യോഗ്യന്‍, പക്ഷെ അയോഗ്യന്‍

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സവിശേഷതകളേറെയുള്ള നാടാണ്. സ്വര്‍ണ്ണം കുഴിച്ചെടുക്കുന്ന ഖനികളൊന്നും കൊടുവള്ളിയിലില്ല. പക്ഷേ നൂറുകണക്കിനു സ്വര്‍ണ്ണക്കടകള്‍ തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന സ്വര്‍ണ്ണഖനിയായി കൊടുവള്ളിമാറി. അതെന്തുമാവട്ടെ, തെരഞ്ഞെടുപ്പില്‍ താല്‍പര്യമുള്ളവരെ വിജയിപ്പിക്കാന്‍ വേണ്ട സൂത്രങ്ങള്‍ അവര്‍ക്ക് പരിചിതം.

യോഗ്യന്‍, പക്ഷെ അയോഗ്യന്‍

പ്രകാശ് കാരാട്ടും കാരാട്ട് റസാഖും തമ്മിലുള്ള പാരസ്പര്യം അത്ര എളുപ്പത്തിലൊന്നും വ്യവഛേദിച്ചു പറയാനാവുകയില്ല. പ്രകാശ് കാരാട്ട് പഠിക്കുകയും പ്രയോഗിക്കുകയും ചെയ്തുപോന്ന മാര്‍ക്സിസം ലെനിനിസത്തിന്റെ പ്രത്യയശാസ്ത്രപരമായ അര്‍ത്ഥാന്തരങ്ങളൊന്നും എത്രതലകുത്തിമറിഞ്ഞാലും കാരാട്ട് റസാഖിന് പിടികിട്ടുകയുമില്ല. തന്റെ വ്യവഹാരമണ്ഡലങ്ങളില്‍ അത്തരം ആലോചനകള്‍ കടന്നുവരണമെന്ന ശാഠ്യവും കാരാട്ട് റസാഖിനില്ല. എന്നുമാത്രമല്ല, ഏതാണ്ട് രണ്ടുകൊല്ലം മുമ്പ് വരെ പ്രകാശ് കാരാട്ട് എന്ന പേര് അദ്ദേഹത്തിന്റെ നിഘണ്ടുവില്‍ സ്ഥാനം പിടിച്ചിരുന്നുവോ എന്നുപോലും സംശയം. എന്നിട്ടും ഒരു സന്നിഗ്ദ്ധഘട്ടത്തില്‍ കൊടുവള്ളിയിലെ കാരാട്ട് മറ്റേ കാരാട്ടിനോടൊപ്പം നിന്നു. പരമ്പരാഗതമായി മുസ്ലിംലീഗ് കോട്ടയെന്ന് വിശേഷിപ്പിക്കപ്പെടുന്ന കൊടുവള്ളിയില്‍ തന്റെ തന്നെ നേതാവായിരുന്ന എം.എ റസാഖ് മാസ്റ്ററെ തള്ളിയിട്ട് ഇടതു എം.എല്‍.എയായി. അന്ന് അത്ഭുതം കൂറിയവര്‍ക്ക് മുമ്പാകെ ഒരേ ഉത്തരമേ ഉണ്ടായിരുന്നുള്ളു-ഇതാണ് രാഷ്ട്രീയത്തിലെ മറിമായം. ആരേയും അസ്ത്രപ്രജ്ഞമാക്കുന്ന ഒരു മാജിക്കിലൂടെ കൈപ്പിടിയിലൊതുക്കിയ എം.എല്‍.എ സ്ഥാനമാണ് ഇപ്പോള്‍ ഹൈക്കോടതി വിധി തട്ടിത്തെറിപ്പിച്ചിട്ടുള്ളത്. കാരാട്ട് റസാഖ് അയോഗ്യന്‍.

എം.എല്‍.എ സ്ഥാനത്തിന് കാരാട്ട് റസാഖ് അയോഗ്യനാണെന്ന് കൊടുവള്ളിയിലെ മുസ്ലിം ലീഗുനേതാക്കള്‍ ഇന്നും ഇന്നലെയും പറയുന്ന കാര്യമല്ല. 2016 ലെ തെരഞ്ഞെടുപ്പ് ആസന്നമാവുന്നതുവരെ തങ്ങളോടൊപ്പം നിന്ന് മുസ്ലിംലീഗിന്റെ ഹരിതപതാക ഉയര്‍ത്തിപ്പിടിച്ച മണ്ഡലം സിക്രട്ടറി മറുകണ്ടം ചാടിയപ്പോള്‍ അവര്‍ മറ്റെന്തുപറയണം? അവരുടെ കണ്ണില്‍ റസാഖിന് അയോഗ്യതകള്‍ നിരവധിയായിരുന്നു. പഠിപ്പില്ല, നിയമസഭയില്‍പോയി നല്ലഭാഷയില്‍ നാലുവര്‍ത്തമാനം പറയാനുള്ള ത്രാണിയില്ല, സംശുദ്ധമായ പ്രതിഛായയില്ല; പക്ഷേ പറഞ്ഞിട്ടെന്ത്, പാര്‍ട്ടി ജില്ലാ സിക്രട്ടറിയേക്കാള്‍ യോഗ്യന്‍ തങ്ങള്‍ക്ക് പ്രിയംകരനായ ജനകീയ പ്രവര്‍ത്തകനാണെന്നായിരുന്നു ഭുരിപക്ഷം ലീഗുകാരുടേയും വിധിയെഴുത്ത്. കോടതിവിധി എന്തുതന്നെയായാലും ജനവിധി തനിക്കൊപ്പമാണെന്നാണ് കാരാട്ട് റസാഖിന്റെയും ആത്മവിശ്വാസം.

കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സവിശേഷതകളേറെയുള്ള നാടാണ്. സ്വര്‍ണ്ണം കുഴിച്ചെടുക്കുന്ന ഖനികളൊന്നും കൊടുവള്ളിയിലില്ല. പക്ഷേ നൂറുകണക്കിനു സ്വര്‍ണ്ണക്കടകള്‍ തലയുയര്‍ത്തിപ്പിടിച്ചു നില്ക്കുന്ന സ്വര്‍ണ്ണഖനിയായി കൊടുവള്ളിമാറി. അതെന്തുമാവട്ടെ, തെരഞ്ഞെടുപ്പില്‍ താല്‍പര്യമുള്ളവരെ വിജയിപ്പിക്കാന്‍ വേണ്ട സൂത്രങ്ങള്‍ അവര്‍ക്ക് പരിചിതം. അങ്ങനെയുള്ള ചില സൂത്രങ്ങളിലൂടെയാണ് പണ്ട് പി.ടി.എ റഹീം ലീഗുകോട്ട കയ്യടക്കിയത്. അതിന്റെ തുടര്‍ച്ചയായി വന്ന ആളാണ് കാരാട്ട് റസാഖ്. ഇപ്പോള്‍ റസാഖ് അയോഗ്യനായത് സമാനമായ മറ്റൊരു സൂത്രത്തിന്റെ പരിണതി. രാഷ്ട്രീയവിശകലനക്കാര്‍ എന്തുപറഞ്ഞാലും കൊടുവള്ളിക്കാര്‍ക്ക് സംഗതി അത്രയേ ഉള്ളു.

കോടതിവിധി എന്തുമാവട്ടെ, പൊതുപ്രവര്‍ത്തനത്തിന്റെ കൊടുവള്ളിയന്‍ മാനദണ്ഡങ്ങള്‍ വെച്ചുനോക്കിയാല്‍ കാരാട്ട് റസാഖ് തികച്ചും യോഗ്യനാണ്. അതുകൊണ്ടാണ് ഒരു സാധാരണകച്ചവടക്കാരന്റെ മകനായിപ്പിറന്ന്, ഹൈസ്‌കൂള്‍ വിദ്യാഭ്യാസം മാത്രം നേടിയ റസാഖ് നാട്ടില്‍ ലീഗിന്റെ നേതാവായത്. ലീഗു മണ്ഡലം സിക്രട്ടറിയും പഞ്ചായത്ത് മെമ്പറുമായത്. പി.ടി.എ റഹിം കൂടുവിട്ട് കൂടുമാറിയപ്പോള്‍ നെഞ്ചുയര്‍ത്തിപ്പിടിച്ച് പാര്‍ട്ടിപ്രവര്‍ത്തനങ്ങളേറ്റെടുത്തത് റസാഖാണ്. അതിനാവശ്യമായ സൂത്രങ്ങളൊക്കെ മൂപ്പരുടെ കൈയിലുണ്ടായിരുന്നുതാനും. പി.കെ കുഞ്ഞാലിക്കുട്ടി നടത്തിയ പ്രചരണജാഥകളില്‍ ഓടി നടന്ന് സ്വാഗതം പറഞ്ഞു കൊണ്ടിരുന്ന റസാഖ്, കുഞ്ഞാലിക്കുട്ടി സ്വന്തം നാട്ടില്‍ തിരിച്ചെത്തും മുമ്പേ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായതിനു പിന്നില്‍ ഈ ചങ്കൂറ്റവും സൂത്രവും തന്നെയായിരുന്നു. പക്ഷേ സൂത്രവും ചങ്കൂറ്റവും മാത്രം പോരാ രാഷ്ട്രീയത്തില്‍ എന്ന് പല കൊടുവള്ളിക്കാര്‍ക്കുമെന്നപോലെ കാരാട്ട് റസാഖിനും തിരിഞ്ഞുകിട്ടിയില്ല. ചെറുപ്പത്തിലേ രാഷ്ട്രീയത്തിന്റെ ഉന്നതങ്ങളിലെത്തുക എന്ന സ്വപ്നം ഉള്ളില്‍ കൊണ്ടുനടന്ന കച്ചവടക്കാരനാണ് കാരാട്ട് റസാഖ്. സ്വപ്നം ചിലര്‍ക്ക് ചിലകാലമൊത്തിടും; അങ്ങനെ റസാഖ് എം.എല്‍.എയായി; അതിന് വേണ്ടിയുള്ള യാത്രയില്‍ കക്ഷി പല വിവാദങ്ങളിലുമകപ്പെട്ടിട്ടുണ്ട്. പല വിവാദങ്ങളിലേക്കും എടുത്തുചാടിയിട്ടുമുണ്ട്. വധഭീഷണികാരണം പൊലീസകമ്പടിയോടെയായിരുന്നു കുറച്ചുകാലം നടപ്പ്. കള്ളക്കടത്തുകാര്‍ക്കൊപ്പം ഫോട്ടോക്ക് പോസുചെയ്തതും ഹവാലക്കാരന്റെ കാറില്‍ കയറിയതുമായിരുന്നു വേറെ ചില വിവാദങ്ങള്‍, അതൊക്കെ പത്രക്കാര്‍ക്കും ചാനലുകാര്‍ക്കും പറഞ്ഞുരസിക്കാന്‍ കൊള്ളാം എന്നല്ലാതെ ഇതൊന്നും റസാഖിനേയും ഒട്ടും ഏശിയിട്ടില്ല. അദ്ദേഹത്തിന് ഈ ഉറപ്പ് ഉള്ളിലുള്ളേടത്തോളം കാലം ഇനി ഏശുമോ,ആവോ!

Read More >>