പ്രസാദത്തിൽ വിഷം ചേർത്ത് 15 പേരെ കൊന്നത് ഏത് മതക്കാരി?

വിഷബാധ ഉണ്ടായതായി ഭാവിച്ച് ആശുപത്രിയിൽ പ്രവേശനം നേടിയ പൂജാരിക്കു അസുഖമൊന്നുമില്ല എന്നു ഡോക്ടർ കണ്ടെത്തിയപ്പോഴാണ് പൂജാരിയുടെ പങ്കു പൊലീസ് മനസ്സിലാക്കുന്നത്.

പ്രസാദത്തിൽ വിഷം ചേർത്ത്   15 പേരെ കൊന്നത് ഏത് മതക്കാരി?

കർണാടകയിലെ ചാമരാജനഗറിൽ ക്ഷേത്രത്തിൽ വിതരണം ചെയ്ത പ്രസാദം 15 പേരുടെ ജീവനെടുത്തു. കീടനാശിനി ചേർത്തതാണ് കൂട്ടമരണത്തിനു കാരണമെന്നു കണ്ടെത്തിയ പൊലീസ് ചിലരെ അറസ്റ്റ് ചെയ്തു. അതിലൊരാൾ സ്ത്രീ ആയിരുന്നു. പൊലീസ് പേര് വെളിപ്പെടുത്തി-അംബിക. ഒരു നാളത്തെ നിശ്ശബ്ദതയ്ക്കു ശേഷം ട്വിറ്ററിൽ ചിലർ വിഷം ചീറ്റിത്തുടങ്ങി. അറസ്റ്റിലായത് വെറും അംബികയല്ല, അതൊരു ക്രിസ്ത്യാനി സ്ത്രീയാണ്- സിൽവിയ അംബിക. മാദ്ധ്യമങ്ങൾ കുറ്റവാളിയുടെ മതം മറച്ചുവെച്ചിരിക്കയാണ്!

അജ്ഞാത അല്പബുദ്ധികളൊന്നുമല്ല ഈ പോസ്റ്റിട്ടത്. പത്രപ്രവർത്തകയും ചലച്ചിത്ര നിർമ്മാതാവുമായ മീന ദാസ് നാരായണൻ ആയിരുന്നു അതിൽ ഒരാൾ. ആൾ ചില്ലറക്കാരിയൊന്നുമല്ല. ട്വിറ്ററിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോളോ ചെയ്യുന്ന ആളാണ് അവർ. ഡിസംബർ 22 ന് അടിച്ചുവിട്ട ആ ട്വീറ്റ് 27 പേർ വീണ്ടും ട്വീറ്റ് ചെയ്തു. ക്ഷേത്രത്തിലെ ഒരു പൂജാരിയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. അയാളാണ് പ്രസാദത്തിൽ വിഷം ചേർത്തത് എന്നു കണ്ടെത്തി. ആ പൂജാരിയുടെ രഹസ്യകാമുകിയാണ് അംബിക. പൂജാരിക്കു വിഷം എത്തിച്ചു കൊടുത്തു എന്നതാണ് അംബികയുടെ പേരിലുള്ള കുറ്റം.

സംഭവം നടന്ന കൊല്ലെഗൽ സുൽവാഡി ഗ്രാമത്തിലെ കിച്ഗുത് മാരമ്മ ക്ഷേത്രത്തിന്റെ ട്രസ്റ്റിയെ പുറത്താക്കാൻ വേണ്ടിയാണ് പൂജാരി ഈ ക്രൂരകൃത്യം ചെയ്തത്. ക്ഷേത്രനടത്തിപ്പുകാർക്കിടയിലെ പോരിൽ പങ്കാളിയായിരുന്നു ഈ പൂജാരി. ഒന്നര കോടി രൂപ ചെലവിട്ട് ഗോപുരം പണിയുന്നതു സംബന്ധിച്ചായിരുന്നു വലിയ തർക്കം. പൂജാരിയുടെ കാമുകിയും ക്ഷേത്ര മാനേജറുടെ ഭാര്യയുമായ അംബിക ചെയ്ത കുറ്റം, അറിഞ്ഞോ അറിയാതെയോ കീടനാശിനി കാമുകന് എത്തിച്ചുകൊടുത്തു എന്നതായിരുന്നു.

വിഷബാധ ഉണ്ടായതായി ഭാവിച്ച് ആശുപത്രിയിൽ പ്രവേശനം നേടിയ പൂജാരിക്കു അസുഖമൊന്നുമില്ല എന്നു ഡോക്ടർ കണ്ടെത്തിയപ്പോഴാണ് പൂജാരിയുടെ പങ്കു പൊലീസ് മനസ്സിലാക്കുന്നത്. അന്വേഷകർക്കോ നാട്ടുകാരോ കേസ്സിനെക്കുറിച്ച് ഒരു സംശയവുമില്ലെങ്കിലും വ്യാജവാർത്ത ഉണ്ടാക്കാതെ ചിലർക്ക് ഉറങ്ങാൻ പറ്റില്ലല്ലോ. അവർ ആലോചിച്ചപ്പോൾ ഒരു വഴിയേ കണ്ടുള്ളൂ. ബാക്കി അറസ്റ്റ് ചെയ്തവരെയൊക്കെ എല്ലാവർക്കും അറിയാം. അതുകൊണ്ട് അവർ അംബിക ക്രിസ്ത്യാനിയാണ് എന്നു പ്രചരിപ്പിച്ചു! എന്തോ ഭാഗ്യം പൂജാരി ക്രിസ്ത്യാനിയാണ് എന്നു പ്രചരിപ്പിച്ചില്ല. അങ്ങനെ പ്രചരിപ്പിച്ചാലും വിശ്വാസിക്കാൻ ആളുണ്ടാകുമെന്നതു വേറെ കാര്യം.

കഴിഞ്ഞ വാരം പ്രചരിപ്പിക്കപ്പെട്ട മറ്റു പ്രധാന വ്യാജവാർത്തകൾ

(ആൾട്‌ന്യൂസ് റിപ്പോർട്ടുകൾ പ്രകാരം)

മൂന്നു സംസ്ഥാനങ്ങളിലെ കോൺഗ്രസ് വിജയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അന്ത്യം കുറിച്ച് എന്നറിയിക്കാൻ പാകിസ്താനിൽ ചരമഘോഷയാത്ര നടന്നു എന്നു കാട്ടുന്ന വീഡിയോ വൈറലായി. വീഡിയോവിന്റ അടിക്കുറിപ്പ് ഇപ്രകാരമായിരുന്നു. ' ഹിന്ദുക്കളേ ഉണരൂ, ഇല്ലെങ്കിൽ നിങ്ങളുടെ അന്ത്യം അടുത്തു'

സത്യം: പാകിസ്താനിൽ നിന്നല്ല, ഹരിയാനയിൽ നിന്നുള്ളതായിരുന്നു വീഡിയോ. മോദി മരിച്ചു എന്നു മാത്രമല്ല, ഖട്ടർ മരിച്ചു എന്നും അലറുന്നുണ്ട് പ്രകടനക്കാർ. മനോഹർലാൽ ഖട്ടർ ഹരിയാന മുഖ്യമന്ത്രിയാണ്.

*

സ്ത്രീകളെ സംരക്ഷിക്കുകയല്ല, പശുക്കളെ സംരക്ഷിക്കുകയാണ് ലക്ഷ്യം എന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രസംഗിക്കുന്ന വീഡിയോ ഫിലിം ഡയറക്ടറായി മാറിയ പത്രപ്രവർത്തകൻ അവിനാശ് ദാസ് ട്വിറ്ററിൽ പ്രചരിപ്പിച്ചു.

സത്യം: ഒരു പരിഹാസ വെബ്‌സൈറ്റിൽ (RHumertimes.com) നിന്നു തുടങ്ങിയതാണ് ഈ വീഡിയോ. മാസങ്ങളായി പ്രചരിക്കുന്നു. അവർ പോലും അതു തമാശയായേ അവകാശപ്പെടുന്നുള്ളൂ.

*

ഒരു വർഷത്തിലേറെ വിജയകരമായി പ്രചാരണം തുടരുന്ന വ്യാജവാർത്തയാണ് ലോകത്തിലെ ഏറ്റവും അഴിമതി നിറഞ്ഞ പത്തു രാഷ്ട്രീയപാർട്ടികൾ എന്ന തലക്കെട്ടിലുള്ളത്. അതിപ്പോഴും അരങ്ങ് നിറഞ്ഞു ഓടുന്നു. പത്തിൽ ഒന്നാം സ്ഥാനം സ്വാഭാവികമായി രാഹുൽ ഗാന്ധിയുടെ കോൺഗ്രസ് പാർട്ടിക്ക്. ഈ ആഴ്ചയിൽ സംഭവിച്ചത് ബി.ജെ.പി യുടെ ഒരു കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും ഈ കുഴിയിൽവീണു എന്നതാണ്. ബി.ബി.സി യുടേതെന്നു പറഞ്ഞ് പ്രചരിപ്പിക്കുന്നതാണ് ഈ സൈറ്റ്. ബി.ബി.സി ക്ക് അങ്ങനെയൊരു സൈറ്റേ ഇല്ല. ലക്ഷണമൊത്ത വ്യാജൻ. എന്തു ചെയ്യാം, അതു വിശ്വസിക്കാനും ആളുണ്ട്.

Read More >>