ഈ പോരാട്ടത്തിന് സമാനതകളില്ല

ബോധം തെളിയുമ്പോൾ കുടുംബത്തിലെ മൃതദേഹങ്ങൾക്കൊപ്പം അവൾ നഗ്നയായി കിടക്കുകയായിരുന്നു. ഒരു പെറ്റിക്കോട്ടു കൊണ്ട് ശരീരം മറച്ച് സമീപത്തെ മലയടിവാരത്ത് ഒളിച്ചു. കരഞ്ഞു കലങ്ങി, ഭീതിയിൽ വിറച്ച് ആ രാത്രി അവിടെ കഴിഞ്ഞു. അടുത്ത ദിവസം കുറച്ചു വെള്ളം കിട്ടുമോ എന്ന് അന്വേഷിച്ചു.

ഈ പോരാട്ടത്തിന് സമാനതകളില്ല

'ഓർമയ്ക്കും മറവിക്കുമിടയിൽ, ഗുജറാത്തിലെ മോദിക്കാലവും കൂട്ടക്കൊലയും' എന്ന പുസ്തകത്തിൽ ഹർഷ് മന്ദർ ബിൽഖീസ് ബാനുവിന്റെ കഥ പറയുന്നത് ഇങ്ങനെയാണ്. 'അഹമ്മദാബാദിൽ നിന്ന് ഇരുന്നൂറ് കിലോമീറ്റർ അകലെയുള്ള ദഹോദിലെ രന്ദിക്പൂർ ഗ്രാമത്തിൽ 60 വീടുകൾക്കാണ് അക്രമികൾ തീയിട്ടത്. അക്രമികൾ എത്തിയപ്പോൾ അവർ വീടിനു പുറത്തുള്ള വയലിലൂടെ ഓടി. ബിൽഖീസ് തിരിഞ്ഞു നോക്കുമ്പോൾ വീടു കത്തുകയായിരുന്നു. അതിനു ശേഷം ഗ്രാമത്തിൽ കൂട്ടപ്പലായനമുണ്ടായി. ഗ്രാമമുഖ്യന്റെ വീടിലാണ് അവർ അഭയം തേടിയത്. അവിടെ നിന്ന് ചുനവതി ഗ്രാമത്തിലെ സ്‌കൂളിലും. പിന്നീട് കുവുജാലിലെ മസ്ജിദിലെത്തി. അവിടെ വെച്ച് ബിൽഖീസിന്റെ ഗർഭിണിയായ അനന്തിരവൾ ഷമിം ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അവിടം സുരക്ഷിതമായിരുന്നില്ല. അടുത്ത ദിവസം ഇരുട്ടിന്റെ മറപിടിച്ച് കുറ്റിക്കാടുകൾക്കിടയിലൂടെ സുരക്ഷിത സ്ഥലം തേടി സഞ്ചരിച്ചു. മുസ്‌ലിം ഭൂരിപക്ഷ ഗ്രാമങ്ങളിൽ എത്തിപ്പെടുകയായിരുന്നു ലക്ഷ്യം. ആ യാത്രയ്ക്കിടയിൽ ദയാവായ്പുകൾ നിറഞ്ഞ അനേകം പേരുടെ സുരക്ഷിതത്വത്തിൽ അവർ കഴിഞ്ഞുകൂടി. പന്നിവേൽ ഗ്രാമം ഉന്നമിട്ടാണ് അന്നു രാത്രി യാത്ര തുടങ്ങിയത്. യാത്രക്കിടെ ഇരുപത് - മുപ്പത് പേരടങ്ങുന്ന രണ്ട് ട്രക്ക് ഭ്രാന്തമായ ആൾക്കൂട്ടം അവരെ പിടികൂടി. അവരുടെ കൈയിൽ വാളും അരിവാളുമുണ്ടായിരുന്നു. ഒരാൾ ഇങ്ങനെ പറഞ്ഞതായി ബിൽഖീസ് കൃത്യമായി ഓർക്കുന്നു. 'ആ രഹ്യാ മുസൽമാനോ, ഇമാനെ മാറോ, കാഠോ' (അവർ മുസ്‌ലിംകളാണ്. അവരെ കൊല്ലൂ. അവരെ കഷ്ണങ്ങളാക്കൂ). ബിൽഖീസിന്റെ പിതാവിനെ ചികിത്സിച്ചിരുന്ന ഡോക്ടറുടെ മകനുമുണ്ടായിരുന്നു ആ ആൾക്കൂട്ടത്തിൽ. ഗ്രാമത്തിൽ വളക്കടയും ഹോട്ടലും നടത്തുന്നവരുണ്ടായിരുന്നു. ഒരു ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ ഭർത്താവുണ്ടായിരുന്നു. മിക്കവരും ഗ്രാമത്തിലെ പരിചിതർ. ബിൽഖീസ് മൂന്നു വയസ്സുകാരിയായ മകൾ സലാഹയെ അണച്ചു ചേർത്ത്പ്പിടിച്ചു. ഒരാൾ അവരുടെ കൈയിൽ നിന്ന് ആ പിഞ്ചുകുഞ്ഞിനെ വലിച്ചൂരി തറയിൽ തലയടിച്ചു. അവൾ തൽക്ഷണം മരിച്ചു. മൂന്നു പേർ (എല്ലാവരും ഗ്രാമവാസികൾ) ബിൽഖീസിനെ പിടിച്ച് അവരുടെ ചേല വലിച്ചൂരി. അഞ്ചു മാസം ഗർഭിണി ആയിരുന്നു അവർ. നിങ്ങളെ സഹോദരരും അമ്മാവന്മാരുമായാണ് കാണുന്നതെന്ന അവരുടെ നിലവിളി വെറുതെയായി. അവർ ഊഴം വച്ച് ബിൽഖീസിനെ ബലാത്സംഗം ചെയ്തു. ആൾക്കൂട്ടം കുടുംബത്തിലെ 14 പേരെയാണ് മാനഭംഗപ്പെടുത്തിയത്. തലേദിവസം പ്രസവിച്ച ഷമീമിനെയും ചോരപ്പൈതലിനെയും അവർ വെറുതെ വിട്ടില്ല. മാറിമാറി വന്ന ഊഴങ്ങൾക്കൊടുവിൽ അവർക്ക് ബോധം നഷ്ടപ്പെട്ടു. എല്ലാവരും മരിച്ചെന്നു കരുതി ആൾക്കൂട്ടം തിരിച്ചു പോയി.

ബോധം തെളിയുമ്പോൾ കുടുംബത്തിലെ മൃതദേഹങ്ങൾക്കൊപ്പം അവൾ നഗ്നയായി കിടക്കുകയായിരുന്നു. ഒരു പെറ്റിക്കോട്ടു കൊണ്ട് ശരീരം മറച്ച് സമീപത്തെ മലയടിവാരത്ത് ഒളിച്ചു. കരഞ്ഞു കലങ്ങി, ഭീതിയിൽ വിറച്ച് ആ രാത്രി അവിടെ കഴിഞ്ഞു. അടുത്ത ദിവസം കുറച്ചു വെള്ളം കിട്ടുമോ എന്ന് അന്വേഷിച്ചു. പ്രദേശത്തെ ആദിവാസി സ്ത്രീയിൽ നിന്ന് കുറച്ചു വെള്ളംകിട്ടി. അവരാണ് നാണം മറക്കാൻ തുണി നൽകിയത്. പിന്നീട് ഒരു പൊലീസ് ഉദ്യോഗസ്ഥനെ കണ്ട് സഹായം തേടി. സ്വന്തം വാഹനത്തിൽ ആ ഉദ്യോഗസ്ഥൻ ബിൽഖീസിനെ ലിംഖേദ പൊലീസ് സ്റ്റേഷനിലെത്തിച്ചു.

എട്ട് കൂട്ടമാനഭംഗങ്ങൾക്കും 14 കൊലപാതകങ്ങൾക്കുമുള്ള ഏക സാക്ഷിയായിരുന്നു ബിൽഖീസ്. അക്രമികൾ ആരാണ് എന്ന് അവർക്ക് നന്നായി അറിയാം. അവർ പൊലീസുകാരനു മുമ്പിൽ വേദനയോടെ നടന്ന കാര്യങ്ങൾ വിവരിച്ചു. എന്നാൽ അതിലേറെ ഞെട്ടിച്ചത്, പൊലീസ് ഹെഡ്‌കോൺസ്റ്റബ്ൾ സോംഭായ് ഗോറി ഇതെല്ലാം കേട്ടിട്ടും സംഭവത്തിൽ കേസെടുക്കാൻ തയാറായില്ല. പകരം അവരെ ഒരു ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. അവിടെ വച്ചാണ് ബിൽഖീസ് ഭർത്താവ് യാഖൂബ് റസൂലിനെ വീണ്ടും കണ്ടുമുട്ടുന്നത്.'

ആ ദിനങ്ങൾ പ്രമുഖ വെബ് പോർട്ടലായ സ്‌കോൾ ഡോട്ട് ഇന്നിന് നൽകിയ അഭിമുഖത്തിൽ യാഖൂബും ഓർത്തെടുക്കുന്നുണ്ട്. 'കലാപത്തിന് ശേഷം ബിൽഖീസിനെ തെരയുകയായിരുന്നു. ഗോദ്ര ദുരിതാശ്വാസ ക്യാമ്പിൽ ഒരിരുട്ടിൽ ദുഃഖഭാരത്താൽ കൂനിക്കൂടിയിരിക്കുകയായിരുന്നു അവൾ. മറ്റുള്ളവരിൽ നിന്നാണ് എല്ലാം കേട്ടറിഞ്ഞത്. എല്ലാം ഞാൻ മാറ്റിവെച്ചു. കലാപം, കുടുംബം എല്ലാം... അവളോട് സനേഹത്തോടെ സംസാരിച്ചു. അവൾ അനുഭവിച്ച വേദനയിൽ നിന്ന് പുറത്തുകൊണ്ടുവരാനായിരുന്നു എന്റെ ശ്രമം. സന്നദ്ധ സംഘടനകൾ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയ നിരവധി പേർ അവളോട് സംഭവങ്ങളെ കുറിച്ചു ചോദിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കൽപ്പോലും അവളോട് എന്താണ് നടന്നത്, ആര് എന്തു ചെയ്തു എന്ന് ഞാൻ ചോദിച്ചിട്ടില്ല'

കൂട്ടക്കൊല നടന്ന രണ്ടു ദിവസങ്ങൾക്കു ശേഷം പ്രാദേശിക മാദ്ധ്യമങ്ങൾ ചിത്രസഹിതം വാർത്ത പ്രസിദ്ധീകരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇതോടെ പൊലീസ് നടപടിയെടുക്കാൻ നിർബന്ധിതമായി. എന്നാൽ കൊല്ലപ്പെട്ട മൃതദേഹങ്ങൽ ഇൻക്വസ്റ്റ് നടത്താൻ പൊലീസ് തയ്യാറായില്ല. പോസ്റ്റ്‌മോർട്ടം ചെയ്‌തെങ്കിലും രക്തമോ മറ്റു സാമ്പിളുകളോ എടുത്തുവയ്ക്കാൻ ഡോക്ടർമാരും സന്നദ്ധരായില്ല. പൊലീസിന്റെ നിർദ്ദേശ പ്രകാരം മൃതശരീരങ്ങൾ കൂട്ടക്കുഴിമാടത്തിൽ ഖബറടക്കുകയായിരുന്നു. 2004ൽ കേസ് അന്വേഷണത്തിന്റെ ഭാഗമായി സി.ബി.ഐ കുഴിമാടം മാന്തിയെങ്കിലും തലയോട്ടികൾ മാത്രമാണ് ലഭിച്ചത്. വേഗത്തിൽ മണ്ണിൽ കലരാൻ വേണ്ടി മൃതദേഹങ്ങളിൽ ഉപ്പുവിതറിയിരുന്നു.'

2002 മാർച്ച് മൂന്നിനാണ് നാലു വീതം സ്ത്രീകളും കുട്ടികളും അടങ്ങുന്ന 14 പേർ അതിനിഷ്ഠൂരമായി കൊല്ലപ്പെട്ടത്. 59 പേർ വെന്തുമരിച്ച ഗോദ്ര തീവണ്ടി ദുരന്തത്തിന്റെ നാലാം ദിനമായിരുന്നു അത്.

പൊലീസും ഡോക്ടർമാരും ഒരുഘട്ടത്തിൽ കോടതിയും കൈവിട്ടിട്ടും ബിൽഖീസ് പിന്നോട്ടു പോകാൻ ഒരുക്കമായിരുന്നില്ല. തന്റെ ഭാഗത്ത് സത്യമുണ്ടെന്നും ഒരിക്കൽ അതംഗീകരിക്കപ്പെടുമെന്നും അവർ ഉറച്ചു വിശ്വസിച്ചു. മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പൊലീസും വേണ്ട തെളിവുകളില്ല എന്ന് പറഞ്ഞ് പ്രാദേശിക കോടതിയും എതിരു നിന്നപ്പോഴും അവർ കുലുങ്ങിയില്ല. ദേശീയ വനിതാ കമ്മീഷനെയും സുപ്രിംകോടതിയെയും സമീപിച്ചു. അത് വഴിത്തിരിവായി. കേസിൽ കോടതി കമ്മിഷന്റെ അഭിപ്രായം തേടി. 2003ൽ കേസ് സി.ബി.ഐക്ക് വിട്ടു. 2004 ജനുവരിയിൽ എല്ലാ പ്രതികളും അറസ്റ്റിലായി. പിന്നാലെ ഭീഷണിയെത്തി. കൊന്നു കളയുമെന്ന ഭീഷണിയിൽ വീടു മാറേണ്ടി വന്നു. വഴങ്ങില്ലെന്നു കണ്ടപ്പോൽ പ്രീണനമായി. അതിനു മുമ്പിലും പിടിച്ചു നിന്നു. 2004ൽ കേസ് ഗുജറാത്തിൽ നിന്ന് മുംബൈയിലേക്ക മാറ്റി. നാലു വർഷത്തിനു ശേഷം 20 പ്രതികളിൽ 13 പേരും കുറ്റക്കാരാണെന്ന് വിചാരണക്കോടതി വിധിച്ചു. 11 പേർക്ക് ജീവപര്യന്തമായിരുന്നു ശിക്ഷ. സ്വതന്ത്ര ഇന്ത്യയിൽ കലാപത്തിനിടയിലെ മാനഭംഗക്കേസിൽ ആദ്യമായി ശിക്ഷ വിധിക്കുന്ന കേസായി ഇതു മാറി. പിന്നീട് ഹൈക്കോടതിയും ശിക്ഷ ശരിവച്ചു. പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ ആറു വർഷം കാത്തിരിക്കേണ്ടി വന്നു. 17 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ബിൽഖീസിന് നഷ്ടപരിഹാരം. അമ്പത് ലക്ഷം രൂപയും ഗുജറാത്തിൽ ഇഷ്ടമുള്ള സ്ഥലത്ത് വീടും സർക്കാർ ജോലിയും നൽകണമെന്നാണ് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിട്ടത്. രാജ്യത്ത് ഒരൂ മാനഭംഗ ഇരയ്ക്ക് ലഭിച്ചതിൽ ഏറ്റവും വലിയ നഷ്ടപരിഹാരം കൂടിയാണിത്. 17 വർഷമായി അനുഭവിച്ച തീരാവേദനകൾ സുപ്രിംകോടതി കണ്ടു എന്നായിരുന്നു വിധിയോട് ബിൽഖീസിന്റെ പ്രതികരണം.

ഭരണകൂടവും അനുബന്ധ സംവിധാനങ്ങളും പൗരന്റെ മൗലികാവകാശങ്ങൾ സംരക്ഷിക്കുന്നതിൽ തീർത്തും പരാജയപ്പെട്ട കേസുകളിൽ ഒന്നിലാണ് പരമോന്നത കോടതി ആശ്വാസവിധിയുമായി എത്തുന്നത്. ഇതോടൊപ്പം, പൊലീസ് കൂടി ആരോപണമുനയിലുള്ള സംഭവത്തിൽ വൈകിയെത്തിയ 'നീതി' നമ്മുടെ നീതി ന്യായ സംവിധാനങ്ങളെ പ്രതിസ്ഥാനത്തു നിർത്തുകയും ചെയ്യുന്നു. ഏതായാലും പതിനേഴു വർഷം നീണ്ട ബിൽഖീസിന്റെ നിയമപോരാട്ടം ഐതിഹാസികമെന്ന് ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.

Read More >>