വീണ്ടും ഒരു കമ്മിഷന്‍

എന്തായാലും കേരളപ്പിറവി തൊട്ടിങ്ങോട്ട് നൂറോളം കമ്മിഷനുകളെ കാണാനും കേള്‍ക്കാനും മാലോകര്‍ക്കു കഴിഞ്ഞു. എന്നാല്‍ വിരലിലെണ്ണാവുന്ന കമ്മിഷനുകള്‍ മാത്രമാണ് സമയബന്ധിതമായി ചുമതല നിര്‍വ്വഹിച്ചത് എന്ന യാഥാര്‍ത്ഥ്യം ഏവരുടെയും നെറ്റിചുളിപ്പിക്കും.

വീണ്ടും ഒരു കമ്മിഷന്‍

നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതു ആഭ്യന്തര വകുപ്പിനു ആശ്വാസമായി. തങ്ങളാവശ്യപ്പെട്ട അന്വേഷണ സംവിധാനം ഏര്‍പ്പെടുത്തിയതിനാല്‍ പ്രതിപക്ഷവും, പൊലീസിനു പുറമെ മറ്റൊരു ഏജന്‍സിയുടെ അന്വേഷമായതിനാല്‍ രാജ്കുമാറിന്റെ ബന്ധുക്കളും തല്‍ക്കാലത്തേക്കെങ്കിലും പ്രതിഷേധവുമായി തെരുവിലിറങ്ങില്ലെന്നു സര്‍ക്കാരിനു പ്രതീക്ഷിക്കാം. ജുഡീഷ്യല്‍ അന്വേഷണമായതിനാല്‍ കസ്റ്റഡി മരണം സംബന്ധിച്ച ആരോപണങ്ങളുടെ വിവിധ വശങ്ങള്‍ പരിഗണിക്കപ്പെടും. പൊലീസും ക്രൈംബ്രാഞ്ചും കണക്കിലെടുക്കാത്ത തെളിവുകളും സാക്ഷികളും കാരണങ്ങളും കമ്മിഷനു മുന്നിലെത്തുന്നതു വഴി, നെടുങ്കണ്ടം സ്റ്റേഷനില്‍ നടന്ന ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യത്തിന്റെ നേര്‍ചിത്രം പുറത്തുവരും എന്നുതന്നെയാണ് ഏവരും കരുതുന്നത്. ജസ്റ്റിസ് നാരായണക്കുറുപ്പ് കമ്മിഷനില്‍ നിന്നു പൊതുസമൂഹം പ്രതീക്ഷിക്കുന്നതും അതാണ്.

അതേസമയം, ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനുകളുടെ പൊതുസ്വഭാവത്തിലേക്കു, രാജ്കുമാറിന്റെ കസ്റ്റഡിമരണത്തെ കുറിച്ചുള്ള അന്വേഷണവും മാറാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും ഭാഗത്തുനിന്നു ഉണ്ടാവുകയും വേണം. വിവാദങ്ങളെ ശമിപ്പിക്കാനും പൊതുശ്രദ്ധ തിരിച്ചുവിടാനും സര്‍ക്കാരുകള്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുമെങ്കിലും, തുടര്‍നടപടികള്‍ അനിശ്ചിതമായി വൈകുന്നത് കേരളത്തില്‍ ഒരു കീഴ്വഴക്കമായിട്ടുണ്ട്. നിഷ്പക്ഷവും നീതീപൂര്‍വ്വകവുമായ വസ്തുതാന്വേഷണത്തിനു വേണ്ടിയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനെ നിയോഗിക്കാറുള്ളത്. നിലവിലെ നിയമസംവിധാനം അനുശാസിക്കും വിധമുള്ള വിപുലവും ശാസ്ത്രീയവുമായ അന്വേഷണം നടത്താനുള്ള ഏജന്‍സികള്‍ സര്‍ക്കാരിനുണ്ടെങ്കിലും ജുഡീഷ്യല്‍ അന്വേഷണത്തിലാണ് പൊതുവെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു വിശ്വാസം. ജുഡീഷ്യല്‍ സ്വഭാവത്തിലുള്ള കമ്മിഷന്റെ അന്വേഷണത്തില്‍ പ്രതിപാദ്യ വിഷയങ്ങളിലെല്ലാം വ്യക്തത വരുത്താനാകുമെന്നതാണ് പൊതുവെ ഇക്കാര്യം ആവശ്യപ്പെടുന്നതിന്റെ പിന്നിലെ ചേതോവികാരമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പറയുന്നത്.

എന്തായാലും കേരളപ്പിറവി തൊട്ടിങ്ങോട്ട് നൂറോളം കമ്മിഷനുകളെ കാണാനും കേള്‍ക്കാനും മാലോകര്‍ക്കു കഴിഞ്ഞു. എന്നാല്‍ വിരലിലെണ്ണാവുന്ന കമ്മിഷനുകള്‍ മാത്രമാണ് സമയബന്ധിതമായി ചുമതല നിര്‍വ്വഹിച്ചത് എന്ന യാഥാര്‍ത്ഥ്യം ഏവരുടെയും നെറ്റിചുളിപ്പിക്കും. കഴിഞ്ഞ അമ്പതുകൊല്ലത്തിനിടെ കേരളത്തില്‍ രൂപീകരിച്ച ജൂഡീഷ്യല്‍ കമ്മിഷനുകളില്‍ പത്തില്‍ താഴെ കമ്മിഷനുകള്‍ മാത്രമാണ് നിശ്ചിത കാലാവധിക്കുള്ളില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. ബാക്കിയുള്ള കമ്മിഷനുകളെല്ലാം ഒന്നോ അതിലധികമോ തവണ കാലാവധി നീട്ടി വാങ്ങിയവയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാന കാലത്തു മരങ്ങാട്ടുപള്ളി പാറയ്ക്കല്‍ സിബിയുടെ കസ്റ്റഡി മരണം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഡി. ശ്രീവല്ലഭന്‍ കമ്മിഷന്‍, പുറ്റിങ്ങല്‍ വെടിക്കെട്ട് അന്വേഷിക്കുന്ന ജസ്റ്റിസ് പി.എസ് ഗോപിനാഥന്‍ കമ്മിഷന്‍, ഹൈക്കോടതിക്കു മുന്നില്‍ മാദ്ധ്യമപ്രവര്‍ത്തകരും അഭിഭാഷകരുമായുണ്ടായ സംഘര്‍ഷം അന്വേഷിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് പി.എ മുഹമ്മദ് കമ്മിഷന്‍ തുടങ്ങിയവയ്ക്കു പലതവണ കാലാവധി നീട്ടി നല്‍കിയെങ്കിലും നാളിതുവരെയും റിപ്പോര്‍ട്ടു സമര്‍പ്പിച്ചിട്ടില്ല. വര്‍ഷങ്ങള്‍ നീണ്ട തെളിവെടുപ്പിനൊടുവില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ ശാസ്ത്രീയ അന്വേഷണം വേണമെന്ന നിഗമനത്തിലെത്തിയ കമ്മിഷനും കേരളത്തിലുണ്ടായിട്ടുണ്ട്. ദീര്‍ഘകാലത്തെ അന്വേഷണത്തിനു ശേഷം റിപ്പോര്‍ട്ടു സമര്‍പ്പിച്ചാലും സ്ഥിതിയില്‍ വലിയ മാറ്റമില്ല. സമയക്രമത്തിനുള്ളില്‍ റിപ്പോര്‍ട്ടു നിയമസഭയില്‍ വെയ്ക്കാനോ നടപടി റിപ്പോര്‍ട്ടു സമര്‍പ്പിക്കാനോ സര്‍ക്കാരുകള്‍ താല്പര്യം കാണിക്കുന്നില്ല എന്നുള്ളതാണ് വാസ്തവം. ഏറ്റവും ഒടുവില്‍ വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സി.എസ് രാമചന്ദ്രന്‍ നായര്‍ റിപ്പോര്‍ട്ടു സര്‍ക്കാരിനു കൈമാറിയെങ്കിലും നിയമസഭയില്‍ വയ്ക്കാന്‍ തയ്യാറായിട്ടില്ല.

സര്‍വീസിലിരിക്കുന്നതും വിരമിച്ചതുമായ ന്യായാധിപന്‍മാരാണ് കമ്മിഷനായി നിയോഗിക്കപ്പെടുന്നത്. ഓഫിസ്, താമസം, യാത്രകള്‍, സഹായി തുടങ്ങി പലവകയില്‍ വലിയ തുക തന്നെ ഇത്തരം കമ്മിഷനുകള്‍ക്കു വേണ്ടി സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിക്കണം. കോടികള്‍ ചെലവഴിച്ച് കമ്മിഷനുകളെ നിയോഗിക്കുമ്പോള്‍ തന്നെ, സമയബന്ധിതമായി റിപ്പോര്‍ട്ടു നല്‍കാന്‍ കമ്മിഷനും അത് ഉറപ്പുവരുത്തി തുടര്‍നടപടി വേഗത്തിലാക്കാന്‍ സര്‍ക്കാരും മനസ്സുവയ്ക്കണം. അല്ലാതെ വരുന്ന സാഹചര്യം, ഇത്തരം സംവിധാനങ്ങളോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതാക്കും.

പാലം പണിയുന്നവര്‍

നൂറു വര്‍ഷത്തെ ആയുസ്സു കണക്കാക്കി പണിത പാലമാണ് പാലാരിവട്ടം പാലം. അതിനുള്ള ചെലവാകട്ടെ ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നുള്ള 42 കോടിയും. ഉല്‍ഘാടനം കഴിഞ്ഞു ഒരു വര്‍ഷത്തിനുള്ളില്‍ പാലം അപകടാവസ്ഥയിലായി. പാലം പരിശോധിച്ച വിദഗ്ധര്‍ ഇപ്പോള്‍ നല്‍കിയ ആയുസ്സ് 20 വര്‍ഷമാണത്രെ. അതും പത്തു മാസക്കാലത്തെ, 18.5 കോടി ചെലവഴിച്ചുകൊണ്ടുള്ള ബലപ്പെടുത്തല്‍ കഴിഞ്ഞാല്‍ മാത്രം. നമ്മുടെ പൊതുസംവിധാനങ്ങളിലെ കൊടിചൂടിയ അഴിമതിയുടെ ദൃഷ്ടാന്തമാണിന്നു പാലാരിവട്ടം പാലം.

രൂപകല്പനയില്‍ തുടങ്ങി അടിമുടി അപാകതകള്‍ നിറഞ്ഞ നിര്‍മ്മാണമാണ് പാലാരിവട്ടത്തു ഉണ്ടായതെന്നാണ് മെട്രോ മാന്‍ ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി കണ്ടെത്തിയത്. ആകെയുള്ള 107 ഗാര്‍ഡറുകളില്‍ 97ലും വിള്ളലാണ്. ഒട്ടും നിലവാരമില്ലാത്ത കോണ്‍ക്രീറ്റു കൊണ്ടാണ് പാലം കെട്ടിയത്. ആവശ്യത്തിനു സിമന്റോ കമ്പിയോ ഉപയോഗിച്ചില്ല. പാലത്തിന്റെ ബീമുകള്‍ ഉറപ്പിച്ച ലോഹ ബെയറിങുകള്‍ മുഴുവനും പത്തുമാസത്തിനിടെ കേടായി. വിള്ളല്‍ വീണ 17 സ്പാനുകളും പൂര്‍ണ്ണമായും മാറ്റണമെന്നാണ് ശ്രീധരന്റെ നേതൃത്വത്തിലുള്ള സമിതി ശുപാര്‍ശ ചെയ്തത്. സമീപകാലത്തു കേരളം കണ്ട ഏറ്റവും വലിയ തീവെട്ടിക്കൊള്ളയാണ് പാലാരിവട്ടത്തു നടത്തിയതെന്നു ചുരുക്കം. ബലക്ഷയം കണ്ടെത്തിയതും ഒരു കണക്കിന് ആശ്വാസമായി. അതല്ലെങ്കില്‍ മറ്റൊരു ദുരന്തത്തിനു നാടു സാക്ഷിയാകേണ്ടി വന്നേനെ.

എന്തായാലും ഗുരുതരമായ ക്രമക്കേടുകള്‍ അക്കമിട്ടു നിരത്തി ശ്രീധരന്‍ സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ടു കൈമാറി കഴിഞ്ഞു. അടിയന്തരമായി നടത്തേണ്ട ബലപ്പെടുത്തല്‍ ജോലികള്‍ സംബന്ധിച്ചു സമിതിയുടെ ശുപാര്‍ശയുണ്ട്. ഇതുപ്രകാരം 18.5 കോടിയുടെ ബലപ്പെടുത്തല്‍ കൊണ്ടു മാത്രമേ പാലം പൂര്‍വ്വസ്ഥിതിയിലാവുകയുള്ളൂ. അക്കാര്യം സമയബന്ധിതമായി തീര്‍പ്പാക്കാന്‍ മന്ത്രിസഭ പൊതുമരാമത്തു വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

പാലം നിര്‍മ്മാണത്തിലെ ക്രമക്കേടും അഴിമതിയും അന്വേഷിക്കുന്നത് വിജിലന്‍സാണ്. 100 കൊല്ലത്തേക്കുള്ള പാലത്തിന്റെ ആയുസ്സ് 20 കൊല്ലമാക്കാന്‍ കാരണക്കാരായവരെയും കയ്യാളുകളെയും നിയമത്തിനു മുന്നിലെത്തിച്ച് സമാധാനം പറയിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പാലത്തിനു വേണ്ടി വീണ്ടും ചെലവാക്കപ്പെടുന്ന പണം അഴിമതി നടത്തിയവരില്‍ നിന്നു ഈടാക്കണം. ഇത്തരം കള്ളത്തരങ്ങളുടെ ചെലവ് ഖജനാവില്‍ നിന്നാവരുത് എന്നുറപ്പുവരുത്തലാണ് സര്‍ക്കാരിന്റെ ബാദ്ധ്യത.

Read More >>