ആളിപ്പടര്‍ന്ന് ഫ്രാന്‍സ്

ഒരു കൊടിയുടെയും നിറമില്ലെങ്കിലും ജനങ്ങള്‍ ഒറ്റക്കെട്ടായി അനീതിക്കെതിരെ തെരുവിലിറങ്ങിയാല്‍ ഏത് ഭരണകൂടവും ഒന്നു വിറക്കും. ഇന്ധന വിലവര്‍ദ്ധനയില്‍ മാറ്റം വരുത്താനുള്ള മാക്രോണിന്റെ തീരുമാനം ഫ്രഞ്ച് ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണ്. അടിച്ചേല്‍പ്പിക്കലുകള്‍ക്ക് ഇനി ഞങ്ങളെക്കിട്ടില്ലെന്ന് പ്രഖ്യാപിച്ച ഒരു ജനതയുടെ വിജയം.

ആളിപ്പടര്‍ന്ന് ഫ്രാന്‍സ്

രാജാവിന്റെ പരമാധികാരം, ഉപരിവര്‍ഗ്ഗത്തിന്റെ മാടമ്പിത്തം, കത്തോലിക്കാ പൗരോഹിത്യത്തിന്റെ പ്രത്യേകാവകാശങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഫ്രഞ്ച് ഭരണവ്യവസ്ഥയെ സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം തുടങ്ങിയ ജ്ഞാനോദയമൂല്യങ്ങളെ മുന്‍നിര്‍ത്തി മാറ്റിമറിച്ച പതിനെട്ടാം നൂറ്റാണ്ടിലെ (17891799) രാഷ്ട്രീയ-സാമൂഹിക കലാപമാണ് ഫ്രഞ്ച് വിപ്ലവം. രാജാവിനെ വിചാരണചെയ്ത് വധശിക്ഷയ്ക്ക് വിധേയമാക്കിയത് വിപ്ലവത്തിലെ ഒരു നിര്‍ണ്ണായക സംഭവമായിരുന്നു. വ്യാപകമായ രക്തച്ചൊരിച്ചില്‍, അടിച്ചമര്‍ത്തല്‍ ഭീകരവാഴ്ച, ഏതാണ്ട് എല്ലാ യൂറോപ്യന്‍ ശക്തികളും കൈകടത്തിയ ആഭ്യന്തര യുദ്ധങ്ങള്‍ എന്നിവയിലൂടെ കടന്നുപോയ വിപ്ലവം, നെപ്പോളിയന്റെ സമഗ്രാധിപത്യത്തിലാണ് കലാശിച്ചത്. വിപ്ലവത്തിനുശേഷമുണ്ടായ നെപ്പോളിയന്റെ യുദ്ധങ്ങള്‍, അദ്ദേഹത്തിന്റെ പതനത്തെ തുടര്‍ന്നുവന്ന രണ്ടു രാജഭരണപുനഃസ്ഥാപനങ്ങള്‍, പില്‍ക്കാലത്തെ രണ്ടു വിപ്ലവങ്ങള്‍ എന്നിവ ചേര്‍ന്നാണ് ഇന്നത്തെ ഫ്രാന്‍സിനെ രൂപപ്പെടുത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫ്രാന്‍സില്‍ നടക്കുന്ന സംഭവങ്ങള്‍ മറ്റൊരു വിപ്ലവമായി കണക്കാക്കാം.

രാഷ്ട്രീയ ലാഭത്തിനുവേണ്ടി രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ പോലെ അത്ര നിസ്സാരമായി കാണരുത് ജനരോഷങ്ങളെ എന്നു തെളിയിക്കുകയാണ് ഫ്രഞ്ച് ജനത. മുന്നറിയിപ്പും താക്കീതും ഫ്രഞ്ച് ഭരണകൂടത്തിനു മാത്രമല്ല, ലോകത്തെ മുഴുവന്‍ അധികാര വര്‍ഗ്ഗങ്ങള്‍ക്കുമാണ്. ഭരണകര്‍ത്താക്കള്‍ പറയുന്നതെന്തും അനുസരിക്കാന്‍ ഇത് അക്ഷരാഭ്യാസമില്ലാത്ത, പ്രതികരണ ശേഷിയില്ലാത്ത, ചിന്താശേഷിയില്ലാത്ത ജനതയല്ല. അധികാരികളേക്കാള്‍ കൂടുതല്‍ അറിവും വിദ്യാഭ്യാസവുമുള്ള പുതിയ തലമുറയാണ്. കുറച്ചു ദിവസങ്ങളായി ഇത് ഫ്രഞ്ച് ഭരണകൂടത്തിന് മനസ്സിലാക്കി കൊടുക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍.

ഫ്രാന്‍സ്വ ഒളാന്ദ് മന്ത്രിസഭയില്‍ നിന്ന് പുറത്തുവന്ന് പുതിയ പാര്‍ട്ടിയുണ്ടാക്കി 2016ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം വിപ്ലവത്തെക്കുറിച്ച് പുസ്തകം വരെ എഴുതിയ വ്യക്തിയാണ് ഇമ്മാനുവല്‍ മാക്രോണ്‍. 'റവല്യൂഷന്‍' എന്നാണ് മാക്രോണിന്റെ പുസ്തകത്തിന്റെ പേര്. നിലവിലെ സ്ഥിതിവിശേഷത്തില്‍ നിന്ന് വിപ്ലവാത്മകമായ മാറ്റം വരുന്നതിനെപ്പറ്റി വാചാലനായ മാക്രോണ്‍ പക്ഷേ, അധികാരത്തില്‍ വന്നതിന് ശേഷം സംഭവിച്ചത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ്. അതുകൊണ്ടു തന്നെയാണ് ഫ്രഞ്ച് ജനത രോഷംപൂണ്ട് തെരുവിലിറങ്ങിയതും സര്‍ക്കാരിന്റെ ഉറക്കം കെടുത്തിയതും.

ഇന്ധനവില കുത്തനെ കൂട്ടിയ മാക്രോണിന്റെ നടപടിക്കെതിരെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭമാണ് ഇന്ന് ഫ്രാന്‍സിലെ തെരുവീഥികളെ കലുഷമാക്കുന്നത്. ഇന്ത്യക്കാരെ സംബന്ധിച്ച് ഇന്ധന വിലക്കയറ്റം ഒന്നോ രണ്ടോ വാക്കില്‍ ഒതുങ്ങുന്ന പ്രതിഷേധമാണ്. എന്നാല്‍ ഫ്രഞ്ച് ജനതക്ക് അങ്ങനെയല്ല. സാധാരണക്കാരന്റെ കീശ കാലിയാക്കുന്ന അധികാരികള്‍ക്കെതിരെ അവര്‍ ശക്തമായി പ്രതികരിച്ചു, പ്രക്ഷോഭം നടത്തി. ഒന്നും രണ്ടും ദിവസമല്ല 19 ദിവസമായി ഫ്രഞ്ച് ജനത പ്രക്ഷോഭം നടത്തുകയാണ്. നവംബര്‍ 17നാണ് ഇന്ധനവിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം തെരുവിലേക്കിറങ്ങിയത്. തുടക്കത്തില്‍ സമാധാനപരമായി നടന്ന പ്രതിഷേധം ദിവസങ്ങള്‍ കഴിഞ്ഞതോടെ അക്രമാസക്തമാകാന്‍ തുടങ്ങി. നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും പ്രതിഷേധക്കാര്‍ തീകൊളുത്തി. പല സ്ഥലങ്ങളിലും സുരക്ഷാസേനയുമായി ഏറ്റുമുട്ടലുണ്ടായി. മദ്ധ്യ പാരിസില്‍ നടന്ന ഏറ്റമുട്ടലില്‍ 133 പേര്‍ക്കു പരിക്കേറ്റു. ഇതില്‍ 23 പേര്‍ സൈനികരാണ്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 412 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

ഈ വര്‍ഷം മാത്രം 14 ശതമാനമാണ് മാക്രോണ്‍ സര്‍ക്കാര്‍ ഇന്ധനവില വര്‍ദ്ധിപ്പിച്ചത്. പരിസ്ഥിതി സംരക്ഷണത്തിനായാണ് നടപടിയെന്നാണ് മാക്രോണിന്റെ വാദം. ഒരു ശരാശരി ഫ്രഞ്ചുകാരന് മാസത്തില്‍ കിട്ടുന്ന വേതനം 1200 യൂറോയാണ്. ഇതില്‍ 200 മുതല്‍ 300 യൂറോ വരെ ഗതാഗതത്തിനായി ചെലവഴിക്കേണ്ടി വരുന്നുണ്ട്. ബാക്കി വരുന്ന തുകകൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കാതെ വന്നതോടെയാണ് ജനങ്ങള്‍ സ്വയം പ്രക്ഷോഭം ആരംഭിച്ചത്. മഞ്ഞക്കുപ്പായമണിഞ്ഞാണ് പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയത്. ഫ്രാന്‍സില്‍ വാഹനം ഓടിക്കുന്നവര്‍ പെട്ടെന്നു കാണുന്ന തരത്തിലുള്ള നിറങ്ങളുള്ള വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് നിയമം. അതുകൊണ്ടാവാം മഞ്ഞ നിറം പ്രതിഷേധത്തിന് തിരഞ്ഞെടുക്കാന്‍ കാരണം.

ഇന്ധന വിലവര്‍ദ്ധനക്കെതിരെയാണ് തെരുവിലിറങ്ങിയതെങ്കിലും ഉയര്‍ന്ന പെന്‍ഷന്‍, വേതന വര്‍ദ്ധന, ചില നികുതികള്‍ റദ്ദാക്കല്‍, സ്ഥലസ്വത്ത് നികുതി പുനഃസ്ഥാപിക്കല്‍, പരമാവധി ശമ്പളം ഉറപ്പാക്കുന്ന നിയമം കൊണ്ടുവരിക, ദേശീയ അസംബ്ലി പിരിച്ചുവിട്ട് പ്രസിഡന്റ് മാക്രോണിനെ പുറത്താക്കുക, ജനങ്ങളുടെ അസംബ്ലി സ്ഥാപിക്കുക എന്നിവയ്ക്ക് വേണ്ടിയുള്ള മുറവിളികളും ഇപ്പോള്‍ ഉയര്‍ന്നുവരുന്നുണ്ട്. ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയോ ഒരു നേതൃത്വമോ ഈ പ്രക്ഷോഭത്തിന് ഇല്ലെന്നുള്ളതാണ് ശ്രദ്ധേയമായ കാര്യം. വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മഞ്ഞക്കുപ്പായക്കാര്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്ത് രംഗത്തെത്തിയെങ്കിലും ഇവയെല്ലാം പ്രതിഷേധക്കാര്‍ നിരസിക്കുകയാണ് ചെയ്തത്. എന്നാല്‍ തീവ്ര വലതുപക്ഷവും തീവ്ര ഇടതുപക്ഷവും പ്രക്ഷോഭത്തിന് പിന്തുണ നല്‍കുന്നുണ്ടെന്നാണ് മാക്രോണിന്റെ വാദം.

ജനങ്ങള്‍ കൈവിട്ട പ്രസിഡന്റ്

2017 മെയിലാണ് മാക്രോണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ജനപ്രിയത,ദേശീയത എന്നിവയ്ക്കെതിരെ പോരാട്ടം നയിക്കുന്ന പുരോഗമന നേതാവാണ് താനെന്നാണ് ലോകത്തിനു മുന്നില്‍ മാക്രോണ്‍ സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ സ്വന്തം രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിലും പരിഹാരം കാണുന്നതിലും മാക്രോണിന് വീഴ്ചപറ്റി. ഭൂരിഭാഗം ജനങ്ങളും മാക്രോണിന്റെ ഭരണത്തില്‍ അസംതൃപ്തരാണ്.

സാധാരണക്കാരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് അവര്‍ ആരോപിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ആദ്യം മുന്നോട്ട് വന്ന ചുരുക്കം ചിലരില്‍ ഒരാളായിരുന്നു മാക്രോണ്‍. എന്നാല്‍ അധികാരം വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതില്‍ മാക്രോണിന് അടിതെറ്റി. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഫ്രഞ്ച് പരിസ്ഥിതി വകുപ്പ് മന്ത്രി രാജിവയ്ക്കുന്ന സ്ഥിതിവരെ ഉണ്ടായി. മാക്രോണിനെ സംബന്ധിച്ച് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന പ്രശ്നങ്ങള്‍ ഗൗരവമേറിയതാണ്. കാരണം, കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഭരണകൂടത്തോടും രാഷ്ട്രീയ പാര്‍ട്ടികളോടുമുള്ള ജനങ്ങളുടെ വെറുപ്പിനും അകല്‍ച്ചക്കും മാറ്റം വന്നിട്ടില്ലെന്നതുതന്നെ. സമ്പന്നരുടെ പ്രസിഡന്റാണ് മാക്രോണ്‍ എന്നാണ് ജനങ്ങളുടെ ആരോപണം. ഇതിന് നിരവധി ഉദാഹരണങ്ങളും ഇവര്‍ നിരത്തുന്നുണ്ട്. മാക്രോണ്‍ അധികാരമേറ്റ ശേഷം ആദ്യം ചെയ്തത് സമ്പന്നരെ ബാധിക്കുന്ന സ്വത്ത് നികുതി ഒഴിവാക്കുകയായിരുന്നു. കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറക്കാനും മാക്രോണ്‍ തയ്യാറായി. അധികാരത്തില്‍ വന്നതിനു ശേഷമുള്ള ഒന്നര വര്‍ഷത്തിനിടക്ക് 5500 കോടി യൂറോയുടെ ഇളവുകള്‍ സമ്പന്ന വിഭാഗത്തിനു നല്‍കിയെന്നാണ് റിപ്പോര്‍ട്ട്. അതോടൊപ്പം തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്ന തൊഴില്‍ കോഡ് മുതലാളിക്ക് അനുകൂലമാക്കി മാറ്റി. പെന്‍ഷന്‍ ഫണ്ടിലേക്കുള്ള ജീവനക്കാരുടെയും മറ്റും തുക വര്‍ദ്ധിപ്പിക്കുകയും കരാര്‍ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യം നല്‍കുന്നതു റദ്ദാക്കുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി ജനവിരുദ്ധ നടപടികളാണ് മാക്രോണിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്.

അടിയന്തരാവസ്ഥയെന്ന ഭീഷണി

പ്രക്ഷോഭം ശക്തമായതോടെ മാക്രോണ്‍ സര്‍ക്കാര്‍ പ്രയോഗിച്ച ആയുധമാണ് അടിയന്തരാവസ്ഥ. പ്രതിഷേധം തുടര്‍ന്നാല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുമെന്നായിരുന്നു മാക്രോണിന്റെ ഭീഷണി. എന്നാല്‍ ഈ ഭീഷണിക്കൊന്നും ജനങ്ങളെ പിന്തിരിപ്പിക്കാനായില്ല. ഒടുവില്‍ ചര്‍ച്ചയ്ക്കു വിളിക്കാമെന്നായി സര്‍ക്കാര്‍. പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തണമെന്ന് പ്രധാനമന്ത്രി എഡ്വാര്‍ഡ് ഫിലിപ്പിനോട് മാക്രോണ്‍ ആവശ്യപ്പെട്ടു. ഭീഷണിയും ദാര്‍ഷ്ട്യവും ജനങ്ങളുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വിലപ്പോകില്ലെന്ന തിരിച്ചറിവാണ് മാക്രോണിനെ ചര്‍ച്ചയെന്ന മൃദുസമീപനത്തിലേക്ക് എത്തിച്ചത്.

ഒടുക്കം ഇന്ധന നികുതി വര്‍ദ്ധിപ്പിക്കുന്നത് താല്‍ക്കാലികമായി പിന്‍വലിക്കുമെന്ന് ഭരണകൂടം പറഞ്ഞു. ഇന്ധന നികുതി വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ആറുമാസത്തേക്ക് റദ്ദാക്കുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാഡ് ഫിലിപ്പാണ് അറിയിച്ചത്. ജനങ്ങളുടെ രോഷം കണക്കിലെടുക്കേണ്ടതുണ്ടെന്നും വിലവര്‍ദ്ധന ബാധിച്ച ജനങ്ങളുമായി നേരിട്ടുള്ള സംവാദം സാദ്ധ്യമാകുന്നതുവരെ നികുതിവര്‍ദ്ധന നടപ്പില്‍വരുത്തില്ലെന്നും അദ്ദേഹത്തിനു പറയേണ്ടിവന്നു.

'ജനങ്ങളുടെ പ്രതിഷേധം കാണാതെയും കേള്‍ക്കാതെയുമിരിക്കണമെങ്കില്‍ തങ്ങള്‍ അന്ധരോ ബധിരരോ ആയിരിക്കണം. നികുതികുറയ്ക്കാനും ന്യായമായ കൂലി ലഭിക്കാനുമാണ് ജനങ്ങള്‍ മഞ്ഞക്കുപ്പായമണിഞ്ഞ് തെരുവിലിറങ്ങിയത്. സര്‍ക്കാരും അതുതന്നെയാണ് ആഗ്രഹിക്കുന്നത്. ഒരു നികുതിക്കും രാജ്യത്തിന്റെ ഐക്യത്തെ അട്ടിമറിക്കാനാവില്ല'-ഫിലിപ്പ് പറഞ്ഞു. ഇന്ധനനികുതി കൂടാതെ വൈദ്യുതി, ഗ്യാസ് വിലവര്‍ദ്ധനയും വാഹനപുകനിയന്ത്രണങ്ങളും റദ്ദാക്കുന്നതായും ഫിലിപ്പ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇക്കാര്യത്തില്‍ ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍ പ്രതികരിച്ചിട്ടില്ല. ഒരു കൊടിയുടെയും നിറമില്ലെങ്കിലും ജനങ്ങള്‍ ഒറ്റക്കെട്ടായി അനീതിക്കെതിരെ തെരുവിലിറങ്ങിയാല്‍ ഏത് ഭരണകൂടവും ഒന്നു വിറക്കും. ഇന്ധന വിലവര്‍ദ്ധനയില്‍ മാറ്റം വരുത്താനുള്ള മാക്രോണിന്റെ തീരുമാനം ഫ്രഞ്ച് ജനതയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ വിജയമാണ്. അടിച്ചേല്‍പ്പിക്കലുകള്‍ക്ക് ഇനി ഞങ്ങളെക്കിട്ടില്ലെന്ന് പ്രഖ്യാപിച്ച ഒരു ജനതയുടെ വിജയം.

Read More >>