അടിയന്തരാവസ്ഥാവാർഷികവും കസ്റ്റഡിയിലെ കൊലയും

നെടുംങ്കണ്ടത്തെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതു മുതൽ പൊലീസ് കാണിച്ചതത്രയും നിയമലംഘനങ്ങൾ മാത്രം

അടിയന്തരാവസ്ഥാവാർഷികവും കസ്റ്റഡിയിലെ കൊലയും

പൊലീസ് കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസിന് അടിയന്തരാവസ്ഥാ വാർഷിക ദിനത്തിൽ മറുപടി പറയേണ്ടി വന്നതു വിധിവൈപരീത്യമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞത്. അതദ്ദേഹം ഉള്ളിൽത്തട്ടി പറഞ്ഞതു തന്നെയാവണം. കാരണം, പൊലീസിന്റെ അമിതാധികാര പ്രയോഗത്തിന്റെ വേദന അനുഭവിച്ചയാളാണ് പിണറായി. എന്തായാലും ജനാധിപത്യ-മൗലികാവകാശ ധ്വംസനങ്ങളുടെപേരിൽ കുപ്രസിദ്ധി നേടിയ അടിയന്തരാവസ്ഥയുടെ ചില ശേഷിപ്പുകൾ നാലുപതിറ്റാണ്ടിനിപ്പുറവും തെളിഞ്ഞു കാണുന്നു എന്നതു വിധിവൈപരീത്യം തന്നെയാണ്. നെടുങ്കണ്ടത്തെ രാജ്കുമാറിന്റെ നിലവിളി, എങ്ങനെയൊക്കെ പ്രതിരോധിച്ചാലും അടിയന്തരാവസ്ഥയോളം പോന്നതു തന്നെ. ഇത് തിരിച്ചറിഞ്ഞാലേ, പൊലീസിനെ തിരുത്തിക്കാൻ മുഖ്യമന്ത്രിക്കും ഭരണനേതൃത്വത്തിനും സാധിക്കുകയുള്ളൂ.

നെടുംങ്കണ്ടത്തെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തതു മുതൽ പൊലീസ് കാണിച്ചതത്രയും നിയമലംഘനങ്ങൾ മാത്രം. ജൂൺ 12ാം തീയ്യതി കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കുന്നത് 17ന്. അഞ്ചുദിവസം പൊലീസ് കസ്റ്റഡിയിൽ വെയ്ക്കാൻ ഒരു നിയമവും അനുവദിക്കുന്നില്ല. സുപ്രിം കോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ ലംഘനമാണിത്. ക്രൂരമായ മർദ്ദനങ്ങൾക്കു രാജ്കുമാർ വിധേയനായെന്നു ബന്ധുക്കളും നാട്ടുകാരും സഹതടവുകാരനും മാത്രമല്ല, സർക്കാർ സംവിധാനത്തിന്റെ ഭാഗമായ പൊലീസ് സർജനും പറയുന്നു. ദേഹത്തെ പരിക്കുകൾ മർദ്ദനമേറ്റതിന്റെ ലക്ഷണങ്ങളാണെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടു അക്കമിട്ടു പറയുന്നു. കാൽനടയായി സ്റ്റേഷനിൽ വന്ന ഒരാളെ സ്‌ട്രെച്ചറിൽ കിടത്തി കോടതിയിലെത്തിക്കുന്ന പൊലീസ് ആരുടെ ജീവനും സ്വത്തിനുമാണ് സംരക്ഷണം നൽകുന്നത്? ഈ ലളിതമായ ചോദ്യത്തിനു ഉത്തരം പറയാൻ ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിക്കു ബാദ്ധ്യതയുണ്ട്.

അടിയന്തരാവസ്ഥ കാലത്താണ് ഇന്നത്തെ മുഖ്യമന്ത്രിയുൾപ്പെടെയുള്ള കമ്മ്യൂണിസ്റ്റുകാർ ജയിലിലടയ്ക്കപ്പെട്ടത്. അന്നത്തെ ഇടിമുറി ലോക്കപ്പുകളിൽ നിന്നുയർന്ന മരണവിലാപങ്ങളുടെ പ്രതിധ്വനി, കാതോർത്താൽ ഇപ്പോഴും പിണറായി വിജയൻ എന്ന പഴയ പോരാളിക്കു കേൾക്കാനാകും. ഇടതുപക്ഷം, വിശിഷ്യാ സി.പി.എം പൊലീസ് മർദ്ദനമുറകൾക്കും കസ്റ്റഡിയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും എന്നും എതിരാണ്. അതേ ഇടതുപക്ഷം ഭരിക്കുമ്പോഴാണ് വരാപ്പുഴയും നെടുങ്കണ്ടവും ഉണ്ടാകുന്നത്. പ്രതിപക്ഷം ആരോപിക്കുന്നത് ശരിയെങ്കിൽ 32 കസ്റ്റഡി മരണങ്ങളാണ് കഴിഞ്ഞ മൂന്നുകൊല്ലത്തിനിടയിൽ ഇന്നാട്ടിലുണ്ടായത്. അതിന്റെ ധാർമ്മിക ഉത്തരവാദിത്തത്തിൽ നിന്നു ഭരണകക്ഷിക്കു വിട്ടുനിൽക്കാനാകില്ല. കക്കയം ക്യാമ്പിലെ രാജനും തിരുവനന്തപുരത്തെ ഉദയകുമാറും വരാപ്പുഴയിലെ ശ്രീജിത്തും മുതൽ രാജ്കുമാർ വരെ നീളുന്ന പട്ടികയ്ക്കു അന്ത്യമുണ്ടാകണം. അതിനുള്ള കർശനമായ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രിക്ക് ചരിത്രപരമായ ബാദ്ധ്യതയുമുണ്ട്.

പൊലീസിലെ ക്രിമിനൽ മനസുള്ളവരെ കണ്ടെത്തി അവരെ ശാസ്ത്രീയമായി ചികിത്സിക്കാൻ ആഭ്യന്തര വകുപ്പ് ഇനിയും വൈകിക്കൂടാ. നിരന്തരം കുറ്റകൃത്യങ്ങളിലും നിയമലംഘനങ്ങളിലും പങ്കാളിയാവുന്ന പൊലീസുകാരെ നേരെയാക്കാനാകുന്നില്ലെങ്കിൽ അവരെ പിരിച്ചുവിടാനുള്ള നടപടി സർക്കാർ സ്വീകരിക്കണം. പകരം, വാരാപ്പുഴയിൽ ആരോപണ വിധേയരായ പൊലീസുകാർക്കു സ്ഥാനക്കയറ്റം നൽകുന്നതിന് സമാനമായ നടപടിയാണ് സ്വീകരിക്കുന്നതെങ്കിൽ സംസ്ഥാനത്തെ ലോക്കപ്പുകളിൽ നിന്നു പ്രാണനു വേണ്ടിയുള്ള നിലവിളി തുടർന്നും കേൾക്കേണ്ടിവരും.

ദേശീയ പാതയിലെ കുരുക്കു നീങ്ങട്ടെ

സംസ്ഥാനത്തെ ദേശീയപാതാ വികസനം അനിശ്ചിതമായി വൈകിപ്പിക്കുന്നതിനു ഇടയാക്കുമായിരുന്ന ദേശീയ പാതാ വികസന അതോറിറ്റിയുടെ ഉത്തരവു പിൻവലിച്ചതു കേരളത്തിനു ആശ്വാസകാര്യമാണ്. സംസ്ഥാനത്തെ ദേശീയ പാതാ വികസന പദ്ധതികൾ രണ്ടാം മുൻഗണനാ പട്ടികയിലുൾപ്പെടുത്തിയ അതോറിറ്റി തീരുമാനം തിരുത്തി, പഴയപടി ഒന്നാം മുൻഗണന പുന:സ്ഥാപിച്ചു നൽകിയിരിക്കുന്നു. ഇക്കാര്യത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്തു മന്ത്രി ജി. സുധാകരനും അഭിനന്ദനം അർഹിക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പെരുമാറ്റചട്ടം നിലവിൽ വന്നതിനു ശേഷമാണ് ദേശീയ പാതാ വികസന അതോറിറ്റി സംസ്ഥാനത്തിനു വിലങ്ങാവുന്ന ഉത്തരവു പുറപ്പെടുവിച്ചത്. കാസർകോട് മുതൽ കളിയിക്കാവിള വരെയുള്ള ദേശീയ പാതാ വികസനത്തെ തീർത്തും പ്രതികൂലമായി ബാധിക്കുന്ന ഉത്തരവായിരുന്നു അത്. നിലവിൽ 3ജി വിജ്ഞാപനം പുറപ്പെടുവിച്ചു, സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയായ ഭാഗങ്ങളിലുൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളെയും അവശേഷിക്കുന്ന ചെറിയ ഭാഗത്തെ സ്ഥലമേറ്റെടുപ്പിനെയും ദോഷകരമായി ബാധിക്കുന്നതായിരുന്നു ആ ഉത്തരവ്. അന്നുതന്നെ സംസ്ഥാനത്തിന്റെ താല്പര്യം വിശദമാക്കി മുഖ്യമന്ത്രിയും പൊതുമരാമത്തു മന്ത്രിയും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയെയും ദേശീയ പാതാ അതോറിറ്റിയെയും സമീപിച്ചിരുന്നു. തെരഞ്ഞെടുപ്പു ഘട്ടമായിട്ടും വളരെ അനുകൂലമായാണ് മന്ത്രി നിതിൻ ഗഡ്കരി പ്രതികരിച്ചത്. സംസ്ഥാനത്തിനു പ്രതികൂലമായ ഉത്തരവു തിരുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി.

വർദ്ധിച്ച ജനസാന്ദ്രത, സ്ഥല ലഭ്യതക്കുറവ്, വിപണിവില എന്നിവയെല്ലാം ദേശീയപാതാ വികസനത്തെ വിലങ്ങിട്ടു നിർത്തുന്നതാണ്. മാറിമാറി വന്ന സർക്കാരുകൾ കഠിനപരിശ്രമത്തിലൂടെ സ്ഥലമേറ്റെടുപ്പ് നടപടികൾ പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണം തുടങ്ങാനായില്ല. എന്നാൽ കഴിഞ്ഞ അഞ്ചു വർഷമായി ഈ ദിശയിലുള്ള നടപടികൾക്ക് വേഗം വച്ചിട്ടുണ്ട്. ഇതിനു കാരണം, മുമ്പത്തേതിൽ നിന്നു വ്യത്യസ്തമായി കേരളത്തിന്റെ ആവശ്യങ്ങൾ കേൾക്കാനും അനുകൂലമായ സത്വര നടപടി സ്വീകരിക്കാനും മനസുള്ള കേന്ദ്രമന്ത്രി ഇപ്പോഴുണ്ടെന്നതാണ്. ഈ സാഹചര്യം നാം പരമാവധി ഉപയോഗപ്പെടുത്തണം.

നിതിൻ ഗഡ്കരിയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒന്നിച്ചു നിന്നാൽ തീർക്കാവുന്ന തടസ്സങ്ങൾ മാത്രമേ ദേശീയപാതാ വികസന കാര്യത്തിൽ ഇനിയുള്ളൂ. കേരളം അതാഗ്രഹിക്കുന്നു. കാരണം, ഇനിയും ജനങ്ങൾ റോഡിൽ ബന്ദിയാക്കപ്പെടുന്ന സാഹചര്യം സഹിക്കാനാകില്ല. വർഷങ്ങളായി കിടപ്പാടം നഷ്ടപ്പെടുത്തി പൊതു ആവശ്യത്തിനായി ഭൂമി നൽകിയവർ പോലും തിരിച്ചു ചിന്തിക്കുന്ന സാഹചര്യവും ഉണ്ടാക്കരുത്. അതുകൊണ്ടു തന്നെ അതിവേഗത്തിൽ പാതാ വികസനം യാഥാർത്ഥ്യമാക്കാനുള്ള നടപടികളുണ്ടാകട്ടെ.

Read More >>