കേരളം തുരുത്തും ചില തിരുത്തും

നിശ്ചയമായും ഇവിടെ ജനവിധിയുടെ വ്യാപ്തിയും ആഘാതവും സൂക്ഷ്മമായി വിലയിരുത്താൻ കേരളത്തിലെ മൂന്നു മുന്നണികളും അവരുടെ നായകപ്പാർട്ടികളും തയ്യാറാവേണ്ടതുണ്ട്.

കേരളം തുരുത്തും ചില തിരുത്തും

രാജ്യം ഒരു ദിശയിൽ ചിന്തിക്കുമ്പോൾ കേരളം എതിർദിശയിൽ മാറി നടന്ന ചരിത്രം, തെരഞ്ഞെടുപ്പുകളിൽ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. 1977ൽ അടിയന്തരാവസ്ഥയ്ക്കു ശേഷം രാജ്യമൊന്നാകെ അലയടിച്ച ഇന്ദിരാവിരുദ്ധ തരംഗത്തിനിടയിലും കേരളം മറിച്ചാണ് ചിന്തിച്ചത്. അതിനടുത്തെത്തും വിധമുള്ള തെരഞ്ഞെടുപ്പു ഫലമാണ് 2004ൽ ഉണ്ടായത്. ബി.ജെ.പിയുടെ വാജ്‌പേയി സർക്കാരിനെതിരായി കോൺഗ്രസ് നേതൃത്വത്തിൽ മുന്നേറ്റം നടത്തുമ്പോൾ കേരളം ഇടതിനൊപ്പം നിലയുറപ്പിച്ചു. സമാനമായ സാഹചര്യമാണ് ഇക്കുറി സംജാതമായത്. ദേശീയതലത്തിൽ ശക്തമായ മോദിപ്രഭാവം വിളങ്ങിനിന്നിട്ടും സംസ്ഥാനം അതു കണ്ടഭാവം നടിച്ചില്ല. മാത്രമല്ല, രാഹുലിനൊപ്പം ചേർന്നു നിൽക്കുകയും ചെയ്തു. എന്തുകൊണ്ടാണ് ഈ വിധത്തിൽ മുഖം തിരിക്കുന്ന, അഥവാ ശരിയെന്നു തോന്നുന്ന ധാരയ്ക്കൊപ്പം മുന്നോട്ടു നടക്കുന്ന ധീരമായ ചുവടുവയ്പ്പ് കേരളം നടത്തിയതെന്നു രാഷ്ട്രീയ പാർട്ടികൾ സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്. പ്രത്യേകിച്ചും പാർട്ടികളുടെയും മുന്നണികളുടെയും എല്ലാ കണക്കുകൂട്ടലുകൾക്കും പ്രതീക്ഷകൾക്കും അപ്പുറം ജനവിധി ആഞ്ഞുവീശിയതിന്റെ പശ്ചാത്തലത്തിൽ.

നിശ്ചയമായും ഇവിടെ ജനവിധിയുടെ വ്യാപ്തിയും ആഘാതവും സൂക്ഷ്മമായി വിലയിരുത്താൻ കേരളത്തിലെ മൂന്നു മുന്നണികളും അവരുടെ നായകപ്പാർട്ടികളും തയ്യാറാവേണ്ടതുണ്ട്. കൃത്യവും വ്യക്തവുമായ പരിശോധനകളും പരിഹാരനടപടികളും സ്വീകരിക്കാൻ പാർട്ടികൾ തയ്യാറായില്ലെങ്കിൽ വരുംകാലത്തും സമാനമായ 'സുനാമികൾ' ആഞ്ഞടിച്ചേക്കും. ട്വിന്റി ട്വിന്റി പ്രതീക്ഷിച്ചിറങ്ങിയ യു.ഡി.എഫും ഏതു കൊടുങ്കാറ്റിലും ഉലയില്ലെന്നു കരുതിയ കോട്ടകൾ നിലംപൊത്തിയ ഇടതുപക്ഷവും താമരവിരിയിക്കാൻ ഇറങ്ങിത്തിരിച്ച ബി.ജെ.പിയും ചില തിരുത്തലുകൾ വരുത്തേണ്ടതുണ്ട്.

വിജയത്തിനു പിന്നിലെ തിരിച്ചറിവ്

മോദിയോ രാഹുലോ എന്ന ചോദ്യത്തിനുത്തരം നൽകാൻ കേരളം തീരുമാനിച്ചതോടെ ജയിച്ചുകയറാനുള്ള യോഗം കോൺഗ്രസ്സിനൊപ്പമായി എന്നുവേണം കരുതാൻ. പാർട്ടിയോ പാർട്ടി സംവിധാനമോ അല്ല, മറിച്ച് എതിരാളികളോടുള്ള കടുത്ത എതിർപ്പ്, മത-സാമുദായിക ഘടകങ്ങളുമായി ബന്ധപ്പെട്ട വോട്ടർമാരുടെ ധ്രുവീകരണ ബോധം എന്നിവ ഒന്നായപ്പോൾ, അതിന്റെ പൂർണമായ ആനുകൂല്യം യു.ഡി.എഫിനു ലഭിച്ചു. 'മോദിപ്പേടി'ക്കു മുന്നിൽ മതന്യൂനപക്ഷങ്ങൾ ബോധപൂർവ്വം സൃഷ്ടിച്ച ഏകീകരണവും ശബരിമല വിഷയവുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാരിനെതിരെ വിശ്വാസി സമൂഹത്തിൽ നിലനിന്നിരുന്ന വൈകാരികത ബി.ജെ.പിയോടു മുഖംതിരിച്ചതുമാണ് കേരളത്തിൽ യു.ഡി.എഫിന് ചരിത്ര വിജയം സമ്മാനിച്ചത്. അതല്ലാതെ പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ മേന്മ കൊണ്ടോ പ്രതിപക്ഷമെന്ന നിലയിൽ നടത്തിയ രാഷ്ട്രീയ ഇടപെടലുകളുടെ ഭാഗമായി ലഭിച്ചതോ അല്ല. ഇക്കാര്യം സ്വയം വിമർശനപരമായി കെ.പി.സി.സി പ്രസിഡന്റ് അംഗീകരിക്കുന്നുമുണ്ട്. അതുകൊണ്ടു കൂടിയാവണം, പാർട്ടിയിൽ അടിയന്തര ചികിത്സ നടത്താൻ അദ്ദേഹം തീരുമാനിച്ചത്. 20 ൽ 19 ഇടത്തും മിന്നുന്ന ജയം നേടിയിട്ടും കോൺഗ്രസിന് അമിതാഹ്ലാദമില്ലാത്തതിനു കാരണം ദേശീയതലത്തിലെ ദയനീയ പരാജയം കൊണ്ടു മാത്രല്ല, ജയിച്ചത് സംഘടനയല്ലെന്നും ജനങ്ങളാണെന്നുമുള്ള തിരിച്ചറിവ് നേതാക്കൾക്കുള്ളതിനാലാണ്. പാർട്ടിയുടെ സംഘടനാ സംവിധാനത്തിന്റെ ദൗർബ്ബല്യം മനസ്സിലേക്കു വരുന്നതിനാലാണ്. തെരഞ്ഞെടുപ്പു പ്രചാരണ രംഗത്തു പതിവുപോലെ വൈകിയെത്തിയ യു.ഡി.എഫിനു എതിരാളികൾക്കൊപ്പമെത്താൻ നന്നേ വിയർക്കേണ്ടി വന്നു.

പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളുടെ ദയനീയാവസ്ഥ സ്ഥാനാർത്ഥികളുടെ പ്രയാണത്തെപോലും പ്രതികൂലമായി ബാധിച്ചു. അടിസ്ഥാന ഘടകങ്ങളായ ബൂത്ത്, മണ്ഡലം കമ്മിറ്റികൾ ഭൂരിപക്ഷവും കടലാസ്സിൽ മാത്രമായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി പ്രസിഡന്റായി വന്ന ശേഷം നടത്തിയ ബൂത്തുകമ്മിറ്റികളുടെ പുന:സംഘടന, എ.ഐ.സി.സി പ്രഖ്യാപിച്ച 'എന്റെ ബൂത്ത് എന്റെ അഭിമാനം' തുടങ്ങിയ ക്രിയാത്മകമായ ഇടപെടലുകൾ പക്ഷെ, മിക്ക ജില്ലകളിലും ബ്ലോക്കുകളിലും പേരിനു മാത്രമായിരുന്നു. ഈ പശ്ചാത്തലത്തിലാണ്, അടിമുടി പ്രവർത്തന സജ്ജമാകേണ്ട തെരഞ്ഞെടുപ്പു മുന്നിലെത്തിയത്. സ്വാഭാവികമായും സംഘടനാപരമായ ദൗർബല്യങ്ങൾ പ്രചാരണവേളയിൽ പ്രതിഫലിച്ചു. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളുടെ പ്രാഥമിക തലത്തിൽ നടത്തേണ്ടിയിരുന്ന വോട്ടർപട്ടികയിൽ പേരു ചേർക്കൽ, ബൂത്തു തല ക്രമീകരണങ്ങൾ, ഗൃഹസന്ദർശനം തുടങ്ങിയവയെല്ലാം പതിവുപോലെ നേതാക്കളെയും സ്ഥാനാർത്ഥികളെയും ബോധിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു.

കോൺഗ്രസ്സിന്റെ സംഘടനാ തലം അടിമുടി ഉടച്ചുവാർക്കേണ്ട ആവശ്യകത കൂടി ഈ തെരഞ്ഞെടുപ്പു ചൂണ്ടിക്കാട്ടുന്നുണ്ട്. ചില അനുകൂലമായ തരംഗങ്ങളിൽ ജയിക്കുന്ന പ്രതിഭാസമായി മാറുന്നത് പാർട്ടിക്കു ഒട്ടും ഗുണകരമല്ല. ചില പ്രത്യേക രാഷ്ട്രീയസാഹചര്യത്തിൽ കാറ്റു മാറിയും വീശിയേക്കാം. യു.ഡി.എഫ് പ്രവർത്തകരോ അനുഭാവികളോ മാത്രമല്ല, എല്ലാ പാർട്ടിയിലും പെട്ടവർ ഇക്കുറി യു.ഡി.എഫിന് വോട്ടു ചെയ്തിട്ടുണ്ട്. അതൊരു നിശ്ശബ്ദമായ കുത്തൊഴുക്കിൽ സംഭവിച്ചതാണ്. എല്ലാ കാലത്തും ഇതാവർത്തിക്കണമെന്നില്ല. തെളിവാർന്ന നിലപാടും പരിപാടിയും ഉയർത്തിക്കാട്ടി സമൂഹമദ്ധ്യേയുള്ള തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാൻ കോൺഗ്രസ് തയ്യാറാകണം. അതിനാദ്യം വേണ്ടത് സംഘടനയുടെ അടിത്തറ ഉറപ്പിക്കലാണ്. അതില്ലാതെ വന്നതിന്റെ ദുരന്തം വടക്കുദേശങ്ങളിൽ അനുഭവിക്കുന്നുണ്ടെന്ന തിരിച്ചറിവ് ആ പാർട്ടിക്കുണ്ടാകണം.

താമരയ്ക്കു പാകമാകാത്ത മണ്ണ്

കാലേക്കൂട്ടിയുള്ള നിലമൊരുക്കൽ ബി.ജെ.പിക്കുവേണ്ടി ആർ.എസ്.എസ് കേരളത്തിൽ തുടങ്ങിയിരുന്നു. അതിന്റെ പിൻബലത്തിലാണ് ഇക്കുറി അമിത് ഷാ പോലും ഇവിടെ താമര വിരിയുമെന്നും രണ്ടിടത്തു ജയം ഉറപ്പിക്കുകയും ചെയ്തത്. അതിനിടെ വീണുകിട്ടിയ ശബരിമല വിഷയം സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പി.എസ് ശ്രീധരൻപിള്ള പറഞ്ഞതു പ്രകാരം ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വലിയ സുവർണാവസരമായി. വടക്കുനിന്നു വീശിയെത്തിയ മോദിക്കാറ്റു കൂടിയായപ്പോൾ കാര്യങ്ങൾ തങ്ങൾക്കു അനുകൂലമാകുമെന്നു സംഘപരിവാർ കണക്കുകൂട്ടി. എന്നാൽ കേരളം അവരുടെ ധാരണ തെറ്റെന്നു തെളിച്ചു. അതും പ്രതീക്ഷയുടെ കൊടുമുടിയിൽ നിന്ന തിരുവനന്തപുരത്തു പോലും ജയത്തിനരികെ കടന്നെത്താൻ അനുവദിച്ചില്ല. ശബരിമലയുടെ വൈകാരിക പരിസരം തളംകെട്ടിനിന്ന പത്തനംതിട്ടയിലാകട്ടെ എതിരാളിക്കു വെല്ലുവിളിയുയർത്തിയ മത്സരം നടത്താനും ബി.ജെ.പിക്കായില്ല. പ്രചാരണരംഗത്തു പ്രകടമായ കൊഴുപ്പും ആൾക്കൂട്ടവും ബി.ജെ.പിക്കൊപ്പം നിന്നില്ല, അവരുടെ രാഷ്ട്രീയത്തെ സ്വീകരിക്കാൻ വിമുഖതകാട്ടി എന്നതാണ് യാഥാർത്ഥ്യം.

വോട്ടുശതമാനം കൂടിയെന്നതിൽ ആശ്വസിക്കുമ്പോഴും കേരളം ബി.ജെ.പിക്കു നൽകുന്ന ചില പാഠങ്ങളുണ്ട്. അതു മതവും സമുദായവും സാമൂഹ്യപരവുമായ ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ്. മതപരമായും സമുദായപരമായും വിഭജിക്കപ്പെടുന്ന സാമൂഹ്യ സാഹചര്യം കേരളം ഒട്ടും ഇഷ്ടപ്പെടുന്നില്ലെന്നു ബി.ജെ.പിക്കു നൽകിയ പ്രഹരത്തിലൂടെ കേരളം ആവർത്തിച്ചു ബോദ്ധ്യപ്പെടുത്തി. ഭൂരിപക്ഷ സമുദായത്തെ വൈകാരികമായി ഉപയോഗപ്പെടുത്താമെന്നും അതുവഴി പൊതുബോധം മാറ്റിമറിക്കാമെന്നുമുളള കണക്കുകൂട്ടലുകളാണ് പിഴച്ചത്. ശബരിമല വിഷയത്തിലെ അതിരുവിട്ട ഇടപെടൽ കേരളത്തിലെ ഭൂരിപക്ഷ സമുദായം പോലും ഉൾക്കൊണ്ടില്ല എന്നാണ് തെരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്.

നിശ്ചയമായും, ശബരിമലയുമായി ബന്ധപ്പെട്ടു വിശ്വാസി സമൂഹത്തിൽ സംസ്ഥാന സർക്കാരിനെതിരായ ശക്തമായ വികാരം നിലനിൽക്കുന്നുണ്ടായിരുന്നു. അതിൽ, തുടക്കം മുതൽ ബി.ജെ.പി സ്വീകരിച്ച നിലപാട് പക്ഷെ, ഹിന്ദുമത വിശ്വാസികളെ സ്വാധീനിച്ചിരുന്നില്ല. എൻ.എസ്.എസ് തുടങ്ങിവെച്ച, ശബരിമല കർമ്മസമിതി മുന്നോട്ടുകൊണ്ടു പോയ നാമജപ സംഗമങ്ങളും പ്രതിഷേധങ്ങളും ബി.ജെ.പിയുടെ കയ്യിലെത്തിയപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയി. ഹർത്താലും വഴിതടയലും സന്നിധാനത്തെ പ്രതിഷേധവും ആസൂത്രണം ചെയ്തു നടപ്പിലാക്കിയ ബി.ജെ.പി നേതാക്കൾ, വിഷയത്തിൽ നിയമപരമായ പരിഹാരത്തിനുള്ള ശ്രമം നടത്തിയില്ല. നിയമനിർമ്മാണമുൾപ്പെടെയുള്ള ആവശ്യത്തോടു മുഖംതിരിക്കുകയും ചെയ്തു. ഇതു വിശ്വാസികൾക്കും സമുദായ സംഘടനകൾക്കും തിരിച്ചറിവു നൽകിയ നിലപാടായിരുന്നു. അതിരുവിട്ട അക്രമസമരത്തെ, അതാരായാലും തള്ളിപ്പറയുന്ന കേരളം ബി.ജെ.പി നടത്തിയ വിശ്വാസി സംരക്ഷണ പ്രകടനങ്ങൾ മനസ്സിൽ സൂക്ഷിച്ചു. ഫലമോ ജയിക്കുമെന്നു കരുതിയ ഇടങ്ങളിൽ തോൽക്കുക മാത്രമല്ല, സ്വാധീനമേഖലകളിൽ ബി.ജെ.പിയുടെ അടിത്തറയിളകുകയും ചെയ്തു. തിരുവനന്തപുരം മണ്ഡലത്തിലെ വോട്ടുവ്യതിയാനം വ്യക്തമാക്കുന്നത് അതാണ്. വടക്കൻ സാഹചര്യത്തിൽ നിന്നു വ്യത്യസ്തമായി, ഒരളവോളം മതേതരമനസോടെ കാര്യങ്ങളെ സമീപിക്കുന്ന കേരളത്തിന് ഭിന്നിപ്പിന്റെയും സങ്കുചിതത്വത്തിന്റെയും രാഷ്ട്രീയം ദഹിക്കില്ലെന്നു വീണ്ടും തെളിയിച്ചു.

ശൈലീമാറ്റം അനിവാര്യം

ഇടതുപക്ഷത്തിന്റെ പ്രതീക്ഷകൾ പാടെ തെറ്റിച്ച ഫലമാണ് ഇത്തവണത്തേത്. 2004 ആവർത്തിക്കുമെന്നു തെരഞ്ഞെടുപ്പു പ്രചാരണ ഘട്ടത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും 2014ൽ നേടിയ സീറ്റുകൾ നിലനിർത്താനാകുമെന്ന പ്രതീക്ഷയായിരുന്നു പാർട്ടിക്കും മുന്നണിക്കും. ഒന്നോ രണ്ടോ സീറ്റു കൂടിയും കുറഞ്ഞും വന്നാലും വലിയ തകർച്ചയ്ക്കുള്ള സാഹചര്യമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയനും കരുതി. എന്നാൽ ആവിധമുള്ള എല്ലാ മനക്കോട്ടകളും തകർത്താണ് ജനം ഇടതിനെതിരായി വോട്ടു ചെയ്തത്. ശബരിമല വിഷയത്തിലൊഴികെ പ്രകടമായ സർക്കാർ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ ഉണ്ടായില്ല. പ്രളയം, കർഷക ആത്മഹത്യകൾ, രാഷ്ട്രീയ കൊലപാതകങ്ങൾ എന്നിവ പ്രചാരണ ഘട്ടത്തിൽ ഉയർന്നു വന്നെങ്കിലും അതു ഏകോപിപ്പിക്കപ്പെട്ട സർക്കാർ വിരുദ്ധ തരംഗത്തിനൊന്നും ഇടയാക്കിയില്ല. എന്നാൽ ശബരിമല വിഷയത്തിലെ സർക്കാർ നിലപാടും നടപടിയും വിശ്വാസികളെ നോവിച്ചു. മണ്ഡലകാലത്തു നാമജപം നടത്തിയ അയ്യപ്പഭക്തർക്കെതിരായ നടപടിയും യുവതീ പ്രവേശനവും വനിതാ മതിലും അവരുടെ വിശ്വാസങ്ങളെ തീർത്തും വ്രണപ്പെടുത്തി. അതു മുൻകൂട്ടികാണാൻ സർക്കാർ തലപ്പത്തുള്ളവർക്കോ, പാർട്ടി നേതൃത്വത്തിനോ കഴിഞ്ഞില്ല. ഒരു പക്ഷെ, വിശ്വാസികളെ വിശ്വാസത്തിലെടുക്കാൻ ഇടതുപക്ഷത്തിനു സാധിച്ചിരുന്നെങ്കിൽ ഫലം ഇത്രമേൽ കടുത്തതാകില്ലായിരുന്നു.

ദയനീയ പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്താനുള്ള ആത്മാർത്ഥമായ അന്വേഷണം സി.പി.എമ്മും മുന്നണിയും നടത്തുമെന്നുറപ്പാണ്. എന്നാൽ തുടർന്നു വരുന്ന ശൈലിയും നടപടികളും തിരുത്താനോ വലിയവിഭാഗം ജനങ്ങൾക്കു ബോദ്ധ്യമാകുന്ന, ഉൾക്കൊള്ളാനുകുന്ന വിധത്തിൽ പാകപ്പെടുത്താനോ തയ്യാറാകുന്നില്ലെങ്കിൽ കാൽച്ചുവട്ടിലെ അവശേഷിക്കുന്ന മണ്ണുകൂടി ഒലിച്ചുപോകും. കാലവും ജനങ്ങളുടെ വികാരവും പരിഗണനകളും അതിവേഗം മാറ്റങ്ങൾക്കു വിധേയമാകുന്നു എന്ന യാഥാർത്ഥ്യം തിരിച്ചറിയാൻ ഇടതുപക്ഷം തയ്യാറാവേണ്ടതുണ്ട്. സമൂഹം എങ്ങനെ ചിന്തിക്കുന്നു എന്നു കണ്ടെത്തി പരിപാടികളിൽ സമൂലമായ മാറ്റം വരുത്തിയില്ലെങ്കിൽ ജനം കയ്യൊഴിയും. അതാണ് പടിഞ്ഞാറൻ ബംഗാളിലും ത്രിപുരയിലും സംഭവിച്ചത്. സമൂഹം ഉൾക്കൊള്ളുന്ന വൈവിദ്ധ്യത്തെ അഭിസംബോധന ചെയ്യുന്നതോടൊപ്പം അതിലെ എല്ലാ വിഭാഗത്തിന്റെയും ക്ഷേമവും താല്പര്യങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കാനുള്ള ബാദ്ധ്യതയും ഭരണകൂടത്തിനുണ്ട്. അവിടെ വിവേചനം കാട്ടുന്നു എന്ന തോന്നൽ പോലും വലിയ ആഘാതമുണ്ടാക്കും. ശബരിമല ആ വിധമുള്ള പരിക്കാണ് സി.പി.എമ്മിനുണ്ടാക്കിയത്.

Read More >>