ജയിക്കാനായി ജനിച്ചവന്‍

നവോത്ഥാന നായകരുടെ വലിയൊരു നിരതന്നെയുണ്ട് കേരളത്തില്‍-എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യന്‍ കാളി, പൊയ്കയില്‍...

ജയിക്കാനായി ജനിച്ചവന്‍

നവോത്ഥാന നായകരുടെ വലിയൊരു നിരതന്നെയുണ്ട് കേരളത്തില്‍-എണ്ണിപ്പറയാന്‍ തുടങ്ങിയാല്‍ ശ്രീനാരായണ ഗുരു, ചട്ടമ്പിസ്വാമികള്‍, അയ്യന്‍ കാളി, പൊയ്കയില്‍ അപ്പച്ചന്‍, വക്കം മൗലവി എന്നുതുടങ്ങി അതങ്ങ് നീണ്ടു നീണ്ടുപോയി മന്നത്തു പത്മനാഭന്‍വരെയൊക്കെ എത്തും. എന്നാല്‍ ഇപ്പോഴത്തെ കേരളീയ പശ്ചാത്തലത്തില്‍ അവരുടെയെല്ലാം ചിത്രങ്ങള്‍ മാഞ്ഞുപോയിരിക്കുന്നു. തല്‍സ്ഥാനത്ത് തെളിഞ്ഞു വന്നിട്ടുള്ള ചിത്രം പിണറായി വിജയന്റേതാണ്. ഏതു സ്‌കൂള്‍ കുട്ടിയോടും ഇന്ന് ഒരു കള്ളിയില്‍ നവോത്ഥാനം എന്നെഴുതി ചേരുംപടി ചേര്‍ക്കാന്‍ പറഞ്ഞാല്‍ മറ്റേകള്ളിയില്‍ നിന്ന് കണ്ണിമ ചിമ്മിത്തുറക്കുന്നതിന്ന് മുമ്പ് കുട്ടി പിണറായി വിജയന്‍ എന്ന പേര് തിരഞ്ഞെടുക്കും. സത്യാനന്തര കേരളത്തിന് ഒന്നേയുള്ളു നവോത്ഥാനനായകന്‍.

കേരളീയ നവോത്ഥാന ചരിത്രത്തില്‍ പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റുകാരന്‍ തന്റേതായ ഇടംപിടിച്ചത് കഠിനമായി അദ്ധ്വാനിച്ചു തന്നെയാണ്. ശബരിമലയില്‍ യുവതികള്‍ക്കും കയറാമെന്ന സുപ്രിം കോടതി വിധി വിജയന് വീണുകിട്ടിയ ചുള്ളിക്കമ്പാണെന്നൊക്കെ രമേശ് ചെന്നിത്തലയടക്കമുള്ള അദ്ദേഹത്തിന്റെ ആജന്മശത്രുക്കള്‍ പറയുമെങ്കിലും അതൊന്നും സഖാവിനെ ഏശുകയില്ല. സ്ത്രീമുന്നേറ്റത്തില്‍ സഖാവിന്നുള്ളേടത്തോളം താല്പര്യം മറ്റൊരു നേതാവിനുമില്ലെന്നതാണ് സത്യം. നെയ്യാറ്റിന്‍കരയിലെ സനലിന്റെ ഭാര്യ വിജി, ജിഷ്ണുവിന്റെ അമ്മ മഹിജ, പയ്യന്നൂരിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍ ചിത്രലേഖ എന്നും മറ്റും തുടങ്ങി പി.കെ ശശിയ്ക്കെതിരെ പരാതി കൊടുത്ത വനിതാ സഖാവ് വരെയുള്ള പല പെണ്ണുങ്ങളെയും ചൂണ്ടിക്കാട്ടി എതിരാളികള്‍ പിണറായി നാടു വാണീടും കാലത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നൊക്കെ പറയാറുണ്ട്. പക്ഷേ സ്ത്രീസുരക്ഷക്ക് വേണ്ടി, ഇന്ത്യയിലാദ്യമായി പിങ്ക് പെട്രോള്‍ എന്നൊരു പൊലീസ് സേന തന്നെയുണ്ടാക്കിയ മുഖ്യമന്ത്രിയാണ് പിണറായി. രഹനാ ഫാത്തിമ തൊട്ട് ഏറ്റവുമൊടുവില്‍ ബിന്ദുവിന്നും കനകദുര്‍ഗക്കും വരെ പിണറായിയുടെ മേല്‍നോട്ടത്തില്‍ ഒരുക്കിയ സുരക്ഷയൊന്നുമാത്രം മതി വിജയനാരാ മോന്‍ എന്ന് അതിശയം കൂറാന്‍. നാട്ടുഭാഷയില്‍ പറഞ്ഞാല്‍ 'ഓന്‍ തന്നെയാ ആങ്കുട്ടി'.

ഈ 'ആങ്കുട്ടി പരിവേഷ'വുമായി പിണറായി വിജയന്‍ പൊതുജിവിതത്തില്‍ വിലസാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. 1945 മെയ് 24 നു അന്നത്തെ മദ്രാസ് പ്രസിഡന്‍സിയിലെ മലബാര്‍ ജില്ലയില്‍ ജനിച്ച സഖാവിന്ന് ഇന്ന് വയസ്സ് എഴുപത്തിമൂന്ന്. വിജയന്റെ അച്ഛന്‍ ചെത്തു തൊഴിലാളിയായ മുണ്ടയില്‍ കോരന്‍. അമ്മ കല്യാണി, സഹോദരന്മാരും ചെത്തുകാര്‍. വിജയന്‍ തന്നെയും പത്താംതരം കഴിഞ്ഞ് ഒരു കൊല്ലം നെയ്ത്തു തൊഴിലാളിയായിരുന്നു. അതുകഴിഞ്ഞാണ് തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ ചേര്‍ന്നു പഠിച്ച് ബി.എ ബിരുദമെടുത്തത്. തന്റെ ഈ പൂര്‍വ്വകാല പാരമ്പര്യത്തിലൊന്നും സഖാവിന്ന് തെല്ലുമില്ല അപകര്‍ഷത; ചെത്തുതൊഴിലാളിയുടെ മകന്‍ ഇപ്പോള്‍ കേരളീയ ജീവിതത്തില്‍ നിന്ന് പ്രാകൃതത്വത്തിന്റെ അടയാളങ്ങളോരോന്നായി ചെത്തിയെറിഞ്ഞു കളയുകയാണെന്നതില്‍ ചോരയില്‍ കമ്മ്യൂണിസം തിളങ്ങുന്ന സഖാവിന്ന് അഭിമാനമേയുണ്ടാവൂ.

വിജയന്‍ എന്ന പേരു സൂചിപ്പിക്കുന്നതുപോലെ തന്നെ ജയിക്കാനായി ജനിച്ചവനാണ് സഖാവ്. ബ്രണ്ണന്‍ കോളജിലെ കെ.എസ്.എഫ് കാലത്ത് തുടങ്ങിയതാണ് ഈ വിജയഗാഥകള്‍. ബദല്‍രേഖയെത്തുടര്‍ന്ന് എം.വി രാഘവന്‍ പാര്‍ട്ടി വിട്ടപ്പോള്‍ സഖാവ് സി.പി.എമ്മിന്റെ കണ്ണൂര്‍ ജില്ലാ സിക്രട്ടറിയായി. ചടയന്‍ ഗോവിന്ദന്‍ മരിച്ചപ്പോള്‍ സംസ്ഥാന സിക്രട്ടറിയായി. 1998 മുതല്‍ 2015 വരെ, പതിനേഴ് കൊല്ലം അതായത് ഏറ്റവും കൂടുതല്‍ കാലം സംസ്ഥാന സിക്രട്ടറിയായ പാര്‍ട്ടി നേതാവാണ് പിണറായി. പാര്‍ട്ടിയില്‍ വി.എസിന്നെതിരായി നടന്ന ഉള്‍പ്പാര്‍ട്ടി പോരട്ടത്തിലും വിജയന്‍ വിജയിച്ചുകയറി. അതിനിടയില്‍ പോളിറ്റ് ബ്യൂറോയില്‍ നിന്ന് സസ്പെന്റ് ചെയ്യപ്പെട്ടതൊക്കെ ചുമ്മാകളി! പാര്‍ലമെന്ററി രംഗത്തും സഖാവിന് വിജയത്തിന്റെ കഥകളേയുള്ളു. മൂന്നുതവണ തുടര്‍ച്ചയായി കൂത്തുപറമ്പില്‍ നിന്നും പിന്നീട് പയ്യന്നൂരില്‍ നിന്നും ധര്‍മ്മടത്തുനിന്നും അദ്ദേഹം അസംബ്ലിയിലേക്കു വിജയിച്ചു. 1996ല്‍ പയ്യന്നൂരില്‍ നിന്നു ജയിച്ചപ്പോള്‍ ഇ.കെ നായനാരുടെ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി. 2016 ല്‍ ധര്‍മ്മടത്തു നിന്നു ജയിച്ച് മുഖ്യമന്ത്രിയായി. ചുരുക്കത്തില്‍ ജയിക്കാനായി ജയിച്ചവന്‍ പിണറായി വിജയന്‍.

ഇപ്പോഴും വിജയിച്ചു നില്‍ക്കുകയാണ് പിണറായി വിജയന്‍. സഖാവ് വിജയന്റെ ചങ്കുറപ്പ് കണ്ട് ഇരട്ടച്ചങ്കനെന്നൊക്കെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നവരുണ്ട്. അതേസമയം, മുഖ്യമന്ത്രിയുടേത് വാശിയാണെന്നും ശബരിമലക്കാര്യത്തില്‍ കാട്ടുന്നവാശി നാടിനെ നാശത്തിലേക്കെത്തിക്കുമെന്നും വിചാരിക്കുന്നവരും ഏറെ. പക്ഷേ സഖാവിനില്ല ഒട്ടും കൂസല്‍. സംസ്ഥാനത്ത് ഒന്നടങ്കം വിനാശം വിതച്ച പ്രളയകാലത്ത് വിരാട്പുരുഷനെപ്പോലെ ഉയര്‍ന്നു നിന്ന പിണറായി വിജയന്‍ അസാമാന്യമായ ചങ്കൂറ്റമാണ് കാട്ടുന്നത്. കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തില്‍, കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തുടക്കമിട്ട് പേരെടുത്ത പിണറായി എന്ന ദേശത്തിന് നാടിന്റെ നവോത്ഥാന ചരിത്രത്തിലും സ്ഥാനമുറപ്പിച്ചു കഴിഞ്ഞു പിണറായി വിജയന്‍. ഈ ദൗത്യത്തിന്നിടയില്‍ തെരുവില്‍ വീണ ചോര, തകര്‍ന്നുപോയ കടകള്‍, ചില്ലുപൊട്ടിയ വാഹനങ്ങള്‍, പൊലിഞ്ഞുപോയ ജീവിതങ്ങള്‍, പൊട്ടിമുളച്ച പരസ്പരവിദ്വേഷങ്ങള്‍-ഓ, അതൊക്കെ ആരോര്‍ക്കുന്നു?

Read More >>