നോവല്‍ വഴികളില്‍ ക്യാമറ വെച്ച് മനോജ്

മയ്യഴി പകർത്തുന്ന കാലത്തൊന്നും എം. മുകുന്ദൻ അറിഞ്ഞിരുന്നില്ല, വൈക്കത്തുനിന്നും മനോജ് എത്തുന്നത് തന്റെ കഥാപാത്രങ്ങളേയും കഥാപരിസരങ്ങളേയും തേടിയാണെന്ന്! പ്രയത്നങ്ങൾക്കൊടുവിൽ രണ്ടായിരത്തിലേറെ ഫോട്ടോകൾ പകർത്തിക്കഴിഞ്ഞപ്പോൾ, നോവലിലെ പ്രിയപ്പെട്ട വാചകങ്ങൾ ഫോട്ടോകൾക്ക് അടിക്കുറിപ്പുകൾ നല്കിയതിന് ശേഷം മയ്യഴിയുടെ കഥാകാരനും ഭാര്യയ്ക്കും മുമ്പിലെത്തി ഫോട്ടോകൾ കാണിച്ചുകൊടുത്തു. അപ്പോഴാണ് അദ്ദേഹമറിയുന്നത് തന്റെ ദാസന്റേയും ചന്ദ്രികയുടേയും പ്രണയ കാലത്തിലൂടെ യാത്ര ചെയ്യാനാണ് മനോജ് എത്തിയിരുന്നതെന്ന്.

നോവല്‍ വഴികളില്‍ ക്യാമറ വെച്ച് മനോജ്എം. മുകുന്ദനും മനോജ് ഡി വൈക്കവും കൃതി പുസ്തകമേളയിലെ മയ്യഴി ഫോട്ടോ പ്രദര്‍ശനത്തില്

മുജീബ് റഹ്മാന്‍ കരിയാടന്‍

കൊച്ചി: ആത്മാക്കൾ തുമ്പികളായി പറക്കുന്ന വെള്ളിയാങ്കല്ലിലേക്ക് യാത്ര പോകുമെന്ന് ആ എട്ടാം ക്ലാസുകാരൻ അന്ന് അറിഞ്ഞിരുന്നില്ല. രവിയുടെ കരിമ്പനകൾ കലമ്പൽ കൂട്ടുന്ന തസ്രാക്കിന്റെ വഴികളിലൂടെ ചെതലി മലയുടെ താഴ്വരയിലെത്തുമെന്നും അന്നത്തെ പതിമൂന്നുകാരൻ സ്വപ്നം കണ്ടിരുന്നില്ല. ഖബറിലെ മയ്യത്തിൽ നിന്നൂറിയെത്തുന്ന നെയ്യുള്ള കിണറും ഒറ്റയാനായി അപ്പുണ്ണി നടന്ന കൂടല്ലൂരിലെ വഴികളും തന്റെ കാഴ്ചകളിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കുമെന്നും അവനന്നറിഞ്ഞിരുന്നില്ല.

പിന്നീട് ഫോട്ടോഗ്രാഫറും ബിസിനസുകാരനുമായ മനോജ് ഡി വൈക്കമാണ് മലയാളികൾ നെഞ്ചിലേക്കെടുത്ത നോവലുകളിലെ കാഴ്ചകൾ തേടി നടക്കാനുള്ള നിയോഗം ഏറ്റെടുത്തത്. കഴിഞ്ഞ എട്ടു വർഷമായി മനോജ് നോവലുകൾക്ക് പിന്നാലെയാണ് യാത്ര പോകുന്നത്. എഴുത്തുകാരൻ ആത്മാവുകൊണ്ട് രേഖപ്പെടുത്തിയപ്പോൾ വായനക്കാരൻ ഹൃദയത്തിൽ ചേർത്തുവെച്ച വാക്കുകളുടെ ഇടങ്ങളും തേടിയാണ് മനോജ് യാത്ര ചെയ്യുന്നത്. ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിലെ പണ്ടുപണ്ട് ഓന്തുകൾക്കും ദിനോസറുകൾക്കും മുമ്പുള്ള അനാദിയായ കാലത്തിൽ നടക്കാനിറങ്ങിയ രണ്ട്ജീവബിന്ദുക്കളേയും മയ്യഴിപ്പുഴയുടെ തീരങ്ങളിലെ വെളളിയാങ്കല്ലിലെ പറവകളേയും അങ്ങനെയാണ് മനോജ് കണ്ടെത്തിയത്.

കരിമ്പനകളുടെ വ്യത്യസ്ത ഭാവങ്ങൾ, വെളുത്തു പെയ്യുന്ന മഴ, മൂക്കുവിടർത്തിയാൽ കിട്ടുന്ന ഞാറ്റുപുരയുടെ മണം, മൈമൂനയും അള്ളാപ്പിച്ച മൊല്ലാക്കയും നടന്നുപോയ വഴികൾ, ഇപ്പോഴും പണിതീരാത്ത രാജാവിന്റെ കൊട്ടാരമെന്ന വാക്കുകൾക്കപ്പുറത്തുള്ള ക്ഷേത്രമതിൽ തുടങ്ങി മനോജിന്റെ ക്യാമറയിൽ തസ്രാക്കും രവിയുടെ ഖസാക്കും പതിഞ്ഞത് മൂവായിരത്തിലേറെ ഫ്രെയിമുകൾ.

ആറ് വർഷത്തോളമെടുത്ത് 20ലേറെ തവണ പാലക്കാട്ടേക്ക് യാത്ര ചെയ്താണ് മനോജ് തസ്രാക്കിനെ തന്റെ ക്യാമറയിൽ പകർത്തിവെച്ചത്. ദാസനേയും ചന്ദ്രികയേയും കറുമ്പിയമ്മയേയും തേടി മയ്യഴിപ്പുഴയുടെ തീരങ്ങളിലേക്ക് ക്യാമറയും തൂക്കി മനോജ് യാത്ര പോയത് രണ്ടു വർഷം കൊണ്ട് പതിനാലിലേറെ തവണ.

നോവലിന്റേയും കഥാപാത്രങ്ങളുടേയും വഴികളിലൂടെ സഞ്ചരിക്കുന്നതിനിടയിൽ പല തവണ മനോജും നോവലിസ്റ്റും തമ്മിൽ കണ്ടുമുട്ടി- പുഞ്ചിരിച്ച് വേറൊന്തൊക്കെയോ സംസാരിച്ച് കടന്നുപോയി.

മയ്യഴി പകർത്തുന്ന കാലത്തൊന്നും എം. മുകുന്ദൻ അറിഞ്ഞിരുന്നില്ല, വൈക്കത്തുനിന്നും മനോജ് എത്തുന്നത് തന്റെ കഥാപാത്രങ്ങളേയും കഥാപരിസരങ്ങളേയും തേടിയാണെന്ന്! പ്രയത്നങ്ങൾക്കൊടുവിൽ രണ്ടായിരത്തിലേറെ ഫോട്ടോകൾ പകർത്തിക്കഴിഞ്ഞപ്പോൾ, നോവലിലെ പ്രിയപ്പെട്ട വാചകങ്ങൾ ഫോട്ടോകൾക്ക് അടിക്കുറിപ്പുകൾ നല്കിയതിന് ശേഷം മയ്യഴിയുടെ കഥാകാരനും ഭാര്യയ്ക്കും മുമ്പിലെത്തി ഫോട്ടോകൾ കാണിച്ചുകൊടുത്തു. അപ്പോഴാണ് അദ്ദേഹമറിയുന്നത് തന്റെ ദാസന്റേയും ചന്ദ്രികയുടേയും പ്രണയ കാലത്തിലൂടെ യാത്ര ചെയ്യാനാണ് മനോജ് എത്തിയിരുന്നതെന്ന്.

പുത്തലമ്പലത്തിലെ തിറയും മയ്യഴി മാതാവിന്റെ പള്ളിയും രാത്രിയും പകലും വ്യത്യസ്ത ഭാവങ്ങളിലുള്ള വെള്ളിയാങ്കല്ലും മൂപ്പൻ സായ്‍വിന്റെ ബംഗ്ലാവും തിറയും കുതിരവണ്ടിയും ബംഗ്ലാവുമില്ലാതിരുന്നിട്ടും മഹാനായ ലെസ്‍ലി സായ്‍വിനെ അടക്കം ചെയ്ത അതേയിടത്ത് അന്തിയുറങ്ങുന്ന റോബേർ സായ്‍വിന്റെ സെമിത്തേരിയും മയ്യഴിപ്പുഴയും മയ്യഴിപ്പാലവും പൂഴിയും റെയിൽവേ സ്റ്റേഷനുമെല്ലാം ചേർന്ന് ഇപ്പോ മയ്യഴിയിലേക്ക് വണ്ടി കയറണമെന്ന് തോന്നിക്കും ഫോട്ടോകൾ.

മനോജിന്റെ ഖസാക്കിന്റെ ഇതിഹാസം ഫോട്ടോകൾ ചിന്തയും മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ഡി.സി ബുക്സും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈക്കം സത്യാഗ്രഹത്തിന്റെ ശേഷിപ്പുകൾ അന്വേഷിച്ചുള്ള വൈക്കം ചരിത്രവും വഴിയും എന്ന ഫോട്ടോ പുസ്തകവും നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മനോജിന്റെ കൂടെ പങ്കാളിത്തമുള്ള ഡിസൈൻ പബ്ലിഷേഴ്സാണു വൈക്കം പ്രസിദ്ധീകരിച്ചത്.

എം.ടി വാസുദേവൻ നായരുടെ നാലുകെട്ടിലെ വഴികൾ തേടി കൂടല്ലൂരിലും പുനത്തിൽ കുഞ്ഞബ്ദുല്ലയുടെ സ്മാരകശിലകൾ തേടി നാദാപുരം റോഡിലും അലയുകയാണ് മനോജിപ്പോൾ. ഈ രണ്ട് നോവലുകളിലേയും വരികളിലൂടെയുള്ള ഫോട്ടോഗ്രാഫറുടെ യാത്ര ഉടൻ പൂർത്തിയാക്കാനാവുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം.

മാധവിക്കുട്ടിയുടെ കൃതികളിലൂടേയുള്ള യാത്രയും തന്റെ സ്വന്തം നാട്ടുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ സൃഷ്ടികളിലൂടേയും ക്യാമറയും തൂക്കി യാത്ര പോകാൻ അദ്ദേഹം മനസ്സുകൊണ്ട് ഒരുങ്ങിക്കഴിഞ്ഞു. നഗരത്തോടടുത്തു നിൽക്കുന്ന

ഗ്രാമങ്ങൾക്കെല്ലാം പഴമ നഷ്ടപ്പെട്ടതാണ് തന്റെ യാത്രകൾക്കും കണ്ടെത്തലുകൾക്കും പ്രതിബന്ധം സൃഷ്ടിക്കുന്നതെന്ന് ഈ

'ഫോട്ടോയെഴുത്തുകാരൻ' പറയുന്നു. വൈക്കത്തിനും തലയോലപ്പറമ്പിനും ഇടയിലുള്ള വല്ലകം ഗ്രാമത്തിലെ നവജീവൻ

വായനശാലയിലെ ലൈബ്രേറിയനായിരുന്ന പിതാവ് എ.കെ ദാസിലൂടെയാണ് മനോജ് ചെറുപ്പകാലത്ത് നോവലുകളിലൂടെ സഞ്ചരിച്ചത്. വായനയുടെ ആദ്യകാലത്ത് കഥയിലെ പ്രണയം തന്നെയാണ് തന്നെ ആകർഷിച്ചതെന്ന് പറയുന്ന അദ്ദേഹം പിന്നീടാണ്

പ്രണയത്തിനപ്പുറത്താണ് നോവലിസ്റ്റുകൾ തങ്ങളുടെ സൃഷ്ടികളെ അവതരിപ്പിച്ചതെന്ന് തിരിച്ചറിഞ്ഞത്. അതോടെയാണ് മനസ്സിൽകണ്ട ദദൃശ്യങ്ങളും തേടി യാത്ര തുടങ്ങിയത്.

ലീലയാണ് മനോജിന്റെ മാതാവ്. ശ്രീജയാണ് ഭാര്യ. വിദ്യാർത്ഥികളായ നന്ദിതയും ദക്ഷിണാമൂർത്തിയും മക്കൾ. എറണാകുളം മറൈൻ ഡ്രൈവിലെ കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മയ്യഴിയിലൂടെ ഫോട്ടോ പ്രദർശനത്തിൽ മനോജിനെ കാണുമ്പോൾ കൂടെ മുകുന്ദനുമുണ്ടായിരുന്നു. മയ്യഴിപ്പുഴയുടെ തീരത്തു നിന്നും ദാസനേയും ചന്ദ്രികയേയും ലെസ്‍ലി സായ്‍വിനേയും അൽഫോൻസച്ചനേയും മാഗി മദാമ്മയേയും കുട നന്നാക്കുന്ന ചോയിയേയുമെല്ലാം മലയാളിക്ക് സമ്മാനിച്ച സാക്ഷാൽ എം. മുകുന്ദൻ!

Read More >>