ശാസ്ത്ര കോൺഗ്രസ്സിലെ 'കണ്ടുപിടിത്തങ്ങൾ'

ബ്രിട്ടീഷ് ഭരണകാലത്ത് 1914ൽ കൽക്കട്ട ആസ്ഥാനമായാണ് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് രൂപം കൊണ്ടത്. നേതൃത്വം നൽകിയത് രണ്ടു ബ്രിട്ടീഷ് ശാസ്ത്രജ്ഞർ- ജെ.എൽ...

ശാസ്ത്ര കോൺഗ്രസ്സിലെ കണ്ടുപിടിത്തങ്ങൾ

ബ്രിട്ടീഷ് ഭരണകാലത്ത് 1914ൽ കൽക്കട്ട ആസ്ഥാനമായാണ് ഇന്ത്യൻ ശാസ്ത്ര കോൺഗ്രസ് രൂപം കൊണ്ടത്. നേതൃത്വം നൽകിയത് രണ്ടു ബ്രിട്ടീഷ് ശാസ്ത്രജ്ഞർ- ജെ.എൽ സീമൻസണും പി.എസ് മക്മഹോനും. രണ്ടു പേരും രസതന്ത്രജ്ഞർ. ഇന്ത്യയിൽ ശാസ്ത്രബോധം വളർത്തുകയായിരുന്നു ലക്ഷ്യം. അതേവർഷം ജനുവരി 15 മുതൽ 17 വരെ വിഖ്യാതമായ ഏഷ്യാറ്റിക് സൊസൈറ്റിയിൽ ശാസ്ത്ര കോൺഗ്രസ് ആദ്യമായി സമ്മേളിച്ചു. കൽക്കട്ട യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ സർ അശുതോഷ് മുഖർജിയായിരുന്നു അദ്ധ്യക്ഷൻ. വിദേശത്തു നിന്നടക്കം 150 ശാസ്ത്രജ്ഞർ പങ്കെടുത്തു. തുടർന്ന് എല്ലാ വർഷവും കോൺഗ്രസ് സംഘടിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യത്തിന് മുമ്പ് സി.വി രാമൻ, ജെ.സി ബോസ്, പ്രഫുല്ല ചന്ദ്രറോയ്, ബിർബൽ സാഹ്നി, ലൂയിസ് എൽ.ഫെർമർ, ജെ.ച്ച് ഹൂട്ടൺ, ജെയിംസ് ജീൻസ് തുടങ്ങി ശാസ്ത്രമേഖലയിലെ പ്രമുഖർ ഈ സമ്മേളനങ്ങൾക്ക് ചുക്കാൻ പിടിച്ചു.

രാഷ്ട്രീയലക്ഷ്യങ്ങളോട് അകലം പാലിച്ചു എന്നതാണ് ശാസ്ത്ര കോൺഗ്രസ്സിന്റെ സവിശേഷത. നൂറ്റാണ്ടിലേറെയുള്ള ചരിത്രത്തിൽ രണ്ടു ഇന്ത്യൻ പ്രധാനമന്ത്രിമാർ മാത്രമാണ് കോൺഗ്രസ്സിന്റെ അദ്ധ്യക്ഷരായിട്ടുള്ളത്. 1947ൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും 100 ാം വർഷം ഡോ.മൻമോഹൻസിങ്ങും. രണ്ടു പേരും അക്കാദമിക യോഗ്യതകൾ കൊണ്ട് അനുയോജ്യർ. രാജ്യത്തെ ശാസ്ത്ര സാങ്കേതിക മേഖലയുടെ വളർച്ചയ്ക്ക് നാന്ദി കുറിച്ച രാഷ്ട്രീയ നേതാവായിട്ടു കൂടി നെഹ്‌റു കോൺഗ്രസ്സിലെ ഒരു സെഷനിൽപ്പോലും സംസാരിച്ചില്ല. കേന്ദ്രസർക്കാറിനു കീഴിലെ ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലാക്കി കോൺഗ്രസ്സിനു വിദേശത്തു നിന്നും ശാസ്ത്രജ്ഞരെ കൊണ്ടുവരാനുള്ള ശ്രമങ്ങൾക്ക് നെഹ്‌റു തുടക്കമിട്ടു. ഇത് തുടരുകയും ചെയ്യുന്നു.

ശാസ്ത്ര കോൺഗ്രസ് ഇപ്പോൾ വീണ്ടും വാർത്തകളിൽ നിറയുന്നത് ചില ഇന്ത്യൻ 'ശാസ്ത്രജ്ഞരുടെ' കണ്ടുപിടിത്തങ്ങൾ കൊണ്ടാണ്. കൗരവർ ജനിച്ചത് ടെസ്റ്റ് ട്യൂബ് സാങ്കേതിക വിദ്യയിലൂടെയാണ്, 100 അണ്ഡങ്ങൾ 100 മൺകുടങ്ങളിലാക്കി, അതിലൂടെയാണ് കൗരവരുടെ ജന്മമുണ്ടായത്, മനുഷ്യോൽപ്പത്തിയെ കുറിച്ച് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തേക്കാൾ മികച്ചതാണ് മഹാവിഷ്ണുവിന്റെ ദശാവതാരം, ആൽബർട്ട് ഐൻസ്റ്റീനും ഐസക് ന്യൂട്ടണും ലോകത്തെ തെറ്റിദ്ധരിപ്പിച്ചു.... എന്നിങ്ങനെ പോകുന്നു ശാസ്ത്ര കോൺഗ്രസ്സിലെ 106-ാം പതിപ്പിലെ 'കണ്ടെത്തലുകൾ'. കൗരവരുടെ 'അത്ഭുത ജന്മ'ത്തെ കുറിച്ച് പ്രബന്ധമവതരിപ്പിച്ചത് ആന്ധ്ര സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ജി നാഗേശ്വര റാവുവും പരിണാമ സിദ്ധാന്തത്തെ കുറിച്ച് പുതിയ വ്യാഖ്യാനം പറഞ്ഞത് ഡോ. കണ്ണൻ ജഗതല കൃഷ്ണനുമാണ്. ഭൂഗുരുത്വാകർഷണ തരംഗത്തെ 'നരേന്ദ്രമോദി തരംഗമായി' പുനർനാമകരണം നടത്താനും അദ്ദേഹം ധൈര്യം കാണിച്ചു. എ.പി.ജെ അബ്ദുൽകലാമിനേക്കാൾ മഹാനായ ശാസ്ത്രജ്ഞനാണ് ഡോ.ഹർഷ് വർദ്ധൻ (കേന്ദ്രവനംപരിസ്ഥിതി മന്ത്രി) എന്നായിരുന്നു മറ്റൊരു കണ്ടെത്തൽ. 2013ലെ വൈദ്യശാസ്ത്ര നൊബേൽ ജേതാവ് തോമസ് സുധോഫ്, രസതന്ത്ര നൊബേൽ ജേതാവ് അവ്രാം ഹെർഷ്‌കോ തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന സമ്മേളനത്തിലാണ് ഇവർ ശാസ്ത്രീയമായി യാതൊരു അടിത്തറയുമില്ലാത്ത 'കണ്ടെത്തലുകൾ' അവതരിപ്പിച്ചത്'.

2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് ശാസ്ത്ര കോൺഗ്രസ്സിൽ ഇത്തരം അബദ്ധങ്ങൾ പ്രബന്ധങ്ങളായി അവതരിപ്പിക്കുന്നത്. 2015ൽ മുംബൈയിൽ ചേർന്ന കോൺഗ്രസ്സിൽ ആധുനിക ശസ്ത്രക്രിയാ രൂപങ്ങൾ ഋഗ്വേദത്തിൽ പറഞ്ഞിട്ടുണ്ട്, ശസ്ത്രക്രിയയ്ക്ക് ആവശ്യമായ നിരവധി ആയുധങ്ങൾ വേദകാലഘട്ടത്തിലുണ്ടായിരുന്നു, പ്ലാസ്റ്റിക് സർജറികൾ അക്കാലത്ത് നടത്തിയിരുന്നു, ശുശ്രുത സംഹിതയാണ് ശസ്ത്രക്രിയ സംബന്ധിച്ച ആദ്യപുസ്തകം എന്നിങ്ങനെയാണ് ആ കോൺഗ്രസ്സിൽ ആയുർവേദ ഡോക്ടറായ ഡോ. അശ്വിൻ സാവന്ത് അവതരിപ്പിച്ച പ്രബന്ധത്തിൽ പറഞ്ഞിരുന്നത്. അക്കാദമീഷ്യൻമാർ എന്നു വിളിക്കപ്പെടുന്നവർ മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി വരെ അത്തരത്തിലുള്ള പ്രസ്താവനകൾ നടത്തി ശാസ്ത്രലോകത്തെ ഞെട്ടിച്ചു. ജനിതക ശാസ്ത്രം പുരാണകാലത്ത് ഉണ്ടായിരുന്നു എന്നാണ് 2014 ഒക്ടോബറിൽ മോദി പറഞ്ഞത്. മഹാഭാരതത്തിലെ കർണൻ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നല്ല ജനിച്ചത്. ജനിതക ശാസ്ത്രം അന്നുണ്ടായിരുന്നു എന്നതിന്റെ തെളിവാണത്. ഗണേശ ഭഗവാന് ആനയുടെ തല ലഭിച്ചത് അക്കാലത്ത് പ്ലാസ്റ്റിക് സർജറി ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ്- അങ്ങനെ പോകുന്നു മോദിയുടെ വാക്കുകൾ.

ഐതിഹ്യങ്ങളിലെ കഥാപാത്രങ്ങളെ ആധുനിക ശാസ്ത്രവുമായി കൂട്ടിക്കലർത്തി, വളർന്നുവരുന്ന തലമുറയുടെ ശാസ്ത്രബോധത്തെ യുക്തിരഹിതമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ പ്രസ്താവനയുടെ കൂടി പശ്ചാത്തലത്തിൽ, ശാസ്ത്ര കോൺഗ്രസ്സിൽ അവതരിപ്പിക്കപ്പെട്ട 'അബദ്ധങ്ങളൊന്നും' വെറും അബദ്ധമല്ല എന്ന് അറിയേണ്ടതുണ്ട്. ശാസ്ത്രത്തെ കൂടി ഹൈന്ദവവൽക്കരിക്കുന്നതിലെ അപകടം അതിലുണ്ട്.

പാർലമെന്റിൽ വരാത്ത മോദി

അധികാരമേറ്റയുടൻ പാർലമെന്റിന്റെ പടവിൽ നെറ്റിവച്ച് കൈകൂപ്പി നിന്ന പ്രധാനമന്ത്രിയുടെ ചിത്രം എല്ലാവരുടെയും ഓർമ്മയിലുണ്ട്. പാർലമെന്റ് ദേവാലയമാണെന്നും ഭരണഘടന തന്റെ ഗീതയാണെന്നും അദ്ദേഹം പ്രസ്താവനയിറക്കി. എന്നാൽ ജനാധിപത്യത്തിന്റെ ഈ ദേവാലയത്തിൽ അദ്ദേഹം എത്ര തവണ വന്നു. തൃണമൂൽ കോൺഗ്രസ് നേതാവ് ഡറക് ഒബ്രയാൻ എം.പി പറഞ്ഞത് ശരിയാണെങ്കിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ 24 മണിക്കൂർ മാത്രമാണ് മോദി പാർലമെന്റിൽ ഹാജരായത്. ലോക് സഭയിൽ 14 മണിക്കൂറും രാജ്യസഭയിൽ 10 മണിക്കൂറും മാത്രം.ഏറ്റവും ഒടുവിൽ, താൻ കൂടി ആരോപണവിധേയനായ റഫാൽ യുദ്ധവിമാന ഇടപാടിനെ കുറിച്ച് കഴിഞ്ഞ ദിവസം നടന്ന ചർച്ചയിൽ മോദി പങ്കെടുത്തില്ല. മോദിയുടെ സഭാപങ്കാളിത്തം മാത്രമല്ല, സഭ തന്നെ ഫലപ്രദമായ രീതിയിൽ സമ്മേളിച്ചില്ലെന്നാണ് ഡെറക് ചൂണ്ടിക്കാട്ടിയത്. പത്തു വർഷത്തിനിടെ 65-70 ശതമാനം ബില്ലുകൾ സൂക്ഷ്മപരിശോധനയ്ക്കായി പാർലമെന്ററി കമ്മിറ്റിക്ക് അയച്ചുവെന്നും എന്നാൽ മോദി സർക്കാറിന്റെ കാലത്ത് ഇത് 20 ശതമാനത്തിൽ താഴെയാണെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിലിരിക്കാത്ത പ്രധാനമന്ത്രിക്ക് ബി.ജെ.പിക്കു വേണ്ടിയുള്ള തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇതിനേക്കാൾ സമയം കിട്ടുന്നു എന്നും ഒബ്രയൻ പറയുന്നു. ഒരു വർഷത്തിനിടെ, 37 മണിക്കൂർ മോദി പ്രചാരണത്തിനായി ചെലവിട്ടു.

Read More >>