തെരഞ്ഞെടുപ്പ് പ്രളയത്തെ ആര് അതിജീവിക്കും

ചാലക്കുടിപ്പുഴയുടെ ഒഴുക്കുപോലെ ചിന്തിക്കുന്ന നാട്ടുകാർ ആരോടൊപ്പം നിൽക്കുമെന്ന് വരും തെരഞ്ഞെടുപ്പുവരെ കാത്തിരിക്കേണ്ടി വരുമെന്നുറപ്പ്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുമ്പോൾ കഷ്ടപ്പെട്ട് നേടിയ വിജയം നഷ്ടപ്പെടുത്താതിരിക്കാനുള്ള തത്രപ്പാടിലാണ് ചാലക്കുടി മണ്ഡലത്തിലെ സി.പി.എം. ഒരിക്കൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസ്സും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

തെരഞ്ഞെടുപ്പ് പ്രളയത്തെ ആര് അതിജീവിക്കും

ചാലക്കുടി എന്ന് കേൾക്കുമ്പോൾ മലയാളികളുടെ മനസ്സിൽ ഒരു മണികിലുങ്ങും. പാട്ടും ആട്ടവും ശബ്ദാനുകരണവും കൊണ്ട് മലയാളികൾക്ക് മുമ്പിൽ നിറചിരിയാൽ പൂത്തുലഞ്ഞ കലാഭവൻ മണിയുടെ ഓർമ്മയിൽ നിന്നുതിരുന്ന മണികിലുക്കം. ഇരിങ്ങാലക്കുട ഭാഷയുടെ കയറ്റിറക്കങ്ങളിലൂടെ മലയാളികളുടെ ചിരിക്കുടുക്കയായി മാറിയ ഇന്നസെന്റിന്റെ ലോക്‌സഭാസ്ഥാനാർത്ഥിത്വത്തിലൂടെയും വിജയത്തിലൂടെയുമാണ് സമീപകാല രാഷ്ട്രീയത്തിൽ ചാലക്കുടി ശ്രദ്ധേയമായതെന്നത് മറ്റൊരു കാര്യം. ചലച്ചിത്ര സംവിധായകൻ ലിജോ ജോസ് പല്ലിശ്ശേരിയും ഈ മണ്ണിൽ നിന്നു തന്നെ. പാരിസ്ഥിതിക പ്രശ്നങ്ങൾ ഉയർത്തി നടക്കുന്ന ചില സമരങ്ങളുടെ കേന്ദ്രം കൂടിയാണ് ചാലക്കുടിയും പരിസരങ്ങളും.

കേരളത്തിന്റെ ടൂറിസം ഭൂപടത്തിൽ ഏറെ ശ്രദ്ധേയമായ പേരാണ് ചാലക്കുടി. അതിരപ്പിള്ളി-വാഴച്ചാലും തുമ്പൂർമൊഴിയും ചാർപ്പാ വെള്ളച്ചാട്ടങ്ങളുമെല്ലാം ചാലക്കുടിയ്ക്ക് സ്വന്തം. ക്രിസ്ത്യൻ ധ്യാനകേന്ദ്രങ്ങളിൽ കേരളത്തിലെ പ്രധാനപ്പെട്ട പോട്ടയും ഡിവൈനും ചാലക്കുടിയിലാണ്. പ്രാചീന ഇന്ത്യയിലെ പ്രധാന തുറമുഖ പട്ടണങ്ങളിലൊന്നായ മുസിരിസുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാൽ ഒരുകാലത്ത് ഏറെ ശ്രദ്ധേയമായിരുന്നു ചാലക്കുടി. കൊടുംവനങ്ങളിൽ നിന്ന് മുസിരിസ് വഴി കയറ്റിപ്പോയ മരങ്ങളെല്ലാം ചാലക്കുടിപ്പുഴയിലൂടെയാണ് ഒഴുകിയെത്തിയത്. കേരളത്തെ നടുക്കിയ 2018 ആഗസ്തിലെ പ്രളയത്തില്‍ തൃശ്ശൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം അനുഭവിക്കേണ്ടി വന്ന പ്രദേശം കൂടിയാണ് ചാലക്കുടി.

മുകുന്ദപുരത്തു നിന്ന് ചാലക്കുടിയിലേയ്ക്ക്

തൃശ്ശൂര്‍ ജില്ലയിലെ മാള, ഇരിങ്ങാലക്കുട, വടക്കേക്കര, കൊടുങ്ങല്ലൂര്‍, ചാലക്കുടി എറണാകുളം ജില്ലയിലെ അങ്കമാലി, പെരുമ്പാവൂര്‍ എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ന്ന പഴയ മുകുന്ദപുരം മണ്ഡലമാണ് ചാലക്കുടിയായത്. മാളയും ഇരിങ്ങാലക്കുടയും വടക്കേക്കരയും ഒഴിവാക്കി കൈപ്പമംഗലവും ചാലക്കുടിയും അങ്കമാലിയും ആലുവയും കുന്നത്തുനാടും ചേര്‍ന്ന് പുതിയ മണ്ഡലമായി. തൃശ്ശൂർ ജില്ലയിലെ കയ്പമംഗലം, കൊടുങ്ങല്ലൂർ, ചാലക്കുടി എന്നീ നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ ആലുവ, അങ്കമാലി, പെരുമ്പാവൂർ, കുന്നത്തുനാട് എന്നിവയും ഉൾപ്പെട്ടതാണ് ചാലക്കുടി ലോക്‌സഭാ മണ്ഡലം. കോണ്‍ഗ്രസ്സിന്റെ കോട്ടയായിരുന്നു മുകുന്ദപുരം ലോകസഭാ മണ്ഡലം. 1957ല്‍ സി.പി.ഐയുടെ നാരായണന്‍കുട്ടി മേനോനും 1980ല്‍ സി.പി.എമ്മിലെ ഇ.ബാലാനന്ദനും 1984ല്‍ കേരള കോണ്‍ഗ്രസിലെ കെ. മോഹന്‍ദാസും 2004ല്‍ സി.പി.എമ്മിലെ ലോനപ്പന്‍ നമ്പാടനുമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസല്ലാതെ മുകുന്ദപുരത്ത് വിജയം നേടിയവര്‍. 1962, 67 വര്‍ഷങ്ങളില്‍ പനമ്പിള്ളിഗോവിന്ദ മേനോന്‍, 1971, 77ല്‍ എ.സി ജോര്‍ജ്ജ്, 1989, 91ല്‍ സാവിത്രി ലക്ഷ്മണന്‍, 1996ല്‍ പി.സി ചാക്കോ, 1998ല്‍ എ.സി ജോസ്, 1999ല്‍ കെ. കരുണാകരന്‍ എന്നിവരാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് മുകുന്ദപുരത്തുനിന്ന് പാര്‍ലമെന്റിലെത്തിയത്2001ലെ സെൻസസ് അനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ നടത്തിയ മണ്ഡലം പുനഃക്രമീകരണത്തിന് ശേഷം 2009ലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി (യു.ഡി.എഫ്)യുടെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.പി ധനപാലനെയാണ് ചാലക്കുടിക്കാർ ലോക്‌സഭയിലെത്തിച്ചത്. ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽ.ഡി.എഫ്) സ്ഥാനാർത്ഥിയായ സി.പി.എമ്മിന്റെ യു.പി ജോസഫിനെയാണ് പരാജയപ്പെടുത്തിയത്. 2014ൽ കോൺഗ്രസ്സിൽ നിന്ന് എൽ.ഡി.എഫ് മണ്ഡലം പിടിച്ചെടുത്തു. എൽ.ഡി.എഫ് സ്വതന്ത്രനായി നിന്ന ചലച്ചിത്ര താരം ഇന്നസെന്റ് കോൺഗ്രസ്സിന്റെ പ്രമുഖനായ പി.സി ചാക്കോയെ പരാജയപ്പെടുത്തി. 2019ൽ മറ്റൊരു ലോക്‌സഭ തെരഞ്ഞെടുപ്പിനെ ചാലക്കുടി മണ്ഡലം നേരിടുമ്പോൾ ഇരു മുന്നണികളും ശക്തമായ പോരാട്ടം കാഴ്ചവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തിരക്കുള്ള സിനിമാ താരവും താരസംഘടനയുടെ നേതൃത്വത്തിലുള്ള ആളുമാ തിനാല്‍ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിച്ചില്ലെന്ന ആരോപണം പ്രതിപക്ഷം നടത്തുമ്പോഴും എ.പി ഫണ്ട് പൂര്‍ണ്ണമായും മണ്ഡലത്തില്‍ ചെലവഴിച്ചുവെന്ന പ്രത്യേകത നേടിയെടുക്കാന്‍ ഇന്നസെന്റിനായി. യു.ഡി.എഫിനൊപ്പം നിൽക്കുമായിരുന്നിട്ടും സ്ഥാനാർത്ഥി നിർണ്ണയത്തിലെ നേരിയ പാളിച്ച തങ്ങൾക്ക് നഷ്ടമുണ്ടാക്കിയെന്ന് യു.ഡി.എഫും ഒത്തുപിടിച്ചാൽ ചാലക്കുടിയും കിട്ടുമെന്ന് എൽ.ഡി.എഫും ഒരുപോലെ ചിന്തിക്കുന്ന ലോക്‌സഭാ മണ്ഡലമാണിത്. പറയത്തക്ക ശക്തി ഇല്ലെങ്കിലും കേരളത്തിലെ പുതിയ രാഷ്ട്രീയസാഹചര്യങ്ങളില്‍ ബി.ഡി.ജെ.എസും ബി.ജെ.പിയും ചേരുന്ന എന്‍.ഡി.എ മുന്നണി ചാലക്കുടിയില്‍ യു.ഡി.എഫിനും എല്‍.ഡി.എഫിനും വലിയ തലവേദന സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ചൂടുപിടിക്കുമ്പോൾ കഷ്ടപ്പെട്ട് നേടിയ വിജയം നഷ്ടപ്പെടുത്താതിരിക്കാനുള്ള തത്രപ്പാടിലാണ് സി.പി.എം. ഒരിക്കൽ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ കോൺഗ്രസ്സും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. കോൺഗ്രസ്സിന്റെ കുത്തകയായിരുന്ന ചാലക്കുടി മണ്ഡലം നേടിയെടുക്കാനുള്ള സി.പി.എമ്മിന്റെ തന്ത്രപരമായ നീക്കമായിരുന്നു സിനിമാ മേഖലയിലെ നിറസാന്നിദ്ധ്യമായ ഇന്നസെന്റിനെ പരീക്ഷിച്ചത്. ഏവരെയും ഞെട്ടിച്ചുക്കൊണ്ട് ഇന്നസെന്റ് ചാലക്കുടിയെ ഇടതിനോട് അടുപ്പിക്കുകയും ചെയ്തു.നഷ്ടപ്രതാപം തിരികെപിടിക്കാൻ കോൺഗ്രസ് പി.സി ചാക്കോയെ തന്നെ പരീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റ കെ.പി ധനപാലൻ വീണ്ടും യു.ഡി.എഫ് സ്ഥാനാർത്ഥിയാവും എന്നും പ്രചാരണമുണ്ട്. യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബഹന്നാൻ, തൃശൂര്‍ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപൻ എന്നിവരുടെ പേരും കേള്‍ക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ഇനിയൊരങ്കത്തിന് ഇന്നസെന്റിന് ബാല്യമില്ലെന്നാണ് ഇടതു കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി ദേശാഭിമാനി ചീഫ് എഡിറ്റർ പി.രാജീവ് ചാലക്കുടിയിൽ ജനവിധി തേടുമെന്ന അഭ്യൂഹം ഇതിനകം പരന്നിട്ടുണ്ട്. എങ്കിലും ഇടതുപക്ഷ കേന്ദ്രങ്ങൾ ഇതേക്കുറിച്ച് കൂടുതൽ വിശദമാക്കാൻ തയ്യാറായിട്ടില്ല.

Read More >>