അവലോകനകാലത്തെ മനക്കോട്ടകൾ

സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഒട്ടും പ്രതിഫലിച്ചില്ലെന്നു വിലയിരുത്തിയ സി.പി.എം നേതൃത്വം പക്ഷെ, 'മോദി-രാഹുൽ യുദ്ധം' എന്ന നിലയിലുള്ള പ്രചാരണം ന്യൂനപക്ഷ മതവിഭാഗങ്ങൾക്കിടയിൽ സജീവമായ ഏകീകരണത്തിനു വഴിവച്ചതായി സംശയിക്കുന്നു. ന്യൂനപക്ഷത്തിന്റെ ഒഴുക്ക് പോളിങ് ബൂത്തിലേക്കുണ്ടായതാണ് ശതമാനം കൂടാനുള്ള പ്രധാനകാരണം

അവലോകനകാലത്തെ മനക്കോട്ടകൾ

സംസ്ഥാനത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശുഭപര്യവസാനം. രഹസ്യപൊലീസ് മുന്നറിയിപ്പു നൽകിയ പ്രകാരം വലിയ തോതിലുള്ള അക്രമസംഭവങ്ങളോ രാഷ്ട്രീയ പാർട്ടികൾ ആശങ്കപ്പെട്ട പ്രകാരമുള്ള തിരിമറികളോ, തെരഞ്ഞെടുപ്പു ദിവസമോ തുടർന്നോ ഉണ്ടായില്ലെന്നതു ഏറെ ആശ്വാസകരം. 40 ദിവസത്തെ രാപ്പകൽ നീണ്ട പ്രചാരണം സ്ഥാനാർത്ഥികളെയും പാർട്ടി നേതാക്കളെയും പ്രവർത്തകരെയും ഒരു പോലെ വിയർപ്പിച്ചിരുന്നു. പോളിങ് ദിവസവും വർദ്ധിത വീര്യത്തോടെ പണിയെടുത്തപ്പോൾ, വോട്ടു ചെയ്തവരുടെ ശതമാനം മൂന്നുപതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലായി. പോളിങ് ശതമാനം വർദ്ധിച്ചത് ആരെ തുണയ്ക്കുമെന്ന ആലോചനകളും അവകാശവാദങ്ങളും മുറതെറ്റാതെ നടക്കുമ്പോഴും, ഇത്രമേൽ കാര്യഗൗരവത്തോടെ ജനാധിപത്യ പ്രക്രിയയിൽ പങ്കെടുത്ത വോട്ടർമാരുടെ നിലപാടിനെ അഭിനന്ദിക്കാതെ വയ്യ.

പതിവുപോലെ ബാലറ്റു പെട്ടിക്കുള്ളിൽ വീണ വോട്ടുകൾ സംബന്ധിച്ച കണക്കുകൂട്ടൽ തകൃതിയായി നടക്കുകയാണ്. പെട്ടിക്കുള്ളിലായ ജനവിധി തുറക്കാൻ ഒരു മാസത്തെ ഇടവേളയുണ്ടെങ്കിലും തങ്ങളുടെ സാദ്ധ്യതകൾ സംബന്ധിച്ച തലങ്ങും വിലങ്ങുമുള്ള കൂട്ടിക്കിഴിക്കലുകളിലാണ് മൂന്നു മുന്നണികളും. വർദ്ധിച്ച പോളിങ് ശതമാനം നിശ്ശബ്ദ തരംഗത്തിന്റെ സൂചനയായി എല്ലാവരും ചൂണ്ടിക്കാട്ടുമ്പോഴും അത് ആരെ തുണയ്ക്കുമെന്നതിൽ മൂന്നു മുന്നണികൾക്കും ആത്മവിശ്വാസത്തോടൊപ്പം ആശങ്കയുമുണ്ട്. അതു വ്യക്തമാകാൻ അടുത്തമാസം 23 വരെ കാത്തിരിക്കണം. അതിനിടയിലുള്ള അവലോകനങ്ങളും കണക്കെടുപ്പും ഒരു പരിധിവരെ പാർട്ടി അണികളെ ആശ്വസിപ്പിക്കാൻ വേണ്ടിയുള്ളതു കൂടിയാണ്.

താമരവിരിയാൻ ഇനിയും കാത്തിരിക്കണോ

സാധാരണ സി.പി.എം ആണ് തെരഞ്ഞെടുപ്പാനന്തര അവലോകനത്തിൽ ആദ്യം രംഗത്തുവരുന്നത്. എന്നാൽ ഇക്കുറി പതിവുതെറ്റിച്ച് ബി.ജെ.പി-ആർ.എസ്.എസ് നേതൃത്വം അവലോകനവും അവകാശവാദവുമായി ആദ്യം രംഗത്തെത്തി. തെരഞ്ഞെടുപ്പു കഴിഞ്ഞതിന്റെ രണ്ടാം ദിവസം കൊച്ചിയിലെ ആർ.എസ്.എസ് കാര്യാലയത്തിൽ ചേർന്ന യോഗം സംസ്ഥാനത്തെ തെരഞ്ഞെടുപ്പും എൻ.ഡി.എ പക്ഷത്തിന്റെ സാദ്ധ്യതയും വിശകലനം ചെയ്തു. ശബരിമല വിഷയത്തിൽ ഭൂരിപക്ഷ സമുദായത്തിനുള്ളിൽ വ്യക്തമായ ധ്രുവീകരണം ഉണ്ടായതായും അതു താമര വിരിയാൻ ഇടയാക്കുമെന്നും ആർ.എസ്.എസ്-ബി.ജെ.പി നേതാക്കൾ വിലയിരുത്തി. ഏറ്റവും ചുരുങ്ങിയത് തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലെങ്കിലും കൃത്യമായ ഏകീകരണം ബി.ജെ.പിക്കനുകൂലമായി നടന്നിട്ടുണ്ടെന്നാണ് ആർ.എസ്.എസ് നിരീക്ഷണം. അതുകൊണ്ടു തന്നെ രണ്ടു സീറ്റിൽ വിജയത്തിനരികെ തങ്ങളുണ്ടെന്നു ആർ.എസ്.എസ്. ഉറപ്പിച്ചു പറയുന്നു.

കേഡർ സംവിധാനത്തിൽ സി.പി.എമ്മിനു സമാനമായോ അതിനേക്കാൾ ഉയർന്നോ ഉള്ള സംഘടനാ തലമാണ് ആർ.എസ്.എസ്സിനുള്ളത്. അതുകൊണ്ടു തന്നെ കൃത്യമായ കണക്കുകളാണ് ആർ.എസ്.എസ് മുന്നോട്ടു വെയ്ക്കുന്നത് എന്നതിൽ ആശ്വാസം കൊള്ളുന്നുണ്ട് ബി.ജെ.പിയും എൻ.ഡി.എ അണികളും. പ്രതീക്ഷിച്ചതിനേക്കാൾ മുന്നേറ്റം ഇക്കുറി സാദ്ധ്യമാക്കിയത് ശബരിമല വിഷയമാണെന്നതിൽ സംഘപരിവാർ സംഘടനകളിൽ എതിരഭിപ്രായമില്ല. അതേസമയം, ഹിന്ദു വോട്ടുകളെ ഏകീകരിപ്പിക്കുന്നതിലും ബി.ജെ.പിക്കനുകൂലമാക്കുന്നതിലും പാളിച്ച സംഭവിച്ചതായും ആർ.എസ്.എസ് ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പിൽ അത്ഭുതങ്ങൾ നടന്നാലും മറിച്ച് ഒന്നോ രണ്ടോ ശതമാനം വോട്ടു വർദ്ധനവിൽ മാത്രം നേട്ടം അവകാശപ്പെടേണ്ട സാഹചര്യം വന്നാലും ബി.ജെ.പിയിലെ സംഘടനാ സംവിധാനം അടിമുടി പൊളിച്ചെഴുതണമെന്ന നിർദ്ദേശം ആർ.എസ്.എസ് മുന്നോട്ടുവെച്ചു കഴിഞ്ഞു. വളർച്ചയിലേക്കു സംഘടനയെ എത്തിക്കണമെങ്കിൽ നേതൃമാറ്റമുൾപ്പെടെയുള്ള വിഷയങ്ങളിൽ ഗൗരവമായ ഇടപെടൽ നടത്താതെ വയ്യെന്ന സാഹചര്യമാണ് ബി.ജെ.പിയുടെ ദേശീയ നേതൃത്വത്തോടു ആർ.എസ്.എസ് പറയുന്നത്.

സുവർണാവസരം എന്നു പറഞ്ഞു ശബരിമല വിഷയത്തിൽ പ്രക്ഷോഭങ്ങൾക്കു ബി.ജെ.പി നേതൃത്വം നൽകിയെങ്കിലും അതിന്റെ ഗുണം പാർട്ടിക്കു ലഭിക്കാതെ പോയി എന്നാണ് ആർ.എസ്.എസ് പറയുന്നത്. തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഇക്കാര്യത്തിൽ ആർ.എസ്.എസ്സിനുള്ള വ്യക്തമായ അഭിപ്രായം കേന്ദ്ര നേതാക്കളെ അറിയിച്ചിരുന്നു. ഫലപ്രദമായി ഇടപെട്ടിരുന്നെങ്കിൽ ഫലം മറ്റൊന്നാകുമായിരുന്നു എന്നും സംഘം പറയുന്നു. പത്തനംതിട്ടയിൽ അനുകൂല സാഹചര്യമുണ്ടായിട്ടും വോട്ടിലെത്തിക്കാൻ സംഘടനാ സംവിധാനത്തിനു സാധിച്ചില്ല. ഇതേ സാഹചര്യമാണ് തിരുവനന്തപുരത്തും ആർ.എസ്.എസ് കാണുന്നത്. കുമ്മനത്തിനു അനുകൂലമായ സാദ്ധ്യതകളെ ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ലെന്നു മാത്രമല്ല, എതിരായ ഘടകങ്ങൾ പ്രവർത്തിക്കുകയും ചെയ്തു.

ന്യൂനപക്ഷങ്ങൾ കൈവിടുമോ

പോളിങ് കൂടിയത് തങ്ങളെ തുണയ്ക്കുമെന്ന ആത്മവിശ്വാസമാണ് തിരുവനന്തപുരത്തു ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പ്രകടിപ്പിച്ചത്. 18 സീറ്റിലും വിജയിക്കുമെന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പുറമേ പറഞ്ഞെങ്കിലും എട്ടുമുതൽ 12 വരെ സീറ്റുകൾ നേടുമെന്ന വിലയിരുത്തലാണ് സെക്രട്ടറിയേറ്റിലുണ്ടായത്. 25ന് എല്ലാ മണ്ഡലം കമ്മിറ്റികളും ജില്ലാ കമ്മിറ്റികളും ചേർന്നു പ്രാഥമിക അവലോകനം നടത്തിയിരുന്നു. ഈ റിപ്പോർട്ടിനെ ആശ്രയിച്ചാണ് സെക്രട്ടറിയേറ്റ് 8-12 എന്ന നിഗമനത്തിലെത്തിയത്. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധ വികാരം ഒട്ടും പ്രതിഫലിച്ചില്ലെന്നു വിലയിരുത്തിയ നേതൃത്വം പക്ഷെ, 'മോദി-രാഹുൽ യുദ്ധം' എന്ന നിലയിലുള്ള പ്രചാരണം ന്യൂനപക്ഷ മതവിഭാഗങ്ങൾക്കിടയിൽ സജീവമായ ഏകീകരണത്തിനു വഴിവച്ചതായി സംശയിക്കുന്നു.

ന്യൂനപക്ഷത്തിന്റെ ഒഴുക്ക് പോളിങ് ബൂത്തിലേക്കുണ്ടായതാണ് ശതമാനം കൂടാനുള്ള പ്രധാനകാരണം. മോദിയോ രാഹുലോ എന്ന ചോദ്യത്തിനു മുന്നിൽ ഇടതുപക്ഷത്തിനു പ്രസക്തിയില്ലെന്നു ന്യൂനപക്ഷങ്ങൾ വിധിയെഴുതിയാൽ ദയനീയമായ പരാജയത്തിലേക്കു സി.പി.എം വീഴുമെന്നു പാർട്ടി ഭയക്കുന്നുണ്ട്. എന്നാൽ കോ-ലീ-ബി ആരോപണവും ചില കോൺഗ്രസ് സ്ഥാനാർത്ഥികൾ ബി.ജെ.പിയിലേക്കു പോകുമെന്നുള്ള പ്രചാരണവും ആ ഒഴുക്ക് തങ്ങൾക്കനുകൂലമാക്കുമെന്നും പാർട്ടി ആശ്വസിക്കുന്നു. കൊല്ലം, കണ്ണൂർ മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികൾക്കെതിരെ നടത്തിയ ബി.ജെ.പി ബന്ധ ആരോപണം ഫലം കാണുമെന്ന പ്രതീക്ഷയിലാണ് സി.പി.എം. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുമ്പു തന്നെ കണ്ണൂരിൽ കെ.സുധാകരനെതിരെയും കൊല്ലത്തു എൻ.കെ പ്രേമചന്ദ്രനെതിരെയും സി.പി.എം, താഴെതലം വരെ പ്രചാരണം തുടങ്ങിയിരുന്നു.

കൃത്യമായ് നടന്ന അടിയൊഴുക്ക് പല മണ്ഡലങ്ങളിലെയും സാദ്ധ്യതകളെ തകിടം മറിക്കുമെന്ന പൊതുവികാരവും സി.പി.എമ്മിലുണ്ട്. അതുകൊണ്ടു തന്നെയാണ് വോട്ടുകച്ചവടം എന്ന ആയുധം ഒരു മുഴം മുമ്പെ സി.പി.എം തൊടുത്തു വിട്ടത്. ന്യൂനപക്ഷ ധ്രുവീകരണം ഏകപക്ഷീയമായി 'രാഹുൽ' വഴി യു.ഡി.എഫിനെ തുണച്ചാൽ സി.പി.എം നാലു സീറ്റിലും താഴെ ഒതുങ്ങിപ്പോയേക്കാം. അത്തരമൊരു ദയനീയ സാഹചര്യത്തെ നേരിടാനുള്ള മുൻകരുതൽ സ്വീകരിക്കുക എന്നതുമാത്രമായി വോട്ടുകച്ചവട ആരോപണത്തെ കാണുന്നവരുമുണ്ട്.

ശബരിമല വിഷയം ഇടതുമുന്നണിക്കു ചെറുതല്ലാത്ത വിഷമസന്ധി സമ്മാനിച്ചിട്ടുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, തൃശൂർ, കോഴിക്കോട്, കണ്ണൂർ, ആലപ്പുഴ, കോട്ടയം മണ്ഡലങ്ങളിൽ യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ ശബരിമല വിഷയം സമർത്ഥമായി ഉപയോഗിച്ചിട്ടുണ്ടെന്നാണ് പാർട്ടി ജില്ലാ കമ്മിറ്റികളുടെ വിലയിരുത്തൽ. വലിയ തോതിൽ വോട്ടിനെ സ്വാധീനിക്കില്ലെങ്കിലും ഭൂരിപക്ഷ സമുദായത്തിനുള്ളിൽ ഈ പ്രചാരണം സജീവ ചർച്ചയ്ക്കു വഴിവച്ചതായാണ് വിലയിരുത്തൽ. ചില മണ്ഡലങ്ങളിൽ ശബരിമല വിഷയത്തോടൊപ്പം സമുദായ സംഘടനകളുടെ നിലപാടും സി.പി.എമ്മിനെ ഭയപ്പെടുത്തുന്നുണ്ട്. തെക്കൻ കേരളത്തിൽ എൻ.എസ്.എസ് വോട്ടുകൾ യു.ഡി.എഫിനു ലഭിച്ചിരിക്കാമെന്നു കരുതുമ്പോൾ തന്നെ, പരമ്പരാഗതമായി എൽ.ഡി.എഫിനു ലഭിച്ചു കൊണ്ടിരുന്ന ഈഴവ സമുദായ പിന്തുണ ഇക്കുറി വിഭജിക്കപ്പെടുമോ എന്നതും നേതൃത്വത്തെ അലട്ടുകയാണ്. ബി.ഡി.ജെ.എസ് വഴി ചെറിയ തോതിലെങ്കിലും വോട്ടുകൾ ബി.ജെ.പിക്കു പോയാൽ അതു തിരുവനന്തപുരം, ആറ്റിങ്ങൽ, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം മണ്ഡലങ്ങളിൽ നിർണ്ണായകമായേക്കും. എന്തായാലും അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ കഴിഞ്ഞ തവണ നേടിയ സീറ്റിലെങ്കിലും പിടിച്ചു നിൽക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് പാർട്ടി എത്തിച്ചേരുന്നത്.പോളിങ് കുത്തനെ ഉയർന്നതും അതിനിടയാക്കിയ ന്യൂനപക്ഷ ധ്രുവീകരണവും തങ്ങളുടെ സാദ്ധ്യത ഇരട്ടിയാക്കിയെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം. താഴെ തലത്തിൽ നിന്നു കൃത്യമായ കണക്കുകൾ ശേഖരിച്ചു വരുന്നതിനിടയ്ക്കുള്ള പൊതു വിലയിരുത്തലിലാണ് കോൺഗ്രസ് നേതാക്കൾ പ്രതീക്ഷ പങ്കുവെയ്ക്കുന്നത്. ബൂത്തുതലത്തില മുഴുവൻ കണക്കുകളും ലഭിച്ചു കഴിഞ്ഞ ശേഷം കോൺഗ്രസ് രാഷ്ട്രീയകാര്യസമിതി, യു.ഡി.എഫ് ഉന്നതാധികാര സമിതി എന്നിവ ചേർന്നു അന്തിമ വിശകലനം നടത്താനാണ് ആലോചിക്കുന്നത്. ശബരിമല വിഷയം, ന്യൂനപക്ഷ പിന്തുണ, രാഹുൽ ഇഫക്ട് എന്നിവ ഉൾച്ചേർന്നു തരംഗമായെന്ന വിലയിരുത്തലിലാണ് കോൺഗ്രസ് നേതൃത്വം. അങ്ങനെ വന്നാൽ 14-16 സീറ്റുവരെ ലഭിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. തെക്കൻ കേരളത്തിൽ ശബരിമല വിഷയവും ന്യൂനപക്ഷ കേന്ദ്രീകരണവും നടന്നുവെന്ന വിശ്വാസത്തിലാണ് കോൺഗ്രസ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, മാവേലിക്കര മണ്ഡലങ്ങളിൽ ഇതു യു.ഡി.എഫിനെ തുണയ്ക്കുമെന്നും നേതാക്കൾ പറയുന്നു. ആറ്റിങ്ങലിൽ ഇതിനെല്ലാം പുറമെയുള്ള അടൂർ പ്രകാശിന്റെ വ്യക്തി-സമുദായ സ്വാധീനം അട്ടിമറി വിജയത്തിനുള്ള അവസരമൊരുക്കുമെന്നും അവർ കണക്കുകൂട്ടുന്നു.

മദ്ധ്യ കേരളത്തിലും മലയോരത്തും ഇക്കുറി മതന്യൂനപക്ഷ വിഭാഗങ്ങളുടെ ഏകീകരണം യു.ഡി.എഫിന് അനുകൂലമായി ലഭിച്ചു എന്നാണ് കോൺഗ്രസ് കണക്കുകൂട്ടുന്നത്. പ്രളയാനന്തര സാഹചര്യം, ശബരിമല വിഷയത്തിലെ നിലപാട് എന്നിവ കൂടി സർക്കാരിനും സി.പി.എമ്മിനും എതിരായി പ്രവർത്തിച്ചാൽ ഫലം ഏകപക്ഷീയമായി യു.ഡി.എഫിനൊപ്പമാകുമെന്നും നേതാക്കൾ കരുതുന്നു. കോട്ടയത്ത് കെ.എം മാണിയുടെ വിയോഗമുണ്ടാക്കിയ പ്രത്യേക സാഹചര്യവും യു.ഡി.എഫ് പ്രതീക്ഷ ഉയർത്തുന്നു. ശബരിമല വിഷയത്തിൽ ബി.ജെ.പി നടത്തിയ പ്രചാരണം ജനങ്ങൾ മുഖവിലക്കെടുത്തില്ലെന്ന പ്രാഥമിക വിലയിരുത്തലാണ് കോൺഗ്രസിനുള്ളത്. ഒന്നോ രണ്ടോ മണ്ഡലങ്ങളിലൊഴിച്ച് ഒരിടത്തും ശബരിമലയുടെ പേരിൽ യു.ഡി.എഫിന് വോട്ടുനഷ്ടമുണ്ടാകില്ലെന്നും പകരം ബി.ജെ.പിക്കും സി.പി.എമ്മിനും പരമ്പരാഗത വോട്ടുകളിൽ വിള്ളലുണ്ടാകുമെന്നും കോൺഗ്രസ് കണക്കുകൂട്ടുന്നു.

വടക്കൻ കേരളത്തിൽ സി.പി.എം വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന പ്രതീക്ഷ യു.ഡി.എഫിനുണ്ട്. പ്രത്യേകിച്ചും കോഴിക്കോട്, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ അക്രമരാഷ്ട്രീയവും ശബരിമലയും സമർത്ഥമായി ഉപയോഗപ്പെടുത്താനായി എന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ പറയുന്നത്. ഇതോടൊപ്പം മോദിക്കെതിരെ രാഹുൽ എന്ന മുദ്രാവാക്യം ഏറ്റവും കൂടുതൽ സ്വാധീനിക്കപ്പെട്ടതും മലബാറിലെ ഏഴു മണ്ഡലങ്ങളിലാണ്. മലപ്പുറം, പൊന്നാനി, വയനാട് എന്നിവിടങ്ങളിൽ രാഹുൽ ഇഫക്ട് വൻ ഭൂരിപക്ഷത്തിനിടയാക്കുമെന്ന പ്രതീക്ഷ കോൺഗ്രസ്-ലീഗ് നേതൃത്വം ഒരു പോലെ പങ്കുവെയ്ക്കുന്നു. പാലക്കാട് അമിത പ്രതീക്ഷ വെയ്ക്കാത്ത കോൺഗ്രസ്, ആലത്തൂരിൽ രമ്യാ ഹരിദാസ് കടന്നുകിട്ടുമെന്ന വിശ്വാസത്തിലാണ്. ഇവിടെയും അടിയൊഴുക്കുകളും രമ്യക്കനുകൂലമായ പൊതു വികാരവും തുണയ്ക്കുമെന്നാണ് പാർട്ടി കരുതുന്നത്.

Read More >>