കിഴക്കിന്റെ വെനീസ് ആര്‍ക്കൊപ്പം നില്‍ക്കും

1951ലെ ആദ്യതെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ പി.ടി പുന്നൂസാണ് ഇപ്പോഴത്തെ ആലപ്പുഴയെന്ന പഴയ അമ്പലപ്പുഴയിൽ നിന്ന് ലോക്‌സഭയിലെത്തിയത്. രണ്ടാം തെരഞ്ഞെടുപ്പിലും ജനഹിതം പി.ടി പുന്നൂസിനോടൊപ്പം നിന്നു.

കിഴക്കിന്റെ വെനീസ് ആര്‍ക്കൊപ്പം നില്‍ക്കും

കേരളത്തിന്റെ സാമ്പത്തിക- രാഷ്ട്രീയ ചരിത്രത്തിൽ ആലപ്പുഴയുടെ സ്ഥാനം നിസ്തുലമാണ്. പരമ്പരാഗത വ്യവസായങ്ങളിലൊന്നായ കയർ ഉൽപ്പാദനത്തിന് കേൾവികേട്ട നാടാണ് ചരിത്രം ഉറങ്ങുന്ന ആലപ്പുഴ. കൊളോണിയൽ കാലത്തെ വാണിജ്യ- വ്യാവസായിക ക്രയവിക്രയങ്ങളുടെ കേന്ദ്രമായിരുന്നു കിഴക്കിന്റെ വെനീസ് എന്നറിയപ്പെട്ട ആലപ്പുഴ തുറമുഖം. ആലപ്പുഴ പട്ടണത്തെ രണ്ടായി പകുത്ത് ഒഴുകുന്ന ജലപാത ഈ ഗതകാല മഹത്വത്തിന്റെ നിത്യസ്മാരകമാണ്. കടലും കായലും അതിരിടുന്ന ആലപ്പുഴയിലാണ് ആധുനിക കേരള ചരിത്രത്തിലെ ചോരയിറ്റുന്ന അദ്ധ്യായമായ പുന്നപ്ര-വയലാർ സമരഭൂമി. സാഹിത്യ-സാംസ്കാരിക രംഗത്ത് തകഴിയും വയലാറും തോപ്പിൽ ഭാസിയും കുഞ്ചാക്കോയും കാവാലവും എസ്.എൽ.പുരവും പുതുപ്പള്ളി രാഘവനും മുതൽ പദ്മരാജനും നെടുമുടി വേണുവും ഫാസിലും തുടങ്ങി നിരവധി പ്രഗത്ഭരുടെ ജന്മനാടാണ് ആലപ്പുഴ.

ഇപ്പോൾ ആലപ്പുഴയുടെ പ്രമുഖ വരുമാന സ്രോതസ്സുകളിലൊന്ന് വിനോദസഞ്ചാരമാണ്. പുരവഞ്ചികളിലേറി കുട്ടനാട്ടിലെ കായൽപ്പരപ്പിലൂടെ ഒഴുകിനടക്കാൻ കൊതിച്ചെത്തുന്ന വിനോദസഞ്ചാരികളുടെ സ്വപ്നഭൂമി. ഒപ്പം വിനോദസഞ്ചാരം ഉണ്ടാക്കുന്ന ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങളും ജനങ്ങൾ അനുഭവിക്കുന്നു. കുട്ടനാട് സഞ്ചാരികൾക്ക് കൗതുകമാണെങ്കിൽ നാട്ടുകാർക്ക് ഒരർത്ഥത്തിൽ ദുഃഖവും ദുരിതവും ആണ്. എങ്കിലും കുട്ടനാട്ടുകാർ നിരന്തരം പ്രകൃതിയോട് പൊരുതി നിൽക്കുന്നു. പഠനങ്ങളുടെയും പദ്ധതിപ്രഖ്യാപനങ്ങളുടെയും വാഗ്ദാന ലംഘനങ്ങളുടെയും നീണ്ട ചരിത്രം കൂടിയുണ്ട് കുട്ടനാടിന്. വിപ്ലവ പ്രസ്ഥാനത്തിന്റെ ചരിത്രം ചോരയിലെഴുതിയ ഈ മണ്ഡലത്തിലെ ജനവിധി നിർണ്ണയിക്കുന്നതിൽ ജാതി-മത സമവാക്യങ്ങൾക്കുള്ള പങ്ക് അനിഷേദ്ധ്യമാണ് എന്നത് വൈരുദ്ധ്യമാണ്.


2009ലും 2014ലും യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാൽ വെന്നിക്കൊടിപാറിച്ച ആലപ്പുഴയിൽ ഇത്തവണ പോരാട്ടം കടുക്കും. എൽ.ഡി.എഫിനും യു.ഡി.എഫിനുമൊപ്പം മാറിമാറി നിന്നതാണ് ആലപ്പുഴയുടെ തെരഞ്ഞെടുപ്പ് ചരിത്രം. ഹാട്രിക് ലക്ഷ്യമിട്ട് കോൺഗ്രസ് മത്സരത്തിനിറങ്ങുമ്പോൾ വിജയപതാക പാറിക്കാനാകും ഇടതുപക്ഷത്തിന്റെ ശ്രമം. ഒപ്പം വോട്ട് വിഹിതം വർദ്ധിപ്പിക്കാൻ ബി.ജെ.പിയും

ചരിത്രം ഇങ്ങനെ

1951ലെ ആദ്യതെരഞ്ഞെടുപ്പിൽ സി.പി.ഐയുടെ പി.ടി പുന്നൂസാണ് ഇപ്പോഴത്തെ ആലപ്പുഴയെന്ന പഴയ അമ്പലപ്പുഴയിൽ നിന്ന് ലോക്‌സഭയിലെത്തിയത്. രണ്ടാം തെരഞ്ഞെടുപ്പിലും ജനഹിതം പി.ടി പുന്നൂസിനോടൊപ്പം നിന്നു. 1962ൽ സി.പി.ഐയുടെ പി.കെ വാസുദേവൻ നായർ ജയിച്ചു. 1967ൽ സി.പി.എമ്മിന്റെ സുശീല ഗോപാലൻ മണ്ഡലത്തെ പ്രതിനിധീകരിച്ചു. 1971ലെ രണ്ടാമൂഴത്തിൽ സുശീല ഗോപാലൻ ആർ.എസ്.പിയിലെ കെ. ബാലകൃഷ്ണനോട് പരാജയപ്പെട്ടു.

മണ്ഡലത്തിന്റെ പേര് ആലപ്പുഴയെന്ന് മാറ്റിയതിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ 1977ൽ വി.എം. സുധീരനിലൂടെ കോൺഗ്രസ് തിരിച്ചുവന്നു. നാലുതവണ ആലപ്പുഴയെ പ്രതിനിധീകരിച്ച വി.എം സുധീരൻ തന്നെയാണ് ഈ മണ്ഡലത്തിൽ നിന്നും കൂടുതൽ തവണ ലോക്‌സഭയിലെത്തിയത്. 1991ൽ ടി.ജെ ആഞ്ചലോസ്, 2004ൽ ഡോ. കെ.എസ് മനോജ് എന്നിവർ ഇടതുപക്ഷത്തു നിന്ന് ആലപ്പുഴയെ പ്രതിനിധീകരിച്ചു.

കരുനാഗപ്പള്ളി വഴി ചേർത്തല

കരുനാഗപ്പള്ളി, കായംകുളം, ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, അരൂർ എന്നീ നിയമസഭാനിയോജക മണ്ഡലങ്ങളാണ് ആലപ്പുഴ ലോക്‌സഭ മണ്ഡലത്തിൽ ഉൾപ്പെടുന്നത്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഹരിപ്പാട് മാത്രമാണ് യു.ഡി.എഫിന് ലഭിച്ചത്. കരുനാഗപ്പള്ളി, അമ്പലപ്പുഴ, ആലപ്പുഴ നിയോജക മണ്ഡലങ്ങളിൽ എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ട്. കായംകുളവും ഹരിപ്പാടുമാകട്ടെ കോൺഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളും. അരൂരും ചേർത്തലയും ഇരു മുന്നണികൾക്കും പിടിച്ചെടുക്കാൻ സാധിക്കുന്നവയാണെന്നാണ് സൂചന.

വോട്ടുവിഹിതം

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 12,713,24 വോട്ടർമാരാണ് പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 6,11,877 പേർ പുരുഷൻമാരും 6,59,447 സ്ത്രീകളുമാണ്. 2014ലെ തെരഞ്ഞെടുപ്പിൽ 9,98,656 പേരാണ് 1130 പോളിങ് സ്‌റ്റേഷനുകളിൽ വോട്ട് രേഖപ്പെടുത്തിയത്. 78.55 ശതമാനമായിരുന്നു അന്നത്തെ പോളിങ് നില. യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി വേണുഗോപാൽ 4,62,525 വോട്ടുകൾ നേടിയപ്പോൾ സി.പി.എമ്മിലെ സി.ബി ചന്ദ്രബാബു നേടിയത് 4,43,118 വോട്ട്. കെ.സി വേണുഗോപാലിന്റെ ഭൂരിപക്ഷം 19,407 വോട്ട്.

2019ലെ തെരഞ്ഞെടുപ്പിൽ പുതിയ വോട്ടർമാരുടെ പട്ടിക ഇതുവരെ ഔദ്യോഗികമായി പുറത്തു വന്നിട്ടില്ല. എങ്കിലും 2016ലെ നിയമസഭ തെരഞ്ഞെടുപ്പിലെ കണക്ക് അടിസ്ഥാനമാക്കിയാൽ ഒരുലക്ഷത്തോളം വോട്ടർമാരുടെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. നിയമസഭ മണ്ഡങ്ങളിലെ കണക്കുകൾ പ്രകാരം ലോക്‌സഭാ മണ്ഡലത്തിൽ 13,52,424 വോട്ടർമാരാണ് ഉണ്ടാവുക. ഇവരിൽ 80 ശതമാനത്തോളം പേർ നിയമസഭയിൽ വോട്ട് രേഖപ്പെടുത്തിതെരഞ്ഞെടുപ്പിലെ കണക്ക് അടിസ്ഥാനമാക്കിയാൽ ഒരുലക്ഷത്തോളം വോട്ടർമാരുടെ വർദ്ധനയാണ് ഉണ്ടായിട്ടുള്ളത്. നിയമസഭ മണ്ഡങ്ങളിലെ കണക്കുകൾ പ്രകാരം ലോക്‌സഭാ മണ്ഡലത്തിൽ 13,52,424 വോട്ടർമാരാണ് ഉണ്ടാവുക. ഇവരിൽ 80 ശതമാനത്തോളം പേർ നിയമസഭയിൽ വോട്ട് രേഖപ്പെടുത്തി. രണ്ടു വർഷം കൊണ്ട് 80,000ഓളം പുതിയ വോട്ടർമാരാണ് മണ്ഡലത്തിലുണ്ടായത്. ആകെ വോട്ടർമാരുടെ എണ്ണം ഇത്തവണ 14 ലക്ഷത്തോളം വരും.

ഗൗരിയമ്മ മുതല്‍ വെള്ളാപള്ളി വരെ

ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടു ബാങ്കിൽ എസ്.എൻ.ഡി.പിക്കും ജെ.എസ്.എസും നിർണ്ണായകമാണ്. ചേർത്തല, ഹരിപ്പാട്, കരുനാഗപ്പള്ളി എന്നിവിടങ്ങൾ എസ്.എൻ.ഡി.പിയുടെ ശക്തികേന്ദ്രങ്ങളാണ്. മണ്ഡലത്തിലെ മറ്റൊരു പ്രധാന ഘടകമാണ് ജെ.എസ്.എസ്. അവർ രണ്ടായി എൽ.ഡി.എഫിനും യു.ഡി.എഫിനുമൊപ്പമുണ്ട്. ഗൗരിയമ്മപക്ഷം ഇടതുപക്ഷത്തോടൊപ്പമാണ്. ഇതുവരെയുള്ള നീക്കുപോക്കുകൾ പ്രകാരം വെള്ളാപ്പള്ളി നടേശനും ഇടതുപക്ഷത്തിന് അനുകൂലമാണ്. എന്നാൽ എൻ.ഡി.എ സഖ്യത്തിലാണ് ബി.ഡി.ജെ.എസ്.ആർ.എസ്.പി, ആർ.എസ്.പി (ബി) എന്നിവയും മണ്ഡലത്തിലെ ചെറുശക്തികളാണ്.

ആലപ്പുഴ മണ്ഡലത്തെ കഴിഞ്ഞ പത്തു വർഷമായി പ്രതിനിധീകരിക്കുന്ന കെ.സി വേണുഗോപാൽ 2009ൽ 57,635 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. 2014ൽ അത് 19,407 ആയി കുറഞ്ഞു.

സ്ഥാനാർത്ഥി സാദ്ധ്യത

രണ്ട് തവണ വിജയം ആവർത്തിച്ച കെ.സി വേണുഗോപാലിനെ തന്നെയാണ് യു.ഡി.എഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. കോൺഗ്രസ്സിൽ ഇതിന് എതിരഭിപ്രായമില്ല. എന്നാൽ കെ.സി വേണുഗോപാൽ പിൻമാറിയാൽ ഡി.സി.സി പ്രസിഡന്റായ എം. ലിജു മത്സരിച്ചേക്കാം. നിയമസഭ തെരഞ്ഞെടുപ്പിൽ കായംകുളം മണ്ഡലത്തിൽ മത്സരിച്ച് പരാജയപ്പെട്ടെങ്കിലും മണ്ഡല പരിചയം എം.ലിജുവിന് സാദ്ധ്യത നൽകുന്നു. മുതിർന്ന നേതാവ് എ.എ ഷുക്കൂറിനും ആലപ്പുഴയിൽ സാദ്ധ്യതയുണ്ട്.

ആലപ്പുഴ സീറ്റിൽ സി.പി.എം സ്ഥാനാർത്ഥി തന്നെയാകും ഇടതുമുന്നണിക്കായി മത്സരിക്കുക. 2016 നിയമസഭ തിരഞ്ഞെടുപ്പിൽ അരൂരിൽ നിന്ന് ജയിച്ച എ.എം ആരിഫിന് സാദ്ധ്യതയുണ്ട്. രണ്ട് തവണയായുള്ള യു.ഡി.എഫ് വിജയം തടുക്കേണ്ടതിനാൽ കേന്ദ്ര കമ്മിറ്റി അംഗങ്ങളേയും സി.പിഎം പരീക്ഷിച്ചേക്കാം. അങ്ങനെ വന്നാൽ എം.എ ബേബിക്കാണ് സാദ്ധ്യത. സ്ത്രീകൾ ഏറെയുള്ള മണ്ഡലമായതിനാൽ സി.എസ് സുജാതയുടെ പേരും പറഞ്ഞു കേൾക്കുന്നു.


2014ലെ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി.ബിയാണ് എൻ.ഡി.എയ്ക്കായി ആലപ്പുഴയിൽ മത്സരിച്ചത്.ഇത്തവണ ആർ.എസ്.പി.ബി എൻ.ഡി.എ സഖ്യത്തിനൊപ്പമല്ല.ആലപ്പുഴയിൽ ബി.ജെ.പി തന്നെ മത്സരിക്കുന്ന കാര്യത്തിൽ ഉറപ്പില്ല. എങ്കിൽ മണ്ഡലത്തിൽ എറെ വോട്ടുകളുള്ള ബി.ഡി.ജെ.എസിന് സീറ്റ് നൽകാനാവും തീരുമാനം.അങ്ങനെ വന്നാൽ തുഷാർ വെള്ളാപ്പള്ളിക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപിക്കുന്നത്.

എസ്.എൻ.ഡി.പി ഘടകത്തിന്റെ പിന്തുണയും തുഷാറിലൂടെ നേടാമെന്ന ലക്ഷ്യവും എൻ.ഡി.എ തള്ളിക്കളയില്ല.ബി.ജെ.പി തന്നെ മത്സരിക്കുകയാണെങ്കിൽ പി.എസ് ശ്രീധരൻപിള്ളയ്ക്ക് സീറ്റ് ലഭിക്കാനാണ് സാധ്യത. മണ്ഡല പരിചയം കൂടുതലുള്ള മുതിർന്ന നേതാവെന്ന നിലയ്ക്ക് ശ്രീധരൻപിള്ളയ്ക്ക് വോട്ടുകൾ നേടാനാകുമെന്ന് ബി.ജെ.പി പ്രതീക്ഷിക്കുന്നു. സെിലിബ്രിറ്റികളെ മത്സരപ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. അങ്ങനെയെങ്കിൽ സുരേഷ് ഗോപി ആലപ്പുഴയിൽ ബി.ജെപിയുടെ എൻ.ഡി.എ സ്ഥാനാർത്ഥിയായേക്കും.

ആലപ്പുഴയിയിലെ ത്രികോണ മത്സരത്തിൽ മൂന്നാം ശക്തിയാകാൻ എൻ.ഡി.എയ്ക്ക് സാധിക്കും. ആം ആദ്മി, എസ്.ഡി.പി.ഐ എന്നിവരാണ് മറ്റ് ചെറു പാർട്ടികൾ. പതിനായിരത്തിൽ താഴെ വോട്ട് വിഹിതമാണ് ഇവർക്ക് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. ഇത്തവണയും കാര്യമായ നേട്ടമുണ്ടാക്കാൻ ഇവർക്ക് സാധിച്ചെന്ന് വരില്ല. എൽ.ഡി.എഫ്, യു.ഡി.എഫ് മത്സരം തന്നെയാകും മണ്ഡലത്തിൽ അരങ്ങേറുക. ബി.ജെ.പി വിരുദ്ധത വോട്ടാക്കാനായാൽ നിഷ്പക്ഷരുടെ വോട്ടുകളും യു.ഡി.എഫിന് ലഭിക്കും. ഇടതുപക്ഷത്തിന്റെ ചരിത്രം പേറുന്ന ആലപ്പുഴ തിരിച്ചുപിടിക്കാനാകും എൽ.ഡി.എഫ് ശ്രമിക്കുക.

Read More >>