സ്വകാര്യ ഇടങ്ങളുടെ ജനാധിപത്യ വൽക്കരണവും സവർണ്ണ ജാതിക്കോയ്മയ്ക്കും സ്ത്രീവിരുദ്ധതക്കും അതീതമായ പൊതു സംസ്കാരവും രൂപപ്പെടുത്താൻ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിനും സംഘടനകൾക്കും എന്തു ചെയ്യാൻ കഴിയും എന്നതാണ് പ്രസക്തമായ ചോദ്യം.

ശബരിമല : ലിംഗനീതിയും പെൺകയറ്റത്തിന്റെ രാഷ്ട്രീയവും

Published On: 9 Nov 2018 4:48 AM GMT
ശബരിമല : ലിംഗനീതിയും പെൺകയറ്റത്തിന്റെ രാഷ്ട്രീയവും

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്ക് ശേഷം നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ പൊതു സാമൂഹിക അവസ്ഥയെയും ഫെമിനിസ്റ്റ് രാഷ്ട്രീയത്തെയും കുറിച്ചുള്ള ചില ആലോചനകളാണ് ഈ കുറിപ്പ് പങ്കുവെയ്ക്കുന്നത്. ഇപ്പോഴത്തെ അവസ്ഥ പല പ്രധാന ചോദ്യങ്ങളും ഉയർത്തുന്നുണ്ട്‌. താല്പര്യമുള്ള വിശ്വാസികളായ സ്ത്രീകൾ പോകട്ടെ എന്നതിനപ്പുറം എന്തുകൊണ്ടാണ് ഇതൊരു വലിയ വിഷയമായി തീർന്നത്? ഇങ്ങനെ പൊട്ടിത്തെറിക്കാൻ ഒരു അഗ്നിപർവതം ഉള്ളിൽ പേറി നടക്കുന്ന സമൂഹമാണോ നമ്മുടേത്? വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും പേരിൽ ഇത്രയധികം അക്രമം അഴിച്ചു വിടാനും മുഖ്യമന്ത്രിയെപ്പോലും ജാതീയമായി ചീത്തവിളിക്കാനും സവർണരെ പ്രേരിപ്പിക്കുന്നതെന്താവാം? കേരളത്തിലെ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന്റെ ലക്‌ഷ്യം എന്താണ്?

കേരളനവോത്ഥാനചരിത്രത്തിന്റെ ഭാഗമായി മലയാളി ആർജ്ജിച്ച മൂല്യങ്ങളിലുണ്ടായ പുതിയ വിള്ളലുകളായി ഈ സംഭവവികാസങ്ങളെ പരിശോധിക്കുന്ന ചില ചർച്ചകൾ ഇപ്പോൾ ഇടതുപക്ഷത്തുള്ളവർ നടത്തുന്നുണ്ട്. എന്നാൽ, ജാതി, ലിംഗ അസമത്വങ്ങളെ മറച്ചുവെച്ചും കണ്ടില്ലെന്നു നടിച്ചും രൂപപ്പെടുത്തിയ കേരളം ഇന്നെത്തിനിൽക്കുന്ന പ്രതിസന്ധിയുടെ പ്രതിഫലനം മാത്രമാണ് ഇപ്പോഴത്തെ അവസ്ഥ എന്ന് തോന്നുന്നു. ഒരു കാലത്തും ജാതി ചിന്തയിൽ നിന്നും മുക്തി നേടാനോ സ്ത്രീ വിരുദ്ധ ചിന്താഗതിക്ക് പുറത്തുകടക്കാനോ ഒരു സമൂഹമെന്ന നിലയിൽ നാം ശ്രമിച്ചിട്ടേയില്ല; മറിച്ച്, ഉള്ളിൽ അരക്കിട്ടുറപ്പിച്ചും പുറമെ അഭിനയിച്ചും ഇരട്ട വ്യക്തിത്വം ആർജ്ജിക്കാനാണ് നാം ശീലിച്ചത്. പുറമെ ലെനിനും അകമേ പൂന്താനവും എന്ന് കവി കെ.ജി.ശങ്കരപ്പിള്ള വിളിച്ചത് ഇതിനെയാണ്. ഇവ രണ്ടിനുമിടയിലാടിക്കൊണ്ടേയിരിക്കുന്ന പെൻഡുലമാണ് പുരോഗമന മലയാളി സ്വത്വം - രണ്ടിന്റെയും അന്തഃസത്തയെ സ്വാംശീകരിക്കാനാവുന്നുമില്ല.

ഈ സ്വത്വനിർമ്മിതി നടക്കുന്നതാവട്ടെ പ്രധാനമായും കുടുംബങ്ങൾക്കുള്ളിലാണ്. വലിയ തോതിലുള്ള വയലൻസ് ചെലുത്തിയാണ് ഇത് നടത്തുന്നത്. മറ്റു മത/ജാതികളെ കുറിച്ചുള്ള നിന്ദ്യമായ തമാശകൾ ആസ്വദിച്ചും സ്ത്രീവിരുദ്ധ ആശയങ്ങൾ ഊട്ടിയുറപ്പിച്ചും അധികാരമുള്ളവരുടെ സ്വാധീനം ചെലുത്തലുകളെ സ്വാഭാവീകരിച്ചും സമ്പത്തിനോടുള്ള ത്വര ശീലിപ്പിച്ചും പുറമേക്ക് അണിയേണ്ട പുരോഗമനശീല തുന്നിക്കൊടുത്തും രൂപപ്പെടുത്തുന്ന വ്യക്തിത്വങ്ങളാണവ. കുടുംബത്തിന്റെ സാമൂഹികനില ഉയർത്തേണ്ടുന്ന പ്രവർത്തനങ്ങളിൽ ഒത്തൊരുമയോടെ പ്രവർത്തിക്കാനാണവ വ്യക്തികളെ ശീലിപ്പിക്കുന്നത്. ഇതിന് കഴിയാതെ വരുന്നവരോടും, വിരുദ്ധമായി പ്രവർത്തിക്കുകയോ ചിന്തിക്കുകയോ ചെയ്യുന്നവരോടും കുടുംബങ്ങൾ നടത്തുന്ന വയലൻസ് വളരെ വലുതാണ്. ഇതിനെ സ്വാഭാവികമായി മാത്രം കാണുകയും നാമജപ യാത്രക്കാർ എങ്ങനെ അക്രമണോൽസുകാരാകുന്നു എന്നത്ഭുതംകൂറുകയും ചെയ്യുന്നത് കേവലം പുരോഗമനനാട്യം മാത്രമാണ്. ഇത്തരം സ്ത്രീ വിരുദ്ധവും ജാതികേന്ദ്രീകൃതവുമായ സമൂഹങ്ങൾക്ക് ഭരണാഘടനാ അവകാശങ്ങളുടെ അടിസ്ഥാനത്തിൽ ഉറപ്പാക്കേണ്ട തുല്യത എന്തെന്ന് തീർച്ചയായും മനസ്സിലാവില്ല. തങ്ങളുടെ ആചാരങ്ങളും വിശ്വാസങ്ങളും എന്തുവിലകൊടുത്തും സംരക്ഷിക്കുക എന്നതിന് അവർ മുന്നിട്ടിറങ്ങുന്നു. ഈ സംഘത്തിൽ നായർ ഉൾപ്പെടെ വിവിധ ജാതികളും, കമ്മ്യൂണിസ്റ്കാരും മറ്റു പാർട്ടിക്കാരും തുടങ്ങി ഒരു വലിയ വിഭാഗം ഉണ്ടെന്നതാണ് വസ്തുത.

അടുത്ത കാലത്ത് ദളിത് ബുദ്ധിജീവികളും എഴുത്തുകാരും ജാതികാപട്യം തുറന്നു കാട്ടി നടത്തുന്ന ഇടപെടലുകൾ, അവർക്ക് പൊതുസമൂഹത്തിൽ ലഭിക്കുന്ന സ്വീകാര്യത, ലിംഗനീതിക്കായി പുതിയ തലമുറ നടത്തുന്ന തുറന്നു പറച്ചിലുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ (W.C.C തുടങ്ങിയ സംഘടനകളുടെ പ്രവർത്തനം), കുടുംബാധികാരഘടനയെത്തന്നെ ചോദ്യം ചെയ്യുന്ന ചെറുപ്പക്കാരുടെ ജീവിതശൈലി എല്ലാം ഈ സമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. കനത്തആചാര ലംഘനം എന്ന് കരുതിയ അവസരത്തിൽ അവർ ഒരുമിക്കുകയും അക്രമോൽസുകരാവുകയും ചെയ്തു എന്നു മാത്രം. സംസ്ഥാന ബി.ജെ.പി/ആർ.എസ്.എസ് സംഘടനകൾ തങ്ങളുടെ രാഷ്ട്രീയ ലക്ഷ്യത്തിനായി ഇതിൽ നേതൃപരമായി വഹിച്ച പങ്കും ചെറുതല്ല. അടുത്തകാലത്തു സംസഥാനം നേരിട്ട വൻപ്രളയത്തിൽ രൂപപ്പെട്ട ഐക്യം ഇല്ലാതാക്കുന്ന സന്ദർഭമായി ശബിരിമല പ്രശ്നത്തെ പലരും വിമർശിച്ചു കണ്ടു. എന്നാൽ പ്രളയാനന്തര ഐക്യത്തെ നാം പർവതീകരിക്കുകയും തെറ്റായി വ്യാഖാനിക്കുകയും ചെയ്തു എന്നതാണ് സത്യം. ഒരു പ്രളയത്തിനും ഒറ്റയടിക്ക് ഇല്ലായ്മചെയ്യാൻ കഴിയുന്നതല്ല നമ്മൾ കാലങ്ങളായി രൂപപ്പെടുത്തിയ ജാതീയതയും സ്ത്രീ വിരുദ്ധതയുമെല്ലാം. രക്ഷിക്കാൻ വന്ന മത്സ്യത്തൊഴിലാളികളുടെ കൂടെ പോകാൻ തയ്യാറാവാതെ ഇരുന്നവർ വരെ ഉണ്ടായിരുന്നു എന്നതും മറക്കാൻ പാടില്ല. കല്യാൺ ടെക്‌സ്റ്റൈൽസ്ന്റെ പരസ്യത്തിൽ കാണും പോലെ മകളുടെ ജീവൻ രക്ഷിച്ച മൽസ്യതൊഴിലാളികൾക്ക് അവളുടെ പിറന്നാൾ സമ്മാനമായി പുതുവസ്ത്രങ്ങൾ സമ്മാനിക്കുന്നത് വരെ മാത്രമേയുള്ളു പുതിയ സ്‌നേഹ-ഐക്യങ്ങൾ. ഒരു പക്ഷെ നമ്മുടെ ജാതി ചിന്തയെക്കുറിച്ചും സ്ത്രീ വിരുദ്ധതയെക്കുറിച്ചും മറ്റുമുള്ള വിവിധ കാഴ്ചപ്പാടുകളും അനുഭവങ്ങളും തുറന്നു പറയാനും ചർച്ച ചെയ്യാനുമുള്ള ഇടങ്ങളാണ് കുടുംബത്തിനകത്തും പുറത്തും ഉണ്ടാവേണ്ടത്. നവകേരള നിർമ്മിതി നടക്കേണ്ടത് ഇത്തരം ചർച്ചകളും തുറന്നു പറച്ചിലുകളും രൂപപ്പെടുത്തുന്ന ഇടങ്ങൾക്കുള്ളിൽ ആവണം.

മറ്റൊന്ന്, കോടതിവിധിയുടെ അടിസ്ഥാനത്തിൽ നാലഞ്ചു സ്ത്രീകൾ ശബരിമലയിൽ പോവുകയും ക്ഷേത്രത്തിൽ പ്രവേശിക്കാനാവാതെ മടങ്ങുകയും ചെയ്തതിന്റെ സാഹചര്യത്തിൽ 'തീവ്ര ഫെമിനിസം' 'ആക്ടിവിസ്റ്' തുടങ്ങിയ സംജ്ഞകൾ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെടുകയുണ്ടായി. ഒരു വലിയ വിഭാഗം സ്ത്രീകളുടെ വിശ്വാസത്തിനും താല്പര്യത്തിനും എതിരാണ് ഫെമിനിസ്റ്റുകൾ എന്നും അവർ വിശ്വാസികൾ അല്ലാത്തതുകൊണ്ടുതന്നെ ശബരിമല പ്രവേശനം അവരുടെ കേവല വാശിയുടെ പ്രശ്നം മാത്രമാണെന്നും ഹിന്ദുത്വ വക്താക്കൾക്ക് പ്രചരിപ്പിക്കാനായി.

സ്ത്രീകളുടെ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രധാനമായും രണ്ടു തരം വാദങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. ഒന്നാമതായി, ഭരണഘടനാവകാശമായ തുല്യതയുടെ പ്രശ്നം. യഥാർത്ഥത്തിൽ ശബരിമലയിലെ സ്ത്രീപ്രവേശനം എന്നത് കേരളത്തിലെ ഫെമിസ്റ്റുകളുടെ അജണ്ടയിൽ ഉണ്ടായിരുന്ന വിഷയമേയല്ലല്ലോ. ഇതിനായി കോടതിയിൽ പോയതും അവരല്ല. കാരണം, കേവല വിശ്വാസി സമൂഹത്തെയല്ല അവർ അഭിസംബോധന ചെയ്തിരുന്നത്. 1980 കളിൽ കേരളത്തിൽ സ്ത്രീ സംഘടനകൾ സജീവമാകുന്ന കാലത്തുതന്നെ ഭരണഘടന അനുശാസിക്കുന്ന തുല്യത സമൂലമായ സാമൂഹികമാറ്റങ്ങളിലൂടെ മാത്രമേ കൈവരിക്കാനാവൂ എന്ന യാഥാർഥ്യം തിരിച്ചറിയുകയും അതിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളുടെ ഇടയിൽ പ്രവർത്തിക്കുകയും ചെയ്യുന്നവരാണവർ. സ്ത്രീകളായ മൽസ്യത്തൊഴിലാളികൾ, വീട്ടുജോലിക്കാർ, അസംഘടിത മേഖലയിലെ മറ്റു തൊഴിലാളികൾ തുടങ്ങിയവരെ സംഘടിപ്പിക്കുകയും കൂടുതൽ അരികുവൽക്കരിക്കപ്പെട്ട ദളിത്/പിന്നാക്ക സ്ത്രീകളുടെ ഇടയിൽ ബ്രാഹ്മണ പുരുഷമേധാവിത്വം ആശയപരമായി ചെറുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറയുകയും ചെയ്തവരാണ് അവർ. അവകാശ ലംഘനങ്ങൾ, തുല്യ നീതി നിഷേധം, തങ്ങൾക്കെതിരെയുള്ള ലൈംഗികവും ഇതരവുമായ അക്രമങ്ങൾ എന്നിവക്കെതിരെ നിരന്തരമായി സംഘടിക്കാനും ചെറുക്കാനുമുള്ള രാഷ്ട്രീയപ്രയോഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ അവർ നടത്തുന്നുണ്ട്. അത്തരം 'ആക്ടിവിസ്റ്'കളെ സംബന്ധിച്ചിടത്തോളം ലിംഗനീതി കൈവരിക്കാൻ കുറുക്കുവഴികളില്ല. സർക്കാരിന്റെ നേതൃത്തിൽ രൂപീകരിക്കപ്പെട്ട കുടുംബശ്രീ പ്രവർത്തനമോ, ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പോകാൻ കഴിയുന്നതോ ഒന്നും തന്നെ ഈ വഴിക്കുള്ള മുന്നോട്ട് പോക്കിനെ ഗണ്യമായി സഹായിക്കില്ല എന്നവർക്കറിയാം.

മറ്റൊന്ന്, സ്ത്രീകളെ മാറ്റിനിർത്തുന്നത് ആചാരപരമായി ശരിയല്ല എന്ന വാദം. ആചാരപ്രകാരം സ്ത്രീകൾക്ക് ശബരിമലയിൽ പോകാൻ തടസ്സമില്ല എന്ന് പ്രതിഷ്ടയുടെ സ്വഭാവവും തന്ത്രവിധികളും എല്ലാം വ്യാഖ്യാനിച്ചു ലക്ഷ്മി രാജീവിനെ പോലെയുള്ളവർ വാദിക്കുമ്പോൾ ജാതി-മത ആചാരങ്ങൾക്കുള്ളിൽ തങ്ങളുടെ ജീവിതം ചിട്ടപ്പെടുത്താൻ സ്ത്രീകളെ പ്രേരിപ്പിക്കുക തന്നെയാണ് ചെയ്യുന്നത്. ചില ആചാരങ്ങളുടെ പരിഷ്കരണം മാത്രമാണത് ആവശ്യപ്പെടുന്നത്. ഈ സംവാദത്തിന്റെ ഭാഗമായി ഉൽപാദിപ്പിക്കപ്പെടുന്ന ആശയങ്ങളും പദാവലികളും - പാപം/പുണ്യം; ഭക്തിയുടെ വഴിയിൽ സ്ത്രീകൾക്ക് എന്തിന് സംഘടന?; ഭഗവാനുള്ളപ്പോൾ എന്തിനു കരുതൽ, ഭയം എന്നീ വികാരങ്ങൾ? തുടങ്ങിയവ - കേരളത്തിലെ സ്ത്രീ സമൂഹത്തിനു ബ്രാഹ്മിണിക്കൽ പുരുഷാധിപത്യത്തിൽ നിന്നും പുറത്തുകടക്കാനുള്ള വഴികാട്ടി ആവില്ല. അതിനാൽ നാമജപഘോഷയാത്രക്കാരും നവ-ഹിന്ദു ഫെമിനിസ്റ്റുകളും നിൽക്കുന്ന ഇടം അത്ര വ്യത്യസ്തമല്ല. മതത്തിന്റെയും വിശ്വാസത്തിന്റെയും അതിരുകൾക്കുള്ളിൽ നിന്നുള്ള ഫെമിനിസ്റ്റ് പ്രവർത്തനങ്ങൾ - പ്രത്യകിച്ചും ഹിന്ദു മതത്തിനുള്ളിൽനിന്നും - കേരളത്തിൽ സാമൂഹികവും ചരിത്രപരവുമായ കാരണങ്ങളാൽ തന്നെ സജീവവുമായിരുന്നില്ല. മറിച്ച്, ജാതി-മത ആചാരങ്ങൾ എത്രത്തോളം സ്ത്രീവിരുദ്ധമാണെന്നും അവയ്ക്ക് പുറത്തു തങ്ങളുടെ രാഷ്ട്രീയം രൂപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമാണ് കഴിഞ്ഞകാലങ്ങളിൽ ഫെമിനിസ്റ്റുകൾ ചർച്ച ചെയ്തിരുന്നത്. തന്നെയുമല്ല, ശബരിമല പോലെയുള്ള ആരാധനാലയങ്ങളിൽ ഭക്തിയുടെ പേരിൽ കുമിഞ്ഞുകൂടുന്ന സമ്പത്തും അതിലെ നിക്ഷിപ്ത താല്പര്യക്കാരുടെ ഇടപെടലുകളും തുറന്നു കാട്ടി, ഭക്തിവ്യപാരത്തിന്റെ പൊള്ളത്തരങ്ങൾ സ്ത്രീകളിൽ എത്തിക്കാനുള്ള ഫെമിനിസ്റ്റ് പ്രവർത്തനങ്ങളാണ് ഉണ്ടാവേണ്ടത്. സവർണ്ണ ജാതീയതയെ പൂർണ്ണമായും തള്ളിക്കളയുന്ന ഒരു രാഷ്ട്രീയത്തിന് സ്ത്രീകളുടെ ശബരിമല പ്രവേശനം വിഷയമേയല്ല.

ഫെമിനിസ്റ്റ് ആശയങ്ങളിൽ താല്പര്യമുള്ള മറ്റൊരു വിഭാഗമാവട്ടെ സർക്കാരിനെയും അതിന്റെ നേതൃത്വത്തെയും ആദ്യം കണ്ണടച്ചു വിശ്വസിച്ചു. കോടതിവിധി നടപ്പാക്കും എന്ന് ധീരമായി പ്രഖ്യാപിച്ച ശേഷം ഉറപ്പു പാലിക്കാൻ കഴിയാതെ, മലകയറാൻ ശ്രമിച്ച സ്ത്രീകളെ മാനസാന്തരപ്പെടുത്തി തിരിച്ചയക്കുന്ന പരിപാടിയിലേക്ക് പോലീസിന് എത്തേണ്ടിവന്നു. കൂടാതെ, ക്ഷേത്രത്തിനുള്ളിൽ ഹിന്ദു ഫാസിസ്റ്റു ക്രിമിനലുകളെ നിയന്ത്രിക്കാൻ കഴിയാതെ അവരുടെ നേതാവിന് തന്നെ മൈക്കുകൊടുത്തു പ്രസംഗിപ്പിക്കേണ്ടിവരുകയും ചെയ്തു. ശബരിമലയിൽ പോകാൻ ശ്രമിച്ച സ്ത്രീകൾക്കെതിരെ അക്രമവും സാമൂഹിക ഒറ്റപ്പെടുത്തലുകളും ഉണ്ടായപ്പോഴും സർക്കാർ പരാജയപ്പെട്ടു എന്ന പരാതി ഉണ്ടായി. സർക്കാരാവട്ടെ, സുരക്ഷ കൊടുക്കാൻ കഴിയാതെ വന്നപ്പോൾ വിശ്വാസികളല്ല, ആക്ടിവിസ്റ്റുകൾ ആണ് ക്ഷേത്രത്തിൽ എത്തിയത് എന്ന് കുറ്റപ്പെടുത്തി കൈയ്യൊഴിയുകയും ചെയ്തു. ഐ ജി ശ്രീജിത്ത് ക്ഷേത്രനടയിൽ കൈകൂപ്പി കരയുന്ന ചിത്രവും മീഡിയയിൽ പ്രചരിക്കപ്പെട്ടു. ഇത് വിരൽ ചൂണ്ടുന്നത് ഫെമിനിസ്റ്റ് കൂട്ടായ്മയുടെ ആവശ്യകതയാണ്; ശബരിമലയിൽ പോകാൻ തീരുമാനിക്കുന്ന സ്ത്രീകളോട് സംസാരിക്കാനും അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി സർക്കാരുമായി ചർച്ച ചെയ്യാനും പൊതു സ്ത്രീ സമൂഹത്തെ അഭിസംബോധന ചെയ്യാനും ഫെമിനിസ്റ്റ് രാഷ്ട്രീയത്തിന് ഫലപ്രദമായി സാധിച്ചില്ല. ചാനൽ ചർച്ചകളിൽ തന്നെ ഒരു വിഭാഗം മാത്രമേ പങ്കെടുത്തുള്ളൂ.

അതിനാൽ ശബരിമല സംഭവവികാസങ്ങളിൽ നിന്നും നമുക്ക് പല പാഠങ്ങളും പഠിക്കേണ്ടതുണ്ട്. കേവല ഭരണഘടനാഅവകാശത്തിന്റെ വിഷയമായി മാത്രം ശബരിമല സ്ത്രീപ്രവേശനത്തെ കാണാൻ കഴിയില്ല. ലിംഗനീതി ഉറപ്പാക്കുന്ന സ്ത്രീ രാഷ്ട്രീയം രൂപപ്പെടുത്താനായി പിടിച്ചടക്കേണ്ട ഇടമാണോ അതോ തള്ളിക്കളയേണ്ട ഇടമാണോ ശബരിമല എന്ന് ആലോചിക്കേണ്ടതുണ്ട്. സ്വകാര്യ ഇടങ്ങളുടെ ജനാധിപത്യ വൽക്കരണവും സവർണ്ണ ജാതിക്കോയ്മയ്ക്കും സ്ത്രീവിരുദ്ധതക്കും അതീതമായ പൊതു സംസ്കാരവും രൂപപ്പെടുത്താൻ ഫെമിനിസ്റ്റ് രാഷ്ട്രീയത്തിനും സംഘടനകൾക്കും എന്തു ചെയ്യാൻ കഴിയും എന്നതാണ് പ്രസക്തമായ ചോദ്യം.

Top Stories
Share it
Top