കാലം മാറിയിട്ടും കാഴ്ചപ്പാട് മാറാതെ

കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും തല്‍ക്കാലം അബ്ദുല്ലക്കുട്ടിയുടെ അവസരങ്ങളെ കുറിച്ച് ആലോചിച്ച് തലപുകയ്‌ക്കേണ്ട. 'കാറ്റിനൊപ്പം പറക്കാന്‍' അബ്ദുല്ലക്കുട്ടിക്കറിയാം.

കാലം മാറിയിട്ടും കാഴ്ചപ്പാട് മാറാതെ

മോദി സ്തുതിയുടെ പേരില്‍ എ.പി അബ്ദുല്ലക്കുട്ടി വീണ്ടും വിവാദങ്ങളുടെ തോഴനായി. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ വികസന നയങ്ങളെ പിന്തുണച്ചും പ്രശംസിച്ചും പ്രസ്താവിച്ചതിന്റെ പേരില്‍ നേരത്തെ സി.പി.എമ്മില്‍ നിന്നു പുറത്താക്കപ്പെട്ട അബ്ദുല്ലക്കുട്ടിക്കു രാഷ്ട്രീയ അഭയം നല്‍കിയ കോണ്‍ഗ്രസും, ഒടുവില്‍ സമാന പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിനു മുന്നില്‍ പടിയടച്ചു. ഇതോടെ ഒരേ പ്രസ്താവത്തിന്റ പേരില്‍ രണ്ടു പാര്‍ട്ടികളില്‍ നിന്നു പുറത്താക്കപ്പെടുന്ന അപൂര്‍വ ബഹുമതിയാണ് അബ്ദുല്ലക്കുട്ടിയെ തേടിയെത്തിയത്. തീര്‍ന്നില്ല, നരേന്ദ്രമോദിയെ പിന്തുണച്ചതിന്റെ പേരില്‍ രണ്ടു രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നു പുറത്താക്കപ്പെടുന്ന ഏക വ്യക്തി എന്ന അലങ്കാരവും അബ്ദുല്ലക്കുട്ടിക്കു സ്വന്തം.

തന്റെതു കാലുമാറ്റമല്ലെന്നും കാഴ്ചപ്പാടു മാറ്റമാണെന്നും അബ്ദുല്ലക്കുട്ടി, കമ്മ്യൂണിസ്റ്റാനന്തര കാലത്തു ആവര്‍ത്തിച്ചു പറയുമായിരുന്നു. നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി എന്ന പുസ്തകത്തില്‍ കാഴ്ചപ്പാടുമാറ്റത്തിന്റെ ബൗദ്ധിക, പ്രായോഗിക സമീപനം അബ്ദുല്ലക്കുട്ടി എടുത്തുകാട്ടുന്നുണ്ട്. ജനാധിപത്യത്തിന്റെ അന്ത:സത്ത ഉള്‍ക്കൊള്ളാത്ത ആശയധാരകളോടു യോജിക്കാനാകില്ലെന്നും അത്തരം സങ്കുചിത ചിന്തകളെ എതിര്‍ക്കുന്നതാണ് യഥാര്‍ത്ഥ പൊതുപ്രവര്‍ത്തനമെന്നുമുള്ള ദര്‍ശനങ്ങള്‍ എഴുതിവെച്ച അബ്ദുല്ലക്കുട്ടി, വികസനവിഷയങ്ങളിലെ രാഷ്ട്രീയ ധാരണകള്‍ പൊളിച്ചെഴുതണമെന്ന അഭിപ്രായക്കാരനുമാണ്. സി.പി.എമ്മില്‍ നിന്നു പുറത്തായി കോണ്‍ഗ്രസിലെത്തിയിട്ടും പക്ഷെ, തന്റെ ആശയതലത്തിലേക്കു കോണ്‍ഗ്രസിനെ ഉയര്‍ത്താനോ വഴിനടത്താനോ അബ്ദുല്ലക്കുട്ടിക്കായില്ല. ഒന്നുകില്‍ തന്റെ കാഴ്ചപ്പാടിനൊപ്പം പാര്‍ട്ടിയെ നയിക്കുക, അതുമല്ലെങ്കില്‍ പാര്‍ട്ടിയുടെ നയത്തിനും പരിപാടിക്കുമൊപ്പം താന്‍ നടക്കുക. ഇതു രണ്ടും സാദ്ധ്യമാകാത്ത സാഹചര്യത്തില്‍ അബ്ദുല്ലക്കുട്ടി വീണ്ടും ചരിത്രത്തിന്റെ ആവര്‍ത്തനമായി.

മുമ്പ് പാര്‍ലമെന്റംഗമായിരിക്കെ ഗുജറാത്ത് മോഡല്‍ വികസനത്തെ പ്രശംസിച്ചതിന്റെ പേരിലാണ് അത്ഭുതക്കുട്ടിയെ സി.പി.എം പുറത്താക്കിയത്. പാര്‍ട്ടി നേതൃത്വവുമായി അകന്നുകഴിയുകയായിരുന്ന അബ്ദുല്ലക്കുട്ടി ഗുജറാത്തിന്റെ പേരില്‍ മനസുകൊണ്ടാഗ്രഹിച്ച 'പുറത്തുചാടല്‍' വാങ്ങിയെടുത്തു എന്നതാണ് വാസ്തവം. മുല്ലപ്പള്ളി രാമചന്ദ്രനെന്ന കോണ്‍ഗ്രസിലെ വന്‍മരത്തെ കടപുഴക്കി കണ്ണൂരിലെ കമ്മ്യൂണിസ്റ്റു മണ്ണൂ തിരികെ പിടിച്ചതിന്റെ ഭാവവും ബോധവും അബ്ദുല്ലക്കുട്ടിയില്‍ അല്‍പ്പാല്‍പ്പം നുരഞ്ഞുപൊന്താന്‍ തുടങ്ങിയതാണ് സി.പി.എം കണ്ണൂര്‍ നേതൃത്വത്തിന് ദഹിക്കാതെ പോയത്. അതിനിടെ ചില ബിസിനസ് സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും കൂടി വന്നതോടെ പാര്‍ട്ടിയില്‍ അബ്ദുല്ലക്കുട്ടി തീര്‍ത്തും അസ്വസ്ഥനായിരുന്നു. കണ്ണൂരില്‍ നടന്ന സി.പി.എം സംസ്ഥാന സമ്മേളനത്തില്‍ ഒരു പ്രതിനിധി പോലുമാക്കാതിരുന്നപ്പോള്‍ കാര്യം കൂടുതല്‍ വ്യക്തമായി. അനിവാര്യമായ പാര്‍ട്ടി നടപടി ചോദിച്ചു വാങ്ങുമ്പോള്‍ അബ്ദുല്ലക്കുട്ടിയില്‍ ഒട്ടും പരിഭവമുണ്ടായിരുന്നില്ല. തന്റെ രാഷ്ട്രമീമാംസയിലെ കണക്കുകള്‍ തെറ്റില്ലെന്നാണ് അദ്ദേഹം അപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്.

സി.പി.എം വിട്ടുവരുമ്പോഴേക്കും കോണ്‍ഗ്രസ് അബ്ദുല്ലക്കുട്ടിക്കു കസേര നല്‍കി. രാവും പകലും അത്യധ്വാനം ചെയ്ത്, പാര്‍ട്ടിക്കു വേണ്ടി പോരാടുന്ന കോണ്‍ഗ്രസിലെ യുവനേതാക്കളുടെ തലയ്ക്കു മുകളിലൂടെ അബ്ദുല്ലക്കുട്ടി കണ്ണൂരില്‍ പറന്നിറങ്ങി. കെ.സുധാകരന്‍ ലോക്‌സഭയിലേക്കു ജയിച്ചു കയറിയതിനെ തുടര്‍ന്നു ഒഴിവു വന്ന കണ്ണൂര്‍ നിയമസഭാ സീറ്റില്‍ അബ്ദുല്ലക്കുട്ടി കൈപത്തിയില്‍ മത്സരിക്കുമ്പോള്‍ അദ്ദേഹത്തിന് പാര്‍ട്ടിയിലെ പ്രായം മൂന്നു മാസമായിരുന്നു. രാഷ്ട്രീയത്തില്‍ പ്രായത്തിനും പ്രവര്‍ത്തന പരിചയത്തിനും പ്രാധാന്യമില്ലെന്നു അബ്ദുല്ലക്കുട്ടി തെളിയിച്ചു. വന്‍ഭൂരിപക്ഷത്തിനു മണ്ഡലം നിലനിര്‍ത്തിയ അബ്ദുല്ലക്കുട്ടി അങ്ങനെ യു.ഡി.എഫിന്റെയും അത്ഭുതക്കുട്ടിയായി മാറി. എന്നാല്‍ കാലം പോയിട്ടും കാഴ്ചപ്പാടു മാറ്റം അബ്ദുല്ലക്കുട്ടിയെ വിട്ടില്ല. രണ്ടു തവണ ജയിച്ചു പോയ മണ്ഡലത്തില്‍ നിന്നു സിറ്റിങ് എം.എല്‍.എയായിട്ടും 2016ല്‍ സീറ്റു മാറേണ്ടി വന്നതോടെ അബ്ദുല്ലക്കുട്ടിയുടെ കാഴ്ചപ്പാടുമാറ്റത്തിന് വേഗത കൂടി. താന്‍ അസ്വീകാര്യനാകുന്നു എന്ന തോന്നല്‍ അദ്ദേഹത്തെ വീണ്ടും അസ്വസ്ഥനാക്കി. അവസരം അനുകൂലമാക്കാനുള്ള മെയ്‌വഴക്കം ആവോളമുള്ള അബ്ദുല്ലക്കുട്ടി തന്റെ വജ്രായുധം പുറത്തെടുത്തു.

മോദിയെ നേരിടാന്‍ കോണ്‍ഗ്രസ് മോദിയില്‍ നിന്നു പഠിക്കണമെന്നാണ് ഉപദേശം. ഒപ്പം മോദിയുടെ വികസന കാഴ്ചപ്പാടിനോടുള്ള അഭിനിവേശവും. എരിവു പകരാന്‍ മുല്ലപ്പള്ളിക്കും വി.എം സുധീരനും, കൈപിടിച്ചു കോണ്‍ഗ്രസിലെത്തിച്ച കെ. സുധാകരനും എതിരെ ആക്ഷേപങ്ങളും. സാധാരണ എല്ലാകാര്യത്തിലും മെല്ലെപ്പോകുന്ന കോണ്‍ഗ്രസ് അബ്ദുല്ലക്കുട്ടിയുടെ കാര്യത്തില്‍ സൂപ്പര്‍ഫാസ്റ്റായി. മോദിയെയും ഗാന്ധിയെയും താരതമ്യം ചെയ്യാനുള്ള അബ്ദുല്ലക്കുട്ടിയുടെ മനോനിലയെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ചെറുതായി കണ്ടില്ല. പരിധിയില്ലാതെ പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്നു അബ്ദുല്ലക്കുട്ടിയെ പുറത്താക്കി.

പുറത്താക്കല്‍ പോരാട്ടമായി കാണുന്ന ശീലമാണ് അബ്ദുല്ലക്കുട്ടിക്ക്. സദാസമയം പുറത്തുനിന്നു മോദിയെ പ്രണയിക്കുന്നതിലും നല്ലത് അകത്തുചെന്നു സേവിക്കുന്നതല്ലെ എന്ന ചിന്ത അബ്ദുല്ലക്കുട്ടിയിലുണ്ടെന്നാണ് പറഞ്ഞു കേള്‍ക്കുന്നത്. പ്രത്യേകിച്ചു വടക്കന്‍കാറ്റ് അനുകൂലമായി വീശുന്ന സാഹചര്യത്തില്‍.

മഞ്ചേശ്വരം വഴി ഒരു സേഫ് ലാന്റിങ്ങിനുള്ള സിഗ്നല്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ടത്രെ. എന്തായാലും കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും തല്‍ക്കാലം അബ്ദുല്ലക്കുട്ടിയുടെ അവസരങ്ങളെ കുറിച്ച് ആലോചിച്ച് തലപുകയ്‌ക്കേണ്ട. 'കാറ്റിനൊപ്പം പറക്കാന്‍' അബ്ദുല്ലക്കുട്ടിക്കറിയാം.

വെല്ലുവിളികളെ അതിജീവിക്കുന്ന മാതൃക

വീണ്ടും നിപയെന്ന മഹാവ്യാധിയെ അതിവേഗം അതിജീവിക്കാന്‍ കേരളത്തിനായി. 2018ലെ നിപയുടെ നടുക്കുന്ന ഓര്‍മ്മകള്‍ കേരളത്തെ പിടിച്ചുലച്ചില്ല. പകരം അതുപകര്‍ന്ന തിരിച്ചറിവോടെ, കൂടുതല്‍ വേഗതയില്‍ മാരകരോഗം വിതച്ച ആശങ്കകളെ വകഞ്ഞു മാറ്റാന്‍ നാടിനായി. കോഴിക്കോട് നിപ ബാധിച്ചപ്പോള്‍ ആദ്യഘട്ടത്തില്‍ സംഭവിച്ച പതര്‍ച്ച പോലും ഇക്കുറി കൊച്ചിയിലുണ്ടായില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ തന്നെ നാടും ഭരണകൂടവും അതീവ ജാഗ്രത പാലിച്ചു. പരിശോധനമുതല്‍ രോഗസ്ഥിരീകരണം വരെ പാളിച്ചകളില്ലാതെ മുന്നോട്ടുപോകാനും ജനങ്ങളിലെ ഭീതി അകറ്റാനും അധികൃതര്‍ക്കായി. ആരോഗ്യമന്ത്രി കൊച്ചിയില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിച്ചത്. എല്ലാ സംവിധാനങ്ങളും കൊച്ചി കേന്ദ്രീകരിച്ച് ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നതിന്റെ വാര്‍ത്തകളാണ് ദിവസേന പുറത്തുവരുന്നത്. യഥാസമയം ഇടപടല്‍ നടത്താന്‍ സംസ്ഥാന-കേന്ദ്ര ഭരണകൂടങ്ങള്‍ക്കു സാധിച്ചു.

നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയത്തെ അതിജീവിച്ച നാടാണ് കേരളം. നൂറുകണക്കിന് പേരുടെ ജീവനെടുത്തപ്പോഴും, ആയിരങ്ങള്‍ പ്രാണനു വേണ്ടി കൈയുയര്‍ത്തി നിലവിളിച്ചപ്പോഴും, സര്‍വതും തകര്‍ന്നു വീണപ്പോഴും ഈ നാട് പകച്ചുനിന്നില്ല. തോളു ചേര്‍ത്തുവെച്ച് അതിനെ നേരിടാന്‍ സംസ്ഥാനത്തിനായി. അതേ മാതൃകയാണ് നിപയെ പ്രതിരോധിക്കാനും കേരളം കാട്ടുന്നത്. ഈ ഒത്തൊരുമയില്‍ നാടിന് മുന്നേറാന്‍ കഴിയുമെന്ന തിരിച്ചറിവുകൂടിയാണ് ഇത്തരം സാഹചര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തുന്നത്.

Read More >>