ബിനാലെ നാലാം പതിപ്പില്‍ കൂടുതല്‍ മലയാളികള്‍

കേരളത്തില്‍ നിന്ന് തുടങ്ങി , അന്തര്‍ദേശീയ വേദികള്‍ നേടിയ ഊരാളി ബാന്‍ഡാണു 2018-2019 ബിനാലെയിലെ ഒരു പ്രത്യേകത

ബിനാലെ നാലാം പതിപ്പില്‍ കൂടുതല്‍ മലയാളികള്‍

കൊച്ചി: കൊച്ചി മുസീരിസ് ബിനാലെയുടെ നാലാം പതിപ്പിന് ഡിസംബർ 12ന് തുടക്കമാകും. ബിനാലെയിൽ ഇത്തവണ മലയാളി കലാകാരന്മാരുടെ സാന്നിദ്ധ്യം ശ്രദ്ധേയമാകും. 11 മലയാളി കലാകാരന്മാരുടെ പ്രതിഷ്ഠാപനങ്ങളാണ് കൊച്ചി- മുസിരിസ് ബിനാലെയിൽ ഒരുങ്ങുന്നത്. കെ.പി. കൃഷ്ണകുമാർ, ജിതിഷ് കല്ലാട്ട്, കെ.പി. ജയശങ്കർ, ആര്യകൃഷ്ണൻ രാമകൃഷ്ണൻ, പി.ആർ. മോച്ചു സതീഷ്, വി.വി. വിനു, വിപിൻ ധനുർധരൻ, ശാന്ത, വേദ തൊഴൂർ കൊല്ലേരി എന്നിവർക്കൊപ്പം ഊരാളി സംഗീത ബാൻഡിന്റെയും സൃഷ്ടികൾ ബിനാലെയിൽ എത്തും.

32 രാജ്യങ്ങളിൽ നിന്നായി 138 കലാകാരന്മാരുടെ 94 പ്രൊജക്ടുകളാണ് ബിനാലെയിൽ പ്രദര്‍ശിപ്പിക്കുന്നത്. ബിനാലെയില്‍ പങ്കെടുക്കുമെന്നറിയിച്ചുള്ള ഊരാളി ബാന്‍ഡിന്റെ ടീസര്‍ പുറത്തിറങ്ങി. പ്രളയ സമയത്ത് , മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ , ഉള്‍പ്പെടുത്തിയാണു ഊരാളി സംഗീത പ്രതിഷ്ഠാപനങ്ങള്‍ നടത്തുകയെന്ന് ടീസര്‍ പറയുന്നു.

.

നൂറ്റിയെട്ട് ദിവസം നീളുന്ന ബിനാലെ മാർച്ച് 29ന് സമാപിക്കും.'അന്യതയിൽ നിന്ന് അന്യോന്യത്തിലേക്ക്' എന്നതാണ് ഇത്തവണത്തെ ബിനാലെയുടെ തീം. അഞ്ച് ലക്ഷത്തിലധികം ആളുകൾ ബിനാലെ സന്ദർശിക്കാനായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്താവളത്തിലും റെയിൽവേ സ്റ്റേഷനുകളിലും ബിനാലെ സംബന്ധിച്ച് ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.ബിനാലെ നടക്കുന്ന സ്ഥലങ്ങൾ പ്ലാസ്റ്റിക് രഹിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബിനാലെയിൽ സന്ദർശകരുടെ യാത്രാസൗകര്യം ഉറപ്പുവരുത്താനായി ബോട്ട് സർവീസുകളുടെയും എറണാകുളം-ഫോർട്ടുകൊച്ചി ബസ് സർവീസുകളുടെയും എണ്ണം കൂട്ടും. രാത്രി ബിനാലെ അവസാനിക്കുമ്പോൾ സന്ദർശകരുടെ സൗകര്യാർത്ഥം ബസ് സർവീസും ബോട്ട് സർവീസും ഉണ്ടാക്കും. കൂടുതൽ സിസിടിവി ക്യാമറകൾ നഗരത്തിൽ സ്ഥാപിക്കുന്നുണ്ട്. ഫോർട്ടുകൊച്ചിയിൽ പ്രത്യേക കൺട്രോൾ റൂം സ്ഥാപിക്കും. ടാക്‌സി - ഓട്ടോഡ്രൈവർമാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, ഹോംസ്റ്റേ നടത്തുന്നവർ തുടങ്ങിയവർക്കായി പ്രത്യേക പരിശീലനവും പോലീസ് സംഘടിപ്പിക്കും.

ബിനാലെയുടെ പവലിയൻ സാധനങ്ങൾ ഉപയോഗിച്ച് 12 പ്രളയബാധിത വീടുകൾ പുനർനിർമ്മിക്കാൻ ബിനാലെ ഫൗണ്ടേഷന് പദ്ധതിയുമുണ്ട്.

Read More >>