മെര്‍ക്കലില്ലാത്ത ജര്‍മനി

നേതൃമാറ്റമെന്ന പൊടിക്കൈയിലൂടെ അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി തിരിച്ചുവരുമെന്നാണ് മെർക്കലിന്റെ പ്രതീക്ഷ. എന്നാൽ, 'മറ്റൊരു മെർക്കൽ' എന്ന വിമർശനത്തെ മറികടക്കാനുള്ള ഒരുക്കത്തിലാണ് കാരൻബവർ.

മെര്‍ക്കലില്ലാത്ത ജര്‍മനി

ജർമനി ഭരിക്കുന്ന ക്രിസ്ത്യൻ ഡെമോക്രാറ്റിക് യൂണിയന്(സി.ഡി.യു) നീണ്ട 18 വർഷങ്ങൾക്കു ശേഷം ഒരു പുതിയ നേതാവിനെ കിട്ടുന്നു. ലോകത്തെ ഏറ്റവും പ്രബലരായ വനിതകളിലൊരാളെന്ന വിശേഷണത്തിന് അർഹയായ ജർമൻ ചാൻസലർ ആഞ്ചല മെർക്കൽ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചത് സാർലാൻഡിലെ ആദ്യ വനിതാ പ്രധാനമന്ത്രിയായ ആനഗ്രെറ്റ് ക്രെംപ് കാരൻബവറിനെയാണ്. ഹാരൻബർഗിൽ നടന്ന പ്രതിനിധി സമ്മേളനത്തിനൊടുവിലാണ് മെർക്കൽ തന്റെ പിൻഗാമിയായി കാരൻബവറിനെ പ്രഖ്യാപിച്ചത്. മെർക്കലിന്റെ വിശ്വസ്തയാണ് 66കാരിയായ കാരൻബവർ. വരുന്ന ഒക്ടോബറിൽ ആഞ്ചല മെർക്കൽ ഔദ്യോഗിക രാഷ്ട്രീത്തിൽ നിന്നു വിരമിക്കൽ പ്രഖ്യാപിക്കുന്നതോടെ കാരൻബവർ ജർമൻ ചാൻസലറാകുമെന്നാണ് സൂചന. മെർക്കലിന്റെ നിത്യശത്രുവായ ഫ്രെഡ്രിച്ച് മെൻസിനെ തോൽപ്പിച്ചാണ് കാരൻബവർ എത്തുന്നത്. എന്നാൽ വിജയശതമാനം നേരിയതാണ് എന്നുള്ളതുകൊണ്ട് തന്നെ പാർട്ടി അണികൾക്ക് വലിയൊരു ശുഭപ്രതീക്ഷയൊന്നും ഈ സ്ഥാനാരോഹണം നൽകുന്നില്ല. 999 വോട്ടിൽ 517 വോട്ടാണ് മെർക്കൽ പക്ഷത്തിന് ലഭിച്ചത്.

പടിഞ്ഞാറൻ ജർമനിയിലെ സാർലാൻഡിലാണ് കാരൻബവറിന്റെ ജനനം. വിദ്യാഭ്യാസത്തിനുശേഷം സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായി. കാരൻബവറിന്റെ രാഷ്ട്രീയ നിലപാടുകൾ പലതും മെർക്കലിന്റേതിന് സമാനമാണ്. മെർക്കലിന്റെ വിവാദ അഭയാർത്ഥി നയം, ലിബറൽ സ്ത്രീവാദം, തൊഴിൽ വേതനം ഉറപ്പാക്കൽ എന്നിവയിൽ മെർക്കലിന്റേതിന് സമാനമാണ് കാരൻബവറിന്റെ നിലപാട്. എന്നാൽ സ്വവർഗ്ഗ ദമ്പതികൾക്ക് ദത്തെടുക്കൽ അവകാശം നൽകിയതിനെ ഇവർ വിമർശിച്ചിരുന്നു.

സോഷ്യൽ ഡെമോക്രാറ്റുകളുമായി കൂട്ടുചേരാനുള്ള തീരുമാനമടക്കമുള്ള കാരണങ്ങളാണ് മെർക്കലിന്റെ രാജിവയ്ക്കണമെന്ന ആവശ്യത്തിലെത്തിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടതും സ്ഥാനകൈമാറ്റത്തിന് കാരണമാണ്. നേതൃമാറ്റമെന്ന പൊടിക്കൈയിലൂടെ അടുത്തവർഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി തിരിച്ചുവരുമെന്നാണ് മെർക്കലിന്റെ പ്രതീക്ഷ. എന്നാൽ, 'മറ്റൊരു മെർക്കൽ' എന്ന വിമർശനത്തെ മറികടക്കാനുള്ള ഒരുക്കത്തിലാണ് കാരൻബവർ.

ഒരു പത്രം കൂടി 'കൊല്ലപ്പെട്ടു'

മാദ്ധ്യമപ്രവർത്തനം എന്നും വെല്ലുവിളികൾ നിറഞ്ഞതാണ്. എതിർസ്വരങ്ങളെ ഇല്ലാതാക്കുന്ന ഭരണകൂടങ്ങൾ ഉള്ളിടത്തോളം ഇതിനൊരു മാറ്റം വരാൻ സാധ്യതയില്ല. വിമർശനമുന്നയിച്ചതിന്റെ പേരിൽ ഭരണകൂടത്തിന്റെ ഇരയായ മാദ്ധ്യമപ്രവർത്തകരിൽ അവസാനത്തെയാളാണ് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ കൊല്ലപ്പെട്ട ജമാൽ ഖഷോഗി. ഇതിന് പിന്നാലെ ഒരു പത്രസ്ഥാപനം തന്നെ അടച്ചുപൂട്ടുന്നു. വെനസ്വേലയിലെ ഏറ്റവും വലിയ സ്വതന്ത്ര ദിനപത്രം 'എൽ നാഷണൽ' ആണ് ഭരണകൂടത്തിന്റെ സമ്മർദ്ദത്തിനു വഴങ്ങി അടച്ചുപൂട്ടിയത്. ഡിസംബർ 14നാണ് പത്രം അവസാനമായി പുറത്തിറങ്ങിയത്. മിഗുവേൻ ഹെന്റിഖ് ഓട്ടേറോയാണ് പത്രത്തിന്റെ ഉടമയും എഡിറ്ററും. പ്രസിഡന്റ് നിക്കോളാസ് മഡൂറോ സർക്കാറിന്റെ സമീപനമാണ് പത്രം അടച്ചുപൂട്ടാൻ നിർബന്ധിതമാക്കിയത്.


ഡിസംബർ 14നു ശേഷം പത്രം ഓൺലൈനിൽ മാത്രമേ കിട്ടൂവെന്ന് ഒാട്ടേറോ പത്രത്തിൽ പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ പറഞ്ഞു. പത്രം പ്രിന്റ് ചെയ്യാനുള്ള ന്യൂസ്പ്രിന്റ് വാങ്ങാൻ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ഇതിനു കാരണമായി അദ്ദേഹം പറഞ്ഞത്. 1643ലാണ് എൽ നാഷണൽ പ്രവർത്തനം ആരംഭിച്ചത്. രാഷ്ട്രീയ കാര്യങ്ങൾക്ക് പ്രാമുഖ്യം നൽകിയ പത്രം നിക്കോളാസ് മഡൂറോ സർക്കാരിനെതിരെ നിരന്തരം വിമർശനമുന്നയിച്ചു. സർക്കാർ സമ്മർദ്ദത്തിനുവഴങ്ങി 20ഓളം പ്രസിദ്ധീകരണങ്ങളാണ് വെനസ്വേലയിൽ ഇതുവരെ പ്രവർത്തനം അവസാനിപ്പിച്ചത്. വിമർശ്ശകരെ നിശബ്ദരാക്കുന്ന ഭരണകൂടത്തിന്റെ അടിച്ചമർത്തൽ നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എൽ നാഷണൽ. ഒരു പക്ഷേ ഇനിയും ഇതുപോലുള്ള നിരവധി മാദ്ധ്യമ കൊലപാതകങ്ങൾ നടന്നേക്കാം.

2018 ലെ ആദ്യ 11 മാസം ലോകമാകെ കൊല്ലപ്പെട്ടത് 80 മാദ്ധ്യമപ്രവർത്തകരാണ്. കഴിഞ്ഞ വർഷത്തെക്കാൾ 8% കൂടുതലാണിത്. പാരിസ് ആസ്ഥാനമായുള്ള റിപ്പോർട്ടേഴ്‌സ് വിത്തൗട്ട് ബോർഡേഴ്‌സിന്റെ കണക്കുകൾ പ്രകാരമാണിത്. ന്യൂയോർക്കിലെ കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് എന്ന സന്നദ്ധ സംഘടനയുടെ കണക്കുപ്രകാരം 53 പേർ ജോലി ചെയ്യവേ കൊല്ലപ്പെട്ടവരാണ്. അതിൽ തന്നെ 34 പേരെ അവർ ചെയ്ത വാർത്തകളുടെ പേരിൽ തിരഞ്ഞുപിടിച്ചു വധിക്കുകയായിരുന്നു. യുദ്ധത്തിലും സംഘർഷങ്ങളിലും പെട്ടു കൊല്ലപ്പെടുന്ന പത്രപ്രവർത്തകരുടെ എണ്ണത്തെക്കാൾ കൂടുതലാണ് വാർത്തകളുടെ പേരിൽ കൊല്ലപ്പെടുന്നവർ. ഇന്ത്യയിൽ, കശ്മീരിൽ ഭീകരർ വധിച്ച എഡിറ്റർ ഷുജാത് ബുഖാരി അടക്കം ആറ് മാദ്ധ്യമപ്രവർത്തകരാണ് ഈ വർഷം ഇതുവരെ കൊല്ലപ്പെട്ടത്.

അഫ്ഗാനിസ്ഥാൻ 15 മാദ്ധ്യമപ്രവർത്തകർ ഈ വർഷം കൊല്ലപ്പെട്ടു. സിറിയയിൽ 11, മെക്‌സിക്കോയിൽ ഒമ്പത്, ഇന്ത്യയിലും യു.എസ്സിലും ആറ് എന്നിങ്ങനെയാണ് കണക്ക്. നിക്കരാഗ്വ, ഫലസ്തീൻ, മെക്സിക്കോ,സാംബിയ യ, സുഡാൻ തുടങ്ങി ലോകത്തിലെ വിവിധ രാജ്യങ്ങളിൽ അറസ്റ്റും മർദ്ദനവും റെയ്‌ഡും മറ്റുമായി മാദ്ധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ ഭരണകൂടങ്ങളും ക്രിമിനൽ മാഫിയ സംഘങ്ങളും നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ വാർത്തകൾ പുറത്തുവരുന്നുണ്ട്.

ഒരു ജനതയെ മുഴുവൻ ഭരണകൂടത്തിനെതിരെ തിരിക്കാൻ മാദ്ധ്യമപ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും കഴിയുമെന്ന് ഭരണകൂടങ്ങൾ ഭയപ്പെടുന്നു. അല്ലെങ്കിൽ തങ്ങളുടെ രാഷ്ട്രീയ-കച്ചവട താൽപ്പര്യങ്ങളെ മാദ്ധ്യമങ്ങളുടെ നിലപാട് ഹനിക്കുമെന്ന് അധോലോക സംഘങ്ങളോ ഭീകരവാദ സംഘടനകളോ കരുതുന്നു. അപ്പോൾ സ്വാഭാവികമായും തങ്ങളുടെ ചെയ്തികൾ പുറത്തുകൊണ്ടു വരുന്ന മാദ്ധ്യമങ്ങളെ, മാദ്ധ്യമപ്രവർത്തകരെ നിശ്ശബ്ദമാക്കാൻ അവർ ഒരുമ്പെടുന്നു. ഒരാളെ കൊന്നതുകൊണ്ടോ ഒരു പത്രസ്ഥാപനം അടച്ചുപൂട്ടിയതുകൊണ്ടോ ജനങ്ങളുടെ അറിയാനും പ്രതികരിക്കാനുമുള്ള അവകാശത്തെ നിഷേധിക്കാനാവില്ലെന്ന് എപ്പോഴാണ് നമ്മുടെ ഭരണാധികാരികൾ തിരിച്ചറിയുക.

റൊട്ടിയ്ക്കു വേണ്ടി പ്രക്ഷോഭം

ഇന്ധന വില കൂട്ടിയതിനെതിരെ ഫ്രാൻസിലെ തെരുവിൽ അണപൊട്ടിയ പ്രതിഷേധം ഇതുവരെ അടങ്ങിയിട്ടില്ല. ഇമ്മാനുവൽ മാക്രോൺ എന്ന പ്രസിഡന്റിനെ മുട്ടുകുത്തിച്ചിട്ടും തുടരുന്ന പ്രതിഷേധം ഓരോ ഭരണാധികാരികൾക്കും പാഠമാണ്. നിങ്ങൾ നടത്തുന്ന അസത്യപ്രചാരണങ്ങൾക്കെതിരെ ഒരു ജനത എന്നും കണ്ണും കാതും കൂർപ്പിച്ചിരിക്കുന്നുണ്ടെന്ന മുന്നറിയിപ്പാണ് ഇത്. ഫ്രാൻസിൽ മാക്രോണിന്റെ പരിഷ്‌ക്കാര നടപടികൾക്കെതിരെ പ്രക്ഷോഭം തുടരുന്നതിനിടയ്ക്കാണ് സുഡാനും സമാനസാഹചര്യത്തിലേക്കു കടന്നത്. റൊട്ടിയ്ക്ക് വിലകൂട്ടിയ അധികാരികൾക്കെതിരെ തുടങ്ങിയ പ്രതിഷേധം അഞ്ചാംദിനം പിന്നിട്ടു. ഇതുവരെ 12 പേരാണ് പ്രതിഷേധത്തെതുടർന്നുണ്ടായ വെടിവയ്പിലും മറ്റുമായി കൊല്ലപ്പെട്ടത്.


ഭക്ഷണത്തിനും ഇന്ധനവിലയിലും ഉണ്ടായ വർദ്ധനയാണ് സുഡാൻകാ രെ പ്രതിഷേധത്തിലേക്ക് എത്തിച്ചത്. സാധാരണ ജനങ്ങളെ ദുരിതത്തിലാഴ്ത്തിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് ഭക്ഷണ സാധനങ്ങൾക്ക് ഉൾപ്പെടെ സുഡാനിൽ വിലവർദ്ധിപ്പിച്ചത്. പ്രസിഡന്റ് ഒമർ ഹസ്സന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അഞ്ച് ദിവസം പിന്നിടുന്നതോട അക്രമാസക്തമായി മാറുകയാണ്.

സാമ്പത്തിക പ്രശ്‌നങ്ങളോടൊപ്പം മൂന്ന് ദശാബ്ദകാലമായി തുടരുന്ന പ്രസിഡന്റ് ഒമർ ഹസൻ അൽ ബാഷിറിന്റെ ഭരണത്തിന് എതിരെയും ജനങ്ങൾ പ്രതിഷേധിക്കുന്നുണ്ട്. സുഡാനി പൗരൻമാരുടെ സാധാരണ ഭക്ഷണമായ റൊട്ടിയുടെ വില ഒരു പൗണ്ടിൽ നിന്നും മൂന്ന് പൗണ്ടാക്കി ഉയർത്തിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സുഡാനിൽ ഭക്ഷണ പദാർഥങ്ങളുടെ വില ഉയർന്നത് പട്ടിണിക്ക് കാരണമായിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിഷേധത്തിന്റെ ഭാഗമായി ഭരണ പാർട്ടിയുടെ ആസ്ഥാനം പ്രക്ഷോഭകാരികൾ തീയിട്ടു നശിപ്പിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്ത് സുഡാൻ തലസ്ഥാന നഗരമായ അത്ബാരയിലുൾപ്പെടെ നിരോധനാജ്ഞ തുടരുകയാണ്. ഭരണത്തിലേറ്റാൻ മാത്രമല്ല ഭരണം ജനനന്മയ്ക്കു വേണ്ടിയല്ലെങ്കിൽ അവരെ താഴെയിറക്കാനും വേണ്ടിവന്നാൽ ഭരണം എങ്ങനെ നടത്തണമെന്ന് പഠിപ്പിക്കാനും ത്രാണിയുള്ള ജനതയാണ് ഇന്ന് ലോകത്തുള്ളത് എന്ന് വ്യക്തമാക്കുകയാണ് ഓരോ പ്രതിഷേധങ്ങളും. ജനങ്ങൾ ഒറ്റക്കെട്ടായി തെരുവിലിറങ്ങിയാൽ മുട്ടുമടക്കാതിരിക്കാൻ ഒരു ഭരണകർത്താവിനും സാധിക്കില്ല.

Read More >>