കരിന്തീന കാഴ്ചകള്‍

മനോഹരമായി പരിപാലിക്കപ്പെടുന്ന റോഡുകളോ പാതയോരങ്ങളോ ഇവിടെയില്ല. പകരം തെരുവ് വിളക്കുകളില്ലാത്ത, മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്ന തെരുവുകൾ. പൊളിഞ്ഞു വീഴാറായതും അഴകിയതുമായ കെട്ടിടങ്ങൾ. ഏതോ ആഫ്രിക്കൻ തെരുവിൽ എത്തിയതു പോലെ തോന്നിക്കുന്ന ഇടങ്ങൾ.

കരിന്തീന കാഴ്ചകള്‍

കെ.എം ഇർഷാദ്

ഗൾഫ് എന്ന മലയാളിയുടെ സ്വപ്ന ഭൂമിയിൽ ഇങ്ങനെയും ഒരു പ്രദേശമോ എന്ന് ഇവിടെയെത്തുന്ന ആരും അത്ഭുതപ്പെടതിരിക്കില്ല. കാരണം അത്രയും ദയനീയമാണ് ഇവിടെത്തെ കാഴ്ചകൾ. മനോഹരമായി പരിപാലിക്കപ്പെടുന്ന റോഡുകളോ പാതയോരങ്ങളോ ഇവിടെയില്ല. പകരം തെരുവ് വിളക്കുകളില്ലാത്ത, മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്ന തെരുവുകൾ. പൊളിഞ്ഞു വീഴാറായതും അഴകിയതുമായ കെട്ടിടങ്ങൾ. ഏതോ ആഫ്രിക്കൻ തെരുവിൽ എത്തിയതു പോലെ തോന്നിക്കുന്ന ഇടങ്ങൾ.

ഇത് കരിന്തീന. ജിദ്ദയുടെ തെക്ക് മാറി ചെങ്കടലിന്റെ ഓരം ചേർന്ന് നിൽക്കുന്ന, ആഫ്രിക്കയിൽ നിന്ന് തലമുറകൾക്ക് മുൻപ് കുടിയേറിയാവരും ഇപ്പോഴും കുടിയേറികൊണ്ടിരിക്കുന്നവരും താമസിക്കുന്ന തെരുവ്. ജിദ്ദയിലെത്തന്നെ ഏറ്റവും പ്രശ്ന ബാധിത പ്രദേശമാണ് കരിന്തീന. അത്ഭുതം എന്ന് പറയാവുന്നത്, ഈ തെരുവിൽ നമ്മെളെവിടെയെങ്കിലും ഏതെങ്കിലും കടകളിലോ ബൂഫിയകളിലേക്കോ കയറിച്ചെല്ലുകയാണങ്കിൽ അവിടെയൊക്കെ മലയാളി മുഖങ്ങള്‍ കാണാൻ കഴിയും. മലയാളിയെ നമിച്ചു പോകുന്നത് ഇത്തരം സന്ദർഭങ്ങളിലാണ്‌. ലോകെത്തെവിടെയും അവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടു ജീവിക്കാനുള്ള നമ്മുടെ നാട്ടുകാരുടെ ശേഷി അപാരമാണന്നു പറയാതെ വയ്യ.

ഇവിടെ ജീവിക്കുന്ന ഇവർക്കിത് അത്ര വലിയ പ്രശ്നമുള്ള പ്രദേശമൊന്നുമല്ല. വർഷങ്ങളായി ഇവിടെ ബകാലകൾ എന്നറിയപ്പെടുന്ന കടകൾ നടത്തുന്നതും ബൂഫിയ എന്ന റെസ്റ്റോറന്റുകൾ നടത്തുന്നതും ഭൂരിഭാഗവും മലപ്പുറത്തുകരും കാസർകോട്ടുകാരുമാണ്. സൗദിയിലെത്തി ആദ്യ കുറച്ചു ദിവസങ്ങൾ ഇവിടെ താമസിക്കാനുള്ള "ഭാഗ്യ"മുണ്ടായി. ഇവിടെത്തെ സാഹചര്യങ്ങളുമായി ഇടപെടാനും, മനസ്സിലാക്കാനുമുള്ള അവസരമായിരുന്നു അത്.

ഏറ്റവും വലിയ ആകർഷണം പ്രശസ്തമായ വെള്ളിയാഴ്ച ചന്തയായിരുന്നു, "മാമ സൂക്ക്" എന്ന് മറ്റുള്ളവർ കളിയാക്കി വിളിക്കുന്ന ആഴ്ച്ചചന്ത. സെക്കന്റ്‌ ഹാൻഡ്‌ സാധനങ്ങളുടെ വലിയ ഹൈപ്പർ മാർക്കറ്റ്‌ ആയി മാറും ഒരു കിലോമീറ്റർ നീണ്ടു കിടക്കുന്ന കരിന്തീന സ്ട്രീറ്റ് എന്നറിയപ്പെടുന്ന യസീദ് ഇബ്നു നഹീം റോഡ്‌.

വ്യാഴാഴ്ച ഉച്ച തിരിയുമ്പോൾ തന്നെ ഈ റോഡിന്റെ വശങ്ങളിൽ നാളെത്തേയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കും. കഴിഞ്ഞ ഒരാഴ്ച ശേഖരിച്ച വസ്തുക്കൾ വിൽപ്പനക്ക് വേണ്ടി റോഡരികിൽ നിരത്തി വെയ്ക്കും.

200 ടണ്ണിലധികം പഴയ തുണിത്തരങ്ങൾ മാത്രം അന്നേ ദിവസം ഇവിടെയെത്തിയിരുന്നു. പച്ചക്കറികൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, വീട്ടുപകരണങ്ങൾ അങ്ങനെ എന്തും ഇവിടെ നിന്ന് തുച്ഛമായ വിലക്ക് വാങ്ങാം. 2000ത്തിലധികം നിയമ വിരുദ്ധ കച്ചവടക്കാർ അണിനിരക്കുന്നുവെത്രേ അന്നേ ദിവസം ഈ തെരുവിൽ. പക്ഷെ ഈ അടുത്ത് ഈ ചന്തക്ക് പൂട്ട് വീണു. ചെറിയ തോതിൽ ചില ഉൾ റോഡുകളിൽ നടക്കുന്നുണ്ട് എന്ന് മാത്രം.

ഈ തെരുവിൽ പൂച്ചയും എലിയും സുഹൃത്തുക്കളാണ്. ഇതേക്കുറിച്ചു ഒരാളോട് ചോദിച്ചപ്പോൾ പറഞ്ഞത്, "ഇവിടത്തെ പൂച്ചകൾക്ക് നോൺ-വെജ് ഭക്ഷണ അവശിഷ്ടങ്ങൾ ഇഷ്ടം പോലെ കിട്ടുന്നുണ്ട്. പിന്നെ എന്തിനാണ് കഷ്ടപ്പെട്ട് എലിയെ പിടിക്കാൻ പോകുന്നത് എന്നാണ്.

കരിന്തീനയുടെ തെരുവുകളിൽ പരമ്പരാഗത ആഫ്രിക്കൻ രീതിയിൽ കോഴി ചുട്ടെടുക്കുന്നത് നമുക്ക് കാണാം- അടുപ്പിനു മുകളിൽ നല്ല ഉരുണ്ട കല്ലുകൾ വെച്ച്, അതിനു മുകളിൽ കോഴിയെ വെച്ചു വേവിക്കുന്നത് കാണാൻ കൗതുകകരമാണ്‌; രുചികരവും. ജിദ്ദയിലെ 'കാർ വാഷി'ന്നു ഏറ്റവും ചെലവു കുറഞ്ഞ ഇടമായത് കൊണ്ട് ഒരുപാട് നല്ല കാറുകൾ നിരന്നു കിടക്കുന്നുണ്ട് ഈ തെരുവിൽ. കഴുകിയ അഴുക്കു വെള്ളം റോഡിൽ പലയിടങ്ങളിലും കെട്ടിക്കിടക്കുന്നു. അതിവേഗം കാറുകൾ കഴുകുന്ന ആജാനുബാഹുക്കളായ ഒരുപാട് മനുഷ്യർ കൈ കൊട്ടിയും കാറിനു മുൻപിൽ നിന്നും ഉറക്കെ ശബ്ദമുണ്ടാക്കിയും തങ്ങളുടെ കസ്റ്റമേഴ്സിനെ പിടിക്കുന്ന തിരക്കാണ് എങ്ങും.

പാലായനത്തിന്റെ, അതിജീവനത്തിന്റെ, നമ്മളറിയാത്ത ചരിത്രമാണ് കരിന്തീന. എവിടെയും രേഖപ്പെടുത്തി വെക്കപ്പെടാത്തവ. ഔദ്യോ​ഗിക രേഖകളിൽ 'രേഖകളില്ലാത്തവർ' എന്ന് മാത്രം രേഖപ്പെടുത്തപ്പെട്ടവർ.

Read More >>