വൈദ്യുതിയില്ലാതെ മഹാരാഷ്ട്ര സ്കൂളുകള്‍

2016ൽ ഇന്ത്യ സ്‌പെൻഡ് നടത്തിയ സർവ്വേ പ്രകാരം രാജ്യത്തുടനീളം 59% കുട്ടികളും സ്വകാര്യ സ്‌കൂളുകളെയാണ് തെരഞ്ഞെടുക്കുന്നത്. സർക്കാർ പ്രാഥമിക സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങിലെ അപര്യാപ്തതയും പഠനാന്തരീക്ഷമില്ലാത്തതുമാണ് കുട്ടികൾ സ്വകാര്യ സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരുന്നതിന്റെ കാരണം. എന്നാൽ, എല്ലാ സർക്കാർ വിദ്യാലയങ്ങളെയും ഈ ഗണത്തിൽ പെടുത്താൻ കഴിയില്ല. ചില സ്‌കൂളുകൾ സ്വന്തം നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്‌

വൈദ്യുതിയില്ലാതെ മഹാരാഷ്ട്ര സ്കൂളുകള്‍

എം.എന്‍ പാര്‍ത്ഥ്

സാഞ്ച ഗ്രാമത്തിലെ ജില്ലാ പഞ്ചായത്ത് പ്രാഥമിക വിദ്യാലയത്തിലെ രണ്ടു ക്ലാസ് മുറികളിൽ കഴിഞ്ഞ ഒക്‌ടോബർ മാസം അവസാനത്തിലാണ് ഭംഗിയുള്ള രണ്ടു എൽ.ഇ.ഡി ടി.വികൾ സ്ഥാപിച്ചത്. എന്നാൽ, ചിത്രങ്ങൾ തെളിയാതെ നിർജ്ജീവാവസ്ഥയിൽ ഇവ ചുമരിൽ തൂക്കിയിട്ടിരിക്കുകയാണ്. അദ്ധ്യാപന-പഠനസഹായത്തിനായിരുന്നു ജില്ലാ പഞ്ചായത്ത് സ്‌കൂളിലേക്ക് ടെലിവിഷൻ സെറ്റുകൾ നൽകിയിരുന്നത്. 2017 മാർച്ച് മുതൽ രണ്ടുവർഷമായി ഈ സ്കൂളിൽ വൈദ്യുതി കണക്ഷനില്ല.

'ചിരിക്കണോ അതോ കരയണോ എന്ന് ഞങ്ങൾക്ക് അറിയില്ല'- മഹാരാഷ്ട്രയിലെ ഉസ്മാനാബാദ് സ്‌കൂളിലെ പ്രിൻസിപ്പാൾ ഷീലാ കുൽക്കർണി പറഞ്ഞു. 'സർക്കാരിൽ നിന്ന് ലഭിക്കുന്ന ഫണ്ടുകൾ പര്യാപ്തമാവുന്നില്ല. രണ്ടു ക്ലാസ്സുകളിലായി 40 കുട്ടികളാണ് പഠിക്കുന്നത്. കുട്ടികൾക്ക് പഠന സാമഗ്രികൾ വാങ്ങുന്നതിനും സ്‌കൂൾ പരിചരണത്തിനുമായി ഞങ്ങൾക്ക് 10000രൂപ മാത്രമാണ് ഓരോ വർഷവും സർക്കാരിൽ നിന്നും ലഭിക്കുന്നത്. 2012 മുതൽ സ്‌കൂളിൽ വൈദ്യുതി കണക്ഷനില്ല. ജില്ലാ പഞ്ചായത്ത് സ്‌കൂളുകൾക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള വൈദ്യുതി നിരക്ക് (5.86/കെ.ഡബ്ല്യു.എച്ച്) സർക്കാർ ഏർപ്പെടുത്തിയതാണ് ഇതിനു കാരണമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു. സ്‌കൂളുകൾ വൈദ്യുതി ബിൽ അടക്കാത്തതു കാരണം 2015ൽ, ഉസ്മാനാബാദ് ജില്ലയിലെ 1094ൽ 822 സ്‌കൂളുകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നുവെന്ന് ഉസ്മാനാബാദ് ജില്ലാ പരിഷത് മുഖ്യ എക്‌സിക്യൂട്ടീവ് ഓഫീസർ സഞ്ജയ് കോൾടെ പറഞ്ഞു. 2018 ഒക്ടോബർ വരെ ഒരു കോടിയിലധികം രൂപയാണ് ഇത്തരത്തിൽ കുടിശ്ശികയായി കിടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിൽ 70% സ്‌കൂളുകളും പ്രവർത്തിക്കുന്നത് വൈദ്യുതി കണക്ഷൻ ഇല്ലാതെയാണ്. ഇതിൽ 320 സ്‌കൂളുകളിലും സോളാർ വൈദ്യുതിയാണ് ഉപയോ​ഗിക്കുന്നതെന്ന് ജില്ലാ പരിഷത് സൂപെർവൈസർ രാജഭാവു പറഞ്ഞു. ഓരോ സ്‌കൂളിനും ഒരു ലക്ഷം വീതം ചെലവഴിച്ചാണ് സോളാർ പാനലുകൾ സ്ഥാപിച്ചത്. ജില്ലാ പരിഷത്തിന്റെ ഫണ്ടും പൊതു പിരിവുകളും നടത്തിയാണ് ഇതിനായി പണം കണ്ടെത്തിയത്. വൈദ്യുതി ബിൽ അടക്കാൻ കഴിയാത്തതിനാൽ മഹാരാഷ്ട്രയിലെ മറ്റു വിദ്യാലയങ്ങളും സമാന ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ഔറംഗാബാദ് ജില്ലയിൽ 2190ൽ 1617 സ്‌കൂളുകളിൽ വൈദ്യുതി കണക്ഷൻ ലഭ്യമല്ലെന്നാണ് രേഖകൾ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടാണ് ജില്ലാ പരിഷത് സോളാർ വൈദ്യുതിയെന്ന ആശയത്തിലേക്കു തിരിയാൻ നിർബന്ധിതമായത്. മഹാരാഷ്ട്രയിൽ 13844 സ്‌കൂളുകളിൽ വൈദ്യുതി കണക്ഷനില്ലെന്ന് 2018 ജൂലൈയിൽ കോൺഗ്രസ് എം.എൽ.എ ശശികാന്ത് ഷിൻഡെ കുറ്റപ്പെടുത്തിയിരുന്നു. ഇതേത്തുടർന്ന് സ്‌കൂളുകൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി കണക്ഷൻ ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വിനോദ് താവ്‌ദെ അറിയിച്ചിരുന്നു. എന്നാൽ, ഈ വാ​ഗ്ദാനം ഇതേവരേ യാഥാർത്ഥ്യമായിട്ടില്ല. മഹാരാഷ്ട്രയിലെ ഒട്ടുമിക്ക ജില്ലാ പരിഷത് സ്‌കൂളുകളിലും പഠിക്കുന്നത് കർഷക, ആദിവാസി കുടുംബത്തിൽപ്പെട്ട കുട്ടികളാണ്. മറ്റുള്ളവർ ദാരിദ്ര്യ രേഖക്ക് താഴെയുള്ളവരും.

സർക്കാർ കണക്കുകളിൽ വിദ്യാഭ്യാസ മേഖലക്കുള്ള അവഗണന വളരെ വ്യക്തമാണ്. 2008-09വർഷത്തിൽ സംസ്ഥാന സർക്കാരിന്റെ മൊത്തം ചെലവുകളിൽ 18 ശതമാനമാണ് വിദ്യാഭ്യാസ മേഖലക്കായി ചിലവഴിച്ചത്. 2018-19ൽ ഇത് 12.68% ആയി കുറഞ്ഞു. ഇത് സർക്കാരിന്റെ അവഗണന തുറന്നുകാട്ടുന്നതാണ്. '2000-ത്തിൽ സംസ്ഥാനത്തിന്റെ ജി.എസ്.ഡി.പിയുടെ ഏഴു ശതമാനം തുക വിദ്യാഭ്യാസ മേഖലയ്ക്കു വേണ്ടി ചെലവിടുമെന്നായിരുന്നു സർക്കാർ വാഗ്ദാനം. ഇതിൽ 75ശതമാനവും പ്രാഥമിക വിദ്യാഭ്യാസ മേഖലക്കെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ, ഇതിൽ 52.46% മാത്രമാണ് ലഭിച്ചതെന്ന് രേഖകൾ വ്യക്തമാക്കുന്നു. 2002-07കാലയളവിൽ ചെലവഴിച്ചത് ജി.എസ്.ഡി.പിയിലെ 2% മാത്രമാണ്''- മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന സമർദ്ധൻ എന്ന സന്നദ്ധസംഘടനയുടെ റിപ്പോർട്ടിലാണ് ഈ കണക്കുകൾ. കഴിഞ്ഞ ആറു വർഷമായി കേന്ദ്ര സർക്കാർ ബജറ്റുകളെ ഇവർ വിശകലനം ചെയ്യുന്നുണ്ട്.

2009-10വർഷത്തിൽ സംസ്ഥാനത്തുടനീളം ജില്ലാ പഞ്ചായത്ത് സ്‌കൂളുകളിൽ 10 ലക്ഷം കുട്ടികളാണ് ഉള്ളത്. എട്ടുവർഷങ്ങൾക്കു ശേഷം 2017-18ൽ എട്ടാം ക്ലാസ്സിലെത്തിയത് ഇതിൽ 123739 കുട്ടികൾ മാത്രമാണ്. അതായത് 89% കുട്ടികളും പാതിവഴിയിൽ പഠനം നിർത്തി (2018ലെ വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്ക്).

അതിനിടെ, സാഞ്ച ജില്ലാ പരിഷത് സ്‌കൂളിൽ കുട്ടികൾ നിശ്ചലമായ ടി.വി സെറ്റുകൾക്കു പിന്നിലിരുന്നാണ് അദ്ധ്യാപികയായ പാർവതി ഗൂജിനെ ശ്രവിക്കുന്നത്. അവരുടെ കൈയിൽ പ്രാദേശിക മാർക്കറ്റിൽ നിന്നും 1000രൂപക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ ഉണ്ട്. ക്ലാസ് മുറിക്കകത്തെ സീലിങ് ഫാനുകൾ നിശ്ചലമാണ്. കുട്ടികൾ വിയർത്തൊലിച്ചാണ് ക്ലാസ്സിലിരിക്കുന്നത്. എന്നിരുന്നാലും ടീച്ചറുടെ മൊബൈലിലെ മറാത്തി ഗാനം ശ്രവിക്കുകയാണ് കുട്ടികൾ എല്ലാവരും. സർക്കാർ ഫണ്ടിന്റെ അഭാവം മറച്ചുപിടിക്കാനായി മറ്റുള്ള അദ്ധ്യാപകരും പോക്കറ്റിൽ മൊബൈൽ ഫോൺ സൂക്ഷിച്ചിട്ടുണ്ട്. ഉസ്മാനാബാദ് ടൗണിലെ പെൺകുട്ടികൾക്കുള്ള ജില്ലാ പഞ്ചായത്ത് സ്‌കൂളിൽ അദ്ധ്യാപകർ കുട്ടികളെ സൈബർ കഫേയിലേക്ക് കൊണ്ടുപോകാറുണ്ട്. സ്‌കൂളിനകത്ത് ഇ-ലേണിങ് മുറിയുണ്ടെങ്കിലും അവിടമാകെ ഉപയോ​ഗശൂന്യമായതോടെ പൊടിപിടിച്ചു കിടക്കുകയാണ്.

''എല്ലാ സംസ്ഥാന സ്‌കോളർഷിപ്പുകളും ഇപ്പോൾ ഓൺലൈനാണ്''- അദ്ധ്യാപികയായ തബസ്സും സുൽത്താന പറഞ്ഞു. പൊടിപിടിച്ചു കിടക്കുന്ന ഇ-പഠനമുറിയിൽ ഇരുന്നുകൊണ്ടാണ് അവർ ഇക്കാര്യം പറയുന്നത്. ഇവിടെ 10 കംപ്യൂട്ടറുകൾ ഉണ്ട്. ' 2017 ഓഗസ്റ്റ് മുതൽ ഇവിടെ വൈദ്യുതിയില്ല. സ്‌കൂളിൽ വൈദ്യുതില്ലാത്ത കാരണത്താൽ കുട്ടികളുടെ ഭാവിവെച്ച് വിളയാടാൻ ഞങ്ങൾക്കു കഴിയില്ല'' അവർ പറഞ്ഞു. കുറച്ചുകാലം സ്‌കൂളിനു സമീപത്തെ നിർമ്മാണ മേഖലയിൽ നിന്നും വൈദ്യുതി എത്തിച്ചെങ്കിലും വൈകാതെ അതും നിലച്ചു.

ഉസ്മാനാബാദ് ടൗണിൽ മാത്രം ജില്ലാ പരിഷത് സ്‌കൂളുകൾ വൈദ്യുതി കുടിശ്ശികയിനത്തിൽ അടച്ചുതീർക്കാനുള്ളത് 1.5ലക്ഷം രൂപയാണെന്ന് അദ്ധ്യാപകനായ ബാഷിർ തംബോലി പറഞ്ഞു. 'ഇന്ററാക്ടീവ് ലേണിങ്ങിനായി ഞങ്ങൾ ഒരു പ്രൊജക്ടർ വാങ്ങിയിരുന്നു'-അദ്ദേഹം പറഞ്ഞു. നിശ്ചലമായ സീലിങ് ഫാനിൽ ഈ പ്രൊജക്ടർ ഇപ്പോൾ തൂക്കിയിട്ടിരിക്കുകയാണ്. ആവശ്യമായ ഫണ്ടില്ലാത്ത കാരണത്താൽ നിരവധി ജില്ലാ പരിഷത് സ്‌കൂളുകളിൽ സെക്യൂരിറ്റി ഗാർഡ്, ക്ലാർക്ക്, പരിപാലകർ തുടങ്ങിയവര്‍ ഇല്ലെന്ന് സൂപെർവൈസർ രാജാഭു ഗിരി പറഞ്ഞു. ഈ പണികളെല്ലാം നിർവ്വഹിക്കുന്നത് കുട്ടികളും അദ്ധ്യാപകരും ചേർന്നാണ്.

സ്കൂളുകളിൽ ശൗചാലയങ്ങളുടെ സ്ഥിതിയും വളരെ മോശമാണ്. ചിലതിൽ വെള്ളംപോലുമില്ലാത്ത അവസ്ഥയാണ്. പിരീഡ്‌സ് സമയങ്ങളിൽ സ്ത്രീകൾക്ക് ഇത് വളരെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉസ്മാനാബാദിലെ യെദ്ശി ഗ്രാമത്തിൽ മൂന്ന് ജില്ലാ പരിഷത് സ്‌കൂളുകൾക്ക് ഒരു മൈതാനം മാത്രമാണ് ഉള്ളത്. ഇതിൽ 290 കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂളിൽ ആകെ മൂന്ന് ശൗചാലയങ്ങൾ മാത്രമാണ് ഉള്ളത്. ഇതിൽ 110 ഉം പെൺകുട്ടികളാണ്. പല ശൗചാലയത്തിലും വെള്ളവുമില്ല. തൊഴിലാളിയായ വിത്തൽ ഷിൻഡെ പറഞ്ഞു. ഇദ്ദേഹത്തിന്റെ ഏഴു വയസ്സുകാരിയായ മകൾ സന്ധ്യ ഇതിൽ ഒരു സ്‌കൂളിലാണ് പഠിക്കുന്നത്. 'ഇപ്പോൾ അവൾക്കു പ്രശ്‌നമില്ല. അവൾ എല്ലാം പൊരുത്തപ്പെട്ടു പോകും. വലുതാകുമ്പോൾ എന്താവുമെന്ന് അറിയില്ല' അദ്ദേഹം പറഞ്ഞു. വരൾച്ച മൂലം കുടിവെള്ളത്തിന് ക്ലേശമനുഭവിക്കുന്ന ജില്ലയാണ് ഉസ്മാനാബാദ്. ഇപ്പോഴും ഇവിടെ വരൾച്ചയുണ്ട്. കുഴൽക്കിണറുകളെല്ലാം വറ്റിവരണ്ടു. സ്‌കൂളുകൾക്ക് ദിവസവും ഗ്രാമപഞ്ചായത്തുകൾ നൽകുന്ന 500ലിറ്റർ വെള്ളമാണ് ഏക ആശ്വാസം. സ്‌കൂളിൽ ശൗചാലയത്തിനു പുറത്ത് വിദ്യാർത്ഥികളുടെ നീണ്ട നിര ഉണ്ടാവാറുണ്ടെന്ന് സന്ധ്യ പറഞ്ഞു. ചിലപ്പോൾ കുപ്പിയിൽ വെള്ളം നിറച്ചുകൊണ്ടാണ് പെൺകുട്ടികൾ ശൗചാലയത്തിൽ പോകാറുള്ളതെന്നും അവൾ പറഞ്ഞു. വ‌ൃത്തിയും വെള്ളവുമില്ലാത്തതും കാരണം കുട്ടികൾ വളരെ അപൂർവ്വമായി മാത്രമേ ശൗചാലയം ഉപയോഗിക്കാറുള്ളൂവെന്ന് വിത്തൽ ഷിൻഡെ പറഞ്ഞു. രാവിലെ 10മണി മുതൽ വൈകീട്ട് നാലുവരെ ശൗചാലയം ഉപയോഗിക്കാതെ കുട്ടികൾ ഇരിക്കുന്നത് അവരുടെ ആരോഗ്യത്തെ ബാധിക്കുമെന്നും അദ്ദേഹം ആശങ്കപ്പെടുന്നു.

മേഖലയിൽ വരൾച്ച രൂക്ഷമായതിനാൽ കുട്ടികൾ കുടിവെള്ളം സ്വന്തമായി കരുതിയാണ് സ്‌കൂളിലേക്ക് പോവാറ്. 'ഒരിക്കൽ സ്‌കൂളിൽ കുടിവെള്ളം മുടങ്ങിയപ്പോൾ ഞങ്ങളെല്ലാം സമീപത്തെ ഹോട്ടലിൽ വെള്ളംതേടിയെത്തി. പക്ഷേ, ഹോട്ടലുടമ ഞങ്ങൾക്കു വെള്ളം നിഷേധിക്കുകയാണ് ഉണ്ടായത്''- സന്ധ്യ പറഞ്ഞു. അദ്ധ്യാപകർ ഫണ്ടിന്റെ അഭാവത്തെക്കുറിച്ച് പരാതിപ്പെട്ടപ്പോൾ, പൊതുജനങ്ങളിൽ നിന്നും സംഭാവനകൾ സ്വീകരിക്കാനാണ് ഞങ്ങൾ അവരോട് പറഞ്ഞത്''-സാമൂഹ്യ പ്രവർത്തകനും അദ്ധ്യാപകനുമായ ഭാവു ചസ്‌കർ പറഞ്ഞു. അഹമ്മദ് നഗർ ജില്ലയിലെ വിർഗോൺ ഗ്രാമത്തിൽ ജില്ലാ പരിഷത് സ്‌കൂളിലെ അദ്ധ്യാപകനാണ് ഇദ്ദേഹം. 2018ലെ സംസ്ഥാന വ്യാപക അദ്ധ്യാപക സ്ഥലംമാറ്റം പൊതുജന ഫണ്ടിങ്ങിനു തടസ്സമായെന്നും അദ്ദേഹം പറഞ്ഞു. അഹമ്മദ് നഗറിൽ മാത്രം 54% അദ്ധ്യാപകരെയാണ് സ്ഥലം മാറ്റിയത്. അകോല നഗരത്തിലെ അദ്ധ്യാപകനായ അനിൽ മോഹിതിനെ 35 കി.മീ അകലെയുള്ള ശെൽവിഹിർ ഗ്രാമത്തിലേക്കാണ് സ്ഥലം മാറ്റിയത്. ഈ സാഹചര്യത്തിൽ എങ്ങനെയാണ് അദ്ധ്യാപകർ ആളുകളിൽ നിന്നും ധനസഹായം തേടുക?.

2016ൽ ഇന്ത്യ സ്‌പെൻഡ് നടത്തിയ സർവ്വേ പ്രകാരം രാജ്യത്തുടനീളം 59% കുട്ടികളും സ്വകാര്യ സ്‌കൂളുകളെയാണ് തെരഞ്ഞെടുക്കുന്നത്. സർക്കാർ പ്രാഥമിക സ്‌കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയും പഠനാന്തരീക്ഷമില്ലാത്തതുമാണ് കുട്ടികൾ സ്വകാര്യ സ്‌കൂളുകളെ ആശ്രയിക്കേണ്ടി വരുന്നതിന്റെ കാരണം. എന്നാൽ, എല്ലാ സർക്കാർ വിദ്യാലയങ്ങളെയും ഈ ഗണത്തിൽ പെടുത്താൻ കഴിയില്ല. ചില സ്‌കൂളുകൾ സ്വന്തം നിലയിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്നുണ്ട്. അതിനു കാരണം മികച്ച അദ്ധ്യാപകരും സഹായമനസ്‌കരായ ഗ്രാമവാസികളുമാണ്. ഉസ്മാനാബാദിലെ സക്‌നേവാദെ ജില്ലാ പരിഷത് സ്‌കൂളിൽ വൈദ്യുതി വിച്ഛേദിക്കപ്പെട്ട നിലയിലാണെങ്കിലും ഇവിടെ ഗ്രാമവാസികളുടെ സഹായത്താൽ നിയമലംഘനം നടത്തിയാണ് സ്കൂളിലേക്ക് വൈദ്യുതിയെത്തിക്കുന്നത്. ഇവിടെ ടി.വികൾ മുടക്കമില്ലാതെ പ്രവർത്തിക്കുന്നുണ്ട്. 6-7 വയസ്സുള്ള 40 കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. ടി.വിയിൽ നോക്കിയാണ് ഇവിടെ കുട്ടികൾ കഥയും കവിതയുമെല്ലാം പഠിക്കുന്നത്. ഞാൻ ക്ലാസ്‌ റൂമിനകത്ത് പ്രവേശിച്ചപ്പോൾ കുട്ടികൾ എന്നോട് 'ഗുഡ് ആഫ്റ്റർനൂൺ' എന്നു ഉറക്കെ പറഞ്ഞു. അദ്ധ്യാപിക സമിപത ദസ്ഫാൽകർ ടി.വി ഓൺ ചെയ്ത് അതിൽ പെൻഡ്രൈവ് ഘടിപ്പിച്ചു. പിന്നീട് എന്താണ് നിങ്ങൾക്കു കാണേണ്ടത് എന്ന് അവർ കുട്ടികളോട് ചോദിച്ചു. ഓരോരുത്തർക്കും അവരുടേതായ താൽപ്പര്യങ്ങളുണ്ടായിരുന്നു. ടി.വിയിൽ പാട്ട് ഇട്ടതോടെ കുട്ടികൾ അതേറ്റുപാടാനും ഡാൻസ് കളിക്കാനും തുടങ്ങി.

വിവര്‍ത്തനം: പി. ഷബീബ് മുഹമ്മദ്

കടപ്പാട്: റൂറല്‍ ഇന്ത്യ

Read More >>