ധോണി, ആ ഗ്ലൗസ് ഊരിവയ്ക്കൂ

രണോത്സുകത നിറഞ്ഞ ഇത്തരം ആവേശങ്ങൾ യഥാർത്ഥത്തിൽ കൊല്ലുന്നത് കളിയുടെ വീര്യത്തെയാണ്.

ധോണി, ആ ഗ്ലൗസ് ഊരിവയ്ക്കൂ

ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്രസിങ് ധോണി ബലിദാൻ ചിഹ്നമണിഞ്ഞ് കളിക്കിറങ്ങിയതുമായി ബന്ധപ്പെട്ട പൊല്ലാപ്പുകൾ അടങ്ങിയിട്ടില്ല. ധോണി ആ ഗ്ലൗസ് ഊരരുത് എന്ന ഹാഷ്ടാഗിൽ സാമൂഹ്യ മാദ്ധ്യമങ്ങളിൽ ക്യാംപയ്ൻ ഒക്കെ ഉണ്ടായെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ കണ്ണുരുട്ടിയതോടെ സൈനിക മുദ്രയുള്ള ഗ്ലൗസ് ഊരിവെച്ചാണ് ധോണി ഇന്ന് കളിക്കാനിറങ്ങുന്നത്.

കളിയിലേക്ക് സൈനിക മുദ്ര കൊണ്ടുവന്നതിലെ ഔചിത്യമല്ല ഈ വിവാദങ്ങളിൽ ചർച്ച ചെയ്യപ്പെട്ടത്. നിഷ്പക്ഷത പാലിച്ചവരെപ്പോലും നിങ്ങൾ രാജ്യത്തെ സ്‌നേഹിക്കുന്നില്ലേ എന്ന 'ദേശസ്‌നേഹം' നിറഞ്ഞ ചോദ്യങ്ങൾ പലയിടത്തു നിന്നും കേൾക്കാനായി. രണോത്സുകത നിറഞ്ഞ ഇത്തരം ആവേശങ്ങൾ യഥാർത്ഥത്തിൽ കൊല്ലുന്നത് കളിയുടെ വീര്യത്തെയാണ്.

മത്സരങ്ങളെ പോര്, പോരാട്ടം തുടങ്ങിയ ഹിംസാത്മകമായ രൂപകങ്ങൾ കൊണ്ട് വിശേഷിപ്പിക്കാറുണ്ടെങ്കിൽപ്പോലും മൈതാനങ്ങൾ എല്ലായ്‌പ്പോഴും സ്‌പോട്‌സ്മാൻ സ്പിരിറ്റിന്റെയും സൗഹൃദത്തിന്റെയും അരങ്ങുകളാണ്. ജാതി, മതം, വംശം, ദേശം എന്നിവക്കപ്പുറം സ്‌പോർട്‌സ് മനുഷ്യനെ ഒരുമിപ്പിക്കുകയാണ് ചെയ്യുന്നത്. അത് കൈമോശം വന്നുകൂടാ.

വിൽപ്പനയ്ക്കുണ്ട് ശുദ്ധവായു

കാൽനൂറ്റാണ്ട് മുമ്പ്, കുപ്പിയിലടച്ച വെള്ളം സാർവത്രികമായി വിൽപ്പനയ്ക്കു വരുമെന്നും അതു വാങ്ങിക്കുടിക്കുമെന്നും മലയാളി ആലോചിച്ചിരുന്നോ? ഉണ്ടെങ്കിൽ തന്നെ അതൊരു വന്യമായ ഭാവനയായിരുന്നു. വീട്ടുമുറ്റത്തെ കിണറിൽ നല്ല ശുദ്ധജലം കിട്ടുമ്പോൾ എന്തിനാണ് കുപ്പിയിലടച്ച് കേടായ വെള്ളം എന്നായിരുന്നു മലയാളിയുടെ ആലോചന. വർഷങ്ങൾ കഴിയവെ കുപ്പിവെള്ളം നമ്മുടെ യാത്രയിലെ ഒഴിച്ചുകൂടാനാകാത്ത വസ്തുവായി.

ഇനി യാത്രയ്ക്ക് മുമ്പ് അൽപ്പം കുപ്പിയിലടച്ച ശുദ്ധവായു കരുതണം എന്നു തോന്നിയാലോ? വന്യഭാവനയെന്നു കരുതി ഉപേക്ഷിക്കാൻ വരട്ടെ. അതിന് ഇന്ത്യയിൽ സൗകര്യമൊരുക്കുകയാണ് കനഡയിലെ വൈറ്റാലിറ്റി എയർ എന്ന സ്റ്റാർട്ട് അപ്പ് കമ്പനി. കനേഡിയൻ മലനിരകളിൽ നിന്ന് ശേഖരിക്കുന്ന ശുദ്ധവായുവാണ് കുപ്പിയിൽ അടച്ച് കമ്പനി ഇന്ത്യയിൽ ഓൺലൈൻ വഴി വിൽപ്പന നടത്തുന്നത്. മൂന്ന് ലിറ്ററിന്റെയും ആറു ലിറ്ററിന്റെയും കുപ്പികളിൽ വായു ലഭ്യം. വില യഥാക്രമം 1450 രൂപ, 2800 രൂപ. ആവശ്യക്കാർ ഏറെയാണെങ്കിലും ഒരു ഉപഭോക്താവിന് ഒരേസമയം മൂന്നു കുപ്പി വായു മാത്രമേ നൽകൂ.

10 ലിറ്റർ ശുദ്ധവായു 200 തവണ ശ്വസിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇങ്ങനെ കണക്കുകൂട്ടിയാൽ ഒരുതവണ ശ്വസിക്കാൻ മാത്രം ചെലവാകുന്നത് 8.75 രൂപ! കാനഡയിലെ മലനിരകളിൽനിന്ന് ശേഖരിക്കുന്ന വായു ശുദ്ധീകരിച്ചും കംപ്രസ് ചെയ്തുമാണ് അലൂമിനിയം കുപ്പികളിൽ നിറയ്ക്കുന്നത്. പത്തുലിറ്ററിന്റെ ശുദ്ധവായു കുപ്പിക്ക് 140 ഗ്രാമാണ് ഭാരം. സ്പ്രേ പോലെ ഞെക്കി മൂക്കിലേക്ക് വലിക്കാൻ ചെറിയ മുഖാവരണവും നൽകുന്നുണ്ട്. വൈറ്റാലിറ്റിക്ക് പുറമേ, ഔസിർ, പ്യുവർ ഹിമാലയൻ എയർ എന്നീ കമ്പനികളും വായു വിൽക്കുന്നുണ്ട്. ഇന്ത്യൻ കമ്പനിയായ പ്യുവർ ഹിമാലയ പത്ത് ലിറ്റർ ശുദ്ധവായുവിന് 550 രൂപയാണ് ഈടാക്കുന്നത്. ഓസ്‌ട്രേലിയൻ കമ്പനിയായ ഔസിർ ഈടാക്കുന്നത് ഏഴര ലിറ്ററിന് 1500 രൂപ.

മലിനവായു ശ്വസിച്ച് ഇന്ത്യയിൽ അഞ്ചു വയസ്സിന് താഴെ പ്രായമുള്ള ഒരു ലക്ഷം കുട്ടികൾ മരണമടയുന്നു എന്ന കേന്ദ്രസർക്കാർ റിപ്പോർട്ട് വരുമ്പോഴാണ് ശുദ്ധവായു ഭാവിയിലെ പ്രതിസന്ധിയും വിപണിയിലെ സാദ്ധ്യതയുമായി നമുക്ക് മുമ്പിൽ നിൽക്കുന്നത്. ശുദ്ധവായു കിട്ടുന്ന ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരം പത്തനംതിട്ടയാണ് എന്ന കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡിന്റെ പഠനം വന്നത് ഈയാഴ്ചയാണ്. അസമിലെ തേസ്പുരിനാണ് ആദ്യസ്ഥാനം.

ഒരു ഘന മീറ്റർ വായുവിൽ അടങ്ങിയിരിക്കുന്ന 10 മൈക്രോൺ വലിപ്പമുള്ള പൊടിയുടെ അളവാണ് ശുദ്ധവായുവിന്റെ ഗുണ നിലവാര ഏകകമായി കണക്കാക്കുന്നത്. ഒരു ഘന മീറ്ററിൽ പരമാവധി 100 മൈക്രോഗ്രാം വരെ അനുവദനീയമായ അളവാണ്. പത്തനംതിട്ടയിൽ ഇത് 3540 മൈക്രോഗ്രാം മാത്രമാണ്. ഡൽഹിയിലും മറ്റും ഇത് സാധാരണ ദിവസങ്ങളിൽ പോലും 150 മൈക്രോഗ്രാമിനു മുകളിലാണ്. ശൈത്യകാലത്ത് ഇത് 400 മൈക്രോഗ്രാം വരെ ഉയരും. ഹൈ വോള്യം സാമ്പിളർ എന്ന ഉപകരണം 24 മണിക്കൂറും ഉപയോഗിച്ചാണ് ഇത് അളക്കുന്നത്.

ഒരു മീറ്ററിന്റെ പത്തുലക്ഷത്തിൽ ഒരംശത്തിനെയാണ് ഒരു മൈക്രോൺ എന്നു പറയുന്നത്. വാഹനപ്പുകയിലും ഈർപ്പത്തിലും കരിയിലയും പ്ലാസ്റ്റിക്കും മറ്റും കത്തിക്കുമ്പോഴുണ്ടാകുന്ന പുകയിലും മറ്റുമാണ് ഇത്രയും ചെറിയ പൊടിയുടെ അംശം അടങ്ങിയിരിക്കുന്നത്. ഇവ നേരിട്ട് ശ്വാസനാളത്തിലൂടെ രക്തത്തിലേക്കു കയറി ഹൃദ്രോഗത്തിന് ഇടയാക്കുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

വിവരം പഠിച്ച കേന്ദ്രസർക്കാർ

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ ഇടച്ചിൽ കൊണ്ടാണ് കേന്ദ്രസർക്കാറിന്റെ പുതിയ കാബിനറ്റ് സമിതികൾ വാർത്തകളിൽ ഇടം പിടിച്ചത്. എന്നാൽ അതിലേറെ ശ്രദ്ധ അർഹിക്കുന്ന രണ്ട് കാര്യങ്ങൾ രൂപീകരണത്തിലുണ്ടായി. നിക്ഷേപം, സാമ്പത്തിക വളർച്ച എന്നിവയ്ക്കും തൊഴിൽ, നൈപുണ്യ വികസനം എന്നിവയ്ക്കും പ്രത്യേക സമിതികൾ രൂപീകരിച്ചതാണ് അത്. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഗൗരവമായ പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നു എന്ന കേന്ദ്രസർക്കാറിന്റെ ആദ്യത്തെ പരോക്ഷമായ സമ്മതമാണിത്.

തൊഴിലില്ലായ്മ, സാമ്പത്തിക വളർച്ച എന്നീ രണ്ടു പ്രധാന പ്രശ്‌നങ്ങൾ തെരഞ്ഞെടുപ്പിൽ മുഖ്യവിഷയമായിട്ടേ ഇല്ല. അതു ചർച്ചയാക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെടുകയോ അതിനെ പ്രതിരോധിക്കുന്നതിൽ സർക്കാർ വിജയിക്കുകയോ ചെയ്തു. എന്നാൽ വസ്തുതകൾ ഇങ്ങനെയാണ്: കഴിഞ്ഞ വർഷത്തെ നാലാം പാദത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 20 പാദങ്ങളിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. 5.8 ശതമാനം മാത്രം. വാർഷിക ജി.ഡി.പി വളർച്ച 6.8 ശതമാനവും. ഗ്രാമീണ മേഖലയിൽ കർഷക ആത്മഹത്യ വൻതോതിൽ വർദ്ധിച്ചു. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഇതിന്റെ കണക്കുകൾ പോലും പുറത്തുവിടാൻ വിസമ്മതിച്ചു. ഒന്നാം മോദി സർക്കാറിന്റെ കാലയളവിൽ 0.5 ശതമാനത്തിന്റെ വാർഷിക വർദ്ധനവ് മാത്രമാണ് വേതനത്തിലുണ്ടായത്. 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് തൊഴിലില്ലായ്മ. 2011-12 നും 2017-18 കാലയളവിനും ഇടയ്ക്ക് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ ഇരട്ടിയിലേറെ വർദ്ധിച്ചതായി ദേശീയ സാംപിൾ സർവേ വെളിപ്പെടുത്തുന്നു. കഴിഞ്ഞ മെയിൽ ഏഴു ശതമാനമാണ് രാജ്യത്തെ തൊഴിലില്ലായ്മ എന്ന് സെന്റർ ഫോർ മോണിറ്ററിങ് ദ ഇന്ത്യൻ എകോണമിയുടെ പഠനം പറയുന്നു.

വളർച്ചയുടെയും തൊഴിലില്ലായ്മയുടെയും പ്രശ്‌നങ്ങൾ സർക്കാർ തിരിച്ചറിഞ്ഞു എന്നത് ശുഭോദർക്കമാണ്. ഇവ കൈകാര്യം ചെയ്യാൻ കൃത്യമായ ആസൂത്രണങ്ങളാണ് വേണ്ടത്.

Read More >>