തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ ജനിച്ച ഉണ്ണികൃഷ്ണൻ പാലക്കാട്-ഗുരുവായൂർ റോഡിൽ പത്തിരിപ്പാലക്കടുത്ത കേരളശ്ശേരിയിലെത്തുന്നത് മരുമകനായാണ്. അന്നുമുതൽ അവസാനംവരെ അന്നാട്ടിലെ സാധാരണക്കാർ മുതൽ എല്ലാവരുടെയും ഏട്ടനും സുഹൃത്തും ബന്ധുവുമൊക്കെയായി അവിടെതന്നെ ഒടുവിലുണ്ട്. താരജാടകളില്ലാത്ത തനി നാട്ടിൻപുറത്തുകാരനായിരുന്നു അവർക്ക് ഒടുവിലാൻ.

ഒടുവില്‍ ഒടുവിലിനു സ്മാരകം

Published On: 2019-02-12T17:48:08+05:30
ഒടുവില്‍ ഒടുവിലിനു സ്മാരകംഒടുവിൽ ഉണ്ണികൃഷ്ണൻ സ്മാരകം

കാര്‍ത്തികേയന്‍ ദാമോദരന്‍

പാലക്കാട്: രൂപത്തിലും ഭാവത്തിലും നാട്ടിൻപുറത്തെ മലയാളിത്തം തികഞ്ഞ നടൻ ഒടുവിൽ ഉണ്ണികൃഷണനെ അങ്ങനെ മറക്കാൻ കേരളശ്ശേരി തയ്യാറല്ല. തിരശീലകളിലെ കാഴ്ചകൾക്കുമപ്പുറം നാടിന്റെ ഉണ്ണിയേട്ടനായ ഒടുവിലിന് അവർ സ്മാരകമൊരുക്കി; നാടിന്റെ സ്വന്തം പെരുമയാക്കിയിരിക്കുകയാണ്.

കേരളശ്ശേരിയിലെ കാളപ്പെട്ടിൽ ശിവക്ഷേത്രത്തിനു സമീപം ഒടുവിലിന്റെ സ്വന്തം വീടായ നീലാഞ്ജനത്തിന് തൊട്ടടുത്താണ് 'ഒടുവിൽ ഉണ്ണികൃഷ്ണൻ സ്മാരക സാംസ്കാരിക കേന്ദം' ഒരുങ്ങിയത്.

തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി എങ്കക്കാട്ട് ഒടുവിൽ വീട്ടിൽ ജനിച്ച ഉണ്ണികൃഷ്ണൻ പാലക്കാട്-ഗുരുവായൂർ റോഡിൽ പത്തിരിപ്പാലക്കടുത്ത കേരളശ്ശേരിയിലെത്തുന്നത് മരുമകനായാണ്. അന്നുമുതൽ അവസാനംവരെ അന്നാട്ടിലെ സാധാരണക്കാർ മുതൽ എല്ലാവരുടെയും ഏട്ടനും സുഹൃത്തും ബന്ധുവുമൊക്കെയായി അവിടെതന്നെ ഒടുവിലുണ്ട്. താരജാടകളില്ലാത്ത തനി നാട്ടിൻപുറത്തുകാരനായിരുന്നു അവർക്ക് ഒടുവിലാൻ.

ഒടുവിലിന്റെ മരണശേഷം 2010ൽ നാട്ടിലെ ഒരുകൂട്ടം കലാസ്നേഹികളാണ് ഒടുവിൽ ഫൗണ്ടേഷൻ രൂപീകരിച്ചു സ്മാരകം ഉൾപ്പെടെ ലക്ഷ്യങ്ങളുമായി പ്രവർത്തനം തുടങ്ങിയത്. നടനും സംവിധായകനുമായ ലാൽ ജോസ് അവർക്കൊപ്പം ചേർന്നപ്പോൾ സിനിമാ മേഖലയിൽ നിന്ന് നാലുലക്ഷം രൂപ സംഭാവന ലഭിച്ചു. നാട്ടുകാരുടെ കൂട്ടായ്മയില്‍ അഞ്ചുസെന്റ് സ്ഥലം അഞ്ചുലക്ഷം രൂപയ്ക്ക് വാങ്ങിച്ചു.സംസ്ഥാന സർക്കാർ ഒടുവിലിനുവേണ്ടി 25 ലക്ഷംരൂപ അനുവദിച്ചതോടെ സ്മാരക നിർമ്മാണം വേഗത്തിലായി. 1200 സ്‌ക്വയർ ഫീറ്റിൽ താഴത്തെ നിലയുടെ പണിയാണ് ആദ്യഘട്ടത്തിൽ പൂർത്തിയായത്.

സ്മാരകത്തിന് മുന്നിൽ ശില്പി കെ.വി കുമാരൻ തീർത്ത ഒടുവിലിന്റെ അർദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. അഭിനയം, സംഗീതം തുടങ്ങിയ രംഗങ്ങളിലെ ബഹുമുഖ പ്രതിഭയായിരുന്ന ഒടുവിൽ ഉണ്ണികൃഷ്ണനെ ഭാവിതലമുറയ്ക്ക് പരിചയപ്പെടുത്തുക.

കലാ സാംസ്കാരിക രംഗങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കുക എന്നതാണ് ഫൗണ്ടേഷന്റെ ദൗത്യം. ഫെബ്രുവരി അവസാനത്തോടെ ഒടുവിലിന്റെ സ്മാരകം പൂര്‍ത്തിയാകുമെന്നാണ് ആലോചന. കേരളശ്ശേരിയിലെ ഒടുവിലിന്റെ ഓർമ്മകളും സാമീപ്യവും ഇപ്പോൾ ഈ സ്മാരകവും ഇവർക്കിന്ന് ഒരു ദേശത്തിന്റെ കഥ കൂടിയാണു.

Top Stories
Share it
Top