ഹൊസങ്കടി; ജാഥകളുടെ തലസ്ഥാനം

ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും വൈവിദ്ധ്യങ്ങളുടെയും സംഗമകേന്ദ്രം. ഇവിടെനിന്ന് അനന്തപുരിയിലെത്താൻ അറനൂറിലധികം കിലോമീറ്റർ സഞ്ചരിക്കണം. ആയിരത്തിലധികം സംസ്ഥാന ജാഥകളെങ്കിലും പുറപ്പെട്ടിട്ടുണ്ടാകുമെന്നാണ് പഴയ ആളുകൾ ഓർക്കുന്നത്. ഹൊസങ്കടി മണ്ണുതൊടാത്ത സംസ്ഥാന, ദേശീയ നേതാക്കൾ അപൂർവം. ജാഥകളെയും നേതാക്കളെയും കണ്ടുമടുത്ത നാട്. ഹൊസങ്കടി മുതൽ തിരുവനന്തപുരം വരെയെന്നത് ഒരു പറഞ്ഞു പഴകിയ പ്രയോഗം പോലെയായി.

ഹൊസങ്കടി; ജാഥകളുടെ തലസ്ഥാനം

കാസർകോട്: കേരളത്തിൽ ജാഥകൾക്കുമാത്രമായി ഒരു തലസ്ഥാനമുണ്ട്. അതിന്റെ പേരാണ് ഹൊസങ്കടി. കന്നഡയിൽ പുതിയഅങ്ങാടി എന്ന് അർത്ഥം. രാഷ്ട്രീയ ശിരോമണ്ഡലങ്ങളിൽ പുതിയലിഖിതങ്ങളും പ്രതീക്ഷകളും എഴുതിച്ചേർക്കുന്ന യാത്രകൾ പുറപ്പെടുക ഈ വടക്കേ അതിർത്തിയിൽനിന്നാണ്.

ഭാഷകളുടെയും സംസ്‌കാരങ്ങളുടെയും വൈവിദ്ധ്യങ്ങളുടെയും സംഗമകേന്ദ്രം. ഇവിടെനിന്ന് അനന്തപുരിയിലെത്താൻ അറനൂറിലധികം കിലോമീറ്റർ സഞ്ചരിക്കണം. ആയിരത്തിലധികം സംസ്ഥാന ജാഥകളെങ്കിലും പുറപ്പെട്ടിട്ടുണ്ടാകുമെന്നാണ് പഴയ ആളുകൾ ഓർക്കുന്നത്. ഹൊസങ്കടി മണ്ണുതൊടാത്ത സംസ്ഥാന, ദേശീയ നേതാക്കൾ അപൂർവം. ജാഥകളെയും നേതാക്കളെയും കണ്ടുമടുത്ത നാട്. ഹൊസങ്കടി മുതൽ തിരുവനന്തപുരം വരെയെന്നത് ഒരു പറഞ്ഞു പഴകിയ പ്രയോഗം പോലെയായി.

രാഷ്ട്രീയ പാർട്ടികൾ, മുന്നണികൾ, വർഗബഹുജന സംഘടനകൾ, സാംസ്‌കാരിക സംഘടനകൾ എന്നിവയെല്ലാം ഹൊസങ്കടിയിൽനിന്ന് അനന്തപുരി ലക്ഷ്യമാക്കിനീങ്ങും. അങ്ങനെ സംസ്ഥാന ജാഥകളുടെ വലിയ പരമ്പരയ്ക്കുതന്നെ ഓരോ വർഷവും ഹൊസങ്കടി വേദിയാകുന്നു. എന്നാൽ, മനസ്സുകൊണ്ട് ഇവിടെയുള്ളവർക്ക് അടുപ്പം കർണാടകയോടാണ്. 20 കിലോമീറ്റർ സഞ്ചരിച്ചാൽ മംഗളൂരുവിലെത്തും. ജാഥകൾകൊണ്ട് പൊറുതിമുട്ടിയതോടെ അടുത്തകാലത്ത് വ്യാപാരികൾ ഹൈക്കോടതിയിൽ കേസ് കൊടുത്ത് നഗരമദ്ധ്യത്തിൽനിന്നു മാറ്റി. ഇപ്പോൾ തൊട്ടടുത്ത റോഡരികിലാണ് ജാഥാകേന്ദ്രം.

സൗകര്യക്കുറവിനെ തുടര്‍ന്ന് ഈയിടെ ചില രാഷ്ട്രീയ പാർട്ടികൾ ജാഥാകേന്ദ്രം ഉപ്പളയിലാക്കിയിട്ടുണ്ട്. 16ന്, സീതാറാം യെച്ചൂരി ഉല്‍ഘാടനം ചെയ്ത് കാനം രാജേന്ദ്രൻ നയിക്കുന്ന എൽ.ഡി.എഫ് ജാഥ ആരംഭിക്കുന്നത് ഉപ്പളയിൽനിന്നാണ്. ചരിത്രപരമായി നിരവധി സവിശേഷതകളുള്ള പ്രദേശമാണ് ഹൊസങ്കടി. രാഷ്ട്രകവി എം.ഗോവിന്ദപൈ, ധർമസ്ഥല വീരേന്ദ്രഹെഗ്‌ഡെ, വീരപ്പമൊയ്‌ലി, വിജയമല്ല്യ തുടങ്ങി പല പ്രമുഖരുടെയും ജന്മസ്ഥലം ഹൊസങ്കടിയാണ്. ഇവിടത്തെ ആയിരം ജമാഅത്തും ഉദ്യാവർമാഡയും കട്ടെ ചർച്ചും ചതുർമുഖ ജൈനബസ്തിയുമെല്ലാം മതമൈത്രിയുടെ ആശാകേന്ദ്രങ്ങൾ. കന്നഡ, മലയാളം, തുളു, കൊങ്കണി, മറാട്ടി, ഉറുദു, ഹിന്ദി, ബ്യാരി തുടങ്ങി എട്ടിലധികം ഭാഷകളുടെ സംഗമഭൂമികൂടിയാണ് ഹൊസങ്കടി.

'എന്റെ അറിവിൽ ആയിരത്തോളം ജാഥകളെങ്കിലും ഇവിടെനിന്നു പുറപ്പെട്ടിട്ടുണ്ടാകും. 1957ൽ അന്ന് കർണാടക സമിതി സ്ഥാനാർത്ഥിയായി മഞ്ചേശ്വരം മണ്ഡലത്തിൽനിന്നു മത്സരിച്ച എം.ഉമേശ് റാവുവാണ് ഇത്തരമൊരു ജാഥയ്ക്ക് തുടക്കമിട്ടത്. കേരളത്തിൽ ആദ്യമായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട് എം.എൽ.എ ആയതും എം.ഉമേശ് റാവുവായിരുന്നു. പിന്നീടങ്ങോട്ട് ജാഥകളുടെ പ്രളയകാലം. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും എൽ.കെ.അദ്വാനിയും തൊട്ട് പല പ്രമുഖ ദേശീയ നേതാക്കളെയും നേരിൽകണ്ടത് ഇവിടെ വച്ചാണ്. പ്രതീക്ഷകളും വാഗ്ദാനങ്ങളും വികസന കേരളവും ഭാഷാന്യൂനപക്ഷ സ്‌നേഹവും ഇവിടെനിന്നു പുറത്തുവരും. എന്നാൽ ഹൊസങ്കടിയുടെ വികസനം അധോഗതി'-

സി. മുഹമ്മദ് കുഞ്ഞി , (കാസർകോടിന്റെ പ്രഥമ ജില്ലാപഞ്ചായത്ത് പ്രസിഡന്റ്)

Read More >>