മതിലില്‍ കള്ളം പറയുന്നതാര്

ഒടുവിൽ വ്യാഴാഴ്ച ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ വനിതാമതിൽ ബജറ്റ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും സ്ത്രീ ശാക്തീകരണത്തിനായി നീക്കി വെച്ച 50 കോടിയിൽ നിന്നു ഇതിനായി പണം ചെലവിടുമെന്നും സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ബോധിപ്പിച്ചു. എന്നാൽ ഒരു ദിവസത്തെ ആയുസ്സുമാത്രമേ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിനുണ്ടായുള്ളൂ.

മതിലില്‍ കള്ളം   പറയുന്നതാര്

വനിതാമതിലിൽ കള്ളം പറയുന്നതാരാണ്. സർക്കാരോ സർക്കാരിന്റെ വക്കാലത്തുള്ള അഡ്വക്കേറ്റ് ജനറലോ. മതിലു പണിയാനുള്ള പണം സർക്കാർ ഖജനാവിൽ നിന്നു ചെലവിടുമെന്നാണ് സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ വ്യാഴാഴ്ച സത്യവാങ്മൂലം നൽകിയത്. സാമൂഹ്യനീതി വകുപ്പ് അഡീഷണൽ സെക്രട്ടറി എം.കെ ലീലാമണിയുടെ വിശദീകരണമാണ് കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഇതു മതിലിന്റെ ശോഭകെടുത്തും എന്നായപ്പോൾ തിരുത്തുമായി മുഖ്യമന്ത്രിയും ധനകാര്യവകുപ്പു മന്ത്രിയും രംഗത്തെത്തി. യഥാർത്ഥത്തിൽ വനിതാമതിലുമായി ബന്ധപ്പെട്ടു എവിടെയാണ്, ആർക്കാണ് ആശയക്കുഴപ്പം. എന്തിനാണ് സർക്കാർ ഇക്കാര്യത്തിൽ അടിക്കടി നിലപാടുമാറ്റുന്നത്. മതിൽ പണിയാൻ അസ്ഥിവാരമിട്ട അന്നുതൊട്ട് ഈ സംശയം നിലനിൽക്കുകയാണ്. നിശ്ചയമായും അതു ദൂരീകരിക്കാൻ സർക്കാരിനു ബാദ്ധ്യതയുണ്ട്.

ശബരിമല വിധിയെ തുടർന്നുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഡിസംബർ 1ന് സർക്കാർ വിളിച്ചു ചേർത്ത നവോത്ഥാന പാരമ്പര്യമുള്ള സാമുദായിക സംഘടനകളുടെ യോഗത്തിലാണ് വനിതാമതിൽ എന്ന ആശയം പിറവിയെടുത്തത്. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച്, യോഗത്തിൽ പങ്കെടുത്ത എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് ഈ ആശയം പങ്കുവെച്ചത്. കെ.പി.എം.എസ് രക്ഷാധികാരി പുന്നല ശ്രീകുമാർ ഇതിനെ പിന്തുണച്ചതോടെ വനിതാമതിലുപണിയാൻ തത്വത്തിൽ തീരുമാനിച്ചു. യോഗത്തിൽ പങ്കെടുത്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ വനിതാമതിൽ പണിയും എന്നാണ് തുടക്കത്തിൽ പറഞ്ഞത്. അപ്പോൾ വനിതാമതിൽ സർക്കാർ നേരിട്ടു നടത്തുന്ന പരിപാടിയായിരുന്നില്ല. രണ്ടാം തിയ്യതി മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയതുമാണ്. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വിവിധ വകുപ്പുകൾ ഇതിനായി പണം ചെലവഴിക്കണമെന്നു നിർദ്ദേശിച്ചു.അതോടെ പ്രതിപക്ഷം അത് ആയുധമാക്കി. ഇവിടം മുതലാണ് പരിപാടി സർക്കാർ മേൽവിലാസത്തിലേക്കു മാറുന്നതും ഖജനാവിലെ പണം ഉപയോഗിക്കുന്നതായി വെളിവാകുന്നതും. ആശയക്കുഴപ്പത്തിന്റെ തുടക്കവും ഇവിടെ തന്നെ.

വിവാദമൊഴിവാക്കാൻ, അധികം വൈകാതെ ഉത്തരവിൽ ചീഫ് സെക്രട്ടറി തന്നെ തിരുത്തൽ വരുത്തി. എന്നാൽ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കണമെന്ന നിർദ്ദേശം അതേപടി തുടർന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ, വനിതാമതിൽ നിർമ്മാണ കരാർ ഏറ്റെടുത്തത് സംസ്ഥാനത്തെ നവോത്ഥാന ലേബലുള്ള സംഘടനകളാണെന്നും സർക്കാർ ഖജനാവിൽ നിന്നു ചില്ലിക്കാശു ചെലവാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു ആ പ്രഖ്യാപനം. സർക്കാർ ഫണ്ടുപയോഗിച്ച് വർഗ്ഗീയ മതിൽ കെട്ടുന്നു എന്ന പ്രതിപക്ഷ ഉപ നേതാവ് ഡോ.എം.കെ മുനീറിന്റെ അടിയന്തരപ്രമേയ നോട്ടീസിനുള്ള മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബഹളത്തിനൊടുവിൽ കയ്യാങ്കളിവരെയെത്തി സഭ പിരിഞ്ഞതോടെ മതിലിനെ ചൊല്ലിയുള്ള പോര് തെരുവിലായി.

ഒടുവിൽ വ്യാഴാഴ്ച ഹൈക്കോടതിയിൽ നൽകിയ വിശദീകരണത്തിൽ വനിതാമതിൽ ബജറ്റ് നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും സ്ത്രീ ശാക്തീകരണത്തിനായി നീക്കി വെച്ച 50 കോടിയിൽ നിന്നു ഇതിനായി പണം ചെലവിടുമെന്നും സർക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറൽ ബോധിപ്പിച്ചു. എന്നാൽ ഒരു ദിവസത്തെ ആയുസ്സുമാത്രമേ ഹൈക്കോടതിയിലെ സത്യവാങ്മൂലത്തിനുണ്ടായുള്ളൂ. സർക്കാർ ഫണ്ടുപയോഗിച്ചുള്ള മതിലുപണി എന്ന ആരോപണത്തിനു തെളിവായി ഹൈക്കോടതിയിലെ സത്യവാങ്മൂലം ഉയർത്തിക്കാട്ടി പ്രതിപക്ഷവും മാദ്ധ്യമങ്ങളും രംഗത്തുവന്നതോടെ മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും വീണ്ടും തിരുത്തി. സർക്കാരിന്റെ ഒറ്റപൈസ മതിലിനു വേണ്ടി ചെലവഴിക്കില്ല എന്ന നിലപാടിൽ മാറ്റമില്ലെന്നും ഹൈക്കോടതിയിലെ സത്യവാങ്മൂലം തെറ്റായി വ്യാഖ്യാനിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ വനിതാമതിലിനൊപ്പമാണ് എന്നതിനർത്ഥം പണം ചെലവിടുന്നു എന്നതല്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഫലത്തിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുന്ന സാഹചര്യമുണ്ടായി. ഹൈക്കോടതിയിൽ സർക്കാർ ഭാഗം വിശദീകരിക്കുന്നത് ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാവനയിൽ നിന്നെടുത്തല്ല. മറിച്ച് ബന്ധപ്പെട്ട വകുപ്പു മന്ത്രിയുമായോ ചുമതലപ്പെട്ട വകുപ്പു തലവനുമായോ കൂടിയാലോചന നടത്തിയ ശേഷമാണ് സത്യവാങ്മൂലം നൽകുന്നത്. സർക്കാരിനു വേണ്ടി നൽകിയ രേഖയിലെ വസ്തുതകൾ തള്ളിപ്പറയേണ്ട സാഹചര്യമുണ്ടാക്കുന്നത് ഭരണപരമായി മാത്രമല്ല, രാഷ്ട്രീയമായും സർക്കാരിന് കളങ്കമാണ്.

ആരു കളവുപറഞ്ഞാലും, വനിതാമതിലിന്റെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യപ്പെടുകയാണ്. സംഘാടനവുമായും അതിലെ പങ്കാളികളുമായി ബന്ധപ്പെട്ടും നേരത്തെ വിവാദം കത്തിപ്പടർന്നിരുന്നു. ശബരിമലയിൽ സ്ത്രീകളെ തടയാൻ മുൻനിരയിൽ ഉണ്ടായിരുന്ന സി.പി സുഗതനെ പോലുള്ളവരാണ് മതിൽ പണിയുന്ന മേസ്തിരിമാർ എന്ന പ്രതിപക്ഷ ആക്ഷേപത്തെ മുഖ്യമന്ത്രി തള്ളിക്കളഞ്ഞെങ്കിലും ചില വസ്തുതകൾ സർക്കാരിന് പേരുദോഷമുണ്ടാക്കി. സർക്കാർ നിലപാടിൽ സർവ്വത്ര ആശയക്കുഴപ്പമെന്ന കാര്യത്തിൽ സി.പി.എം അണികൾക്കു പോലും രണ്ടഭിപ്രായമില്ല. അവധാനതയോടെയും ആസൂത്രണത്തോടെയും ഈയൊരാശയം നടപ്പിലാക്കിയിരുന്നെങ്കിൽ വിവാദത്തിന് ഇടം ലഭിക്കുമായിരുന്നില്ല. എന്നാൽ രാഷ്ട്രീയ താല്പര്യം മുന്നിൽ നിർത്തി മതിലുപണിയാനുള്ള നീക്കം സർക്കാരിനെ തീർത്തും പ്രതിരോധത്തിലാക്കി.

എം. പാനലുകാരുടെ കണ്ണീർ ജാഥ

ആയിരത്തോളം പേരുടെ ഒരു ലോങ് മാർച്ച് പുന്നപ്ര വയലാറിന്റെ സമരഭൂമിയിൽ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ടു. 10-15 വർഷം പണിയെടുത്തവരോട് ഒരു സുപ്രഭാതത്തിൽ ഇറങ്ങിപ്പോകാൻ പറഞ്ഞപ്പോൾ ജീവിതം പൊള്ളിയവരാണ് ഈ ജാഥയിലുള്ളത്. കെ.എസ്.ആർ.ടി.സിയിൽ വർഷങ്ങളായി താൽക്കാലിക ജീവനക്കാരായി ജോലി ചെയ്തവർ തങ്ങൾക്കു ജീവിക്കാനൊരു മാർഗ്ഗം വേണമെന്നാവശ്യപ്പെട്ടാണ് ജാഥ നടത്തുന്നത്. ഹൈക്കോടതിയുടെ നിർദ്ദേശത്തെ തുടർന്നാണ് ഇവരെ പിരിച്ചുവിടേണ്ടി വന്നത്. വർഷങ്ങളായി പി.എസ്.സി നിയമന ശുപാർശ നൽകിയിട്ടും നിയമിക്കപ്പെടാതിരുന്നവർ കോടതിയെ സമീപിച്ചപ്പോഴാണ് എം.പാനലുകാർക്കെതിരായ വിധിയുണ്ടായത്. വിധിയുടെ പ്രത്യാഘാതങ്ങൾ എന്തായാലും അത് എം.പാനലുകാരെ മാത്രമല്ല, കെ.എസ്.ആർ.ടി.സിയെയും വലിയ തോതിൽ ബാധിക്കും.

തോന്നുംപടി നിയമനം നടത്തി, എല്ലാ ജോലിയും ചെയ്യിപ്പിച്ച് ഒടുക്കം അവരെ തെരുവിലേക്കു വലിച്ചെറിയപ്പെടുന്ന സാഹചര്യമുണ്ടാക്കിയതും കെ.എസ്.ആർ.ടി.സി മാനേജ്‌മെന്റുമാത്രമാണ്. എല്ലാ കാര്യത്തിലുമെന്ന പോലെ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് താൽക്കാലികക്കാരെ നിയമിച്ചത്. 3816 എം. പാനലുകാരെ ഒന്നിച്ചു നിയമിച്ചതല്ല. മാറിമാറി വന്ന സർക്കാരുകളെ സ്വാധീനിച്ച് മാനേജ്‌മെന്റും യൂണിയൻ നേതൃത്വവുമാണ് ഈ നിയമനങ്ങൾ നടത്തിയത്. അർഹതപ്പെട്ട ദിവസവേതനം പോലും ഇവർക്കു നൽകിയില്ല. സ്ഥിരം ജീവനക്കാരുടെ അവധിക്കും യൂണിയൻ പ്രവർത്തനത്തിനും വേണ്ടി റിസർവ്വ് വിഭാഗമായി എക്കാലവും പണിയെടുക്കുകയായിരുന്നു ഇക്കൂട്ടർ. വ്യവസ്ഥാപിത മാർഗ്ഗത്തിലൂടെയായിരുന്നില്ല ഇവരുടെ നിയമനം.അതുകൊണ്ടു തന്നെ ഏതു നിമിഷവും പുറത്തുപോകേണ്ടി വരുമെന്ന ധാരണ ഇവരിൽ ഭൂരിപക്ഷത്തിനും ഉണ്ടായിരുന്നു. പി.എസ്.സിയിൽ ഒഴിവ് അറിയിക്കുന്നതിൽ വന്ന പിശകാണത്രെ എം.പാനലുകാർക്കു പുറത്തുപോകേണ്ട സാഹചര്യമൊരുക്കിയ വിധിക്കാധാരമായത്. മൊത്തം ഒഴിവിൽ എം.പാനലുകാരെ കൂടി ചേർത്താണ് പി.എസ്.സിക്കു ഒഴിവുകൾ റിപ്പോർട്ടു ചെയ്തത്. തുടർന്നു പി.എസ്.സി തയ്യാറാക്കിയ പട്ടികയിൽ നിന്നു നിയമനം നടത്താതെ വന്നതാണ് കോടതിയെ സമീപിക്കാനുള്ള സാഹചര്യമുണ്ടാക്കിയത്.

കെടുകാര്യസ്ഥതയുടെ വിളനിലമാണ് കെ.എസ്.ആർ.ടി.സി. നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കോർപ്പറേഷനെ രക്ഷിക്കാനുള്ള വഴി തേടുന്നതിനിടയിലാണ് എം.പാനലുകാരെ പിരിച്ചുവിടാനും പകരം പി.എസ്.സിക്കാരെ നിയമിക്കാനും കോടതി ഉത്തരവിട്ടത്. ഇത്രയും നാൾ ചുരുങ്ങിയ വേതനത്തിൽ എല്ലുമുറിയെ പണിയെടുത്ത എം.പാനലുകാർക്ക് നൽകിയ വേതനം പോരാ, പി.എസ്.സി വഴിയെത്തുന്നവർക്ക്. ആ വഴിക്കും നഷ്ടം താങ്ങാനാകില്ലെന്നാണ് സി.എം.ഡി ടോമിൻ ജെ. തച്ചങ്കരി പറയുന്നത്. എന്തായാലും കുറേ വർഷം സ്ഥാപനത്തിനു വേണ്ടി വിയർപ്പൊഴുക്കിയ ആയിരങ്ങളുടെ കാര്യത്തിൽ വേണ്ടതു ചെയ്യാമെന്ന തരത്തിലാണ് ഹൈക്കോടതിയുടെ ഉത്തരവുണ്ടായത്.

ഇവരെ പുന:രധിവസിപ്പിക്കാനുള്ള പദ്ധതി കെ.എസ്.ആർ.ടി.സിയോ സംസ്ഥാന സർക്കാരോ ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. കാരണം അവരിൽ പലർക്കും ഇനി മറ്റൊരു ജോലിക്കു പോകാൻ കഴിയുന്ന പ്രായമല്ല. ക്രമരഹിതമായി നിയമിച്ചവരെ ക്രമപ്പെടുത്തണമെന്നല്ല, മറിച്ച് അവരുടെ പ്രശ്‌നങ്ങളെ അനുഭാവപൂർവം കാണാനുള്ള ബാദ്ധ്യത സർക്കാരിനുണ്ട് എന്നു മാത്രം. ഈ വിധത്തിൽ അവരെ തെരുവിലാക്കിയതിന്റെ ഉത്തരവാദിത്തം ഭരണകൂടത്തിനുമില്ലേ.

സസ്‌പെൻഷനിൽ ഹാട്രിക്

മുതിർന്ന ഐ.പി.എസ് ഓഫീസർ ജേക്കബ് തോമസിന് മൂന്നാം തവണയും സസ്‌പെൻഷൻ. ആദ്യത്തെ സസ്‌പെൻഷൻ സർക്കാരിനെതിരെ സംസാരിച്ചതിനായിരുന്നു. ഓഖി രക്ഷാപ്രവർത്തനം സംബന്ധിച്ച ജേക്കബ് തോമസിന്റെ പരസ്യവിമർശനം സർവീസ് ചട്ടം അനുസരിച്ച് കുറ്റമാകയാലായിരുന്നു സസ്‌പെൻഷൻ. രണ്ടാമത്തെ സസ്‌പെൻഷൻ 'സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ' എന്ന തന്റെ സർവീസ് സ്റ്റോറിയുടെ പേരിലും. പുസ്തകത്തിലെ സർക്കാരിനെ വിമർശിക്കുന്ന ഭാഗം സർക്കാരുദ്യോഗസ്ഥരുടെ പെരുമാറ്റച്ചട്ടത്തിനെതിരാണെന്നായി കാരണം. മൂന്നാമത്തെ സസ്‌പെൻഷനാണ് കാരണത്തിനു വേണ്ടി കാരണമുണ്ടാക്കിയതെന്ന ആക്ഷേപത്തിനിടയാക്കുന്നത്. ജേക്കബ് തോമസ് തുറമുഖ വകുപ്പ് ഡയരക്ടറായിരിക്കെ മണൽഖനനം അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന നാലു വർഷം മുമ്പത്തെ ആരോപണം അന്വേഷിക്കാൻ ദിവസങ്ങൾക്കു മുമ്പാണ് മുഖ്യമന്ത്രി ഉത്തരവിട്ടത്. ഇതിന്റെ പേരിലാണ് മൂന്നാം സസ്‌പെൻഷൻ.

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഉയർന്ന ഈ ആരോപണത്തിൽ തെളിവില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ വിജിലൻസ് കണ്ടെത്തിയത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയപ്പോഴും പരാതിക്കാരൻ ആരോപണം ആവർത്തിച്ചു. എന്നാൽ ആരോപണ വിധേയനായ ജേക്കബ് തോമസിനെ വിജിലൻസ് ഡയരക്ടറാക്കുകയാണ് സർക്കാർ ചെയ്തത്. മാത്രവുമല്ല, വിജിലൻസ് ഡയരക്ടർ എന്ന തത്തയെ കൂടുതുറന്നുവിട്ടതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. തത്തയെ തുറന്നുവിട്ടും കൂട്ടിലടച്ചും ഒടുവിൽ ചിറകരിഞ്ഞും ശരിപ്പെടുത്തിയ രണ്ടു വർഷത്തിനിടയിൽ കാണാതിരുന്ന ഫയലാണ് രണ്ടാം സസ്‌പെൻഷന്റെ കാലാവധി അവസാനിക്കാറായ നേരംനോക്കി കണ്ടെടുത്തത്. ആരോപണത്തിലെ വസ്തുത എന്തായാലും അത് അന്വേഷിച്ചു കണ്ടെത്തട്ടെ. എന്നാൽ കഴിഞ്ഞ രണ്ടു വർഷവും എവിടെയായിരുന്നു ഈ ആവേശം. വിജിലൻസ് ഡയരക്ടറായി വാഴിക്കുമ്പോൾ കാണാത്ത ആരോപണം ഇപ്പോൾ മുന്നിലുയർന്നു വന്നതെങ്ങനെ. ഇത്യാദി ചോദ്യങ്ങൾ ആരെങ്കിലും ചോദിച്ചു പോയാൽ അവരെ കുറ്റം പറയാനൊക്കുമോ.

Read More >>