തമിഴ്‌നാട്ടുകാരി ആശാന്‍കൃതി അവതരിപ്പിക്കുന്നത് യാദൃശ്ചികമായി

സീതാകാവ്യത്തിന്റെ നൂറാം വര്‍ഷത്തില്‍ നാളെ (ഫെബ്രുവരി 12) കൃതിയുടെ വേദിയില്‍ ചിന്താവിഷ്ടയായ സീത- ഭരതനാട്യം

തമിഴ്‌നാട്ടുകാരി ആശാന്‍കൃതി അവതരിപ്പിക്കുന്നത് യാദൃശ്ചികമായിലാവണ്യ

സീതാകാവ്യം നൂറു തികച്ചിട്ടും ഇതുവരെ മലയാളനാട്ടിലെ ആര്‍ക്കും തോന്നാത്ത കാര്യമാണ് ലാവണ്യ സാക്ഷാത്കരിച്ചിരിക്കുന്നതെന്നറിയുമ്പോള്‍ അവരുടെ സമര്‍പ്പണത്തിനു മുന്നില്‍ തലകുനിയ്ക്കാതെങ്ങനെ?

കൊച്ചി: കൃതി പുസ്തകമേളയുടേയും വിജ്ഞാനോത്സവത്തിന്റേയും ഭാഗമായ ആര്‍ട് ഫെസ്റ്റില്‍ നാളെ (ഫെബ്രു 12 ചൊവ്വാഴ്ച) വൈകീട്ട് ചെന്നൈയില്‍ നിന്നുള്ള ലാവണ്യ അനന്ത് ആശാന്റെ സീതാകാവ്യം ഭരതനാട്യമായി അവതരിപ്പിക്കുമ്പോള്‍ സീതാകാവ്യത്തിന്റെ ഈ നൂറാം വര്‍ഷത്തില്‍ അത് തീര്‍ത്തും യാദൃശ്ചികം.

സ്ത്രീപക്ഷ രാഷ്ട്രീയത്തിന്റെ മലയാളത്തിലെ ആദ്യത്തെ രചന എന്ന നിലയില്‍ ചിന്താവിഷ്ടയായ സീതയുടെ നൂറു വര്‍ഷം കൃതിയുടെ പ്രധാന ഇതിവൃത്തങ്ങളിലൊന്നായി തെരഞ്ഞെടുത്തപ്പോള്‍ സീതാകാവ്യം ഏതെങ്കിലും കേരളീയ നൃത്തരൂപമായി അവതരിപ്പിക്കാനാവുമോ എന്നാണ് സംഘാടകര്‍ ആലോചിച്ചത്. അപ്പോഴാണ് തമിഴ്‌നാടിന്റെ ക്ലാസിക് നൃത്തരൂപമായ ഭരതനാട്യത്തില്‍ ചെന്നൈയില്‍ നിന്നുള്ള പ്രസിദ്ധ നര്‍ത്തകി ലാവണ്യ അനന്ത് സീതാകാവ്യം കുറച്ചുനാള്‍ മുമ്പു തന്നെ ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നും കേരളത്തിലെ ഏതാനും വേദികളില്‍ അത് അരങ്ങേറിക്കഴിഞ്ഞെന്നും സംഘാടകര്‍ അറിയുന്നത്. അങ്ങനെയാണ് അവര്‍ ലാവണ്യയെ ബന്ധപ്പെടുന്നതും നാളെ , തമിഴ്‌നാടിനെ പങ്കാളിസംസ്ഥാനമായി പ്രഖ്യാപിച്ച കൃതി 2019-ന്റെ വേദിയില്‍, മറ്റൊരു തമിഴ് യാദൃശ്ചികതയായി, ചിന്താവിഷ്ടയായ സീതയുടെ ഭരതനാട്യരൂപം അരങ്ങേറുന്നതും.

ഏതാനും വര്‍ഷം മുമ്പ് ചെന്നൈയിലെ പ്രശസ്തമായ നാരദ ഗാനസഭയാണ് രാജാരവിവര്‍മയുടെ പ്രസിദ്ധമായ അഞ്ച് പെയ്ന്റിംഗുകളെ അടിസ്ഥാനമാക്കി ഭരതനാട്യം ചിട്ടപ്പെടുത്താമോയെന്ന് ലാവണ്യയോട് ചോദിക്കുന്നത്. അതിലൊന്നായിരുന്നു ഭൂമികന്യക. മക്കള്‍ മാമുനിയോടൊപ്പം അയോധ്യയിലേയ്ക്കു പോയപ്പോള്‍ ആശ്രമത്തില്‍ തനിച്ചിരിക്കുന്ന സീത. അതെ, സുതര്‍ മാമുനിയോടയോധ്യയില്‍ ഗതരായോരളവന്നൊരന്തിയില്‍ അതിചിന്ത വഹിച്ചിരിക്കുന്ന ആശാന്റെ സീത തന്നെ. രവിവര്‍മയുടെ സീതയെക്കണ്ടപ്പോള്‍ ഇങ്ങനെ ഒരു സീതയെ ഏതെങ്കിലും സാഹിത്യരൂപത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ടോ എന്നായിരുന്നു ലാവണ്യയുടെ അന്വേഷണം. അങ്ങനെ ഒന്ന് തമിഴ്ഭാഷയില്‍ കണ്ടെത്താനാകാഞ്ഞതുകൊണ്ട് അന്വേഷണം മറുഭാഷകളിലേയ്ക്കു നീണ്ടു. അങ്ങനെയാണ് കലാക്ഷേത്രയിലെ കായംകുളത്തുകാരനായ സഹസംഗീതജ്ഞന്‍ ആശാന്റെ സീതാകാവ്യത്തെപ്പറ്റി പറയുന്നത്.

വൈകീട്ട് 6-30ന് കൃതിയുടെ പ്രധാനവേദിയായ പണ്ഡിറ്റ് കറുപ്പന്‍ ഹാളിലാണ് ചിന്താവിഷ്ടയായ സീതയുടെ ഭരതനാട്യം അരങ്ങേറുക.

വയലാറിന്റെ പ്രിയതമാ പ്രിയതമാ എന്ന പ്രസിദ്ധ സിനിമ ഗാനവും കൃതിയിലെ തന്റെ ഭരതനാട്യപരിപാടിയില്‍ ലാവണ്യ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നൃത്തപരിപാടി കൂടാതെ (ബുധനാഴ്ച രാവിലെ പതിനൊന്നു മണിക്ക് കൃതി ഔട്ട്‌റീച് പരിപാടിയുടെ ഭാഗമായി തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജിലെ വിദ്യാര്‍ത്ഥികളുമായി തന്റെ നൃത്തനുഭവങ്ങള്‍ ലാവണ്യ പങ്കുവെക്കും. നാളെ വൈകിട്ട് അഞ്ചു മണിക്ക് കൃതിയുടെ കേസരി ഹാളില്‍ തമിഴ് നാട്യസംസ്‌കൃതി' എന്ന വിഷയത്തിലും അവര്‍ സംസാരിക്കും.

ചിന്താവിഷ്ടയായ സീതയെ എങ്ങിനെയാണ് താന്‍ പാത്രീകരിച്ചിരിക്കുന്നതെന്നും നര്‍ത്തകി ലക്ഷി വിശ്വനാഥുമായി നടക്കുന്ന ആ ചര്‍ച്ചയില്‍ ലാവണ്യ വിശദീകരിക്കും.

Read More >>