ധാതുഖനനം ഒരുക്കുന്ന മരണക്കുഴികള്‍

ഗോവയിലെ ഇരുമ്പ് ഖനികളെ നിയന്ത്രിച്ചു കൊണ്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയിൽ പറയുന്നത്, 2005 മുതൽ 2012 വരെ നടത്തിയ ഖനനത്തിൽ നിന്നും സംസ്ഥാനത്തിന് കിട്ടേണ്ടിയിരുന്നത് 53,833 കോടി. എന്നാൽ ലഭിച്ചതാകട്ടെ 2387 കോടിയും. തമിഴ്‌നാട്ടിൽ 20,000 കോടി വിലയുള്ള മണൽ വരിയെടുത്തപ്പോൾ സർക്കരിനു ലഭിച്ച തുക 201314 ൽ 133 കോടി

ധാതുഖനനം ഒരുക്കുന്ന  മരണക്കുഴികള്‍

ഇ.പി അനിൽ

ശാസ്ത്ര-സാങ്കേതിക,സാമ്പത്തികരംഗങ്ങളിലെ ഇന്ത്യയുടെ മുന്നേറ്റം തായ്‌ലൻഡുമായി തട്ടിച്ചു നോക്കിയാൽ എത്രയോ മുന്നിലാണെന്ന് നമുക്കറിയാം. ഒരു രാജ്യത്തെ സാങ്കേതിക മുന്നേറ്റം അവിടത്തെ ജനങ്ങളുടെ സുരക്ഷയ്ക്ക് ഉപകാരപ്പെടുന്നില്ലെങ്കിൽ അവ അങ്ങേയറ്റം അർത്ഥശൂന്യമായിരിക്കും.

തായ്‌ലൻഡിൽ ഒരു ഫുട്ബോൾ ടീമിലെ 12 കുട്ടികളെയും കോച്ചിനെയും വെള്ളം കയറിയ ഗുഹയിൽ നിന്നും 17 ദിവസത്തിന് ശേഷം സാഹസികമായി രക്ഷപ്പെടുത്തി. ഇത് ലോകത്തിനു മുന്നിൽ സംഭവത്തെ പ്രധാന വാർത്തയാക്കി. ലോകരാജ്യങ്ങളുടെ സഹായം നേടുവാൻ തായ്‌ലൻഡ് സർക്കാർ കാട്ടിയ താല്പര്യം ഒന്നുകൊണ്ടു മാത്രമാണ് അവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞത്. ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ നടത്തിയ രക്ഷാശ്രമത്തിൽ ഇന്ത്യൻ പമ്പ് കമ്പനിയായ കിർലോസ്‌ക്കറും നിർണ്ണായപങ്കു വഹിച്ചു.

മേഘാലയ എന്ന ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത കുട്ടികൾ, വയറുനിറയ്ക്കുവാനായി ചെറു ഗുഹകളിൽ ഇറങ്ങി പണി ചെയ്യേണ്ടിവരുന്ന അവസ്ഥ ഹൃദയഭേദകമാണ്. മേഘാലയയിൽ നടന്നു വന്നിരുന്ന കൽക്കരി ഖനനം നിരോധിച്ചിത് 2014 ലാണ്. കഴിഞ്ഞ ഡിസംബർ 13ന് നിയമവിരുദ്ധ ഖനനത്തിൽ ഏർപ്പെട്ട 15 കുട്ടി തൊഴിലാളികൾ 320 അടി താഴ്ച്ചയുള്ള ഗുഹയിൽ അകപ്പെട്ടത്. ആ ഗുഹയിൽ 70 അടി വെള്ളം ഉയർന്നതോടെ കുട്ടികളെ രക്ഷപ്പെടുത്താനാവാത്ത സാഹചര്യം ഉണ്ടായി.

ഈപ്രശ്നത്തിൽ തികഞ്ഞ നിസ്സംഗതയാണ് സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടായത്.

രാജ്യത്ത് ഏറ്റവുമധികം അഴിമതിയും ഒപ്പം മനുഷ്യാവകാശ ലംഘനങ്ങളും നടക്കുന്നത് ഖനന മേഖലയിലാണ്. ലോകത്തെ തന്നെ ഏറ്റവും അധികം ധാതു സമ്പത്തുള്ള നമ്മുടെ രാജ്യത്ത് 80 ലധികം ഘടകങ്ങളാണ് ഭൂമിയിൽ അടങ്ങിയിരിക്കുന്നത്. കേരളത്തിലെ ചവറ മുതൽ ഹിമാലയം വരെ ഇവ ലഭ്യമാണ്. ഇത്തരം ധാതുക്കളുടെ കുഴിച്ചെടുക്കൽ, മൂല്യാധിഷ്ഠിത ഉല്പന്നങ്ങളാക്കി മാറ്റൽ, അതിന്റെ ദേശീയ-വിദേശ മാർക്കറ്റിംഗ് മുതലായവ സർക്കാർ ഉത്തരവാദിത്തത്തോടെ നടത്തിയാൽ ആ മേഖലയിലെ 10 വർഷത്തെ വരുമാനം കൊണ്ട് ഇന്ത്യൻ ജനങ്ങളുടെ ഒട്ടുമിക്ക സാമ്പത്തിക പരാധീനതകളും പരിഹരിക്കുവാൻ കഴിയും. എന്നാൽ, ധാതു ഖനനത്തിലും അനുബന്ധ കാര്യങ്ങളിലും വിരലിലെണ്ണാവുന്ന ചില ഇന്ത്യൻ- ബഹുരാഷ്ട്ര കുത്തകളെ മാത്രം സഹായിക്കുന്ന സർക്കാർ സമീപനം രൂക്ഷമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വനനശീകരണത്തിനുമാണ് ഇടയാക്കുന്നത്.

കർണാടകയിലെ ബല്ലാരിയെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റെഡ്ഡി സഹോദരങ്ങൾ മുതൽ മുൻ ആക്രിക്കച്ചവടക്കാരൻ അനിൽ അഗർവാൾ (വേദാന്ത കമ്പനി), അംബാനി, അദാനി, എസ്സാർ,ജിൻഡാൽ, ടാറ്റ അങ്ങനെ നീളുന്ന കുത്തകകൾ നമ്മുടെ മണ്ണിൽ നിന്നും കൈക്കലാക്കുന്ന സമ്പത്തിന്റെ കണക്കുകൾ പതിനായിരക്കണക്കിന് കോടികളിലൂടെ മാത്രമേ പറയുവാൻ കഴിയൂ. അത്തരം കൊള്ളകളിൽ ചെറുകിടക്കാർ മാത്രം ശ്രദ്ധിക്കുന്ന സംസ്ഥാനങ്ങളാണ് കേരളവും മേഘാലയായും .

മേഘാലയയിൽ നടക്കുന്ന ചെറുകിട കൽക്കരി ഖനനം എലി മാടം രീതിയിലുള്ളതാണ്. മുകളിൽ നിന്നും ലംബമായി 5 മുതൽ 100 മീറ്റർ വരെ കുഴികളുണ്ടാക്കി കൽക്കരി അറകളിൽ എത്തി, അവിടെ നിന്നും പാർശ്വങ്ങളിലേക്ക് വഴികൾ ഉണ്ടാക്കി കൽക്കരി പുറത്തെത്തിക്കുന്നു. 2300 നടുത്ത് ഖനന യുണിറ്റുകൾ ജെയിൻട്ടാ, തെക്കൻ ഗാരോ മലകളിൽ ഉണ്ടെന്നാണ് കണക്ക്. അനധികൃത ഘനനങ്ങൾ സംസ്ഥാനത്തെ താഴ്വരയുടെ നിലനിൽപ്പിനെ തന്നെ അപകടത്തിലെത്തിച്ചു. ലോകത്തെ ഏറ്റവും അധികം മഴ പെയ്യുന്ന മാവ്വ്‌സന്റാം, ചിറാപുഞ്ചി 11500 ാാ) എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന സംസ്ഥാനം ജലക്ഷാമത്തിലും മണ്ണൊലിപ്പിലും ബുദ്ധിമുട്ടുകയാണ്. ബംഗ്ലാദേശിലേക്കുള്ള കൽക്കരിയുടെ കള്ളകടത്തും അഴിമതിയും വൻതോതിൽ നടക്കുന്നതായി സർക്കാർ സമ്മതിച്ചിരുന്നു . ഇതിന്റെ പശ്ചാത്തലത്തിലാണ് ദേശീയ ഹരിത ട്രിബ്യുണൽ 2014 മുതൽ ഖനനം നിരോധിച്ചത്. സുപ്രിം കോടതി പ്രസ്തുത നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. ഖനനം ചെയ്‌തെടുത്ത ഒന്നേമുക്കാൽ ലക്ഷം ടൺ കൽക്കരി കൊണ്ടുപോകുവാൻ കോടതി ജനുവരി 31 വരെ നൽകിയ അനുവാദത്തിന്റെ മറവിൽ നടന്ന അനധികൃത ഖനനമാണ് അര പട്ടിണിക്കാരായ കുട്ടികൾ 300 മീറ്റർ താഴ്ച്ചയിൽ രണ്ടാഴ്ച്ചയായി കുരുങ്ങി കിടക്കുവാൻ ഇടയുണ്ടാക്കിയത്.

കുട്ടി തൊഴിലാളികളുടെ

മരണക്കുഴികൾ

വീതി കുറഞ്ഞതും 100 മീറ്റർ വരെ താഴ്ച്ചയുള്ളതുമായ കുഴിയിൽ കൈയിൽ പിക്കാസുമായി നിരങ്ങി ഇറങ്ങുവാൻ ചെറിയ കുട്ടികൾക്ക് എളുപ്പമാണ്. അതിനാൽ 10 വയസ്സു മുതൽ പ്രായമുള്ള കുട്ടികളെ എലിക്കുഴിയിൽ ഇറക്കി കൽക്കരി വാരൽ പണി ചെയ്യിക്കുകയാണ്. ബാല വേലക്കാരുടെ എണ്ണം 70000 ലധികം വരും. അവരുടെ ദിവസ വേതനം (12 മണിക്കൂർ) 200 രൂപയും. കുഴിയിൽ ഇറങ്ങി മരിച്ചാൽ മുതലാളി 5000 മുതൽ 6000 രൂപ വരെ നഷ്ടപരിഹാരം നൽകി കുട്ടി തൊഴിലാളികളുടെ കുടുംബത്തെ രക്ഷിക്കും. അതാണ് മേഘാലയയിലെ അലിഖിത നിയമം.

ഖനനം എന്ന പണം വാരൽ

ഗോവയിലെ ഇരുമ്പ് ഖനികളെ നിയന്ത്രിച്ചു കൊണ്ട് സുപ്രിം കോടതി പുറപ്പെടുവിച്ച വിധിയിൽ പറയുന്നത്, 2005 മുതൽ 2012 വരെ നടത്തിയ ഖ നനത്തിൽ നിന്നും സംസ്ഥാനത്തിന് കിട്ടേണ്ടിയിരുന്നത് 53,833 കോടി. എന്നാൽ ലഭിച്ചതാകട്ടെ 2387 കോടിയും. തമിഴ്നാട്ടിൽ 20,000 കോടി വിലയുള്ള മണൽ വരിയെടുത്തപ്പോൾ സർക്കരിനു ലഭിച്ച തുക 2013-14 ൽ 133 കോടി.

ഒഡിഷയിലെ പ്രതി വർഷ ഇരുമ്പ് ഉൽപ്പാദനം 15.5 കോടി ടൺ. ഒഡിഷയിലെ പട്ടിണി പഴയതിലും മോശമായി തുടരുന്നു. ഇന്ത്യയിലെ സാമാന്യേന അഴിമതി കുറഞ്ഞ സംസ്ഥാനമായ കേരളത്തിലെ കരിമണൽ മുതൽ പാറ ഖനനങ്ങൾവരെ നമ്മുടെ പ്രകൃതിയെ തകർക്കുന്നതിനൊപ്പം അതിന്റെ പിന്നിലെ അഴിമതികൾ നേതാക്കളെ ഒരിക്കൽ പോലും ആലോസര പെടുത്തുന്നില്ല.

തമിഴ്നാട് തീരത്തും ചവറ മുതൽ കായംകുളം പൊഴിവരെയും 220 മീറ്റർ വീതിയിൽ കിടക്കുന്ന മണ്ണിൽ അടങ്ങിയ ടൈറ്റാനിയം, തോറിയം മുതലായവയുടെ മാർക്കറ്റ് വില 60 ലക്ഷം കോടിയാണ് എന്നു വിശ്വാസിക്കുവാൻ തന്നെ പ്രയാസമായിരിക്കും. മൈനർ മിനറൽ ആയി കരുതുന്ന പാറ ഖനനത്തെ പറ്റി 13 ആം കേരള നിയമസഭാ സമിതി നടത്തിയ അഭിപ്രായങ്ങൾ കേരളത്തിന്റെ ഉദ്യോഗസ്ഥ- രാഷ്ടീയ രംഗത്തെ മാഫിയ വൽക്കരിക്കുന്നതിൽ ക്വാറി-ക്രഷർ മുതലാളിമാരുടെ പങ്ക് വ്യക്തമാകും. സർക്കാരിലേക്ക് ഒരു ടൺ പാറയിൽ നിന്നും പരാമവധി 74 രൂപ വരെ നൽകി 100 മുതൽ 250 ഇരട്ടി ലാഭം കൊയ്യുന്ന കേരളത്തിലെ ഖനന മുതലാളിമാരെ പറ്റി വേവലാതി പെടാത്ത കേരള സർക്കാർ മേഘാലയാ രാഷ്ടീയക്കാരിൽ നിന്നും ഒട്ടും വ്യത്യസ്തരല്ല.

കേരളത്തിൽ കഴിഞ്ഞ വർഷം ഉണ്ടായ പ്രളയത്തിൽ മരണപ്പെട്ടവരുടെ എണ്ണം സർക്കാർ കണക്കനുസരിച്ച് 488 ആണ്. അതിൽ 10-12 മരണങ്ങൾ ഒഴിച്ചുനിർത്തിയാൽ ബാക്കിയുള്ളവരുടെ മരണ കാരണം മണ്ണിടിച്ചിൽ ആയിരുന്നു. മേഘാലയിലെ എലിക്കുഴിയിൽ മരിച്ചു വീണ നിരവധി ആളുകളുടെ അവസ്ഥക്ക് സമാനമായ സംഭവമാണ് കേരളത്തിലെ മണ്ണിടിച്ചിലും ഉരുൾപ്പൊട്ടലും എന്ന് നമ്മുടെ സർക്കാർ ഓർക്കുവാൻ മടിക്കുന്നു. ഇതിനു കാരണം അഴിമതിയോടും പ്രകൃതി ചൂഷണത്തോടും പൊതുവിൽ ഇന്ത്യയിലെ ഇതര സർക്കാറുകളുടെ നിലപാടുകൾക്കൊപ്പമാണ് കേരളത്തിലെ ഭരണാധികാരികളും എന്നതു കൊണ്ടാണ്.

ഇറാക്കിലെ മൊസൂളിൽ റോഡുപണിക്കുപോയ 39 ബീഹാർ, പഞ്ചാബ് സംസ്ഥാനക്കാരെ 2014ൽ ഇസ്‌ലാമിക തീവ്രവാദികൾ തട്ടികൊണ്ടു പോയിരുന്നു. അവരെ കണ്ടെത്തുവാൻ കേന്ദ്ര സർക്കാർ വേണ്ടത്ര അന്തർദ്ദേശീയ ശ്രമങ്ങൾ നടത്തിയിരുന്നില്ല. 2018ൽ 39 പേരും മരണപ്പെട്ടതായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രി പാർലമെന്റിനെ അറിയിച്ചപ്പോൾ നേതാക്കൾ ആരും തന്നെ തങ്ങളുടെ നാട്ടുകാരുടെ ജീവൻ രക്ഷിക്കുവാൻ കഴിയാത്ത ദുഃഖഭാരത്താൽ തലതാഴ്ത്തിയില്ല. മേഘാലയയിലെ ഗുഹയിലകപ്പെട്ട 15 കുട്ടികളുടെ കാര്യത്തിലും നമ്മുടെ സർക്കാർ ലാഘവത്തോടെയാണ് പെരുമാറി വരുന്നത് !

നോർവേയിൽ നിന്ന് നമ്മുടെ നേതാക്കളറിയുവാൻ

നോർവേ സർക്കാർ അവരുടെ വടക്കൻ കടലിലെ ഖനനത്തിൽ നിന്ന് 80,000 കോടി ഡോളർ രാജ്യത്തെ 50 ലക്ഷം ജനങ്ങളുടെ ക്ഷേമത്തിനായി മാറ്റിവെക്കുന്നുണ്ട്. ഇതിനർത്ഥം നോർവേയിലെ ഒരാേരുത്തരും ഖനനത്തിൽ നിന്നും 1.6 ലക്ഷം ഡോളർ കണ്ടെത്തുന്നു എന്ന്.

Read More >>