ബ്രിട്ടനിൽ ഇനി ബോറിസ് യുഗം

തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ വിജയം ഉറപ്പിച്ച മത്സരാർത്ഥി, വിവാദ പ്രസ്താവനകളുടെയും അബദ്ധ പരാമർശങ്ങളുടെയും തോഴൻ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇഷ്ടപുരുഷൻ- അങ്ങനെ വിശേഷണങ്ങളൊരുപാടുണ്ട് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്.

ബ്രിട്ടനിൽ ഇനി ബോറിസ് യുഗം

ബ്രെക്സിറ്റ് എന്ന കയ്പുനീരിന്റെ ചവർപ്പു നുണഞ്ഞ് തെരേസാ മേ ബ്രിട്ടീഷ് പ്രധാനമന്ത്രി പദത്തിൽ നിന്ന് പടിയിറങ്ങി. ബ്രിട്ടനിൽ ഇനി ബോറിസ് യുഗമാണ്. തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ വിജയം ഉറപ്പിച്ച മത്സരാർത്ഥി, വിവാദ പ്രസ്താവനകളുടെയും അബദ്ധ പരാമർശങ്ങളുടെയും തോഴൻ, യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇഷ്ടപുരുഷൻ- അങ്ങനെ വിശേഷണങ്ങളൊരുപാടുണ്ട് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക്. വലതുപക്ഷക്കാരനും തീവ്ര വംശീയവാദിയുമാണ് ബോറിസ്. മുൻ ലണ്ടൻ മേയറും വിദേശകാര്യ സെക്രട്ടറിയുമായിരുന്നു. ഒപ്പം ഏതു വിധേനയും ബ്രെക്സിറ്റ് നടപ്പാക്കണമെന്ന പക്ഷക്കാരനും. 'ബ്രിട്ടീഷ് ട്രംപ്' എന്നാണ് ബോറിസ് ജോൺസണിന്റെ വിളിപ്പേര്. എല്ലാ അർത്ഥത്തിലും ഡൊണാൾഡ് ട്രംപിന്റെ ബ്രിട്ടീഷ് പതിപ്പാണ് ജോൺസൺ.

അവസരവാദത്തിന്റെ ആൾരൂപം. കുശാഗ്രബുദ്ധിക്കാരനായ രാഷ്ട്രീയക്കാരൻ. എന്തു വെകിടത്തരവും വിളിച്ചു പറയാൻ മടിയില്ല. സ്ത്രീവിഷയത്തിൽ ദുർബലൻ. എന്തിനേറെ ചീകിയൊതുക്കാത്ത സ്വർണത്തലമുടി പോലും ട്രംപിന്റേതുപോലെ.

1964 ൽ ന്യൂയോർക്ക് സിറ്റിയിലാണ് ബോറിസിന്റെ ജനനം. ഓക്സ്ഫഡിലടക്കം പഠനം പൂർത്തീകരിച്ച അദ്ദേഹം മാദ്ധ്യമപ്രവർത്തകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടൈംസിൽ മാദ്ധ്യമപ്രവർത്തനം ആരംഭിച്ച ബോറിസിനെ ഒരു പ്രസ്താവന വളച്ചൊടിച്ചതിന് പുറത്താക്കി. പിന്നീട് ദി ഡെയ്ലി ടെലിഗ്രാഫിന്റെ ബ്രസൽസ് ലേഖകനായി. ബ്രിട്ടീഷ് വലതുപക്ഷത്തെ വികാരം കൊള്ളിക്കുന്നതായിരുന്നു ബോറിസിന്റേതായി പുറത്തുവന്ന ലേഖനങ്ങൾ. 1994 ൽ ടെലിഗ്രാഫിന്റെ അസിസ്റ്റന്റ് എഡിറ്ററായി. 1999 ൽ ദി സ്പെക്ടേറ്ററിൽ എഡിറ്ററായി നിയമിതനായി. 2005 വരെ ആ സ്ഥാനത്ത് തുടർന്നു.

അതിനിടെ 2001 ൽ ഹെൻലിയിൽ നിന്ന് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് 2008 മുതൽ 2016 വരെ ലണ്ടൻ മേയറായി. 2018 വരെ വിദേശകാര്യ സെക്രട്ടറിയായും ചുമതല വഹിച്ചു. കഴിഞ്ഞ വർഷം മുസ്ലിം സ്ത്രീകളുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് അദ്ദേഹം രംഗത്തുവന്നിരുന്നു. നിഖാബ് ധരിക്കുന്ന സ്ത്രീകൾ ബാങ്ക് കൊള്ളക്കാരെ പോലെയാണെന്നായിരുന്നു പ്രസ്താവന. ഇത് ഏറെ വിവാദങ്ങൾക്കിടയാക്കിയിരുന്നു.

55 കാരനായ ബോറിസിന്റെ ദീർഘനാളത്തെ ആഗ്രഹമാണ് ഇത്തവണ ഫലവത്തായത്. ലോകരാജാവാകണമെന്ന് ആഗ്രഹിച്ച ജോൺസൺ പക്ഷേ, സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപനായത് അതിന്റെ സർവപ്രതാപവും ക്ഷയിച്ച ശേഷമാണെന്നു മാത്രം. പ്രധാനമന്ത്രി പദത്തിനു വേണ്ടി 2016 ജൂലൈയിൽ നടന്ന മത്സരത്തിൽ ജോൺസൻ മുന്നിട്ടിറങ്ങുകയുണ്ടായി. ആ വർഷം മാർച്ചിൽ നടന്ന ഹിതപരിശോധനയിൽ ബ്രെക്സിറ്റ് അനുകൂല വിധിയുണ്ടായതിനെ തുടർന്ന് അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറൺ രാജിവച്ചതിനു ശേഷമായിരുന്നു അത്.

പക്ഷേ, കാമറണിന്റെ കീഴിൽ ആഭ്യന്ത്രരമന്ത്രിയായിരുന്ന തെരേസ മേയ്ക്കാണ് വിജയസാദ്ധ്യതയെന്നു ബോദ്ധ്യമായപ്പോൾ ജോൺസൻ പിൻവാങ്ങി. മേയുടെ ക്യാബിനറ്റിൽ വിദേശമന്ത്രിയായി. രണ്ടു വർഷത്തിനു ശേഷം ബ്രെക്സിറ്റ് പിന്മാറ്റ കരാറിന്റെ കാര്യത്തിൽ മേയുമായി ഏറ്റുമുട്ടുകയും രാജി വയ്ക്കുകയും ചെയ്തു.

തെരേസാ മേ മന്ത്രിസഭയിലുണ്ടായിരുന്ന പലരും ബോറിസിന്റെ സംഘത്തിലില്ല. പലരെയും അദ്ദേഹം ഒഴിവാക്കുകയാണ് ചെയ്തത്. മറ്റു ചിലർ അദ്ദേഹത്തിന്റെ ക്ഷണം നിരസിച്ചു. പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ ജോൺസനോടു തോറ്റ, വിദേശമന്ത്രി ജെറമി ഹണ്ട് തൽസ്ഥാനത്തു തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ജോൺസൺ നൽകിയത് മറ്റൊരു വകുപ്പാണ്. അതു സ്വീകരിക്കാൻ ഹണ്ട് വിസമ്മതിക്കുകയും ചെയ്തു. ഇന്ത്യൻ വംശജയായ പ്രീതി പട്ടേലിനെ ആഭ്യന്തരമന്ത്രിയും പാക് ദമ്പതികളുടെ മകൻ സാജിദ് ജാവിദിനെ ധനമന്ത്രിയുമാക്കി ബോറിസ് ജോൺസൺ.

ഡൗണിങ് സ്ട്രീറ്റിലേക്ക് കാമുകിക്കൊപ്പം

ബ്രിട്ടീഷ് ഭരണചരിത്രത്തിൽ ആദ്യമായാണ് അവിവാഹിതരായ 'ദമ്പതിമാർ' ഡൗണിങ് സ്ട്രീറ്റിൽ താമസം തുടങ്ങുന്നത്. പുതിയ പ്രധാനമന്ത്രി ബോറിസ് ജോൺസണിന്റെ കാമുകി കാരി സിമോൺസാണു പ്രഥമ വനിതയായി എത്തിയിരിക്കുന്നത്. 55 വയസ്സുള്ള ബോറിസ് ജോൺസൺ മുപ്പത്തിയൊന്നുകാരിയായ കാരി സിമോൺസിന്റെ സൗത്ത് ലണ്ടനിലെ ഫ്ളാറ്റിലായിരുന്നു കുറെക്കാലമായി താമസം. നമ്പർ 11 ഡൗണിങ് സ്ട്രീറ്റിലെ നാല് മുറി ആഡംബര അപ്പാർട്മെന്റിലാവും പ്രധാനമന്ത്രിയും കാമുകിയും താമസിക്കുക.

അലീഗ്രാ ഒവനുമായുള്ള ബോറിസ് ജോൺസൺന്റെ ആദ്യ ദാമ്പത്യം 1987 മുതൽ 6 വർഷമേ നിലനിന്നുള്ളൂ. പിന്നീട് 1993 ൽ മറീന വീലറെ വിവാഹം ചെയ്തു. കാൽ നൂറ്റാണ്ടു നീണ്ട ദാമ്പത്യം കാരി സിമോൺസുമായി ബന്ധം ആരംഭിച്ചതോടെ 2018 ൽ അവസാനിച്ചു. വിവാഹമോചന നടപടികൾ നടക്കുകയാണ്. മറീന വീലറുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതായി കഴിഞ്ഞ സെപ്തംബറിലാണ് ബോറിസ് പ്രഖ്യാപിച്ചത്. നാല് കുട്ടികളാണ് ബോറിസ് ജോൺസണ് ഉള്ളത്. ബ്രിട്ടനിലെ ശരാശരി ദാമ്പത്യജീവിതത്തിന്റെ കാലയളവ് നോക്കുമ്പോൾ സാധാരണയുള്ളതിന്റെ രണ്ട് ഇരട്ടി ദൈർഘ്യമുണ്ട് ബോറിസിന്റെയും മറിനയുടെയും ദാമ്പത്യത്തിന്. ബ്രിട്ടനിൽ ഒരു വർഷം നടക്കുന്ന 100 വിവാഹങ്ങളിൽ 64 പേർ വിവാഹമോചിതരാകുന്നുണ്ടെന്നാണ് കണക്ക്. എന്നാൽ, ഭരണരംഗത്തിരിക്കുന്നവർ ഇക്കാര്യത്തിൽ വ്യത്യസ്തരാകുന്ന കാഴ്ചയും ബ്രിട്ടനിലുണ്ട്. 1721 നു ശേഷം ആകെ രണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ മാത്രമേ വിവാഹമോചനം നേടിയിട്ടുള്ളൂ. ഇതിൽ അഗസ്റ്റസ് ഹെന്റി ഫിറ്റ്‌സ്‌റോയി മാത്രമാണ് പിന്നീട് പുനർവിവാഹം ചെയ്തത്.

ബ്രെക്സിറ്റിലെ പ്രതീക്ഷ

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ബ്രിട്ടന്റെ പുറത്തുപോകലിനെ ബോറിസ് ജോൺസൺ എങ്ങനെ നടപ്പിലാക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മേയുടെ രാജിക്കും അതുവഴി പ്രധാനമന്ത്രി പദത്തിലേക്കുള്ള വരവിനും വഴിയൊരുക്കിയത് ബ്രെക്സിറ്റാണെന്ന വസ്തുത നിലനിൽക്കുന്ന സാഹചര്യത്തിൽ ബോറിസിന്റെ നടപടിക്കായി ലോകം ഉറ്റുനോക്കും.

യൂറോപ്യൻ യൂണിയൻ ആസ്ഥാനമായ ബ്രസ്സൽസിൽ ടെലഗ്രാഫിന്റെ ലേഖകനായി പ്രവർത്തിച്ച സമയത്താണ് അദ്ദേഹം യൂറോപ്യൻ യൂണിയനെ സംശയിക്കാനും വെറുക്കാനും തുടങ്ങിയത്. യൂറോപ്യൻ യൂണിയനിൽ അംഗമായതിലൂടെ ബ്രിട്ടനു നഷ്ടമേ ഉണ്ടായിട്ടുളളൂവെന്നു ബോറിസ് വിശ്വസിച്ചു. മറ്റ് യൂറോപ്യൻ രാജ്യക്കാർ ബ്രിട്ടീഷ് പൗരൻമാരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നു എന്ന ആശങ്കയണ് ബ്രെക്സിറ്റ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. ഒടുവിൽ ജോൺസൻ ബ്രെക്സിറ്റിന്റെ ഏറ്റവും ശക്തരായ വക്താക്കളിൽ ഒരാളാവുകയും ചെയ്തു.

ബ്രെക്സിറ്റ് തീരുമാനം നടപ്പാക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിട്ടുള്ളത് ഒക്ടോബർ 31 ആണ്. നേരത്തെ അതു മാർച്ച് 29 ആയിരുന്നു. പിന്മാറ്റം സംബന്ധിച്ച കരാറിന് അതിനകം പാർലമെന്റിന്റെ അംഗീകാരം നേടിയെടുക്കാൻ മുൻ പ്രധാനമന്ത്രി തെരേസ മേയ്ക്കു കഴിയാതെ പോയി. അതിനാൽ തിയ്യതി നീട്ടുകയായിരുന്നു.

പുതിയ കരാർ തയാറാക്കാനും അതിനു പാർലമെന്റിന്റെ അംഗീകാരം നേടിയെടുക്കാനും ബോറിസ് ജോൺസണിന്റെ മുന്നിലുള്ളത് മൂന്നു മാസവും ഏതാനും ദിവസങ്ങളും മാത്രം. അതിനകം കരാർ ഉണ്ടായില്ലെങ്കിൽ കരാർ ഇല്ലാതെത്തന്നെ ബ്രിട്ടൻ, യൂറോപ്യൻ യൂണിയൻ വിട്ടുപോകുമെന്നും ജോൺസൻ പ്രഖ്യാപിച്ചിട്ടുണ്ട്.

മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടാനൊരുങ്ങുന്ന ട്രംപിനെപ്പോലെ ബ്രിട്ടീഷ് അതിർത്തികൾ മറ്റു രാജ്യക്കാർക്ക് മുന്നിൽ കൊട്ടിയടയ്ക്കാനാണ് ജോൺസണ് താൽപര്യം. അഭയാർത്ഥി പ്രശ്നത്തിൽ ഇസ്ലാം വിരോധം ഇരുവരും തുറന്നുപറഞ്ഞിട്ടുണ്ട്. കറുത്ത വർഗക്കാരോടുള്ള അവജ്ഞയിലും ട്രംപിനും ജോൺസണും ഒരേ സ്വരമാണ്. സ്വവർഗരതിയോടും സ്വവർഗവിവാഹത്തോടുമുള്ള എതിർപ്പും പരസ്യം. ബോറിസ് ജോണസണിന്റെ സ്ഥാനാരോഹണത്തോടെ തീവ്ര വലതുപക്ഷത്തിന് കൈകൊടുത്ത ലോകരാജ്യങ്ങളുടെ പട്ടികയിലേക്ക് അങ്ങനെ ബ്രിട്ടണും ചേരുകയാണ്. വരാനിരിക്കുന്നതെന്തെന്ന് ഇനി കാത്തിരുന്ന് കാണുകയേ നിവൃത്തിയുള്ളൂ.

ബ്രെക്സിറ്റ് യാഥാർത്ഥ്യമാക്കുക എന്ന വെല്ലുവിളി തന്നെയാണ് ബോറിസ് ജോൺസന് മുന്നിലുമുള്ളത്. ബോറിസിന്റെ ബ്രെക്സിറ്റ് നയങ്ങളിൽ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായവ്യത്യാസമുണ്ട്. ബോറിസിന്റെ നയങ്ങളോട് കടുത്ത എതിർപ്പുള്ള ചില നേതാക്കൾ രാജിക്കൊരുങ്ങുന്നുണ്ട് എന്നതും വെല്ലുവിളി ഉയർത്തുന്നു.

Read More >>