ശബരിമലയിലെത്തുന്ന മനിതി

2016 ഏപ്രില്‍ 28ന് പെരുമ്പാവൂരില്‍ വീടിനകത്ത് നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവര്‍ മറീന ബീച്ചില്‍ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകള്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്. 1500ലധികം പേര്‍ ഇവരുടെ ഫേസ്ബുക്ക് പേജിനെ പിന്തുടരുന്നുണ്ട്. ഞങ്ങള്‍ ഏതെങ്കിലും ശബരിമല യാത്ര നടത്തുന്നില്ല എന്നും അവരുടെ പേജിലുണ്ട്.

ശബരിമലയിലെത്തുന്ന മനിതി

മനിതി എന്നാല്‍ തമിഴില്‍ മനുഷ്യസ്ത്രീ എന്നര്‍ത്ഥം. മനിതന്‍ എന്നതാണ് അതിന്റെ പുല്ലിംഗം. യുവതികള്‍ക്ക് ശബരിമല ദര്‍ശനം അനുവദിച്ച സുപ്രിം കോടതി വിധി മുന്‍നിര്‍ത്തി സന്നിധാനത്തെത്തുമെന്ന് പ്രഖ്യാപിച്ചതോടെയാണ് മനിതി കേരളത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. സന്ദര്‍ശനത്തിന് സുരക്ഷയൊരുക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാറിന് അയച്ച ഇ-മെയില്‍ അനുകൂല സന്ദേശത്തിന് അനുകൂല മറുപടി ലഭിച്ചതോടെയാണ് ഇവര്‍ തീര്‍ത്ഥയാത്ര ആരംഭിച്ചത്. സ്ത്രീകളുടെ അവകാശത്തിനു വേണ്ടി ചെന്നൈ ആസ്ഥാനമായി രൂപം കൊണ്ട സ്റ്റാര്‍ട്ട് അപ് സംരംഭമാണ് മനിതി.

2016 ഏപ്രില്‍ 28ന് പെരുമ്പാവൂരില്‍ വീടിനകത്ത് നിയമവിദ്യാര്‍ത്ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ ഇവര്‍ മറീന ബീച്ചില്‍ പ്രതിഷേധവുമായി ഒത്തുകൂടിയിരുന്നു. വിവിധ മേഖലയിലുള്ള നിരവധി സ്ത്രീകള്‍ ഈ കൂട്ടായ്മയുടെ ഭാഗമാണ്. 1500ലധികം പേര്‍ ഇവരുടെ ഫേസ്ബുക്ക് പേജിനെ പിന്തുടരുന്നുണ്ട്. ഞങ്ങള്‍ ഏതെങ്കിലും ശബരിമല യാത്ര നടത്തുന്നില്ല എന്നും അവരുടെ പേജിലുണ്ട്. എന്നാല്‍, സംഘടനയ്ക്ക് നേതൃത്വം നല്‍കുന്ന സെല്‍വ എന്ന അഭിഭാഷകയുടെ നേതൃത്വത്തിലാണ് മനിതി സംഘം സന്നിധാനത്തേക്ക് യാത്ര തിരിച്ചത്. കൊല്ലപ്പെട്ട ജിഷയ്ക്കു വേണ്ടി ഒരുമിച്ചു കൂടിയതാണ് കൂട്ടായ്മയുടെ ഉത്ഭവമെന്ന് ദ ന്യൂസ് മിനിറ്റ് വെബ്സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു. 'ജിഷയുടെ മരണത്തില്‍ പ്രതിഷേധിച്ച്, അവര്‍ക്ക് നീതി കിട്ടണമെന്ന ആവശ്യവുമായി ഞങ്ങള്‍ മറീന ബീച്ചില്‍ ഒത്തുകൂടി. പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ആളുകള്‍ എത്തി. എന്തുകൊണ്ട് സ്ത്രീസുരക്ഷയ്ക്കായി പ്രവര്‍ത്തിച്ചു കൂടാ എന്ന് അന്നാണ് ചിന്തിച്ചത്. അങ്ങനെയാണ് മനിതി എന്ന വേദി ഉണ്ടായത്. പ്രൊഫസര്‍മാര്‍, ഐ.ടി ജോലിക്കാര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വിശ്വാസികള്‍, അവിശ്വാസികള്‍ തുടങ്ങി എല്ലാതരം ആളുകളും ഇതിലുണ്ട്.'

യാത്രയെ കുറിച്ച് അവര്‍ പറയുന്നതിപ്രകാരം; 'ഇത്തരത്തില്‍ ഒരു ചരിത്രപരമായ വിധി ഞങ്ങള്‍ പ്രതീക്ഷിച്ചില്ല. വിധി വന്നയുടന്‍ യാത്ര ആസൂത്രണം ചെയ്തിരുന്നു. ഈ പ്രതിഷേധം പ്രതീക്ഷിച്ചതാണ്. സ്ത്രീകളുടെ പുരോഗതിക്കായുള്ള ഏതു നീക്കവും പ്രതിഷേധമുണ്ടാക്കിയിട്ടുണ്ട്. അയ്യപ്പനെ ദര്‍ശിക്കാനായി വരുന്ന തീര്‍ത്ഥാടകരെ യോജിപ്പിക്കുകയാണ് ഞങ്ങളുടെ ജോലി. അവര്‍ക്ക് സുരക്ഷയൊരുക്കലും. തങ്ങളുടെ സംഘടനയിലുള്ള 90 ശതമാനം പേരും വിശ്വാസികളാണ്. വ്യക്തിപരമായി അവര്‍ ക്ഷേത്രങ്ങളിലെ ആചാരങ്ങളെ അംഗീകരിക്കാറുണ്ട്' - സെല്‍വ പറഞ്ഞു.

ശബരിമലയില്‍ ചില ആണുങ്ങള്‍ മാത്രമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നതെന്നാണ് അവരുടെ അഭിപ്രായം. ക്ഷേത്രത്തില്‍ വരുന്നത് രഹ്നഫാത്തിമ, തൃപ്തി ദേശായി തുടങ്ങിയവരെപ്പോലുള്ളവരാണ് എന്ന് ചിലര്‍ ചിന്തിക്കുന്നു. അവര്‍ പ്രസിദ്ധിക്കു വേണ്ടിയാണ് ഇതൊക്കെ ചെയ്യുന്നത്. മനിതിയില്‍ ഉള്ളത് വിശ്വാസികള്‍ മാത്രമാണ്. അവര്‍ അയ്യപ്പനെ കാണാന്‍ ആഗ്രഹിക്കുന്നു. സാധാരണക്കാര്‍ക്ക് ഇതു മനസ്സിലാകും. ഞങ്ങള്‍ക്ക് ആരുടെയും ഭീഷണിയില്ല- അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘാംഗങ്ങളില്‍ ചിലര്‍ അഞ്ചു ദിവസത്തെ വ്രതമെടുത്ത് കെട്ടുനിറച്ചാണ് എത്തുന്നത്. മറ്റുള്ളവര്‍ പമ്പയില്‍ വച്ച് മാലയിടും. തമിഴ്നാട്, കര്‍ണാടക, ഒഡിഷ, മദ്ധ്യപ്രദേശ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നായി അമ്പതോളം പേരാണ് മനിതിയുടെ നേതൃത്വത്തില്‍ ശബരിമലയിലേക്ക് യാത്ര തിരിക്കുന്നത്.

ചിരാഗ് പാസ്വാന്റെ ഉദയം

റാം വിലാസ് പാസ്വാനായിരുന്നു ലോക് ജന്‍ശക്തി പാര്‍ട്ടി(എല്‍.ജെ.പി) എന്ന ബിഹാര്‍ പ്രാദേശിക കക്ഷിയുടെ മേല്‍വിലാസം. 60കളുടെ അവസാനത്തില്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി(പി.എസ്.പി)യുടെ അവശിഷ്ടമായിരുന്ന സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി(എസ്.എസ്.പി )യിലൂടെ രാഷ്ട്രീയത്തിലേക്കു വന്ന പാസ്വാന്‍ 2000 ലാണ് എല്‍.ജെ.പി രൂപവല്‍ക്കരിച്ചത്. പാര്‍ട്ടി ആദ്യം യു.പി.എയ്ക്കും പിന്നീട് എന്‍.ഡി.എയ്ക്കും ഒപ്പമായിരുന്നു. മോദി സര്‍ക്കാര്‍ ഭരണകാലയളവിന്റെ അന്ത്യത്തിലെത്തി നില്‍ക്കുമ്പോള്‍ മുന്നണിയില്‍ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ് എല്‍.ജെ.പി. ആ പടപ്പുറപ്പാടിന്റെ മുന്നില്‍ അച്ഛന്‍ പാസ്വാനില്ല എന്നതാണ് ശ്രദ്ധേയം.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയവരുമായുള്ള ചര്‍ച്ചയ്ക്കെല്ലാം ചുക്കാന്‍ പിടിക്കുന്നത് മകന്‍ ചിരാഗ് പാസ്വാനാണ്. നോട്ടുനിരോധനം രാജ്യത്തുണ്ടാക്കിയ നേട്ടങ്ങളെ കുറിച്ച് വിശദീകരിക്കണം എന്നാവശ്യപ്പെട്ട് ജെയ്റ്റ്ലിക്ക് കത്തെഴുതി ചിരാഗ്. 2011ല്‍ തന്‍വീര്‍ ഖാന്‍ സംവിധാനം ചെയ്ത മിലിയേ നാ മിലിയേ ഹം എന്ന ബോളിവുഡ് സിനിമയിലെ നായകനായിരുന്നു ചിരാഗ്. ബോക്സ്ഓഫീസില്‍ സിനിമ പരാജയപ്പെട്ടതോടെ അതല്ല തട്ടകമെന്ന് ചിരാഗ് തിരിച്ചറിഞ്ഞു. 2014ല്‍ ബിഹാറിലെ ജമുവിയില്‍ നിന്ന് ലോക്സഭയിലെത്തി.

അച്ഛനെ എന്‍.ഡി.എ വേണ്ടത്ര പരിഗണിച്ചില്ല, ഉപയോഗപ്പെടുത്തിയില്ല തുടങ്ങിയ പരിഭവങ്ങള്‍ ചിരാഗിനുണ്ട്. ഒരു ദലിത് നേതാവായിരുന്നിട്ടു കൂടി 2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ പാസ്വാനെ എന്‍.ഡി.എ പ്രചാരണത്തിനിറക്കിയിരുന്നില്ല. 22 ശതമാനത്തോളം ദലിതുകളുള്ള യു.പിയില്‍ ബി.ജെ.പിക്ക് ശക്തനായ ഒരു ദലിത് നേതാവ് ഉണ്ടായിരുന്നില്ല താനും. മോദിയുടെ തട്ടകത്തില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പിലും പാസ്വാന്‍ കാഴ്ചക്കാരനായിരുന്നു. അതേസമയം, കോണ്‍ഗ്രസ് ദലിത് നേതാവായ ജിഗ്‌നേഷ് മേവാനിയെ പ്രചാരണത്തില്‍ ഉപയോഗപ്പെടുത്തുകയും ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വികളുടെ പശ്ചാത്തലത്തില്‍ വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ആരും വമ്പന്‍ വിജയം പ്രവചിക്കാന്‍ ധൈര്യപ്പെടാത്ത സാഹചര്യത്തിലാണ് ചിരാഗ് ബി.ജെ.പിക്കെതിരെ തിരിഞ്ഞത്.

പ്രാദേശിക കക്ഷിയാണെങ്കിലും 40 ലോക്സഭാ സീറ്റുകളുള്ള ബിഹാറില്‍ എല്‍.ജെ.പിയെ പിണക്കുന്നത് നല്ലതല്ല എന്ന് ബി.ജെ.പിക്കറിയാം. കഴിഞ്ഞ തവണ ആറു സീറ്റാണ് സംസ്ഥാനത്തു നിന്ന് ലഭിച്ചിരുന്നത്. ബി.ജെ.പി, എല്‍.ജെ.പി, രാഷ്ട്രീയ ലോക്സമത പാര്‍ട്ടി (ഈയിടെ എന്‍.ഡി.എ വിട്ടു) എന്നിവര്‍ ചേര്‍ന്ന സഖ്യം 31 സീറ്റാണ് ബിഹാറില്‍ തൂത്തുവാരിയിരുന്നത്.

ഭരണവിരുദ്ധവികാരം ശരി തന്നെ

മോദി സര്‍ക്കാര്‍ രാജ്യത്ത് അധികാരത്തിലെത്തിയ ശേഷം സംസ്ഥാനങ്ങളില്‍ ഭരണവിരുദ്ധ വികാരം ഉണ്ടോ? ഉണ്ടെന്ന് തെളിയിക്കുകയാണ് നിയമസഭകളിലെ കണക്കുകള്‍. 2014ന് ശേഷം തെരഞ്ഞെടുപ്പ് നടന്ന 22 സംസ്ഥാനങ്ങളില്‍ 17 ഇടങ്ങിലും ഭരണകക്ഷി പരാജയപ്പെട്ടു. ഒഡിഷ (ബിജുജനതാദള്‍), പശ്ചിമബംഗാള്‍ (തൃണമൂല്‍കോണ്‍ഗ്രസ്), തമിഴ്നാട് (എ.ഐ.എ.ഡി.എം.കെ), ഗുജറാത്ത് (ബി.ജെ.പി), തെലങ്കാന (ടി.ആര്‍.എസ്) എന്നീ സംസ്ഥാനത്തു മാത്രമാണ് ഭരണകക്ഷി വീണ്ടും അധികാരമേറിയത്. ഇതില്‍ ഗുജറാത്തില്‍ ബി.ജെ.പി കഷ്ടിച്ച് ഭരണം പിടിച്ചെടുക്കുകയായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിലും ഈ വിരുദ്ധ വികാരം വോട്ടര്‍മാരെ സ്വാധീനിക്കുമോ എന്നതാണ് പ്രസക്തമായ ചോദ്യം.

Read More >>