ഇന്ന് മുതല്‍ നാടകത്തിന്റെ പൂരം

കേരളത്തിന്റെ സാംസ്ക്കാരിക തലസ്ഥാനവും പൂരങ്ങളുടെ നാടുമായ തൃശ്ശൂരില്‍ ഇന്ന് (2019 ജനുവരി 20 , ഞായര്‍) മുതല്‍ നാടകത്തിന്റെ അന്തര്‍ദേശീയ പൂരം

ഇന്ന് മുതല്‍ നാടകത്തിന്റെ പൂരം

തൃശ്ശൂർ: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന പതിനൊന്നാമത് അന്താരാഷ്ട്ര നാടകോത്സവ (ഇഫ്റ്റോക്ക)ത്തിനു ഇന്ന് തുടക്കമാവും. വൈകീട്ട് അഞ്ചിന് സംഗീത നാടക അക്കാദമി അങ്കണത്തിലെ ആക്ടർ മുരളി തിയറ്ററിൽ മന്ത്രി എ.കെ ബാലൻ ഉൽഘാടനം ചെയ്യും. അക്കാദമി ചെയർപേഴ്സൻ കെ.പി.എ.സി ലളിത അദ്ധ്യക്ഷത വഹിക്കും.

കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തും. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഫെസ്റ്റിവൽ പുസ്തകം ഫെസ്റ്റിവൽ ഡയറക്റ്റർ അരുന്ധതി നാഗിന് നൽകി പ്രകാശനം ചെയ്യും.

ഫെസ്റ്റിവൽ ദിനങ്ങളിൽ പുറത്തിറക്കുന്ന വാർത്ത പത്രികയുടെ പ്രകാശനം കോർപ്പറേഷൻ മേയർ അജിത വിജയൻ സാംസ്‌ക്കാരിക വകുപ്പ് ഡയറക്റ്റർ കെ.ആർ ശിവദാസൻ നായർക്ക് നൽകി നിർവ്വഹിക്കും.

സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, പാലസ് ഗ്രൗണ്ട് എന്നിവിടങ്ങളിലെ ആറു വേദികളിലായാണ് മേള അരങ്ങേറുക. രാസയ്യ ലോഹനാഥൻ സംവിധാനം ചെയ്ത ബിറ്റർ നെക്ടർ ആണ് മേളയിലെ ആദ്യ നാടകം.

ജനകാരാലിയ തിയറ്റർ വേദിയിൽ എത്തിക്കുന്ന നാടകം കെ.ടി മുഹമ്മദ് റീജിയണൽ തിയറ്ററിലാണ് അരങ്ങേറുക. ആറ് വിദേശ നാടകങ്ങളടക്കം 13 നാടകങ്ങളാണ് മേളയിലുണ്ടാവുക.

വാട്ടർ പപ്പറ്റ് ഷോ (വിയറ്റ്നാം), ദി വെൽ (ഇറാൻ), ദി റിച്വൽ (ഇറ്റലി), ദി മെയ്ഡ്സ് (മലേഷ്യ), മിഡ്സമ്മർ നൈറ്റ്സ് ഡ്രീം (ഇറാൻ), ഡാർക്ക് തിങ്സ് (ന്യൂഡൽഹി), പ്രൈവസി (ഹരിയാണ), കറുപ്പ് (പോണ്ടിച്ചേരി), അലി-ബിയോണ്ട് ദി റിങ്, ഹിഗ്വിറ്റ-എ ഗോളീസ് ആങ്ക്സൈറ്റി അറ്റ് പെനാൽറ്റി കിക്ക്, ശാകുന്തളം-എ ടേൽ ഓഫ് ഹണ്ട്, നൊണ (കേരളം) എന്നിവയാണ് മറ്റു നാടകങ്ങൾ.

നാടകാവതരണങ്ങൾക്കൊപ്പം സംവാദ സദസുകളും സെമിനാറുകളും മേളയുടെ ഭാഗമായി അരങ്ങേറും. മേള 26 ന് സമാപിക്കും.

Read More >>