ദേശീയത: രത്‌നമോ കുപ്പിച്ചില്ലോ?

ദേശീയത ഒരു നിർമ്മിതിയും അതേസമയം ഒരു പ്രക്രിയയുമാണ്. തനിയെ ഉണ്ടായി അനാദികാലം മുതൽ നിലനിന്നുവരുന്ന ഒന്നല്ല ദേശീയത. അത് സ്ഥായിയായതുമല്ല. പക്ഷെ അനാദികാലം മുതൽതന്നെ ഇന്ത്യ ഒരു 'ഹിന്ദുരാജ്യ'മായിരുന്നു എന്നാണ് ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. 'ഹിന്ദു' ഒരു മതവിശേഷണം എന്നനിലക്ക് ചരിത്രത്തിൽ അടുത്തകാലത്തെ സൃഷ്ടിയാണ്.

ദേശീയത: രത്‌നമോ കുപ്പിച്ചില്ലോ?

സുരേഷ് കോടൂര്‍

തീവ്ര വലതു രാഷ്ട്രീയ ശക്തി ഇന്ത്യയിൽ അധികാരത്തിലേറിയതിനു ശേഷം കഴിഞ്ഞ ഏതാനും വർഷങ്ങളായി ദേശീയതയുടെ കാറ്റ് വീണ്ടും ഇന്ത്യയുടെ രാഷ്ട്രീയ ചക്രവാളത്തിൽ വീശിയടിക്കുകയാണ്. ഇതിനുമുൻപ് ദേശീയത ചർച്ചാവിഷയവും ശ്രദ്ധാകേന്ദ്രവുമായിരുന്നത് ദേശീയ പ്രസ്ഥാനം നേതൃത്വം കൊടുത്ത ഇന്ത്യൻ സ്വാതന്ത്ര്യ സമരം തീഷ്ണമായി ജ്വലിച്ചുനിന്നിരുന്ന നാളുകളിലായിരുന്നു. ദേശീയത വീണ്ടും അടിയന്തിര പ്രാധാന്യമുള്ളൊരു വിഷയമായി രാജ്യത്ത് ഉയർത്തിക്കൊണ്ടുവരുന്നതിനുള്ള ആസൂത്രിതവും ഊർജ്ജിതവുമായ ശ്രമങ്ങളാണ് അതിദേശീയതയുടെ പതാകവാഹകർ ഇന്ന് നടത്തിക്കൊണ്ടിരിക്കുന്നത്. ദേശീയഗാനമടക്കമുള്ള, നിലവിലുള്ളതും പുതിയതായി നിർമ്മിക്കപ്പെടുന്നതുമായ വിവിധങ്ങളായ ദേശീയ ചിഹ്നങ്ങളോടുള്ള ബഹുമാനം പ്രദർശിപ്പിച്ചുകൊണ്ട് ഓരോരുത്തരും ദേശീയതയോടുള്ള കൂറും, രാജ്യസ്‌നേഹവും ഒക്കെ പരസ്യമായി തെളിയിക്കാൻ നിർബന്ധിപ്പിക്കപ്പെടുകയാണ്.

നമ്മുടെ ദേശീയ നേതാക്കൾ വിഭാവനം ചെയ്ത ലിബറൽ, ജനാധിപത്യ സമൂഹമല്ല ഇന്നത്തെ ഇന്ത്യ. ഉദാഹരണത്തിന്, സിനിമാഹാളുകളിൽ ദേശീയഗാനാലാപനം ആലപിക്കുമ്പോൾ പ്രേക്ഷകർ എഴുന്നേറ്റുനിന്ന് ദേശസ്‌നേഹം തെളിയിക്കണമെന്ന ശാഠ്യങ്ങൾ നീതിപീഠങ്ങളിൽ നിന്നു പോലും ഉയരുമ്പോൾ ദേശീയഗാനം എഴുതിയ മഹാകവി ടാഗോർ ദേശീയതയെക്കുറിച്ച് നടത്തിയ നിരീക്ഷണങ്ങൾ പ്രസക്തമാണ്. തന്റെ ജീവിതത്തിലുടനീളം ദേശീയത എന്ന സങ്കല്പത്തെ വിമർശനാത്മകമായി സമീപിച്ചിരുന്ന വ്യക്തിയാണ് ടാഗോർ. അദ്ദേഹം ഒരിക്കലും അതിരുകവിഞ്ഞ ദേശീയതയോട് മമത പുലർത്തിയിരുന്നില്ല. "ഞാൻ എന്റെ രാജ്യത്തെ സേവിക്കാൻ തയ്യാറാണ്. പക്ഷെ എന്റെ രാജ്യത്തെക്കാൾ എത്രയോ മുകളിലുള്ള ശരിയെയാണ് ഞാൻ കൂടുതൽ ആരാധിക്കുന്നത്"എന്ന ടാഗോർ പറഞ്ഞു.

രാജ്യത്തെ ദൈവത്തെ എന്നപോലെ ആരാധിക്കുന്നത് രാജ്യത്തിനുമേലുള്ള ശാപമാണ്' എന്നാണ് ടാഗോർ അഭിപ്രായപ്പെട്ടത്. രാജ്യസ്‌നേഹത്തിനുമൊക്കെ എത്രയോ മഹത്തരമായി മനുഷ്യത്വത്തെ പ്രതിഷ്ഠിച്ചകൊണ്ട് ടാഗോർ അഭിപ്രായപ്പെട്ടത് 'ദേശസ്‌നേഹത്തിന് നമ്മുടെ ആത്യന്തികമായ അഭയസ്ഥാനമാവാൻ കഴിയില്ല. എന്റെ അഭയം മാനവികതയാണ്. രത്‌നത്തിന്റെ വിലകൊടുത്ത് ഞാൻ കുപ്പിച്ചില്ല് വാങ്ങാൻ തയ്യാറല്ല. ഞാൻ ജീവിച്ചിരിക്കുവോളം ദേശസ്‌നേഹം മാനവികതക്കുമേൽ വിജയം വരിക്കാൻ ഒരിക്കലും അനുവദിക്കുകയുമില്ല' എന്നാണ്. ദേശീയതയെ തള്ളിപ്പറഞ്ഞ ടാഗോർ രചിച്ച ദേശീയഗാനത്തെ ദേശസ്‌നേഹത്തിന്റെ മാപിനിയായി ജനതയുടെ മേൽ അടിച്ചേല്പിക്കുന്ന വൈപരീത്യത്തിനാണ് നാം സാക്ഷ്യം വഹിക്കുന്നത്. ദേശീയതക്ക് അമിതപ്രാധാന്യം കൊടുക്കുന്നതിന്റെ അപകടത്തെക്കുറിച്ച് നെഹ്രുവിനെപ്പോലെയുള്ള രാഷ്ട്രശില്പികളും ബോധവാന്മാരായിരുന്നു.

ഇന്ത്യൻ ദേശീയത ഹിന്ദുത്വ ദേശീയതയല്ല

ദേശീയത ഒരു നിർമ്മിതിയും അതേസമയം ഒരു പ്രക്രിയയുമാണ്. തനിയെ ഉണ്ടായി അനാദികാലം മുതൽ നിലനിന്നുവരുന്ന ഒന്നല്ല ദേശീയത. അത് സ്ഥായിയായതുമല്ല. പക്ഷെ അനാദികാലം മുതൽതന്നെ ഇന്ത്യ ഒരു 'ഹിന്ദുരാജ്യ'മായിരുന്നു എന്നാണ് ഹിന്ദുത്വവാദികൾ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. 'ഹിന്ദു' ഒരു മതവിശേഷണം എന്നനിലക്ക് ചരിത്രത്തിൽ അടുത്തകാലത്തെ സൃഷ്ടിയാണ്. വൈവിദ്ധ്യങ്ങളായ, പലപ്പോഴും വിരുദ്ധ ആശയങ്ങളിൽ വിശ്വസിച്ച, സാംസ്ക്കാരിക സരണികളെയും ജീവിത ശൈലികളെയും ആരാധനാ സമ്പ്രദായങ്ങളെയും ഒക്കെയാണ് ഇന്ന് ഇവർ 'ഹിന്ദുക്കൾ' എന്ന ഒരു കുടകീഴിൽ കെട്ടാൻ ശ്രമിക്കുന്നത്. അത് ഒരു രാഷ്ട്രീയ അജണ്ടയാണ്. വംശീയതയുടെ അടിസ്ഥാനത്തിൽ ഭൂരിപക്ഷത്തെ ഒരു കുടക്കീഴിലാക്കി തങ്ങളുടെ അധികാരം ഉറപ്പിക്കാനുള്ള, തങ്ങളുടെ സാമ്പത്തിക താൽപ്പര്യം ഉറപ്പാക്കുന്ന സാമൂഹ്യ വ്യവസ്ഥ അരക്കിട്ടുറപ്പിക്കാനുള്ള രാഷ്ട്രീയ സാമ്പത്തിക അജണ്ട. പരസ്പരം പടവെട്ടുകയും കീഴടക്കുകയുമൊക്കെ ചെയ്തിട്ടുള്ള, ഇന്നത്തെ ഇന്ത്യാരാജ്യത്തിനകത്തും അതിനു പുറത്തുമുള്ള നാട്ടുരാജ്യങ്ങളൊക്കെ ഇടകലർന്ന ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെ ചിത്രത്തിന് അധികം പഴക്കമൊന്നുമില്ല. തികച്ചും വ്യത്യസ്തങ്ങളായ ഭാഷയും സംസ്‌ക്കാരവും ആചാരാനുഷ്ഠാനങ്ങളും ഒക്കെയുള്ള, ഒരുപാട് ജനവിഭാഗങ്ങൾ കൂടിക്കലർന്നു ജീവിക്കുന്ന വിവിധങ്ങളായ പൂർണ്ണ സ്വതന്ത്ര രാജ്യങ്ങളുടെ ഒരു ചിത്രമാണ് ഏതാനും നൂറ്റാണ്ടുകൾക്കു മുൻപുള്ള നമ്മുടെ ഭൂപടം നൽകുക. ഈ ചെറു രാജ്യങ്ങളും സംസ്‌കൃതികളും തനതു സാംസ്ക്കാരിക, സാമൂഹ്യധാരകളുടെ വലിയൊരു ചരിത്രത്തിനു തന്നെ ഉടമകളുമാണ്.ഇങ്ങനെ നൂറ്റാണ്ടുകളായി നിലനിന്നിരുന്ന വളരെ വ്യത്യസ്തങ്ങളായ സാംസ്ക്കാരിക സമൂഹങ്ങളിലേക്കാണ് 17- 18 നൂറ്റാണ്ടുകളിൽ ആധുനിക ദേശീയതയുടെ സങ്കൽപ്പങ്ങൾ കടന്നു വന്നത്.

ആധുനിക ദേശീയത

ദേശീയത നിർമ്മിതി പൂർത്തിയായ ഒരു ഉല്പന്നമല്ല. അത് നിരന്തരമായ ഒരു പ്രക്രിയയാണ്. ഒരു ഭൂപ്രദേശം ഒരു രാഷ്ട്രം ആകുന്നത് ഒരു ദീർഘമായ പ്രക്രിയയിലൂടെയാണ്. ആ പ്രക്രിയയുടെ ഒരു ഘട്ടത്തിൽ അതതു പ്രദേശത്തെ ജനത തീരുമാനിക്കുകയും ഭരണകൂടം പ്രഖ്യാപിക്കുകയും പൗരന്മാർ വിശ്വസിക്കുകയും, മറ്റുള്ള ലോകരാഷ്ട്രങ്ങൾ അംഗീകരിക്കുകയും ഒക്കെയുള്ള നടപടിക്രമങ്ങളിലൂടെയാണ് ഒരു ആധുനിക രാഷ്ട്രം രൂപീകൃതമാവുന്നത്. ഇന്ത്യ എന്ന രാഷ്ട്രവും ഇന്ത്യൻ എന്ന ദേശീയതയും ചരിത്രത്തിന്റെ ഒരു പ്രത്യേക സന്ധിയിൽ കെട്ടിപ്പടുത്തതാണ്. അല്ലാതെ സ്വയം ഉളവായതല്ല. പൈതൃകസ്വത്ത്‌ പോലെ നമുക്ക് കിട്ടിയതുമല്ല. 1947ൽ സ്വാതന്ത്ര്യം ലഭിക്കുമ്പോൾപോലും 565ഓളം ചെറുരാജ്യങ്ങൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. നിരന്തരമായി യുദ്ധങ്ങളിലേർപ്പെടുകയും ആക്രമണങ്ങൾക്കും കീഴടക്കലുകൾക്കും സംയോജനങ്ങൾക്കും വിഭജനങ്ങൾക്കും ഒക്കെ വിധേയമാവുകയും ചെയ്തിരുന്ന മദ്ധ്യകാല ഇന്ത്യയിൽ നിലന്നിരുന്ന സമൂഹങ്ങൾ തങ്ങളുടെ നാടുവാഴികളോടാണ് കൂറ് പുലർത്തിയിരുന്നത്. അതാതുകാലത്ത് രാജാവോ, ചക്രവർത്തിയോ ആരാണോ ആ ഭരണാധികാരിയെ ജനങ്ങൾ ദൈവത്തെപ്പോലെ കരുതുകയും അയാളോട് കൂറ് പുലർത്തുകയും ചെയ്തു.

ഈ നാട്ടുരാജങ്ങളിലെ സമൂഹങ്ങൾ തമ്മിൽ സാംസ്ക്കാരികമായും ഭാഷാപരമായും ജീവിതരീതികളിലും ഭക്ഷണരീതികളിലും ഒക്കെ ഏറെ വൈജാത്യങ്ങളും ഉണ്ടായിരുന്നു. വ്യത്യസ്ത യൂറോപ്യൻ രാജ്യങ്ങൾ തമ്മിലുള്ളതിനേക്കാളേറെ വൈവിദ്ധ്യങ്ങളും വൈജാത്യങ്ങളും ഇന്ത്യയിലെ വിവിധ നാട്ടുരാജ്യങ്ങൾ തമ്മിലുണ്ടായിരുന്നു. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായാണ് ഒരു സമഗ്ര ഇന്ത്യൻ ദേശീയത എന്ന സങ്കൽപം പതുക്കെ രൂപപ്പെടുന്നത്. അതോടൊപ്പംതന്നെ ഭാഷാപരമായ അടിസ്ഥാനത്തിലുള്ള ഒരു സ്വത്വബോധവും വളർന്നു തുടങ്ങിയിരുന്നു. 1918ൽ ഭാഷാ സംസ്ഥാനാടിസ്ഥാനത്തിൽ പ്രദേശ് കമ്മിറ്റികൾ ഉണ്ടാക്കാൻ കോൺഗ്രസ് തീരുമാനിച്ചത് ഈ ഭാഷാ ദേശീയതയുടെ ആവിർഭാവത്തെ തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി 1922ൽ ഉണ്ടാവുന്നത്. കേരളം എന്ന ഒരു ഭാഷാ സംസ്ഥാനം അന്നു നിലവിൽ വന്നിട്ടില്ലായിരുന്നു. പക്ഷെ ഭാഷാടിസ്ഥാനത്തിലുള്ള ദേശീയത എന്ന സങ്കൽപം പതുക്കെ വേരുപിടിക്കാൻ തുടങ്ങിയിരുന്നു. ഇ.എം.എസിന്റെ 'കേരളം മലയാളികളുടെ മാതൃഭുമി' മലയാളിയുടെ ഭാഷാദേശീയതയ്ക്ക് മൂർത്തരൂപം നൽകിയതുപോലെ സുന്ദരയ്യയും, ഭവാനിസെന്നും ഒക്കെ അവരുടെതായ അതതു പ്രദേശങ്ങളിൽ ഭാഷാടിസ്ഥാനത്തിലുള്ള പ്രാദേശിക ദേശീയതാബോധം ഉണ്ടാക്കുന്നതിൽ വലിയ പങ്കു വഹിച്ചു. വിദേശികൾ പോലും ഈ ദേശീയബോധത്തിന്റെ വളർച്ചയിൽ പങ്കു വഹിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ജെയിംസ് ഫോർബസ് ആണ് ഗുജറാത്തി ദേശീയബോധത്തിന് അടിത്തറ പാകിയത്. ജെയിംസ് ടോഡിന്റെ 'ആനൽസ് ഓഫ് രാജസ്ഥാൻ' എന്ന രാജസ്ഥാനെയും രാജപുത്രരെയും കുറിച്ചുള്ള ചരിത്രകൃതി രാജസ്ഥാനി ദേശീയബോധം രൂപപ്പെടുത്തുന്നതിലും നിർണായകമായ പങ്കു വഹിച്ചിട്ടുണ്ട്. രാജസ്ഥാനിലെ രജപുത്രരുടെ ജനസംഖ്യ 10% മാത്രമായിരുന്നു. അതുപോലെ പഞാബിലും സിഖ് ദേശീയതയല്ല മറിച്ച് പഞ്ചാബി ഭാഷാ ദേശീയതയാണ് വളർന്നുവന്നത്. പഞ്ചാബ് സംസ്ഥാനം രൂപീകരിക്കുമ്പോൾ സിഖുകാർ വെറും 6.5% മാത്രമായിരുന്നു. 55% മുസ്ലീമുകളും 22% ഹിന്ദു വംശജരും ആയിരുന്നു ജനങ്ങളിൽ ഭൂരിഭാഗവും. ഹരിയാന, ഹിമാചൽ എന്നീ സംസ്ഥാനങ്ങൾ വേർപെട്ട ശേഷമാണ് പഞ്ചാബ് സിഖ് ഭൂരിപക്ഷ സംസ്ഥാനമായത്.

ഗോള്‍വള്‍ക്കര്‍

ഈ പ്രാദേശിക ദേശീയതകളൊന്നും പൊതുവേ ഇന്ത്യയെന്ന സമഗ്ര ദേശീയതയ്ക്ക് എതിരായിരുന്നില്ല, മറിച്ച്, ഇന്ത്യൻദേശീയതയുമായി തീർത്തും സമരസപ്പെട്ടു കൊണ്ടുള്ളതായിരുന്നു.

ഇന്ത്യൻ രാഷ്ട്ര സങ്കൽപ്പത്തിന്റെ അടിസ്ഥാനം എല്ലാവരെയും ഉൾകൊള്ളുന്നതായിരിക്കണമെന്ന സമീപനമാണ് ഗാന്ധിജിയെപ്പോലുള്ള ദേശീയനേതാക്കൾ സ്വീകരിച്ചിരുന്നത്. ഗോവധ നിരോധനം ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനുവേണ്ടി ഡോ.രാജേന്ദ്ര പ്രസാദിനെപ്പോലുള്ളവർ വാദിച്ചപ്പോൾ ഗാന്ധിജി അതിനെ ശക്തമായി എതിർത്തു. എന്നാൽ ഇതിനു കടകവിരുദ്ധമായ തിരസ്‌കരണത്തിന്റെ exclusivity ആശയമാണ് ഹിന്ദുത്വത്തിന്റെ വക്താക്കളായ ആർ.എസ്.എസ്സും ഹിന്ദുമഹാസഭയുമൊക്കെ സ്വീകരിച്ചത്. യഥാർത്ഥത്തിൽ ഹിന്ദുക്കൾക്കും മുസ്ലിംകൾക്കും വെവ്വേറെ രാഷ്ട്രങ്ങൾ എന്ന ദ്വിരാഷ്ട്ര വാദം 1922ൽ ആദ്യമായി ഉയർത്തിയത് ഹിന്ദുമഹാസഭയുടെ നേതാവായിരുന്ന സവാർക്കരാണ്, അല്ലാതെ ജിന്നയോ, മുസ്‌ലിംലീഗോ അല്ല.

ഹിന്ദുക്കൾക്കും മുസ്‌ലിംകൾക്കും ഒരു രാജ്യത്ത് ഒന്നിച്ചു കഴിയാൻ സാദ്ധ്യമല്ല എന്നാണ് ഗോൾവൾക്കർ വാദിച്ചത്. ഹിന്ദുസ്ഥാനിൽ ജീവിക്കുന്ന അഹിന്ദുക്കൾ ഹിന്ദു സംസ്‌കാരത്തെയും ഭാഷയെയും സ്വീകരിക്കുകയും, ഹിന്ദുമതത്തെ അതീവ ബഹുമാനത്തോടെ ആദരിക്കുകയും ചെയ്യണം എന്നാണ് 'ദേശീയത നിർവചിക്കപ്പെടുന്നു' എന്ന തന്റെ കൃതിയിൽ ഗോൾവൾക്കർ എഴുതിയത്. ജൂതന്മാരെ ഉന്മൂലനം ചെയ്ത ജർമൻ നാസികളായിരുന്നു ഗോൾവൾക്കറുടെ ഉത്തമ മാതൃക. ഇന്ത്യയിൽനിന്ന് അഹിന്ദുക്കളെ നിർമാർജനം ചെയ്യാനുള്ള ഏറ്റവും നല്ല മാതൃകയാണ് ജർമനിയുടേതെന്നും ഹിന്ദുക്കൾ അതുകണ്ട് പഠിക്കണമെന്നുമാണ് ഗോൾവൾക്കർ ഉത്‌ബോധിപ്പിച്ചത്. ഗോൾവൾക്കർ വിവിധ സംസ്ഥാനങ്ങൾ കൂടിച്ചേർന്ന ഫെഡറൽ സംവിധാനമെന്ന ആശയത്തെ എതിർക്കുകയും, പ്രാദേശിക ദേശീയതകളെ ഇല്ലാതാക്കുന്ന യൂനിറ്ററി സംവിധാനത്തിനുവേണ്ടി വാദിക്കുകയുമാണ് ചെയ്തത്.

ഇന്ത്യൻ ദേശീയതയുടെ നിലനില്പും ശക്തിയും വിവിധങ്ങളായ പ്രാദേശിക ദേശീയതകളുടെ ദൃഢവും സൗഹാർദ്ദപരവും സഹകരണാത്മകവുമായ സഹവർത്തിത്വത്തിലാണ് നിലകൊള്ളുന്നത്. വിവിധ ജനവിഭാഗങ്ങളെയും ഉപദേശീയതകളെയും അംഗീകരിക്കാത്ത, ഏകാത്മകമായ സവർണ സംസ്കൃതിക്കും ഏക രാഷ്ട്രത്തിനും വേണ്ടി നിലകൊള്ളുന്ന വലതുതീവ്ര ദേശീയതാ സങ്കൽപം ഇന്ത്യൻ ദേശീയതയുടെ തകർച്ചക്കാണ് വഴിവെക്കുക.

Read More >>