്നുള്ള എതിര്‍പ്പും എല്ലാ ഭാഗങ്ങളില്‍നിന്നും ഒറ്റപ്പെടുന്നു എന്ന തിരിച്ചറിവും കൂടുതല്‍ കൂടുതല്‍ തുറന്നുകാട്ടപ്പെടുകയാണെന്ന അവസ്ഥയും ചുവടുമാറ്റത്തിന് ബി.ജെ.പി നേതൃത്വത്തെ നിര്‍ബന്ധിച്ചെന്നുകൂടി കാണണം. ചുരുങ്ങിയത് ശബരിമലപോലുള്ള തന്ത്രപ്രധാനമായ ഒരിടത്ത് സംഘര്‍ഷവും രക്തച്ചൊരിച്ചിലും കൂട്ടമരണങ്ങളും സൃഷ്ടിക്കുന്ന, മതഭ്രാന്തിളക്കിവിടുന്ന ഒരു രാഷ്ട്രീയ ഹിഡന്‍ അജണ്ട ഏതായാലും തല്‍ക്കാലത്തേക്കെങ്കിലും സംഘ് പരിവാര്‍ മാറ്റിവെച്ചു.

വാരിക്കുഴിയിൽ നിന്ന് സെക്രട്ടേറിയറ്റ് നടയിലേക്ക്

ശബരിമലയിലെ സമരം അവസാനിപ്പിച്ച് തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് നടയിലേക്ക് മാറ്റാനുള്ള ബി.ജെ.പി തീരുമാനം സമരം ശക്തിപ്പെടുത്താനല്ല. സംസ്ഥാന ഗവണ്മെന്റിനെയും മറ്റു രാഷ്ട്രീയ പാർട്ടികളെയും വീഴ്ത്താൻ കുഴിച്ച വാരിക്കുഴിയിൽ സ്വയം വീണേടത്തുനിന്ന് രക്ഷപെടാനുള്ള അടവാണ്. ശബരിമലയിൽ അപ്പയ്യഭക്തരോ മറ്റുള്ളവരോ ധർണ്ണയും പ്രകടനവും പോലുള്ള പ്രതിഷേധങ്ങൾ നടത്തുന്നതു നിരോധിച്ചും മണ്ഡലകാലംവരെ മുൻ ജഡ്ജിമാർ ഉൾപ്പെട്ട മൂന്നംഗ നിരീക്ഷണസംഘത്തെ നിയോഗിച്ചും കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനെ തുടർന്നാണ് ബി.ജെ.പി അടിയന്തര കോർകമ്മറ്റി യോഗംചേർന്ന് ശബരിമലയിലെ സമരം പിൻവലിച്ചത്. അവരുടെ രാഷ്ട്രീയ അജണ്ടയനുസരിച്ച് ഡിസംബർ 15 വരെ ശബരിമലയിൽ സമരം തുടരേണ്ടതായിരുന്നു. ‌

വിശ്വാസികളല്ല ആർ.എസ്.എസിന്റെ നേതൃത്വത്തിലുള്ള അക്രമികളാണ് ശബരിമലയിൽ കുഴപ്പങ്ങളുണ്ടാക്കുന്നതെന്നും നിരോധനാജ്ഞയും പൊലീസ് നടപടിയും അതു തടയാനാണെന്നും സംസ്ഥാനസർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. സന്നിധാനത്തും പതിനെട്ടാംപടിയിലും ബി.ജെ.പി സർക്കുലറിന്റെ അടിസ്ഥാനത്തിൽ ആർ.എസ്.എസ് - ബി.ജെ.പി നേതാക്കളും പ്രവർത്തകരും സ്ത്രീകളടക്കമുള്ള തീർത്ഥാടകരെ തടഞ്ഞതിന്റെ കൃത്യമായ സംഭവങ്ങളും കേസ് വിവരങ്ങളും ഹാജരാക്കിയിരുന്നു. പ്രവർത്തകരെയും നേതാക്കളെയും നിയോഗിച്ചുകൊണ്ടുള്ള ബി.ജെ.പി സംസ്ഥാനകമ്മറ്റിയുടെ സർക്കുലറും.

കോടതിവിധി ശബരിമലയിൽ ക്രമസമാധാന പ്രശ്‌നമാക്കി മാറ്റുന്ന സ്ഥിതി തടയുന്നതിൽ പൊലീസ് അഭിമുഖീകരിക്കുന്ന ഗുരുതരമായ ഈ പ്രശ്‌നങ്ങൾ സുപ്രിംകോടതിയുടെ മുമ്പിൽ അവതരിപ്പിക്കാൻ സംസ്ഥാന സർക്കാർ ആലോചിക്കുന്നതിനിടെയാണ് ഹൈക്കോടതി ശബരിമലയുടെ നിരീക്ഷണം നേരിൽ ഏറ്റെടുത്തത്. തീർത്ഥാടനം എത്രയുംവേഗം സാധാരണനിലയിൽ എത്തിക്കുക, പൊലീസിന്റെ ഭാഗത്തുനിന്ന് അതിരുവിട്ട നടപടികൾ ഒഴിവാക്കുക, ന്യായമായ നടപടികൾ തുടരുക എന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതോടൊപ്പം പ്രതിഷേധമോ നിയമവിരുദ്ധ നടപടികളോ അതിനുള്ള പ്രേരണയോ ശബരിമലയിൽ ഉണ്ടാകാൻ പാടില്ലെന്നും.

ശബരിമല ഒരു സമസ്യയാണെന്നും ബി.ജെ.പി ഒരു വരവരച്ചാൽ അതിലൂടെതന്നെ കാര്യങ്ങൾ കൊണ്ടുപോകാൻ സാധിച്ചെന്നു വരില്ലെന്നും പുറത്തായ പ്രസംഗ വീഡിയോയിൽ പി.എസ് ശ്രീധരൻപിള്ള ഓർമ്മിപ്പിച്ചിരുന്നു. അവസാനം നമ്മളും സർക്കാറും ഭരിക്കുന്ന കക്ഷിയും മാത്രമേ ഉണ്ടാകൂ എന്നും അവകാശപ്പെട്ടിരുന്നു. അവിടേക്ക് ഹൈക്കോടതി കടന്നുവരികയും സുപ്രിംകോടതി ഇടപെടാനുള്ള സാധ്യത അടുത്തുവരികയും ചെയ്തതോടെ നിയമത്തിന്റെ മുറുകുന്ന പിടിയിൽനിന്നും കോടതിയലക്ഷ്യത്തിന്റെ സാധ്യതയ്ക്കു മുമ്പിലായി ബി.ജെ.പിയും സംഘ് പരിവാർ നേതാക്കളും. തൽക്കാലം ഭാണ്ഡം മുറുക്കി മലയിറങ്ങാനും തിരുവനന്തപുരത്തുചെന്ന് സെക്രട്ടേറിയറ്റ് നടയിൽ ഉപവസിച്ച് മന:ശുദ്ധി നേടാനും അടിയന്തരമായി ബി.ജെ.പി നേതൃത്വം തീരുമാനിച്ചു. ചിത്രത്തിലില്ലാതെ പോക്കിയെന്ന് കരുതിയ കോൺഗ്രസും യു.ഡി.എഫും നിയമസഭയിൽ ശബരിമലവിഷയത്തിൽ കേന്ദ്രീകരിച്ചതും സെക്രട്ടേറിയറ്റ് പടിക്കൽ സമരമുഖം തുറക്കാൻ പ്രേരിപ്പിച്ചു.

ഈ നെട്ടോട്ടത്തിനിടയിലും സത്യം തള്ളിപ്പറയാൻ മടിയില്ല എന്നതാണ് ബി.ജെ.പി സ്വയം തുറന്നുകാട്ടുന്ന ധാർമ്മികത. സമരവേദിമാറ്റം പ്രഖ്യാപിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള പറയുന്നു: 'ശബരിമലയിലെ സമരത്തിന് ഒരിക്കലും ബി.ജെ.പി നേതൃത്വം നൽകിയിട്ടില്ല. ഭക്തർക്ക് ആത്മവിശ്വാസം നൽകാൻ ചില നേതാക്കൾ പോയിരിക്കാം. ബി.ജെ.പിയുടെ സമരം എന്നും ശബരിമലയ്ക്കു പുറത്തായിരുന്നു.' അതുവഴി പി.എസ് ശ്രീധരൻപിള്ളയെ പി.എസ് ശ്രീധരൻപിള്ളതന്നെ തള്ളിപ്പറയുന്നു: 'ശബരിമലയിൽ കഴിഞ്ഞ 11 മുതൽ 17 വരെയുള്ള (ഒക്‌ടോബർ) സമരം ബി.ജെ.പിയാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്.' നവംബർ ആദ്യവാരത്തിൽ കോഴിക്കോട്ട് യുവമോർച്ചാ നേതൃയോഗത്തിൽ വെളിപ്പെടുത്തിയത് ശ്രീധരൻപിള്ള. നമ്മുടെ സംസ്ഥാന സെക്രട്ടറിമാരുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് കാര്യങ്ങൾ നടപ്പിലാക്കാൻ സാധിച്ചു. ഐ.ജി ശ്രീജിത്ത് രണ്ടു സ്ത്രീകളെ സംഘടിപ്പിച്ച് സന്നിധാനത്തേക്ക് കൊണ്ടുപോയപ്പോൾ നമുക്കു തടയാൻ സാധിച്ചു.

യുവമോർച്ചയുടെ നേതാക്കളാണ് ഭക്തജനങ്ങളെ സംഘടിപ്പിച്ച് പൊലീസിന്റെ നീക്കം പരാജയപ്പെടുത്തിയത്.' യുവമോർച്ചാ നേതാക്കളെ ആവേശം കൊള്ളിച്ചത് ശ്രീധരൻപിള്ള. 'അന്ന് സ്ത്രീകളെയുംകൊണ്ട് അവർ അടുത്തെത്തിയ അവസരത്തിൽ തന്ത്രി മറ്റൊരു ഫോണിൽ എന്നെ വിളിച്ചു. അദ്ദേഹം അല്പം അസ്വസ്ഥനായിരുന്നു. നടയടച്ചാൽ കോടതിയുത്തരവ് ലംഘിച്ചു എന്നുവരില്ലേ എന്നു ചോദിച്ചു. തിരുമേനി ഒറ്റയ്ക്കാവില്ല. കേസെടുക്കുകയാണെങ്കിൽ ഞങ്ങളുടെ പേരിലായിരിക്കും എടുക്കുക. പതിനായിരക്കണക്കിന് ആളുകളുണ്ടാകും കൂട്ടത്തിൽ. എനിക്കു സാറുപറഞ്ഞ ഒറ്റവാക്കുമതി എന്നുപറഞ്ഞ് അദ്ദേഹം ദൃഢമായ തീരുമാനമെടുക്കുകയായിരുന്നു.' എന്ന് ആവേശപൂർവ്വം വെളിപ്പെടുത്തിയതും ശ്രീധരൻപിള്ള. 'ഇന്ന് അജണ്ട ബി.ജെ.പിയുടെ കയ്യിലാണ്....' എന്ന് അഭിമാനപൂർവ്വം അവകാശപ്പെട്ടതും.

ശബരിമലയിൽ ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട എന്താണെന്നതിന്റെ വിശ്വരൂപം പിന്നെയും പുറത്തുവന്നു: യുവതികൾ സന്നിധാനത്തെത്തിയാൽ കൈവെള്ള മുറിച്ച് അശുദ്ധമാക്കി നട അടപ്പിക്കാൻ ആളെ നിർത്തിയത്, സംഘ് പരിവാറിന്റെ അജണ്ട ബി.ജെ.പി നടപ്പാക്കുകയാണെന്ന സംസ്ഥാന സെക്രട്ടറി എ.എൻ രാധാകൃഷ്ണന്റെ പേരിൽ നവംബർ 17ന് സി/258/എസ്.ഒ നമ്പറായി പുറപ്പെടുവിച്ച സർക്കുലർവരെ. സർക്കുലറനുസരിച്ച് സംസ്ഥാനത്തെ 31 സംഘ് ജില്ലകളിലായി പ്രവർത്തിക്കുന്ന പരിവാർ 28 ജില്ലകളിലെയും സംഘ് മണ്ഡലങ്ങളിൽനിന്നുള്ള പ്രവർത്തകരെ ശബരിമലയിൽ അയക്കണമെന്നായിരുന്നു നിർദ്ദേശം. ഒരുദിവസം ഒരു സംഘ് ജില്ലയിൽനിന്ന്. പ്രവർത്തകർ എവിടെനിന്ന് ഏതു തിയ്യതിക്ക് എവിടെപോകണമെന്ന് തീരുമാനിച്ചിരുന്നു. ചുമതലക്കാരന്റെ പേരും മൊബൈൽ നമ്പറുംവരെ രേഖപ്പെടുത്തിയിരുന്നു. അതത് സംഘ് ജില്ലയിലെ സംസ്ഥാന ഭാരവാഹികൾ, മേഖലാ ഭാരവാഹികൾ നേതൃത്വപരമായ പങ്കുവഹിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.

മൊത്തം ഏകോപനത്തിനു രണ്ടോമൂന്നോ പാർട്ടി സംസ്ഥാന നേതാക്കളെയും നിയോഗിച്ചിരുന്നു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി സംഘ് ജില്ലകളുടെ മണ്ഡലങ്ങളിൽനിന്നുളള പ്രവർത്തകരെ സംസ്ഥാന കമ്മറ്റി ഓഫീസിൽനിന്നാണ് നിയോഗിക്കുകയെന്നും അറിയിച്ചിരുന്നു. ഈ സർക്കുലർ ശരിവെക്കുന്നതായിരുന്നു പൊലീസുകാരെ നേരിടാൻ പരിശീലനംകിട്ടിയവരെ ശബരിമലയിൽ ഇറക്കിയിട്ടുണ്ടെന്ന സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രന്റെ വെളിപ്പെടുത്തൽ. നവംബർ 18ന് നടയടച്ചശേഷം സന്നിധാനത്ത് പൊലീസിനെ ഞെട്ടിച്ചുണ്ടായ ഭക്തരുടെ പേരിലുള്ള പ്രതിഷേധം ഈ ആസൂത്രണത്തിന്റെ ഭാഗമായിരുന്നു എന്നു പിന്നീടു തെളിഞ്ഞു. സർക്കുലറിൽ നിശ്ചയിച്ചപ്രകാരം നെടുമങ്ങാട് സംഘ ജില്ലയിലെ അരുവിക്കര, വാമനപുരം, നെടുമങ്ങാട് മണ്ഡലങ്ങളിൽനിന്നുള്ള എൺപതോളം പേരെയാണ് അതേതുടർന്ന് പൊലീസ് അറസ്റ്റുചെയ്തത്.

ആർ.എസ്.എസിന്റെ മൂവാറ്റുപുഴ കാര്യവാഹക് രാജേഷ് ഗൗരി നന്ദനായിരുന്നു പ്രക്ഷോഭത്തിന് നേതൃത്വം നൽകിയതെന്നും വെളിപ്പെട്ടു. തങ്ങൾ സാധാരണ ഭക്തരാണെന്നും ഒരു സംഘടനയുടേയും പ്രവർത്തകരല്ലെന്നും പരസ്പരം അറിയുകപോലുമില്ലെന്നുമാണ് പൊലീസ് നടപടിയെ ചോദ്യംചെയ്ത രാജേഷ് പറഞ്ഞിരുന്നത്. സമരം സെക്രട്ടേറിയറ്റ് പടിക്കലേക്കു മാറ്റിയ തീരുമാനം വ്യാഴാഴ്ച അറിയിച്ച ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള മറ്റൊന്നുകൂടി പറഞ്ഞു: ബി.ജെ.പി ശബരിമല സമരത്തിനു പുറത്തായിരുന്നു എന്ന്. സാങ്കേതികമായി ശരിയാണ്. അശ്വധാമാ ഹത... എന്ന് കുരുക്ഷേത്രയുദ്ധം നടക്കവെ ധർമ്മപുത്രർ ദ്രോണാചാര്യരോട് പറഞ്ഞതുപോലെ. പരിവാറിന്റെ 31 സംഘ് ജില്ലകളിൽനിന്നുള്ള ഗറില്ലാ സംഘങ്ങളാണ് ശബരിമലയിൽ തുടർച്ചയായി എത്തിക്കൊണ്ടിരുന്നത്. ഒന്നോ രണ്ടോ ബി.ജെ.പി നേതാക്കൾ മാത്രമാണ് ഓരോദിവസവും ശബരിമലയിൽ കേന്ദ്രീകരിച്ചത്. അങ്ങനെ തീർത്ഥാടനം ഒരു ഒളിപ്പോരാക്കി നടത്തുകയായിരുന്നു. അതാണ് ബലംപ്രയോഗിച്ചും നിരോധനമേർപ്പെടുത്തിയും സർക്കാറും പൊലീസും ചേർന്ന് തടഞ്ഞത്. സഞ്ചാരസ്വാതന്ത്ര്യ നിഷേധവും ജയിലും തടവും അതുവഴി മനുഷ്യാവകാശ ലംഘനവും സ്വാഭാവികം.

ബി.ജെ.പി പ്രസിഡന്റ് പി.എസ് ശ്രീധരൻപിള്ള തള്ളിപ്പറയുന്നത് അദ്ദേഹംതന്നെ മുമ്പുപറഞ്ഞ കാര്യങ്ങൾ. യുവമോർച്ചാ നേതാക്കളുടെ യോഗത്തിൽ നടത്തിയ ശബരിമല റിപ്പോർട്ടിംഗിന്റെ പ്രസംഗ വീഡിയോയ്ക്കു പുറമെ ബി.ജെ.പി സംസ്ഥാനകമ്മറ്റിയുടെതന്നെ സർക്കുലർ - പൊലീസിന്റെയും വിവിധ കോടതി- ജയിലുകളിലെ രേഖകളും അവ ശരിവെക്കുന്നു. രാജ്യത്തെ ഒരു ആരാധനാലയത്തിലും ഉണ്ടാകാത്ത കാര്യങ്ങൾ ശബരിമലയിൽ സൃഷ്ടിക്കാൻ ബി.ജെ.പി അജണ്ടയ്ക്കായി. പൊലീസിന്റെ അസാധാരണ സുരക്ഷാ സംവിധാനം, നാവികസേനാ ഹെലികോപ്റ്റർ അടക്കം ഉപയോഗിച്ചുള്ള നിരീക്ഷണം, 24 മണിക്കൂറും ദൃശ്യമാധ്യമങ്ങൾ കണ്ണുചിമ്മാതെ പ്രവർത്തിക്കുന്ന സ്ഥിതി, കുട്ടികളും സ്ത്രീകളും വൃദ്ധരും അംഗവൈകല്യമുള്ളവരുമടക്കം ലക്ഷക്കണക്കായ അയ്യപ്പ ഭക്തർ ദിവസവും ഏറ്റുവാങ്ങേണ്ടിവന്ന ദുരിതം, പ്രളയാന്തര അടിയന്തര വിഷയങ്ങളിലേർപ്പെടേണ്ടിയിരുന്ന സർക്കാർ സംവിധാനമാകെ ശബരിമല പ്രശ്‌നത്തിൽ 24 മണിക്കൂറും കേന്ദ്രീകരിക്കുന്ന സ്ഥിതി, ജനങ്ങളെപോലും മുൾമുനയിൽ നിർത്താൻ ബി.ജെ.പി നേതൃത്വംനൽകിയ ശബരിമല കർമ്മസമിതിയുടെ പേരിലുള്ള സംഘ്പരിവാർ സമരത്തിനു കഴിഞ്ഞെന്ന് അവർക്കഭിമാനിക്കാം.

മാത്രമല്ല ശബരിമലയിലെ വരുമാനത്തിൽ കഴിഞ്ഞ വർഷം 45 കോടിരൂപ കൂടിയിരുന്നത് ഇത്തവണ 25 കോടി കുറയ്ക്കാൻ വിശ്വാസികൾക്കുവേണ്ടി സമരത്തിന്റെ മുന്നിലിറങ്ങിയ ബി.ജെ.പിക്കായി. ശബരിമലയിലെ റവന്യൂ വരുമാനം 41 കോടിയിൽനിന്ന് 16 കോടിയായും കുറക്കാനും. അരവണ വില്പനയിലെ വരുമാനംപോലും മുൻവർഷത്തെ 3 കോടിയിൽനിന്ന് 60 ലക്ഷമായി കുറയ്ക്കാനായി. ശബരിമലയിലും തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ കീഴിലുള്ള മറ്റ് ക്ഷേത്രങ്ങളിലും കാണിക്ക ബഹിഷ്‌ക്കരണത്തിന് പരസ്യമായി ആഹ്വാനം ചെയ്തതും സംഘ് പരിവാർ നേതാക്കളാണ്. ആ അജണ്ടയുടെ വ്യാപ്തി ഹിന്ദുപരിഷത്തും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ ക്ഷേത്രവിശ്വാസികളുടെ കൂട്ടായ്മ ദേവസ്വം ബോർഡുകളിൽനിന്നും ക്ഷേത്രങ്ങളെ മോചിപ്പിച്ച് വിശ്വാസികളുടെ കൈകളിൽ എത്തിക്കണമെന്ന് ഹിന്ദുപരിഷത് ആഹ്വാനംചെയ്യുന്നു.

ബി.ജെ.പിയുടെ അജണ്ട സ്ത്രീപ്രവേശം തടയാനല്ലെന്നും കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണെന്നും ശ്രീധരൻപിള്ളതന്നെ വ്യക്തമാക്കിയിരുന്നു. തെക്കൻ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽനിന്നും വരുന്ന ശബരിമല വിശ്വാസികളിൽനിന്നുള്ള എതിർപ്പും എല്ലാ ഭാഗങ്ങളിൽനിന്നും ഒറ്റപ്പെടുന്നു എന്ന തിരിച്ചറിവും കൂടുതൽ കൂടുതൽ തുറന്നുകാട്ടപ്പെടുകയാണെന്ന അവസ്ഥയും ചുവടുമാറ്റത്തിന് ബി.ജെ.പി നേതൃത്വത്തെ നിർബന്ധിച്ചെന്നുകൂടി കാണണം. ചുരുങ്ങിയത് ശബരിമലപോലുള്ള തന്ത്രപ്രധാനമായ ഒരിടത്ത് സംഘർഷവും രക്തച്ചൊരിച്ചിലും കൂട്ടമരണങ്ങളും സൃഷ്ടിക്കുന്ന, മതഭ്രാന്തിളക്കിവിടുന്ന ഒരു രാഷ്ട്രീയ ഹിഡൻ അജണ്ട ഏതായാലും തൽക്കാലത്തേക്കെങ്കിലും സംഘ് പരിവാർ മാറ്റിവെച്ചു. അതിൽ കേരളത്തിന് ആശ്വസിക്കാം. സ്വന്തം വീഴ്ചകൾ തിരുത്തി ശബരിമലവിഷയം വിശ്വാസികളുടെയും ജനങ്ങളുടെയും പിന്തുണ വീണ്ടെടുത്ത് അതിവേഗം പരിഹാരം കാണാൻ സംസ്ഥാന ഗവണ്മെന്റിന് കിട്ടുന്ന ഒരു സുവർണ്ണാവസരമാണ്. ഈ ഇടവേള ആ നിലയ്ക്ക് ഉപയോഗപ്പെടുത്താൻ സർക്കാറിന് കഴിയണം.

Read More >>