പരമോന്നതങ്ങളിലെ വിഴുപ്പലക്കല്‍

ജസ്റ്റിസ് കുര്യൻ ജോസഫ് കഴിഞ്ഞയാഴ്ചയാണ് വിരമിച്ചത്. എന്നാൽ അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾ ഇരുത്തി ചിന്തിപ്പിക്കുന്നതും ഞെട്ടിക്കുന്നതും നീതിന്യായ വ്യവസ്ഥ എവിടെ എത്തി നിൽക്കുന്നു എന്ന ചിന്തകളിലേക്ക് വെളിച്ചം വീശാൻ ഉപകരിക്കുന്നതുമാണ് എന്നതിൽ തർക്കമില്ല.

പരമോന്നതങ്ങളിലെ വിഴുപ്പലക്കല്‍

ഗിരീഷ് കുമാർ

ൺകണ്ട ദൈവം, സർവ്വേശ്വരൻ എന്നൊക്കെ പറയുംപോലെയാണ് കേസുകളുമായി അവസാന അത്താണി തേടിപോകുന്ന വാദികൾക്കും പ്രതികൾക്കും സുപ്രിം കോടതി. പരമോന്നതങ്ങളിൽ പരമാനന്ദം ഇല്ലെന്നതാണ് സത്യം. പകരം വിഴുപ്പലക്കലിന്റെ കഥകൾ ദിനേന പുറത്തുവരുന്നത് നീതിയേയും ധർമ്മത്തേയും മുറുകെ പിടിക്കുന്ന ഒരു രാജ്യത്തിന് ഒട്ടൊന്നുമല്ല ഖേദമുണ്ടാക്കുന്നത്.

സുപ്രിം കോടതി ജഡ്ജിമാരുടെ പേരുവിവരങ്ങൾ അത്രയൊന്നും അറിയപ്പെടാത്ത ഒരു കാലത്തുനിന്ന് മുതിർന്ന 24 ജഡ്ജിമാരുടെയും പേരുകൾ ഇപ്പോൾ സാർവ്വത്രിക പ്രചാരം നേടിയിരിക്കുന്ന കാലത്താണ് നാം എത്തിനിൽക്കുന്നത്. കേവലം വിധികൾ കൊണ്ടല്ല ഈ ന്യായാധിപൻമാർ വെള്ളിവെളിച്ചത്തിലേക്ക് കടന്നെത്തിയതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പരസ്പരം ചെളിവാരിയെറിയുകയും വിവാദങ്ങളിൽ പെടുകയും ചെയ്തതോടെയാണ് ഇവരിൽ പലരെയും ലോകം അറിഞ്ഞു തുടങ്ങിയത്. ന്യായാധിപനായിരിക്കുമ്പോൾ പറയാൻ പാടില്ലാത്തതും നേരിടേണ്ടി വന്ന അനുഭവങ്ങളും കടന്നുപോയ സമ്മർദ്ദങ്ങളും വിരമിക്കുമ്പോൾ നാട്ടാരുമായി പങ്കുവയ്ക്കുന്നത് ഹൃദയത്തിന്റെ ഭാരം കുറയ്ക്കാൻ സഹായിക്കും. ജസ്റ്റിസ് കുര്യൻ ജോസഫ് കഴിഞ്ഞയാഴ്ചയാണ് വിരമിച്ചത്. എന്നാൽ അദ്ദേഹം ഉയർത്തിയ ചോദ്യങ്ങൾ ഇരുത്തി ചിന്തിപ്പിക്കുന്നതും ഞെട്ടിക്കുന്നതും നീതിന്യായ വ്യവസ്ഥ എവിടെ എത്തി നിൽക്കുന്നു എന്ന ചിന്തകളിലേക്ക് വെളിച്ചം വീശാൻ ഉപകരിക്കുന്നതുമാണ് എന്നതിൽ തർക്കമില്ല.

ഭരണഘടനയുടെ 15ാം വകുപ്പ്

ജാതിയുടേയോ മതത്തിന്റെയോ വർഗ്ഗത്തിന്റെയോ ലിംഗഭേദത്തിന്റെയോ ജന്മസ്ഥലത്തിന്റെയോ അടിസ്ഥാനത്തിൽ ഭരണകൂടം പൗരൻമാരോട് വിവേചനം അരുതെന്നും ഭരണഘടനയുടെ പരമോന്നതാധികാരം സുപ്രിം കോടതിക്കാണെന്നും ഭരണഘടനയുടെ 15ാം വകുപ്പിൽ ലളിതവും എന്നാൽ വളരെ വ്യക്തവുമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വെളിപ്പെടുത്തൽ സത്യസന്ധമാണെങ്കിൽ അദ്ദേഹം നേരിട്ടത് ഭരണഘടനാ മൂല്യങ്ങളോടുള്ള വെല്ലുവിളിയായി വിലയിരുത്തപ്പെടേണ്ടിവരും.

ഈ വകുപ്പ് വിളംബരം ചെയ്യുന്നതിൽ നിന്ന് വ്യത്യസ്തമായ സംഭവങ്ങളാണ് നടക്കുന്നതെന്നാണ് ജസ്റ്റിസ് കുര്യൻ ജോസഫ് വ്യക്തമാക്കിയിരിക്കുന്നത്. ഒരേസമയം ഭരണഘടന അനുശാസിക്കുന്ന നിയമം അനുസരിക്കാൻ രാജ്യത്തെ എല്ലാവരും ബാധ്യസ്ഥരാണെന്നും ജാതിയും വർഗ്ഗവും ലിംഗഭേദവും തിരിച്ച് നീതിപീഠത്തിലേക്ക് തെരഞ്ഞെടുപ്പു നടത്തുന്നുവെന്നും ആയിരുന്നു ആരോപണം. ഇത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാൻ ജസ്റ്റിസ് കുര്യൻ ജോസഫിന് വിരമിക്കുന്ന സമയം വരെ കാത്തിരിക്കേണ്ടിവന്നു എന്നതും ഗൗരവമുള്ള സംഗതിയാണ്.

ഇത് സാധൂകരിക്കാൻ സ്വന്തം പദവിയും അതിൽ താനെങ്ങനെ എത്തിയെന്നും അദ്ദേഹം വിവരിച്ചുതന്നു. സുപ്രിം കോടതിയിലെത്തുന്നതിനു മുൻപ് തനിക്ക് ലഭിച്ച നേട്ടങ്ങളെല്ലാം ന്യൂനപക്ഷമെന്ന പരിഗണനയിലാണ്. എന്നാൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർഥിയെന്ന ടാഗ് തൊഴിൽ ഉന്നതിയിലേക്കെത്താൻ തടസ്സമാകുന്നെന്നും മറ്റാരേക്കാളും മികവുണ്ടെങ്കിലും ന്യൂനപക്ഷക്കാരനാണെങ്കിൽ ആ പേരിൽ മാത്രമായിരിക്കും സ്ഥാനം ലഭിക്കുകയെന്നും അദ്ദേഹം തുടർന്നു പറയുന്നു. ഔദ്യോഗിക തലത്തിൽ ഏതു തസ്തികയിലേക്ക് പരിഗണിക്കപ്പെടുമ്പോഴും ന്യൂനപക്ഷക്കാരൻ എന്ന പേരിലായിരിക്കും പരിഗണിക്കപ്പെടുകയെന്നാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വെളിപ്പെടുത്തൽ.

വാദത്തിൽ വൈരുദ്ധ്യം

ജസ്റ്റിസ് കുര്യൻ ജോസഫ് പൊട്ടിച്ച വെടി ജാതിയുടേയും മതത്തിന്റെയും അടിസ്ഥാനത്തിലാണ് ഉന്നത നീതിപീഠത്തിലേക്കുപോലും പരിഗണന ലഭിക്കുന്നതെന്നാണല്ലോ. പക്ഷേ, സ്വന്തം അനുഭവം അങ്ങനെയല്ലെന്ന കാര്യം വളരെ വ്യക്തമാണുതാനും. 2012ൽ ജസ്റ്റിസ് സിറിയക് ജോസഫ് വിരമിച്ചപ്പോൾ ഒഴിവുവന്ന തസ്തികയിലേക്ക് ജസ്റ്റിസ് കുര്യൻ ജോസഫ് പരിഗണിക്കപ്പെട്ടിരുന്നില്ല. മതത്തിന്റെ അടിസ്ഥാനത്തിൽ അന്ന് പരിഗണിക്കപ്പെട്ടിരുന്നെങ്കിൽ ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, മദൻ ബി. ലോക്കൂർ എന്നിവരേക്കാൾ മുതിർന്ന സ്ഥാനവും ചീഫ് ജസ്റ്റിസ് പദവിയും അദ്ദേഹത്തിനു ലഭിക്കുമായിരുന്നു. എന്നാൽ തികച്ചും യോഗ്യത മാനദണ്ഡമാക്കി മാത്രമാണ് അദ്ദേഹത്തെ 2013ൽ സുപ്രിംകോടതി ജഡ്ജിയായി നിയമിച്ചത്. അതായത്, ന്യൂനപക്ഷക്കാരനെന്ന പേരിൽ നിയമനം നേരത്തേ ലഭിച്ചിരുന്നെങ്കിൽ ജസ്റ്റിസ് കുര്യൻ ജോസഫ് ചീഫ് ജസ്റ്റിസ് ആയേനേ.

വാദത്തിൽ കഴമ്പുണ്ടോ

ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വാദത്തിൽ കഴമ്പുണ്ടോ എന്ന് അന്വേഷിക്കേണ്ടത് ആവശ്യമാണ്. ജാതിയുടേയും മതത്തിന്റെയും പേരിലാണ് സ്ഥാനമാനങ്ങൾ നിർണ്ണയിക്കപ്പെടുന്നതെന്ന വാദം ഏറെ കോളിളക്കമുണ്ടാക്കുന്നതാണ്. അതിനാൽ ഒരു തിരിഞ്ഞുനോട്ടം ആവശ്യമാണുതാനും. സുപ്രിം കോടതി അതിന്റെ ഇന്നത്തെ രൂപത്തിൽ നിലവിൽ വരുന്നത് 1950ലാണ്. ഇക്കാലയളവിനുള്ളിൽ നാലു മുസ്ലിം ചീഫ് ജസ്റ്റിസുമാരും ഒരു സിഖ് ചീഫ് ജസ്റ്റിസും പരമോന്നത കോടതിയുടെ ചുക്കാൻ പിടിച്ചത് ഓർക്കേണ്ടതുണ്ട്. ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വാദം ശരിയെങ്കിൽ ഇവരൊക്കെ ആ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ടത് ന്യൂനപക്ഷമെന്ന ടാഗ് ഉള്ളതുകൊണ്ടും യോഗ്യത മാനദണ്ഡമാകാതെയുമാണെന്ന് പറയേണ്ടിവരില്ലേ.

താൻ കരുതുന്നതും തന്റെ കാഴ്ചപ്പാടും ഇതാണെന്നും ഇത് മാറണമെങ്കിൽ ഉദ്യോഗക്കയറ്റം യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും ജാതി-മത-വർഗ്ഗ-ലിംഗ വിവേചനം അരുതെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് പറയുന്നു. സമൂഹത്തിലെ ഭിന്ന ജാതികൾക്കും സംസ്ക്കാരങ്ങൾക്കും മേഖലകൾക്കും പ്രാതിനിധ്യം കൊടുക്കുന്നതു നല്ലതാണെന്നും അതിന് ഒരു അടിസ്ഥാന യോഗ്യത ഉണ്ടാവണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നുമുണ്ട്. അപ്പോൾ അദ്ദേഹം പൊട്ടിച്ച ഈ വെടി അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണോ അതല്ല യാഥാർഥ്യമാണോ എന്നും തിരിച്ചറിയാനാവാത്ത അവസ്ഥയുണ്ട്.

കേസും രാഷ്ട്രീയവും

നിരവധി ആരോപണങ്ങളിൽ പെട്ട ചീഫ് ജസ്റ്റിസായിരുന്നു ദീപക് മിശ്ര. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി സുപ്രിം കോടതിയിലെ മുതിർന്ന ജഡ്ജിമാരുടെ നാലംഗ സംഘം ഇദ്ദേഹത്തിനെതിരേ പത്രസമ്മേളനം വിളിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. വിരമിച്ച ജഡ്ജി ജസ്റ്റിസ് ജെസ്തി ചെലമേശ്വർ, ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് മദൻ ബി ലോക്കൂർ എന്നിവർക്കൊപ്പം പങ്കെടുത്ത നാലാമനായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ്. ജസ്റ്റിസുമാരുടെ പ്രധാന ആരോപണം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചില കേസുകൾ രാഷ്ട്രീയ അടുപ്പമുള്ള ചില പ്രത്യേക ബഞ്ചുകളിലേക്ക് മാറ്റുന്നു എന്നും ചില ബാഹ്യശക്തികൾ അദ്ദേഹത്തെ നിയന്ത്രിക്കുന്നു എന്നും ജഡ്ജിമാരുടെ തെരഞ്ഞെടുപ്പിലും ബാഹ്യസ്വാധീനം ഉണ്ടാകുന്നു എന്നൊക്കെയായിരുന്നു. വളരെ ഗുരുതരമായ ഈ ആരോപണങ്ങൾ രാജ്യം കേട്ടത് ഒരു ഞെട്ടലോടെയായിരുന്നു.

തങ്ങൾക്കുള്ള പരാതികൾ ചീഫ് ജസ്റ്റിസിനെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തിയിട്ടും നടപടികളുണ്ടാകാതിരുന്നതിനെ തുടർന്നാണ് ന്യായാധിപൻമാർ പത്രസമ്മേളനം വിളിച്ച് തങ്ങൾക്ക് ചില കാര്യങ്ങൾ പറയാനുണ്ടെന്ന് പ്രഖ്യാപിച്ചത്. എന്നാൽ, ഇക്കാര്യത്തിൽ പിന്നീടും തുടർനടപടികൾ ഒന്നും ഉണ്ടായില്ലെന്ന് മാത്രമല്ല, ചീഫ് ജസ്റ്റിസ് ദീപക് മിശ്ര തന്റെ മുൻ നിലപാടുകൾ തുടരുകയുമായിരുന്നു. ബാഹ്യശക്തികളുടെ നിയന്ത്രണങ്ങൾക്ക് അനുസരിച്ചാണ് ജസ്റ്റിസ് ദീപക് മിശ്ര പ്രവർത്തിച്ചിരുന്നത് എന്ന ജസ്റ്റിസ് കുര്യൻ ജോസഫിന്റെ ആരോപണം വിരൽ ചൂണ്ടുന്നത് എവിടേക്കെന്ന് വളരെ വ്യക്തം.

ബാഹ്യശക്തിയായി സുപ്രിം കോടതി ചീഫ് ജസ്റ്റിസിനെ സ്വാധീനിക്കാൻ കഴിയുന്നത് കേന്ദ്രസർക്കാരിനോ അതിലെ പ്രമുഖനോ ആണെന്ന് മനസിലാക്കാൻ ഏറെ ബദ്ധപ്പെടേണ്ടതില്ല. അപ്പോൾ ജസ്റ്റിസ് കുര്യൻ ജോസഫിന്റെ വിരലും ചൂണ്ടുന്നത് ഭരണാധികാര വർഗ്ഗത്തിനെതിരേ തന്നെയാണ്. ഇത് രാജ്യം നേരിടുന്ന ഒരു ദുരവസ്ഥയാണ്. നീതിന്യായ കോടതികൾക്ക് അതിന്റെ സ്വതന്ത്ര സ്വഭാവം നഷ്ടപ്പെടുന്നത് രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കും.

Read More >>