മരംനടൽ എന്ന വൃഥാ വ്യായാമം

ഒരു വശത്ത് സ്വാഭാവിക വനങ്ങൾ വെട്ടി നിരത്തൽ തുടരുകയും മറു വശത്ത് ഒരേ സ്വഭാവമുള്ള മരങ്ങൾ (plantation) വച്ച് പിടിപ്പിക്കുന്നതും നിത്യ സംഭവമാണ്.

മരംനടൽ എന്ന വൃഥാ വ്യായാമം

സ്വാഭാവിക വനങ്ങൾ കുറഞ്ഞു വരുന്നു എന്ന് അംഗീകരിക്കുമ്പോഴും ഇന്ത്യ മുതൽ എത്യോപ്യ വരെയും ചൈന മുതൽ കോസ്റ്റാറിക്കവരെയും മരങ്ങളുടെ എണ്ണം വർദ്ധിച്ചു വരുന്നു എന്നാണ് കണക്കുകൾ പറയുന്നത്. അവ കഴിഞ്ഞ 30 വർഷങ്ങൾക്ക് മുമ്പ് ഉള്ളതിലും എത്രയോ അധികമാണ്. 2030 കൊണ്ട് 11.5 ലക്ഷം ചതുരശ്ര കി.മീ. മരങ്ങൾ വെച്ചു പിടിപ്പിക്കുവാൻ പദ്ധതികൾ ഉണ്ട് (ഇന്ത്യയുടെ വിസ്തൃതിക്ക് സമാനം).

ഒരു വശത്ത് സ്വാഭാവിക വനങ്ങൾ വെട്ടി നിരത്തൽ തുടരുന്നതും മറു വശത്ത് ഒരേ സ്വഭാവമുള്ള മരങ്ങൾ (plantation) വച്ച് പിടിപ്പിക്കുന്നതും നിത്യ സംഭവമാണ്. അതിൽ അക്കേഷ്യയും യൂക്കാലിപിറ്റസ്സും മുഖ്യ മരങ്ങളായി തീരുമ്പോൾ വനത്തിന്റെ സേവനങ്ങൾ നഷ്ടപ്പെടുകയായി. ലോകത്തെ നഷ്ടപ്പെട്ട വനങ്ങൾ മടങ്ങി വന്നാൽ അവക്ക് 300 കോടി ടണ് കാർബൺ പ്രതിവർഷം തിരിച്ചുപിടിക്കുവാൻ കഴിയും. അതുവഴി വർദ്ധിച്ച കാർബൺ ബഹിർഗമനത്താൽ കുഴയുന്ന ലോകത്തെ കാർബൺ നിയന്ത്രിതമാക്കുവാൻ കഴിയും.ലോക വന വിസ്തൃതി 28% ആണെങ്കിലും അവിടെയാണ് ജീവികളിൽ 50%വും താമസിച്ചു വരുന്നത്. ഉഷ്ണമേഖലാ പ്രദേശത്ത് ഏറ്റവും ചുരുങ്ങിയത് മൂന്നിലൊന്നും കാടുകളായിരിക്കണം. അങ്ങനെ അല്ലായെങ്കിൽ പ്രദേശം പടിപടിയായി മരുഭൂമിവൽക്കരണത്തിനു വിധേയമാകും. കേരളത്തെ പോലെ മലനിരകൾ നിറഞ്ഞ പശ്ചിമ ഘട്ടത്തിൽ കാടുകൾ 40 % ഉണ്ടായിരിക്കണം. (ഗാഡ്ഗിഗിൽ കമ്മിറ്റി ഈ വസ്തുത ഊന്നി പറഞ്ഞിരുന്നു). കേരളത്തിൽ കാടിന്റെ വിസ്തൃതി 33% എന്നാണ് സർക്കാർ രേഖ. എന്നാൽ യഥാർത്ഥ കാടുകളുടെ സാന്നിദ്ധ്യം 11% കടക്കില്ല.

ഇന്ത്യയുടെ പാരിസ്ഥിതിക രംഗം പാരിസ് കൺവെൻഷൻ നിർദ്ദേശ പ്രകാരം സുരക്ഷിക്കപ്പെടണമെങ്കിൽ വന വിസ്തൃതി, ഇന്ധന ഉപഭോഗം, ജല ഉപയോഗത്തിലെ കാര്യക്ഷമത, പുഴകൾ, തണ്ണീർ തടങ്ങൾ, കായലുകൾ, പ്ലാസ്റ്റിറ്റിക് മാലിന്യങ്ങൾ, വ്യവസായ രംഗത്തെ പിന്നോക്കാവസ്ഥ, ഊർജ്ജ രംഗം മുതലായവയെ ബന്ധപ്പെടുത്തി 2030 ഓടെ 2.5 ലക്ഷം കോടി ഡോളറിന്റെ ചെലവു പ്രതീക്ഷിക്കുന്നു.

ലോകത്താകെ വനങ്ങൾ ഉണ്ടാക്കുവാനായി World Wildlife Fund (WWF) ഒരു ലക്ഷം കോടി മരങ്ങൾ വെച്ച് പിടിപിക്കുന്ന പദ്ധതിയുമായി രംഗത്തുണ്ട്. UN 2020 നെ''Decade of Ecosystem Restoration'. എന്ന പേരിട്ട് പരിപാടികൾ ആസൂത്രണം ചെയ്യുന്നു. യൂറോപ്പിൽ കഴിഞ്ഞ നാളുകളിൽ ആകെ ഉണ്ടായിരുന്നതിലും അധികം മരങ്ങൾ കഴിഞ്ഞ കാലത്ത് വെച്ച് പിടിപ്പിച്ചു. New England ൽ 25000 k.m വിസ്താരത്തിൽ മരങ്ങൾ വളർത്തി. ചൈനയിൽ 20 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ പ്രളയം അവർക്ക് വന നശീകരണത്തിന്റെ ദുരന്തങ്ങൾ ബോദ്ധ്യപ്പെടുവാൻ അവസരം ഉണ്ടാക്കി. Grain for green പദ്ധതിയിലൂടെ 1.7 ലക്ഷം ചതുരശ്ര കി.മീ. വനങ്ങൾ പുനഃസ്ഥാപിക്കുവാൻ തീരുമാനിച്ചു. 'great green wall' പദ്ധതിയിലൂടെ 10000 കോടി മരങ്ങൾ 2050 ഓടെ വെച്ച് പിടിപ്പിക്കുവാൻ തയ്യാറെടുക്കുന്നു.

കോസ്റ്ററിക്കയുടെ വന വിസ്തൃതി 1940 ലെ 75% ത്തിൽ നിന്നും 80 ൽ 20%ആയി കുറഞ്ഞു. സർക്കാർ പ്രാദേശിക മരവൽക്കരണത്തെ പ്രോത്സാഹിപ്പിക്കുന്നത്തിലൂടെ കാടുകളെ തിരിച്ചുകൊണ്ടു വരുവാൻ തീവ്ര പദ്ധതികളുമായി രംഗത്തുണ്ട്. ഹിമാലയൻ നിരകളിൽ ഏറെ പ്രതിസന്ധി അനുഭവിക്കുന്ന നേപ്പാളിൽ 17000 വനവൽക്കരണ ഗ്രൂപ്പുകളെ കണ്ടെത്തി സർക്കാർ മരം വെച്ചു പിടിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നു. അതുവഴി 20% വന വിസ്തൃതി കൂടുവാൻ അവസരം ഉണ്ടായി എന്നാണ് രേഖകൾ പറയുന്നത്.

നൈഗറിൽ 1980 മുതൽ ഉണ്ടായ ശ്രമങ്ങൾ ജനങ്ങൾക്ക് വനം കൊണ്ടുള്ള പ്രയോജനം മനസ്സിലാക്കി കൊടുക്കുവാൻ വിജയിച്ചു. അതിലൂടെ ഒന്നേകാൽ കോടി ഏക്കറിൽ 20 കോടി മരങ്ങൾ വെച്ച് പിടിപ്പിച്ചു. കൃഷി ഇടങ്ങൾ തണൽ കൊണ്ട് നിറഞ്ഞപ്പോൾ വിളകളുടെ കാര്യക്ഷമതയിൽ വർദ്ധന ഉണ്ടായി. ലോകത്തെ 58 രാജ്യങ്ങൾ ഒന്നു ചേർന്ന് 10 ലക്ഷം ഏക്കറിൽ നടത്തിയ വന വൽക്കരണ ശ്രമങ്ങൾ ലോകത്തെ കാർബൺ ആഗിരണ തോതിൽ 50% വരെ വർധന ഉണ്ടാക്കും.

പാരിസ് സമ്മേളനത്തിന്റെ തീരുമാനങ്ങളുടെ ഭാഗമായി 17 ലക്ഷം ചതുരശ്ര കിലോ മീറ്ററിൽ മരം വച്ചു പിടിപ്പിക്കാൻ പദ്ധതികൾ തുടങ്ങിയിട്ടുണ്ട്. (ഇന്ത്യൻ വിസ്തൃതിയുടെ പകുതിയോളം) അതിൽ 60000 ചതുരശ്ര കി.മീറ്ററിൽ വനവൽക്കരണം നടത്തുന്ന പട്ടിടികയിൽ ബ്രസീൽ, ചൈന, ഇന്ത്യ, എത്യോപ്യ, യു. എസ്, നൈജീരിയ, ഇന്തോനീ ശ്യ, മേക്‌സിക്കോ, വിയറ്റ്നാം, ഡെമോക്രാറ്റിക്ക് റിപ്പബ്ലിക് ഓഫ് കോംഗോ, തുടങ്ങിയ രാജ്യങ്ങൾ പെടുന്നു.

സ്വാഭാവിക വനത്തിന്റെ കാർബൺ വലിച്ചെടുക്കൽ (Sequestration) ശേഷിയുടെ 40 ൽ ഒന്ന് സാദ്ധ്യത മാത്രമേ ഏകമുഖ(Mono cultur)e എന്നു വിളിക്കുന്ന തോട്ടവനങ്ങൾക്കുള്ളൂ. (റബ്ബർ, അക്കേഷ്യ, യുക്കാലി പ്ലാന്റേഷനുകൾ). അഗ്രോ ഫോറസ്ട്രിയുടെ (കൃഷിയും അതിനിടയിലെ മരവൽക്കരണവും) കാർബൺ ആഗിരണശേഷി മുൻപ് പറഞ്ഞ തോട്ടങ്ങളെക്കാൾ 6 മടങ്ങു കൂടുതലാണ്. കൃഷിയിടങ്ങളിൽ വ്യാപകമായി ഫല വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കുന്നതിലൂടെ വരുമാനവും ഒപ്പം പരിസ്ഥിതി സുരക്ഷയും മെച്ചപ്പെടുത്തുവാൻ കഴിയും. വന വൽക്കരണത്തെ പറ്റിയുള്ള അന്തർദേശിയ ധാരണ 45% പ്രദേശങ്ങളിൽ പെട്ടെന്നു വളരുന്ന തരം മരങ്ങൾ, 21% ഇടങ്ങളിൽ ഫല വൃക്ഷങ്ങൾ, 34% ഇടങ്ങളിൽ കാട്ടു മരങ്ങൾ എന്നാണ്. അങ്ങനെ തണലും പുവും കായും പഴങ്ങളുമുള്ള കാടുകൾ പക്ഷികൾക്കും മൃഗങ്ങൾക്കും ആശ്വാസം നൽകും. പെട്ടെന്നു വളരുന്ന നാട്ടിലെ മരങ്ങൾ ആഴാന്ത, മുരിങ്ങ, മുതലായവക്കു പകരം അക്കേഷ്യ വെച്ചു പിടിപ്പിക്കുവാൻ വനം വകുപ്പ് കാട്ടിയ താൽപ്പര്യം നാട്ടിൽ കുപ്രസിദ്ധമായിരുന്നു.

കേരളം എല്ലാ വർഷവും എന്ന പോലെ ഈ വർഷവും ജൂൺ 5 പരിസ്ഥിതി ദിന ആഘോഷവുമായി ബന്ധപ്പെട്ട പരിപാടി കൊണ്ട് മുഖരിതമായിരുന്നു. സർക്കാർ പതിവു പോലെയുള്ള പരിപാടികൾ സംഘടിപ്പിച്ചു. ഈ വർഷം 64 ലക്ഷം തൈകൾ (86 തരം) വിതരണം ചെയ്തത്. കഴിഞ്ഞ വർഷങ്ങളിലും കുറഞ്ഞത് 50 ലക്ഷം തൈകൾ വിതരണം നടത്തിയിട്ടുണ്ടാകും. കഴിഞ്ഞ 15 വർഷത്തിനിടയിൽ അഞ്ചു കോടി മരങ്ങളെങ്കിലും കേരള സർക്കാർ നേതൃത്വം നൽകി നട്ടിട്ടുണ്ട് എന്നർത്ഥം. സംസ്ഥാനത്തിന്റെ ആകെ ഭൂ വിസ്ത്രുതി 38500 ച.കി.മീ = 38 ലക്ഷം ച.ഹെക്ടർ ആണ്. അതിൽ മുന്നിൽ ഒന്ന് തോട്ടങ്ങളോ കാടുകളോ ആണ്. ജനവാസകേന്ദ്രങ്ങളിൽ ഒരു ഹെക്ടറിൽ ശരാശരി 20 മരങ്ങൾ വെച്ചുപിടിപ്പിക്കുവാൻ ഇതുവഴി കഴിഞ്ഞിട്ടുണ്ടാകണം. കണക്കുകൾ ഇങ്ങനെ എങ്കിൽ വസ്തുതകൾ എന്താണെന്ന് സർക്കാരിനും നേതാക്കൾക്കും അറിവുള്ള കാര്യമാണ് .

ലോകത്തെ എണ്ണം പറഞ്ഞ Hotspot കളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന പശ്ചിമ ഘട്ടത്തിന്റെ ഉടമകളുടെ നാട്ടിൽ, കഴിഞ്ഞ വർഷങ്ങളിൽ നമ്മുടെ സർക്കാർ അഞ്ചു കോടി മരങ്ങൾ കൂടി നട്ടിട്ടും വെള്ളമില്ലാത്ത, സൂര്യാഘാതത്താൽ മരണങ്ങൾ സംഭവിക്കുന്ന, യു വി ഇൻഡക്‌സ് 12 ന് അടുത്തെത്തിയതിനെ ഓർത്ത് ആശങ്ക പ്പെടേണ്ടതുണ്ട്. ജൂൺ അഞ്ചു കേവലം ആഘോഷദിനമായി തുടരുന്നതിനപ്പുറം കേരളത്തിന്റെ പരിസ്ഥിതിയെ സുരക്ഷിതമാക്കുവാൻ നമ്മൾ ഒറ്റക്കെട്ടായി അണിനിരക്കാൻ പരാജയപ്പെട്ടാൽ അതിനു കൊടുക്കേണ്ടി വരുന്ന വില വളരെ വലുതായിരിക്കും.

Read More >>