സ്റ്റീവ് ഇർവിൻ എന്ന മുതലവേട്ടക്കാരൻ

വന്യജീവികളോട് ഭയമില്ലാതെ അടുത്തിടപഴകിയാണ് സ്റ്റീവ് ലോകത്തിന്റെ ശ്രദ്ധയും സ്‌നേഹവും പിടിച്ചുപറ്റിയത്. ജീവികളോടുള്ള പെരുത്തിഷ്ടം പോലെ അത്രത്തോളം സുഖകരമായിരുന്നില്ല സ്റ്റീവിന്റെ ജീവിതം. മരണം പോലും സ്റ്റീവിന് ഒരു കണ്ണുകെട്ടിക്കളിയായിരുന്നുവെന്ന് തോന്നും സ്റ്റിവിന്റെ ജീവിതം നോക്കിയാൽ.

സ്റ്റീവ് ഇർവിൻ എന്ന  മുതലവേട്ടക്കാരൻ

മൃഗങ്ങൾ, പ്രത്യേകിച്ചും മുതലയും പാമ്പും ഉൾപ്പെടെയുള്ള ഉരഗങ്ങൾക്ക് കൂട്ടുകാരനാണ് സ്റ്റീവ് ഇർവിൻ എന്ന സ്റ്റീഫൻ റോബർട്ട് ഇർവിൻ. ഇന്ന് സ്റ്റീവിന്റെ 57ാം ജന്മദിനമാണ്. ജീവിച്ചിരിപ്പുണ്ടെങ്കിൽ മൃഗങ്ങളെ ഓമനിക്കുന്ന, പരിപാലിക്കുന്ന ഒരു മൃഗപരിപാലകനായി സ്റ്റീവ് ഇന്നുമുണ്ടാവുമായിരുന്നു.

ഓസ്‌ട്രേലിയൻ പ്രകൃതിജ്ഞൻ ആയിരുന്ന ഇർവിൻ ഡിസ്‌ക്കവറി ചാനല്‍ വഴി സംപ്രേക്ഷണം ചെയ്ത ക്രൊക്കഡൈൽ ഹണ്ടർ എന്ന പരിപാടിയിലൂടെയാണ് പ്രശസ്തനായത്. ഏതു കാടിനു നടുവിൽ വച്ചും ഏതു നദിയുടെ ആഴങ്ങളിലിറങ്ങിച്ചെന്നും മുതലകളേയും പാമ്പുകളേയും കൈയിലൊതുക്കുവാനുള്ള ഇർവിന്റെ കഴിവ് അപാരമായിരുന്നു. ആനയും കണ്ടാമൃഗവും സിംഹവുമെല്ലാം സ്റ്റീവിനു മുന്നിൽ അനുസരണയുള്ള വളർത്തുമൃഗങ്ങളായിരുന്നു.

വന്യജീവികളോട് ഭയമില്ലാതെ അടുത്തിടപഴകിയാണ് സ്റ്റീവ് ലോകത്തിന്റെ ശ്രദ്ധയും സ്‌നേഹവും പിടിച്ചുപറ്റിയത്. ജീവികളോടുള്ള പെരുത്തിഷ്ടം പോലെ അത്രത്തോളം സുഖകരമായിരുന്നില്ല സ്റ്റീവിന്റെ ജീവിതം. മരണം പോലും സ്റ്റീവിന് ഒരു കണ്ണുകെട്ടിക്കളിയായിരുന്നുവെന്ന് തോന്നും സ്റ്റിവിന്റെ ജീവിതം നോക്കിയാൽ.

ലൈൺ, ബോബ് ദമ്പതിമാരുടെ മകനായി ഓസ്‌ട്രേലിയയിലെ മെൽബണിലാണ് സ്റ്റീവ് ജനിച്ചത്. 1970-ൽ അച്ഛനമ്മമാരോടൊപ്പം സ്റ്റീവ് ക്യൂൻസ്ലാൻഡിലേക്ക് താമസം മാറ്റി. സ്റ്റീവിന്റെ അച്ഛൻ പാമ്പുകളെക്കുറിച്ചു പഠിച്ചിരുന്ന ശാസ്ത്രജ്ഞനായിരുന്നെന്നും അമ്മ വന്യജീവി പുനരധിവാസ പ്രവർത്തകയുമായിരുന്നു. ക്യൂൻസ്ലാൻഡിലേക്ക് മാറിയ ശേഷം അച്ഛനമ്മമാർ സ്ഥാപിച്ച ക്യൂൻസ്ലാൻഡ് ഉരഗ-വന്യമൃഗ സങ്കേതത്തിൽ മുതലകളോടൊപ്പം കളിച്ചു വളർന്നാണ് സ്റ്റീവ് തന്റെ ബാല്യകാലം പിന്നിട്ടത്.
അവിടെ മൃഗങ്ങളെ ഊട്ടാനും, പരിപാലിക്കാനും മുൻകൈ എടുത്തത് സ്റ്റീവ് തന്നെ ആയിരുന്നു. സ്റ്റീവിന് ആറാം പിറന്നാൾ സമ്മാനമായി കിട്ടിയത് പന്ത്രണ്ടടി നീളമുള്ള ഒരു പെരുമ്പാമ്പായിരുന്നു. ഒമ്പതാം വയസ്സ് മുതല്‍ മുതലകൾ അദ്ദേഹത്തിന്റെ കളിക്കൂട്ടുകാരായിരുന്നു.

1979ൽ സ്റ്റീവ് ബിരുദം നേടി. പിന്നീട് വടക്കേ ക്യൂൻസ്ലാൻഡിലേക്ക് പോകുകയും മുതല പിടുത്തക്കാരനായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ആൾത്താമസമുള്ള മേഖലകളിൽ നിന്നും അപകടകാരികളായ മുതലകളെ പിടിച്ച് സങ്കേതത്തിൽ എത്തിക്കുക എന്നതായിരുന്നു ദൗത്യം. ഈ സേവനം പ്രതിഫലമില്ലാതെയാണ് സ്റ്റീവ് ചെയ്തുകൊണ്ടിരുന്നത്. അച്ഛന്റെ പാത പിന്തുടർന്ന് തീരദേശമേഖലയിലെ മുതലകളെ സംരക്ഷിക്കുന്ന സംഘത്തിൽ സ്റ്റീവും സന്നദ്ധ പ്രവർത്തകനായി.

1992 ൽ ഒരു ഓസ്‌ട്രേലിയൻ ടെലിവിഷനു വേണ്ടി അവതാരകനായി ദൃശ്യമാദ്ധ്യമലോകത്തെത്തിയ സ്റ്റീവ് വൈകാതെ അമേരിക്കൻ ടെലിവിഷനിലൂടെ ലോകപ്രശസ്തനായി. ഡിസ്‌കവറി, നാഷണൽ ജിയോഗ്രഫിക് , ബിബിസി തുടങ്ങിയ പ്രമുഖ ചാനലുകൾ സ്റ്റീവിൻറെ പരിപാടികൾ തുടർച്ചയായി സംപ്രേഷണം ചെയ്തു.

പല ചാനലുകളും അവരുടെ ഒരു ദിവസം തന്നെ സ്റ്റീവിൻറെ പരിപാടികൾക്കായി മാറ്റിവയ്ക്കാൻ തയ്യാറായി. പാമ്പിനെയും മുതലയെയുമെല്ലാം ഓടിച്ചിട്ടു പിടിക്കുന്ന കാട്ടിലെ കാണ്ടാമൃഗത്തിന്റെ വായിൽ തലയിടുന്ന ഇർവിന് ആരാധകർ ദിനംപ്രതി വർദ്ധിച്ചു. ഒടുവിൽ തന്റെ പ്രവർത്തികൾ അനുകരിക്കരുതെന്ന് ഓരോ തവണയും മുന്നറിയിപ്പു നൽകേണ്ട സ്ഥിതിയുമുണ്ടായി സ്റ്റീവിന്.

1991ൽ മൃഗശാല സ്റ്റീവിനായി ലഭിച്ചതു മുതലാണ് ശരിക്കും പ്രശസ്തിയിലേക്കുയർന്നു തുടങ്ങിയത്. മൃഗശാലയിലെത്തുന്നവരെ വീണ്ടും ആകർഷിക്കുന്ന വ്യക്തിത്വവും അപകടകരങ്ങളായ പ്രദർശനങ്ങളും സ്റ്റീവിനെ പൊതുജനങ്ങൾക്കു പരിചിതനാക്കി. പ്രത്യേകിച്ച് ആനിമൽ പ്ലാനറ്റ് ചാനലിൽ സംപ്രേഷണം ചെയ്തു വന്ന ദ ക്രോക്കഡൈൽ ഹണ്ടർ എന്ന പരമ്പരയാണ് സ്റ്റീവിനെ കൂടുതൽ പ്രശസ്തനാക്കിയത്.

1992ൽ മൃഗശാലയിലെ പ്രകടനത്തിനിടയിൽ വെച്ചു പരിചയപ്പെട്ട ടെറി റെയ്ൻസ് എന്ന യുവതിയെ ഇർവിൻ വിവാഹം ചെയ്തു. ടെറിയുമായൊത്തുള്ള മുതലപിടുത്ത മധുവിധുവാണ് പരമ്പരയുടെ ഏറ്റവുമാദ്യത്തെ ഭാഗം.

തങ്ങളുടെ വളർത്തു മൃഗങ്ങളെ അപകടത്തിലാക്കിയാലോ എന്ന ഭയത്താല്‍ ഇരുവരും വിവാഹ മോതിരം അണിയാറുണ്ടായിരുന്നില്ല.ബിന്ദി സ്യൂ ഇർവിൻ , റോബർട്ട് ക്ലാർൻസ് ബോബ് എന്നീ രണ്ടു കുട്ടികളാണ് ഈ ദമ്പതിമാർക്കുള്ളത്. സ്റ്റീവിന്റെ ഇഷ്ടമൃഗമായിരുന്ന ബിന്ദി എന്ന മുതലയുടെ ഓർമ്മയ്ക്കായാണ് മകളെ ബിന്ദി എന്ന് നാമകരണം ചെയ്തത്.

പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുമ്പോഴും വിവാദങ്ങളുടെ തോഴനായിരുന്നു സ്റ്റീവ്. 2004 ജനുവരി 2-നു തന്റെ ഒരു മാസം പ്രായമുള്ള പുത്രനേയും കൊണ്ടുള്ള പ്രകടനമായിരുന്നു സ്റ്റീവിന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ വിവാദം.


നാലുമീറ്റർ നീളമുള്ള മുതലയ്ക്കു ഭക്ഷണം കൊടുക്കുവാൻ പുത്രനേയും കൊണ്ട് ഒരുമീറ്റർ അടുത്തു വരെ ചെന്നു എന്നതാണ് സ്റ്റീവിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം. അദ്ദേഹം കുറ്റം നിഷേധിക്കുകയും സംഭവത്തിന്റെ പൂർണ്ണ നിയന്ത്രണം തന്റെ കൈയിലായിരുന്നുവെന്നും കുട്ടിക്ക് യാതൊരു അപകടവുമില്ലായിരുന്നുവെന്നും അവകാശപ്പെട്ടു.

കൊച്ചു കുട്ടിയെ നീന്തൽ പഠിപ്പിക്കുമ്പോളുള്ള അപകട സാദ്ധ്യത മാത്രമേ ഉണ്ടായിരുന്നുള്ളു എന്നായിരുന്നു ഭാര്യ ടെറിയുടെ അഭിപ്രായം. പക്ഷെ പല ശിശു ക്ഷേമ സമിതികളും മൃഗസംരക്ഷണ സംഘടനകളും ടെലിവിഷൻ ചാനലുകളും സ്റ്റീവിനെതിരേ രം​ഗത്തെത്തിയെങ്കിലും പൊലീസ് കേസൊന്നുമുണ്ടായില്ല.

ഒരു സർക്കാർ പരസ്യചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നതിന് നികുതിദായകരുടെ 175,000 ഡോളർ സ്റ്റീവ് പ്രതിഫലം പറ്റി എന്ന ആരോപണത്തോടൊപ്പം അദ്ദേഹത്തിന് രാഷ്ടീയ സംഘടനകളുമായി ബന്ധമുണ്ട് എന്ന ആരോപണവും ഉന്നയിക്കപ്പെട്ടു.

ഡിസ്‌കവറിക്കു വേണ്ടി ഓഷ്യൻസ് ഡെഡ്ലിയസ്റ്റ് എന്ന പരിപാടി ചിത്രീകരിക്കുന്നതിനിടയിലായിരുന്നു ഇർവിൻറെ അന്ത്യം. തിരണ്ടിയുടെ ഒരു നിമിഷത്തെ നീക്കം മനസ്സിലാക്കുന്നതിൽ വീഴ്ച പറ്റിയ സ്റ്റീവിന്റെ ഹൃദയത്തിലേക്ക് തിരണ്ടിവാൽ തുളച്ചു കയറി.

കരയിലെത്തിക്കും മുൻപുതന്നെ സ്റ്റീവ് മരിച്ചു കഴിഞ്ഞിരുന്നു. 2007 ജനുവരിയിൽ സ്റ്റീവിന്റെ അവസാന പരിപാടി ഡിസ്‌കവറി ടെലികാസ്റ്റ് ചെയ്തു. സ്റ്റീവിന്റെ മരണ ദൃശ്യങ്ങൾ പരിപാടിയിൽ നിന്നൊഴിവാക്കിയിരുന്നു. തിരിച്ചുവരുമെന്ന പ്രതീക്ഷയില്ലാതെ ഇന്നും സ്റ്റീവിന്റെ ഓർമ്മകളിൽ ജീവിക്കുകയാണ് അദ്ദേഹത്തിന്റെ ആരാധകർ.

Read More >>