ക്യാമറക്കു മുന്നിലെ മോദിധ്യാനം

മലയിടുക്കുകളിലെ സ്വാഭാവിക ഗുഹയല്ല ഇത്. ബെഡ്‌റൂം, ഭക്ഷണസ്ഥലം, ആധുനിക ടോയ്‌ലറ്റ് സംവിധാനങ്ങളുള്ള ഗുഹയാണിത്. വൈദ്യുതി കണക്ഷനും ഉള്‍വശം ചൂടുപിടിപ്പിക്കാനുള്ള ഹീറ്റര്‍, ഫോണ്‍ എന്നിവയും ഗുഹയ്ക്കകത്തുണ്ടായിരുന്നു. ബി.ജെ.പി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൊന്നില്‍ ഗുഹയിലെ തേച്ച ചുമരില്‍ പിടിപ്പിച്ച ഹാങ്കറും കാണാം.

ക്യാമറക്കു മുന്നിലെ മോദിധ്യാനം

ഇന്ന് ബുദ്ധപൂര്‍ണ്ണിമയാണ്. സിദ്ധാര്‍ദ്ധ ഗൗതമന് ധ്യാനത്തിലൂടെ ബോധോദയമുണ്ടാകുകയും പിന്നീട് അദ്ദേഹം ബുദ്ധനാകുകയും ചെയ്ത ദിനം. ഇതേദിനത്തിലാണ് ബദ്രിനാഥിലെ രുദ്രഗുഹയില്‍ അരദിനം ധ്യാനത്തിലിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തെത്തുന്നത്. കാവിപ്പുതപ്പു ധരിച്ചു ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രിയുടെ ചിത്രം ചുരുങ്ങിയ നേരം കൊണ്ടാണ് സാമൂഹിക മാദ്ധ്യമങ്ങളില്‍ വൈറലായത്.

പ്രകടനപരത ആത്മാവു ചോര്‍ത്തിക്കളഞ്ഞ ഒരു അഭ്യാസം എന്ന നിലയിലാണ് ആ ചിത്രം വാര്‍ത്തകളില്‍ ഇടംപിടിച്ചത്. മാദ്ധ്യമങ്ങളുടെ അകമ്പടിയോടെയാണ് മോദി ധ്യാനത്തിനെത്തിയത്. ചിത്രം ബി.ജെ.പിയുടെ ഔദ്യോഗിക സാമൂഹിക മാദ്ധ്യമങ്ങള്‍ വഴി പുറത്തുവിടുകയാണ് ആദ്യം ചെയ്തത്. തൂവെള്ള മെത്തയില്‍ ഇരുന്ന് പിന്‍ഭാഗത്ത് തലയണവെച്ചായിരുന്നു പ്രധാനമന്ത്രിയുടെ ധ്യാനം. കണ്ണടച്ചു പിടിച്ചിരുന്നെങ്കിലും കണ്ണട അഴിച്ചുവെച്ചിരുന്നില്ല. രാത്രി മുഴുവന്‍ പ്രധാനമന്ത്രി ഈ കണ്ണട ധരിച്ചു തന്നെ ധ്യാനത്തിനിരിക്കുമോ എന്നായിരുന്നു ട്വിറ്ററിലെ ഒരു ചോദ്യം. മലയിടുക്കുകളിലെ സ്വാഭാവിക ഗുഹയല്ല ഇത്. ബെഡ്‌റൂം, ഭക്ഷണസ്ഥലം, ആധുനിക ടോയ്‌ലറ്റ് സംവിധാനങ്ങളുള്ള ഗുഹയാണിത്. വൈദ്യുതി കണക്ഷനും ഉള്‍വശം ചൂടുപിടിപ്പിക്കാനുള്ള ഹീറ്റര്‍, ഫോണ്‍ എന്നിവയും ഗുഹയ്ക്കകത്തുണ്ടായിരുന്നു. ബി.ജെ.പി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളിലൊന്നില്‍ ഗുഹയിലെ തേച്ച ചുമരില്‍ പിടിപ്പിച്ച ഹാങ്കറും കാണാം. ധ്യാനം കഴിഞ്ഞു വന്ന മോദി രാജ്യത്തെ ജനങ്ങളുടെ ശാന്തിക്കും സമാധാനത്തിനുമായി ദൈവത്തോട് പ്രാര്‍ത്ഥിച്ചെന്ന് മാദ്ധ്യമങ്ങളോട് പറഞ്ഞു.

വാരാണസിയിലെ തെരഞ്ഞെടുപ്പിന്റെ ഒരു ദിവസം മുമ്പ് ഉടലാകെ ഹൈന്ദവ ആടയാഭരണങ്ങളുമായി ശിവന്റെ അമ്പലത്തില്‍ തൊഴാന്‍ പോയ നരേന്ദ്രമോദിയുടെ ഉദ്ദേശ്യം ഏതായാലും നിരുപദ്രവകരമല്ല. പുരാണവും വിശ്വാസവും കൂടിക്കുഴഞ്ഞു കിടക്കുന്ന വാരാണസിയിലെ ജനതയോട് ഇതിലും നല്ല ആവിഷ്‌കാരം നടത്താനില്ലെന്ന് മോദിക്ക് നന്നായി അറിയാം.

നമ്മള്‍, ഓസ്‌ട്രേലിയയെ കണ്ടുപഠിക്കണം

ഇന്ത്യയില്‍ ഏഴുഘട്ടം നീണ്ട തെരഞ്ഞെടുപ്പ് ഇന്നത്തെ വോട്ടെടുപ്പു കൂടി കഴിയുന്നതോടെ അവസാനിക്കും. മതം, ജാതി, വികസനം, തൊഴിലില്ലായ്മ തുടങ്ങി ആകാശത്തിന് കീഴെയുള്ള നിരവധി വിഷയങ്ങള്‍ പ്രചാരണങ്ങള്‍ക്ക് കൊഴുപ്പേകി. വാക്‌പോരുകള്‍ കടുത്തു. പല തവണ തെരഞ്ഞെടുപ്പ് കമ്മിഷന് നേതാക്കളെ നിയന്ത്രിക്കേണ്ടി വന്നു. ഇതേസമയത്തു തന്നെയാണ് ഓസ്‌ട്രേലിയയില്‍ തെരഞ്ഞെടുപ്പു നടന്നത്. ഏറ്റവും രസകരമായ കാര്യം പരിസ്ഥിതിയാണ് അവിടത്തെ പ്രചാരണത്തില്‍ ഏറ്റവും പ്രധാനപ്പെട്ട വിഷയമെന്നതാണ്. 23 ശതമാനം ഓസ്‌ട്രേലിയക്കാരും പരിസ്ഥിതി സംരക്ഷണം മുഖ്യപ്രശ്‌നമായി കാണുന്നവരാണെന്ന് ഇപോസ് ഇഷ്യൂസ് മോണിറ്റര്‍ നടത്തിയ സര്‍വേ പറയുന്നു. പരിസ്ഥിതിക്കും മുകളിലുള്ളത് ആരോഗ്യം, ജീവിതച്ചെലവ്, കുറ്റകൃത്യങ്ങള്‍ എന്നിവയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ രാജ്യം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് എന്ന് രണ്ടില്‍ ഒരു ഓസ്‌ട്രേലിയക്കാരന്‍ വിചാരിക്കുന്നു. തങ്ങളുടെ ആവാസ വ്യവസ്ഥയ്ക്കു തന്നെ ഇതു ഭീഷണിയാകുമെന്ന് 46 ശതമാനം പേര്‍ കരുതുന്നു.

എന്നാല്‍, കാടിളക്കിയ ഇന്ത്യന്‍ പ്രചാരണ വേദികളില്‍ ഒരിക്കല്‍പ്പോലും പരിസ്ഥിതിയെ കുറിച്ചോ അന്തരീക്ഷ മലിനീകരണത്തെ കുറിച്ചോ വേവലാതികള്‍ ഉണ്ടായില്ല എന്നതാണ് കൗതുകകരം. ഗംഗയൊഴുകുന്ന വാരാണസിയില്‍പ്പോലും സര്‍ക്കാറിന്റെ ക്ലീന്‍ ഗംഗ മിഷന്‍ ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഗംഗ ശുദ്ധീകരിക്കണമെന്ന ലക്ഷ്യത്തോടെ 2015ലാണ് അഞ്ചു വര്‍ഷക്കാലാവധി വച്ച് 27000 കോടി രൂപയുടെ പദ്ധതിക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. എന്നാല്‍ ഇതുവരെ നാലിലൊന്ന് ഫണ്ട് പോലും അതില്‍ ചെലവഴിച്ചില്ല എന്നതാണ് സങ്കടകരം. തലസ്ഥാനമായ ഡല്‍ഹി അടക്കമുള്ള നഗരങ്ങള്‍ അന്തരീക്ഷ മലിനീകരണം കൊണ്ട് പൊറുതിമുട്ടുകയാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്. 2017ല്‍ മാത്രം 12.4 ലക്ഷം പേരാണ് അന്തരീക്ഷ മലിനീകരണം മൂലം ഇന്ത്യയില്‍ മരിച്ചത്. മലിനീകരണം മൂലം ഏറ്റവും കൂടുതല്‍ കെടുതി അനുഭവിക്കുന്ന രാഷ്ട്രമാണ് ഇന്ത്യ എന്ന് വിവിധ ആഗോള ഏജന്‍സികളുടെ പഠനങ്ങള്‍ പറയുന്നുണ്ട്.

അച്ഛേദിന്‍ എവിടെ

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങളില്‍ ഒന്നായിരുന്നു അച്ഛേദിന്‍. ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും കുറഞ്ഞു കേട്ടതും. പുല്‍വാമ, ബാലാകോട്ട്, പാകിസ്താന്‍, സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടങ്ങിയ കാര്യങ്ങളെ കുറിച്ച് പ്രധാനമന്ത്രി ഒരുപാട് റാലികളില്‍ പ്രസംഗിച്ചെങ്കിലും അച്ഛേദിന്‍ എന്ന് ഒരിടത്തു പോലും മിണ്ടാഞ്ഞത് അതിനെന്തു സംഭവിച്ചു എന്നതിന്റെ തെളിവാണ്. ഒടുവിലത്തെ ആഴ്ച കൂടി സാമ്പത്തിക മേഖലയില്‍ സര്‍ക്കാറിന് തിരിച്ചടി നേരിട്ടു. ഫെബ്രുവരിയിലെയും മാര്‍ച്ചിലെയും ഉത്പാദന വളര്‍ച്ച നെഗറ്റീവാണ്. സെന്‍സെക്‌സും നിഫ്റ്റിയും തുടര്‍ച്ചയായ ഒമ്പതാം ദിവസവും താഴേക്കു വീണു. ഡോളര്‍-രൂപ വിനിമയം 70 രൂപയിലേറെയായി. നോട്ടുനിരോധനത്തിനും ജി.എസ്.ടിക്കും ശേഷമുള്ള ആഘാതത്തില്‍ നിന്ന് സമ്പദ് രംഗം ഇനിയും കരകയറിയിട്ടില്ലെന്ന് വ്യക്തം.

Read More >>